2015, ഡിസംബർ 7, തിങ്കളാഴ്‌ച

അമ്മക്കഥ

ഇനിയൊരു കിനാവിനായുങ്ങാതെ കാത്തിരു-
ന്നൊരു കൊച്ചു കഥയുണ്ണാൻ കൊതിച്ചിടുന്നു..
അകലെയായ് മറഞ്ഞാലുമമൂല്യമാം ബാല്യമീ-
മരതക മണിചില്ലിന്നൊളി വെയിൽ പ്രപഞ്ചത്തിൽ
ഇമയൊട്ടുമടക്കാതെ നോക്കി നില്പൂ...
എന്നേ  നോക്കി നില്പൂ.....

കടലോളം കനവാകുമമ്മതൻ മടിത്തട്ടിൽ തല
ചാച്ചുടലലിഞ്ഞുയിരായി മാമല താണ്ടിയാ
രാജകൊട്ടാരത്തിൽ ചെന്നവതരിക്കാൻ
മാന്ത്രിക തടവറ ഭേദിച്ചു പിന്നരുമയാം കുമാരിയെ മാല ചാർത്താൻ
ഇനിയൊരു കഥയിലെ തരിമണൽ കട്ടയോടുത്തൊരു കരി-
യിലയായി യാത്ര പോയിട്ടെവിടെയോ കൊടുങ്കാറ്റിൽ പറന്നലയാൻ.
എന്നട്ടെന്നട്ടറുപത്തിനാലാകും   നാളെയൊന്പതുമാകും വരെയമ്മ കഥ കേട്ടുറങ്ങിവീഴാൻ.


ഇനിയൊരു കിനാവിനായുങ്ങാതെ കാത്തിരു-
ന്നൊരു കൊച്ചു കഥയുണ്ണാൻ കൊതിച്ചിടുന്നു..



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2015, നവംബർ 14, ശനിയാഴ്‌ച

വിരിയാതിരുന്ന മൊട്ടുകൾ

"ആ മൊട്ടൊന്നും കളയല്ലേ കുട്ട്യേ, നാളേക്ക് വിരിയാനുള്ളതല്ലേ ?"
 അമ്മാമ്മയുടെ ശകാരം.

സന്ധ്യക്ക്‌ മുറ്റത്തെ കുറ്റിമുല്ലയിലെ മൊട്ടുകളോരോന്നു പറിച്ചെടുക്കുന്നതിനിടയിൽ ലക്ഷ്മി തിരിഞ്ഞു നോക്കി, അമ്മാമ്മ  അത് കോലായിൽ  നിന്ന് കണ്ടിരിക്കണു.

"നിക്ക് മാല കോർക്കാനാ, മ്മാമ്മേ. കുറച്ചേ പറിക്കു."

കാലം തെറ്റി വന്ന മഴക്കെന്നോണം മുല്ല പതിവില്ലാതെ നിറയെ മൊട്ടിട്ടിരുന്നു.
അന്നു രാവിലെ നിറയെ പൂക്കൾ വിരിഞ്ഞിരുന്നു. വൈകിട്ടു നിറയെ മൊട്ടുകളും.

നാളെക്കു പക്ഷെ അത് കാണാൻ ലച്ചു  ഉണ്ടാവില്ല്യല്ലോ.  ലച്ചു പോവ്വല്ലേ.

കാടിനും കടലിനും മീതെ പറന്നു പറന്നു,  അങ്ങു ദൂരേക്കു..

പോവും മുന്നേ മാല കോർതെടുക്കണം, വിമാനത്തിൽ ഇരിക്കുംന്പോളാവും അതു വിരിയ്യ,
ആകാശത്തിൽ വച്ച് വിരിയാൻ പോണ മൊട്ടുകളാ എല്ലാം.

അമ്മാമ്മക്കിതോന്നും അറിയില്ല്യ, വിമാനത്തിൽ  കേറീട്ടു  കൂടി ഇല്ല്യ.

ലക്ഷ്മി ആകാശത്തേക്ക് നോക്കി, സന്ധ്യ ആവുന്നെ ഉള്ളു,

രാത്രി ആകാശം നിറയെ നക്ഷത്ര പൂക്കൾ  വിരിയും,  അവളെ നോക്കി കണ്ണ് ചിമ്മും,

ന്ത് ഭംഗ്യാ, തൊടാൻ തോന്നും.

ലച്ചുനറിയാം, വടക്കേലെ ശാരദേച്ചി പറഞ്ഞിട്ടുണ്ട്, പണ്ട് പണ്ട്  ആകാശം ഭൂമിക്കു വളരെ അടുത്താരുന്നു, ഒരു മുല്ലവള്ളീടെ അത്ര അടുത്ത്, മുല്ലപ്പൂക്കളൊക്കെ ആകാശത്താ  വിരിയ്യ, അന്ന്  ആകാശത്ത് വിരിഞ്ഞ പൂക്കളാണു  നക്ഷത്രങ്ങൾ,  പിന്നെങ്ങനെയോ ആകാശം അങ്ങ് മേലേക്ക് പോയി.  ഇപ്പളും നക്ഷത്രം  ആവാൻ കൊതിച്ചാ ഓരോ പൂവും ആകാശത്തോട്ടു നോക്കി വിരിയണെ.  പക്ഷെ ആകാശം എത്ര ദൂരെയാ.

ആകാശത്ത് വച്ച് വിരിഞ്ഞാ ഈ മൊട്ടുകളും നക്ഷത്രങ്ങളായാവും വിരിയ്യ. ലച്ചുനു ഉറപ്പുണ്ട്.  സമയമില്ല പെട്ടെന്ന് കൊർത്തെടുക്കണം എല്ലാം. അമ്മ ഒരുങ്ങി ക്കഴിഞ്ഞാൽ ഉടൻ ഇറങ്ങും എല്ലാരും കൂടി, കുട്ടേട്ടൻ വണ്ടിയുമായി  എത്തികഴിഞ്ഞു.




********

വിമാനത്താവളത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന വാൻ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു മരിച്ചവരിൽ ഒരു കൊച്ചു പെണ്‍കുട്ടി ഉണ്ടായിരുന്നു, അവളുടെ കയ്യിൽ അഞ്ചാറ് മുല്ല മൊട്ടുകൾ കോർത്ത മാല ഇറുക്കി പിടിച്ചിരുന്നു. .. വിരിയാതിരുന്ന ആ മൊട്ടുകളിൽ അവളും ചേർന്നിരുന്നു.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.









2015, നവംബർ 13, വെള്ളിയാഴ്‌ച

ഒരേ കടൽ!

ഞാനും നീയുമെന്ന തീരങ്ങൾക്കിടയിൽ
ആർത്തിരന്പുന്ന ഒരു കടലുണ്ട്!
എന്റെ, എന്റെ ഞാനെന്ന ഭാവം

- ഗിരീഷ്‌ പുത്തഞ്ചേരി (ഒരേ കടൽ)


2015, നവംബർ 2, തിങ്കളാഴ്‌ച

ബൊമ്മകൾ...

ഒറ്റക്കായിരുന്നു എന്നും,
കീബോർഡിലെ കീ - കൾ  കൊണ്ടു ചിന്തകളെ ചാലു കീറി ഒഴുക്കുന്പോഴും,  ആ കീ - കൾക്കിടയിൽ ജീവിതത്തിന്റെ അർഥം കണ്ടെത്താൻ അയാൾ  മറന്നു പോയിരുന്നു.

ഭാസ്കർ, ബംഗ്ലൂരിൽ ഉയര്ന്നു പൊങ്ങിയ ഐ ടി മഴക്കാട്ടിൽ വീണു കിടന്നു ചീയാൻ തുടങ്ങിയ ഒരില.
ഐ ടി ക്ക് വേണ്ടി വളർന്നു ഇപ്പോൾ ഐ ടി ക്ക് വേണ്ടി വളമായി ക്കൊണ്ടിരിക്കുന്ന ഒരു സാധാരണ തലച്ചോറ്.
ഒരുപാടു അത്ഭുതങ്ങളൊന്നും സ്വപ്നം കണ്ടിട്ടില്ല ഇതു വരെ. പണ്ടൊരുപാട്  ഒരുപാട് കൊതിച്ച മെഡിക്കൽ സീറ്റിൽ നിന്ന് വഴുതി സോഫ്റ്റ്‌വെയർ എഞ്ചിനീയരുടെ കറങ്ങുന്ന കസേരയിൽ വീണ അന്ന് മുതൽ ഭയമായിരുന്നു അയാൾക്ക്‌ സ്വപ്നങ്ങളെ. ആ കസേര കറങ്ങാത്ത വിധം മുറുകെ പിടിച്ചുരുന്നു ഏതൊക്കെയോ ഭാഷയിൽ പ്രോഗ്രാം ചെയ്തും പിന്നതു ടെസ്റ്റ്‌ ചെയ്തും ഒരു പതിറ്റാണ്ട് കടന്നു പോയിരുന്നു.

അയാള്ക്ക് അയാളെ തന്നെ നഷ്ടപ്പെടുകയായിരുന്നു. അതിനും വളരെ മുൻപ് തന്നെ കുടി കടത്താൻ കുട്ടിനര എത്തി നോക്കി തുടങ്ങിയിരുന്നു. 

യാത്ര ചെയ്തത് പക്ഷെ തനിക്കു വേണ്ടി ആയിരുന്നില്ല. ആരുടെയൊക്കെയോ ഇരുണ്ടു  കറുത്ത മുഖത്തിനു പെയ്തു തീരാൻ നിന്ന് കൊടുക്കാൻ വേണ്ടി, അല്ലെങ്കിൽ ഒരുപാടൊരുപാട് ബഗ് കളെ രാപ്പകൽ കോഡ് ചെയ്തു തുരത്താൻ. 

അന്ന് വെള്ളിയാഴ്ച ആയിരുന്നു. ഒരുപാടു നാളുകൾക്കു ശേഷം വീക്ക്‌ ഏൻഡ് ജോലി ഇല്ലാതിരുന്ന ഒരു വെള്ളിയാഴ്ച. അന്നും ഒരുപാടു വൈകി ആണ് ഓഫീസിൽ  നിന്ന് ഇറങ്ങിയത്‌, അവസാനത്തെ ബി എം ടി സി  ചുവന്ന വോൾവോ ബസ് ഏറെക്കുറെ കാലി ആയിരുന്നു. മുന്നിലെ ഒരു വിന്ഡോ സീറ്റിൽ ഇരിക്കുംബോൾ പുറത്തു മഴ ചാറുന്നത്‌ കാണാമായിരുന്നു. നേരത്ത പൊടീ മഴ.

ട്രാഫിക്‌ ജാം നന്നെ കുറവായിരുന്നു.

പുറത്തേക്കു നോക്കി ഇരുന്നെങ്കിലും, അയാൾ റോഡിലെ കാഴ്ച്ചകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല, കുഴിഞ്ഞ കണ്ണുകൾ  അന്ന് പതിവിനു വിപരീതമായി ആ കുഴിഞ്ഞ കണ്ണുകൾ അകത്തേക്ക് തുറന്നിരിക്കുകയായിരുന്നു. രണ്ടു ദിവസം അവധി കിട്ടിയതിനാലവണം വളരെ നാളുകൾക്കു ശേഷം ജീവിതം പെട്ടെന്ന് മാറിയത് പോലെ അയാൾക്ക്‌ തോന്നിയത്.

താൻ അവസാനമായി കണ്ണാടി നോക്കിയതെന്നാണ്? കുഴിഞ്ഞ കണ്ണുകളും ഉന്തിയ വയറും അവസാനം കണ്ടതെന്നാണ്, ഓർമ്മയില്ലായിരുന്നു. 

മനസ്സ് നിറഞ്ഞിരുന്നിരുന്ന അപഹർഷതക്കുള്ളിൽ, അയാളുടെ സൌന്ദര്യം മറഞ്ഞു പോയി.
സ്വയം വിലക്കിയില്ലായിരുന്നെങ്കിൽ എന്നേ ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് കയറി വന്നേനെ, ഇല്ല, ഒരു പെണ്ണിനും പുച്ഛിക്കാൻ താൻ നിന്നു  കൊടുക്കില്ല.. തന്റെ കുറവുകൾ തനിക്കുള്ളിലൊതുങ്ങണം, എന്നിട്ട് തന്നോട് ചേർന്നോടുങ്ങണം.

പക്ഷെ ശെരിക്കും ഇഷ്ടമാണെന്ന് പറഞ്ഞു ഒരു പെണ്ണ് വന്നാലോ.... അവള്ക്ക് ശെരിക്കും ഇഷ്ടമാണെങ്കിലോ?? അയാൾക്കറിയില്ലായിരുന്നു. സ്വപ്നം കാണാൻ അയാൾക്ക്‌ ഭയമായിരുന്നു.   

ബസ്‌ ഇറങ്ങി ഇരുണ്ട വഴിയിലൂടെ ഫ്ലാറ്റിലേക്ക് നടക്കുകയായിരുന്നു അയാളപ്പോൾ, വഴിയരുകിലെ വേസ്റ്റ് കൂട്ടിയിടുന്ന പ്ലോട്ടിനരുകിലൂടെ മൂക്ക് പൊതി കടന്നു പോയപ്പോൾ, പക്ഷെ എന്തോ അയാളുടെ കണ്ണിലുടക്കി.  ചവറു കൂനക്കരുകിൽ കിടക്കുകയാണ്, വെളുത്ത ഒരു ശരീരം.



അയാൾ ഞെട്ടിപ്പോയി, പിന്നെ ശ്രദ്ധിച്ചു നോക്കി. 
അതൊരു ബൊമ്മ ആയിരുന്നു, തുണിക്കടയിൽ വസ്ത്ര പ്രദര്ശനത്തിന് വക്കുന്ന വലിയ സ്ത്രീ ബൊമ്മ, നഗ്നയായി കിടക്കുന്നു,
അരക്കു മേല്പ്പോട്ടുള്ള ഭാഗം മാത്രം,  വീണ്ടും നോക്കിയപ്പോൾ അതിനു എതിർ വശത്തായി ബാക്കിയും ഉണ്ടായിരുന്നു. ഏതോ തുണിക്കടക്കാർ വലിച്ചെറിഞ്ഞതാവും  പഴയതോ ചീത്ത ആയതോ ആവും.  




പക്ഷേ ഭാസ്കർ അതിൽ ഒരു കുറവും  കണ്ടില്ല, വെളുത്ത ഒരു പെണ്‍കുട്ടി യുടെ അതെ നിറം, നിറം ഒട്ടും മങ്ങിയിട്ടില്ല, അച്ചിൽ വാര്തെട്യ്ത വടിവൊത്ത ശരീരം, ഉടയാത്ത അവയവങ്ങൾ.
അളവൊത്ത ഒരു സ്ത്രീ രൂപം. ആ നഗ്ന ശിൽപം അയാളെ ആകെ ഉലച്ചു. 
മറന്നു പോയ അയാളിലെ യൌവനം ആ സൌന്ദര്യത്തിലേക്ക് ഉറ്റു നോക്കുകയായിരുന്നു. 

വേറിട്ട്‌ കിടന്നെങ്കിലും, അയാൾ  അതൊന്നായി കാണുകയായിരുന്നു. പ്രോപോർഷൻസ് എല്ലാം കിറു കൃത്യം.  ഇങ്ങനൊരു യഥാർത്ഥ സ്ത്രീ ഉണ്ടാവുമോ. ആ അളവിൽ ആവുമോ ഇതുണ്ടാക്കിയത് 

നിന്നിടത്ത്  നിന്ന് അനങ്ങാനാവാതെ അയാൾ  അതിലേക്കു  ഉറ്റു നോക്കി നിന്നു....

"ഭാസ്കർ,.."  ആ ബൊമ്മ അയാളെ വിളിച്ചു...  

അയാൾക്ക്‌ തല കറങ്ങുന്നത് പോലെ തോന്നി. ചവറു കൂനയിൽ നിന്ന് ഒരു ബൊമ്മ അയാളെ പേരെടുത്തു വിളിച്ചിരിക്കുന്നു. താനുറ്റുനോക്കിയാൽ പ്രതിമ പോലും പ്രതികരിക്കുന്നോ.

"എന്തേ, ഞാൻ വിളിച്ചത് കേട്ടില്ല എന്നുണ്ടോ?" ഇത്തവണ അതിന്റെ തുടുത്ത  ചുണ്ടുകൾ അനങ്ങുന്നത് അയാള് കണ്ടു. മറുപടി പറയാതിരിക്കാൻ അയാൾക്കായില്ല.

"അസംഭവ്യം , ഒരു ബൊമ്മ എന്നോട് സംസാരിക്കുന്നുവോ?"

"എന്താ സംസാരിച്ചാൽ, നമ്മൾ തമ്മിലെന്താ  വ്യത്യാസം ?" ബൊമ്മ പ്രതികരിച്ചു.

"എനിക്ക് ജീവനുണ്ട്!" 

"ഉണ്ടോ?, എനിക്ക് തോന്നുന്നത് നമ്മൾ ഒരുപോലെ ആണെന്നാണ്, അതാണ് നിനക്ക് ഞാൻ പറയുന്നത് കേൾക്കാനാവുന്നത്.  നീ ജീവനുണ്ടെന്നു അഭിനയിക്കുകയാണ് ഭാസ്കർ. നീ നിനക്ക് ചുറ്റിലും നോക്കു, ചവറു കൂനയിൽ കിടക്കുന്ന ബൊമ്മ ആണ് നീയും"

"ഞാൻ ... "
മറുപടി പറയാൻ അയാൾക്കായില്ല. അയാൾ തന്നെ പറ്റി ചിന്തിക്കുകയായിരുന്നു. അയാൾ നേടിയതെല്ലാം ചവറുകളായി  അയാൾക്ക് തോന്നി, നൂറുകണക്കിന് കമ്പ്യൂട്ടറുകൾ, ആയിരക്കണക്കിന് പ്രോഗ്രാമുകൾ ശംബളമായി കിട്ടിയ നോട്ടു കെട്ടുകൾ എല്ലാത്തിനും നടുവിൽ അയാൾ ഒരു ബൊമ്മ ആയിരുന്നു, കീ കൊടുത്താൽ ഓടുന്ന ബൊമ്മ.
താൻ  ജീവിക്കാൻ മറന്നു പോയിരിക്കുന്നു, ഏതോ നഷ്ടബോധത്തിനു പകരമായി അയാൾ തന്റെ ജീവിതം ആണ് ഹോമിച്ചത്. അയാൾക്കു  ജീവനുണ്ടെന്ന കാര്യം അയാള് മറന്നു പോയിരുന്നു. 

അയാൾക്കുള്ളിൽ ഒരു ശബ്ദം അലയടിച്ചു `ജീവിക്കണം  ജീവിക്കണം.. എനിക്കു ജീവിക്കണം.. `

ഇപ്പൊ അയാൾക്ക് ഒരുപാടു ഉത്തരങ്ങൾ ഉണ്ടായിരുന്നു...

അയാൾ ബൊമ്മയോടു പറഞ്ഞു "അതെ, നമ്മൾ ഒരുപോലെ ആയിരുന്നു.  പക്ഷെ നീ എന്റെ കണ്ണ് തുറപ്പിച്ചു. ഞാൻ ജീവിക്കാൻ പോവുകയാണ്,  എങ്ങിനെ എന്ന് ചോദിക്കണ്ട. എനിക്കതിനു ഉത്തരം ഉണ്ട്... നീ കേൾക്കുന്നുണ്ടോ ? നമ്മൾ ഒരുപോലെ അല്ല മനസ്സിലായോ?"

ബൊമ്മ പക്ഷെ മിണ്ടിയില്ല..  

ബൊമ്മ പറയുന്നത് ഇനി എങ്ങനെ കേൾക്കാനാണ്‌ , അവർ ഒരുപോലെ അല്ലാതായിരിക്കുന്നു.

ഒരു വലിയ പാഠത്തിന്റെ ഓർമ്മക്കായി,  അയാൾ  അതിൽ പാതി ബൊമ്മയും  എടുത്തു വീട്ടിലേക്കു നടന്നു.





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

രാത്രി


ഓരോ അസ്തമയവും നഷ്ടങ്ങളുടെ കണക്കെടുപ്പാണ്.
വെറുതെ കളഞ്ഞ പകലുകൾക്ക്‌, ന്യായം കണ്ടെത്താൻ
ഇത്തിരി നേരം കൊണ്ടൊരു കണക്കെടുപ്പ്.

രാത്രി പക്ഷെ പ്രതീക്ഷയാണ്,  ഉറക്കത്തിനപ്പുറം നാളെയുടെ
വെളിച്ചമുണ്ടെന്ന പ്രതീക്ഷ.


2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

സ്കന്ദഗിരി - ഒരു യാത്രാ കുറു... കുറി... അല്ലേൽ വേണ്ട... സ്പൂഫ്

"ഡാ മണിയാ, സ്കന്ദഗിരി പോയാലോ"
ശനിയാഴ്ച രാത്രിയിലെ 'ക്യാ മദ്യപാൻ ഹെ' കഴിഞ്ഞു വളരെ വൈകി ആണ് കിടന്നത്. രണ്ടെണ്ണം കഴിഞ്ഞു ആത്മാവിനെ പുകച്ചു പുറത്താക്കൽ ശീലമായിട്ടുണ്ട്.  തലേന്ന് അലയാൻ വിട്ട ആത്മാവ് തിരിച്ചു വരുന്നേ ഉള്ളു.  അപ്പോളാണ് ജ്യേഷ്ടന്റെ ഫോണ്‍ കാൾ.

"ഡാ മണിയാ, സ്കന്ദഗിരി പോയാലോ"

"ഇപ്പളോ?"

"ഇപ്പളല്ല, രണ്ടു മണി ആവുന്പോ"

"എന്തിനാ.."

"പറയെടാ, പോവാം കോശി വരുന്നുണ്ട്, മാത്രല്ല നാട്ടിന്നു വണ്ടി കൊണ്ടുവന്നിട്ടിട്ടു അതൊന്നു നേരായിട്ടു ഓടിച്ചില്ല,  നമുക്ക് പോകാം, നീ ആണ് ഇന്നത്തെ സ്റ്റാർ ഡ്രൈവർ"

ജ്യേഷ്ടന്റെ സൈകോലോജിക്കൽ മൂവ്.

"സൈക്കിൾഓടിക്കൽ മൂവ് ഒന്നും വേണ്ട , ഞാനേ  ഓടിക്കുന്നുള്ളൂ..   എന്നാ, ഒരു മണി ആവുന്പോ  വിളിക്ക്."

ഫോണ്‍ കട്ട്‌ ചെയ്തു. അങ്ങനെ മൂന്ന്  മണ്ടന്മാരും രണ്ടു  ക്യാമറയും നാല്  ലെൻസുകളും രണ്ടു ട്രൈ പോഡും ഫൊക്സ് വാഗണ്‍ പോളോ കാറിൽ കൃത്യം 3 മണിക്ക് തന്നെ യാത്ര പുറപ്പെട്ടു.
1.6  ലിറ്റർ എഞ്ചിൻ കാർ  എന്ന് എടുത്തു പറഞ്ഞില്ലെങ്കിൽ ജ്യേഷ്ഠൻ കോപിക്കും.

എപ്പോളത്തെയും പോലെ ഡ്രൈവിംഗ് സീറ്റിൽ ജ്യേഷ്ടൻ.

പ്രായത്തിലും മണ്ടത്തരങ്ങളിലും മറ്റുള്ളവരേക്കാൾ മുന്നിലാണെങ്കിലും ആളൊരു ഞെരിപ്പൻ ഡ്രൈവർ ആണ്. നാലും കൂടിയ കവലയിൽ നേരെ പോവാൻ ഹസ്സാർഡ്  ലൈറ്റ് ഇടുന്ന അത്രയ്ക്ക് ആത്മാർത്ഥത ഉള്ള ഡ്രൈവർ.

പിന്നെ സൈഡ് സീറ്റിൽ കൂളിംഗ്‌ ഗ്ലാസും വച്ചു ഇരിക്കുന്നതാണ് കോശി. അച്ഛൻ അരി മേടിക്കാൻ വച്ച കാശു കൊണ്ട് ക്യാമറക്ക് ലെൻസ്‌ വാങ്ങിയവൻ കോശി.  ഇതിൽ കൂടുതൽ എന്ത് പറയാൻ.. ആളൊരു മുടിഞ്ഞ കലകാരൻ ആണ്. തടിയും മുടിയും നീട്ടി വളർത്താത്ത  കലാകാരൻ.

ക്യാമറയുമില്ല, കൂളിംഗ് ഗ്ലാസ്സുമില്ല, എന്തിനോ വേണ്ടി , തിളക്കണോ വേണ്ടയോ എന്നറിയാത്ത സാംബാർ പോലെ പിൻസീറ്റിൽ ഞാനും..

ഇനി പ്ലോട്ട് 

ബാംഗ്ളൂർ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ ആണ് സ്കന്ദഗിരി.  സാമാന്യം നല്ല ഒരു ട്രെക്കിംഗ് സഥലം. രണ്ടു രണ്ടര മണിക്കൂർ നടന്നു കയറാനുള്ള മല ഉണ്ട്. മുകളിലെത്തിയാൽ വളരെ മനോഹരമായ ഒരു വ്യൂ , നല്ല തണുത്ത കാറ്റും പിന്നെ ഭാഗ്യമുണ്ടെങ്കിൽ നല്ല കോടമഞ്ഞും കാണാം. മേഘങ്ങൾ നമ്മെ തൊട്ടു  തഴുകി പോകും പോലെ.

പെട്ടെന്നൊരു ട്രെക്കിംഗ് ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നവര്ക്ക് പറ്റീയ ഇടം ആണ്.

ബംഗ്ലൂർ അന്തർദേശീയ വിമാനത്താവളം റൂട്ടിൽ , നന്ദി ഹിൽസ് കഴിഞ്ഞു കുറച്ചുകൂടി മുന്നോട്ട് പോയാൽ സ്കന്ദഗിരി റോഡിൽ എത്താം, ഗൂഗിൾ മാപ് നോക്കി പോയാലും മതി.

ബാക്ക് ടു ട്രിപ്പ്‌,

അങ്ങനെ ഞങ്ങൾ ഏകദേശം 5 മണിക്കടുത്ത് അടിവാരത്ത് എത്തി. ഒരു ആശ്രമം/ ക്ഷേത്രം ഉണ്ട് അവിടെ, അതിനു വശത്തായി കാർ പാർക്ക്‌ ചെയ്തു. ഒരു കാറിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും എവിടുന്നോ ഒരു അമ്മാമ്മ  വന്നു, പാർക്കിംഗ് ചാർജ് ചോദിച്ചു,  വണ്ടി അവര് നോക്കിക്കോളാം കാശു തരണം എന്ന് പറഞ്ഞു. ഈ അനുംഭവം എല്ലാര്ക്കും ഉണ്ടായോ എന്നറിയില്ല. ആ പ്രദേശത്ത് വേറെ ഒരു വണ്ടി പോലും ഇല്ലാത്തതിനാലും പരിചയമില്ലാത്ത സഥലം ആയതിനാലും ഒരു 50 രൂപ എടുത്തു കൊടുത്തു.. ഒരു പാവം അമ്മുമ്മ  അല്ലെ.

ഞങ്ങൾ ബാഗൊക്കെ എടുത്തു ഇറങ്ങിയപ്പോ മറ്റൊരു അമ്മൂമ്മ വന്നു നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് കയ് നീട്ടി, അങ്ങനെ നിന്നപ്പോ വീണ്ടും രണ്ടു പേര് കൂടി വന്നു.. എല്ലാര്ക്കും കാശു കൊടുത്തു.

പിന്നെ  കന്നഡയിൽ എന്തൊക്കെയോ പറഞ്ഞു.  കര്യയട്ടു ഒന്നും മനസ്സിലായില്ലെങ്കിലും 5 മണി കഴിഞ്ഞു മുകളിലോട്ടു കേറണ്ട എന്നാണെന്ന് മനസ്സിലായി.. കുറച്ചു ദൂരം കേറിയിട്ടു തിരിച്ചു പോരെ, ഇരുട്ട്  ആവാറായി  എന്നാണെന്ന്  തോന്നണു.

കൊക്കെത്ര കുളം കണ്ടതാ, ജ്യേഷ്ഠൻ മുന്നേ നടന്നു,

"നീ വാടാ, ഞാനിവിടെ ഇതിനു മുന്നേം വന്നിട്ടുണ്ട്."

"ഇയ്യാള് പോവാത്ത വല്ല സഥലണ്ടാ?? "

അങ്ങനെ ആരൊക്കെയോ കാണിച്ചു തന്ന വഴിയിലൂടെ ഞങ്ങൾ മൂന്നു പേരും മല കയറാൻ തുടങ്ങി.

"ഡാ മണീ, വെള്ളം എടുത്തിട്ടുണ്ടോ?" കോശി ചോദിച്ചു

"അയ്യോ വാട്ടർ ബോട്ടിൽ  കാറിൽ  ആണ് തിരിച്ചു പോണോ?", ഞാൻ

"വേണ്ടടാ, മുകളിൽ, കട ഉണ്ട്. കാശു കൂടുതൽ കൊടുത്താലും വെള്ളം കിട്ടും, അല്ലെങ്കിലും വെള്ളം കുടിക്കാനുള്ള കയറ്റം ഒന്നും ഇല്ല , ഞാൻ വന്നിട്ടുള്ളതല്ലേ...   " ജ്യേഷ്ഠന്റെ സോലുഷൻ.

തള്ളിനു യാതൊരു കുറവുമില്ല, ജ്യേഷ്ടന് ആ ഏരിയ ഒരു പിടുത്തവുമില്ല എന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. കുത്തനെ കയറ്റവും, പിന്നെ  കട പോയിട്ട് ഒരു പട്ടി പോലും ഇല്ല മുകളിൽ .

കോശി ക്യാമറ ട്രൈപോടിൽ കുത്തി പണി തുടങ്ങി, ജ്യേഷ്ടനും.

തെണ്ടിപ്പിള്ളേർ ചക്കപ്പുഴുക്ക് കണ്ടപോലെ സെൽഫികൾ എടുത്തു കൂട്ടി.

രണ്ടു പേരുടെ ക്യാമറക്ക് മോഡൽ ആയി ഞാൻ ക്ഷീണിച്ചു..

അടിവാരത്ത് നിന്നും ഒരു നായ ഞങ്ങളോടൊപ്പം നടന്നു വന്നു, കോശി അതിനെ തൊട്ടു തലോടി, കൂടെ കൂട്ടി .. അങ്ങനെ ഞങ്ങളുടെ മൂവര് സംഘം നാലായി അപ്ഗ്രേഡ്  ചെയപ്പെട്ടു. ഇനി  മൂന്നു പേര് പോയിട്ട് മൂ$##@   പോരണ്ടല്ലോ.. ആത്മഗതം

കയറും വഴി ചിലയിടങ്ങളിൽ  പാറകളിൽ വെളുത്ത നിറത്തിൽ അന്പടയാളങ്ങൾ ഇട്ടു വഴി മാർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു. ചിലയിടങ്ങളിൽ നന്നേ കുത്തനെ യുള്ള കയറ്റം. ഇടയ്ക്കിടെ കുറ്റിക്കാടുകളും,  വ്യൂ പൊയിന്റുകളും  ഉണ്ട്.

കോശിയുടെ തലോടലും , ഞങ്ങളുടെ പ്രതീക്ഷയും വെറുതെ  ആയി .. കയറ്റം കുത്തനെ ആയി തുടങ്ങിയപ്പോൾ, നായ അതിന്റെ പാട്ടിന് പോയി.

ഓരോ വ്യൂ പോയിന്റുകളിലും ഞങ്ങളുടെ ക്യാമറകൾ പ്രകൃതിരമണി ഒപ്പിയെടുത്തു. സഞ്ചാരം പരിപാടിയിൽ പറയുന്നത് പോലെ....അംബര ചുംബികളായ മലനിരകൾ ഞങ്ങളെ ഹഠാതാകർഷിച്ചു.
...

...

സമയം പോവുകയായിരുന്നു..

ഇരുട്ടു ഇരച്ചു കയറി തുടങ്ങി ,  ലോ ലൈറ്റ് ഫോട്ടോഗ്രാഫിയെ പറ്റി ഞങ്ങൾ വാചാലരായി..
മലയുടെ ഏറ്റവും മുകളിലേക്ക് കയറണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. രണ്ടാമത്തെ ഉയരമുള്ള വ്യൂ പോയിന്റിൽ ഞങ്ങൾ നിന്നു.

സന്ധ്യ-നേരത്തെ ആകാശത്തിന്റെ , താഴെ ദൂരെ വഴിവിളക്കുകൾ ഏന്തിയ  നഗരത്തിന്റെ, ദൂരെ റോഡുകളിലൂടെ പോകുന്ന വാഹനങ്ങളുടെ .. അതി മനോഹരമായ കാഴ്ച.

വെളുത്ത മേഘങ്ങളേ പിന്തള്ളി കാർമേഘങ്ങള്‍ ആകാശത്തേക്ക് വന്നു നിറയുകയായിരുന്നു.. ചെറിയ കോടമഞ്ഞു ഞങ്ങളെ തഴുകി കടന്നു പോയി.

പിന്നെ സംഭവിച്ചതെല്ലാം വളരെ പെട്ടെന്നായിരുന്നു.

ചുറ്റും കൂറ്റാക്കൂരിരുട്ടായി, മഴ ചാറി തുടങ്ങി ,

ക്യാമറയും സാധനങ്ങളും ബാഗിലാക്കി, കോശിയുടെ ഒരൊറ്റ ടോർച്  ലൈറ്റിന്റെ വെളിച്ചത്തിൽ വഴി തപ്പിപ്പിടിച്ചു ഞങ്ങൾ താഴോട്ടിറങ്ങാൻ തുടങ്ങി. മൂന്നു പേരുടെ കാലുകൾക്കു കല്ലും മുള്ളും നിറഞ്ഞ വഴിയിൽ ആ ടോര്ച്ചു ഒട്ടും മതിയായിരുന്നില്ല. അതൊരു മിന്നാമിനുങ്ങിനോളം ചെറുതായിരുന്നു.

ചാറ്റൽ വല്ല്യ മഴയായി, മേഘങ്ങലോടൊപ്പം ഞങ്ങളും പെയ്യാൻ തുടങ്ങി.. മരങ്ങളും മലയും അതേറ്റു പിടിച്ചു. അടിവച്ചടി വച്ച് ഞങ്ങൾ നടന്നു. പരസ്പരം പ്രാകിക്കൊണ്ട്‌, മല കയറിയ ക്ഷീണവും, ദാഹവും മഴയില ഒലിച്ച് പോയി, ഇരുട്ടിനൊപ്പം സാഹസികതയും ചുറ്റും നിറഞ്ഞു നില്ക്കുന്നത് പോലെ തോന്നി.

ആ കാട്ടിൽ പുലി ഉണ്ടോ എന്നറിയില്ല.. പക്ഷെ. ഞങ്ങൾ അതിനെയും അത് ഞങ്ങളെയും കണ്ടിട്ടില്ല.

ഒറ്റ ടോർച്ചു  കൊണ്ട് ഒരുമിച്ചു ഇറങ്ങുന്നത് അസാധ്യമായിരുന്നു. ഒടുവിൽ വേറെ വഴി ഇല്ലാതെ ഞങ്ങൾ ഒരു വഴി കണ്ടു പിടിച്ചു.

ഞാൻ ടോര്ച്ചുമായി മുന്പേ നടക്കും . പത്തടി നടന്നിട്ട്  ത്രിര്ഞ്ഞു നിന്ന് ബാക്കി രണ്ടു പേര്ക്ക് വെളിച്ചം കാണിച്ചു കൊടുക്കും.  അതോരനുഭവം  തന്നെ ആയിരുന്നു. മുന്നേ പോകുന്പോൾ നല്ല ഇറക്കം ആണെങ്കില നിൽക്കാൻ ഉള്ള സഥലം ഉണ്ടാവില്ല , ഇച്ചിരി കൂടി മുന്നോട്ടു പോയാൽ വെളിച്ചം കാണിക്കാൻ പറ്റില്ല, കൊശീം ജ്യേഷ്ടനും തെറിവിളി തുടങ്ങും.

വല്ല്യ കല്ലുകളുള്ളിടത്ത്  ഓരോ അടി വച്ച് നിന്ന് വെട്ടം കാട്ടണം.

അതിലും വലിയ പ്രശ്നം  പലപ്പോഴും വഴിച്ചാൽ കാണാതെ വിഷമിച്ചു, ചിലയിടത്ത് രണ്ടു വഴിച്ചാൽ കണ്ടു കണ്‍ഫ്യുഷൻ ആയി, പിന്നെ അതിലൊന്ന് ഉറപ്പിച്ചു അങ്ങനങ്ങനെ....

എങ്ങനെ ഒക്കെയോ.. നനഞ്ഞു കുതിർന്നു താഴെ എത്തി.


വണ്ടിയിൽ കയറി വീട് പിടിക്കാൻ നേരം.. മനസ്സ് നിറഞ്ഞിരുന്നു.


ഒരിക്കലും മറക്കനാവാത്ത , ഒരു ട്രിപ്പിന്റെ മനോഹരമായ ക്ലൈമാക്സ്‌ .....



ഇനി പോകുംന്പോൾ  ......

. കഴിവതും നേരത്തെ പോകുക.
. നൈറ്റ്‌ ട്രെക്കിംഗ് ആണ് ഉദ്ദേശമെങ്കിൽ ഓരോരുത്തരും ടോർച് ലൈറ്റ് കരുതുക.  ഒപ്പം വഴി അറിയാവുന്ന ആരെയെങ്കിലും കൂടെ കൂട്ടുക.
. റെയിൻ കോട്ട് എടുക്കുന്നത് നന്നായിരിക്കും.
. ആവശ്യത്തിനു കുടിവെള്ളം, ലഘുഭക്ഷണം എന്നിവ കരുതുക.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

മതഭ്രാന്ത്‌




മുൻ  വരി പല്ലേ മുളച്ചിരുന്നുള്ളൂ-
മ്മ ചോദിച്ചുറങ്ങാൻ കിടന്നതു-
മൊന്നുറക്കെ വിതുന്പാനുമാകാതെ-
യാർത്തിരന്പും കടലിനിക്കരെക്കണ്നു-
നീരിൽ കുതിർന്നു മരവിച്ചുണ്ണികൾ.
മത ഭ്രാന്തളിഞ്ഞഴുകി നാറി നുരക്കുമീ-
കഴുക തലച്ചോറിൻ പുഴുക്കൾക്കു
ചൊറിച്ചിൽ തീർത്തു കിടന്നുറങ്ങാ-
നിനിയെത്ര ബാല്യം ബലികൊടുക്കണം.
ഇറ്റു കണ്നുനീർ തൂകുവാനെങ്കിലും
ഉള്ളിലല്പം വെളിച്ചമുണ്ടാകുവണം






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

നിശബ്ദതക്കുള്ളിൽ...

"ഇച്ചിരി നേരം ഒന്ന് മിണ്ടാണ്ടിരിക്കോ..."
വാ തോരാതെ ഏതൊക്കെയോ ഓര്മകളുടെ കെട്ടുമാറാപ്പു അവൾക്കു മുന്നിൽ അഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
ഉറങ്ങാൻ പോകുകയായിരുന്ന അവളെ വെറുതെ വിളിച്ചതാണ്. ഇംഗ്ലീഷ് കീബോർഡിൽ കഷ്ടപ്പെട്ടു മംഗ്ലീഷ് ടൈപ്പ് ചെയ്തു ചാറ്റ് ചെയുകയായിരുന്നു, മനസ്സിനൊപ്പം വിരലുകൾക്ക് ഓടി എത്താൻ ആകാതെ ആയപ്പോൾ.

ആയിരത്തൊന്നു രാവുകളിലെ ഏതോ അറബിക്കഥ പറയുകയായിരുന്നു.
വായിച്ചു മറന്ന വരികൾക്കിടയിലൂടെ ഞാൻ എന്നെതന്നെ  മറക്കുന്നത് അറിഞ്ഞില്ല.
അവിടെ നിന്ന് പാബ്ലോ നെരൂദയിലെക്കും..പ്രണയത്തിലേക്കും എന്റെ പഴയ കാലത്തിലേക്കും. പിന്നെ,  എനിക്ക് തന്നെ അറിയാത്ത എന്തിലേക്കൊക്കെയോ..

"വർത്തമാനം പറഞ്ഞു തുടങ്ങിയാൽ പിന്നെ, എന്നെ നിനക്കറിയാലോ, ഞാൻ എന്നെ മറക്കും
വഴിയറിയാതെ വീശുന്ന കാറ്റുപോലെങ്ങൊട്ടൊക്കെയൊ പോകും, തുടങ്ങിയതെവിടെ എന്ന് ഞാൻ തന്നെ മറക്കും.
അപ്പോളാ മിണ്ടാതിരിക്കാൻ പറയണേ!!
നിന്നോട് മിണ്ടാതിരിക്കുന്പോൾ മനസ്സിൽ നുരക്കുന്ന വാക്കുകളാണ് പെണ്ണെ കവിത."

"ഹോ, ഉറങ്ങാനും സമ്മതിക്കില്ല, ഇനി കവിതേം ഉണ്ടോ ? "

"ഇല്ലേ, കവിത നേരത്തേ ഗുഡ് നൈറ്റ്‌ പറഞ്ഞു കിടന്നു."

"എന്തെ അവളെ വിളിച്ചു പറയാത്തെ  ഈ കഥ ഒക്കെ.. "

അവളുടെ  ക്ലാസ്സ്‌ മേറ്റ്‌  ആയിരുന്ന കവിത എന്ന പെണ്‍കുട്ടി എന്റെ കൂടെ ആണ് വർക്ക്‌ ചെയുന്നത്, കവിതയുടെ  പേര് മാത്രം മതി.. സ് ഥിതി  സംഘര്ഷഭരിതമാക്കാൻ.

"നീ ഉറങ്ങാൻ നോക്കിക്കോ, ഞാൻ ഇനി കവിതേം കഥേം ഒന്നും പറയാൻ പോണില്ല"

"ഹോ സമാധാനം , അപ്പൊ ശെരി ഗുഡ് നൈറ്റ്‌. എന്നോട് മിണ്ടാതിരിക്കുന്പോ ഉണ്ടാവുന്ന കവിത , ഐ മീൻ ശെരിക്കും കവിത, നാളെ കേള്പ്പിക്കു."

"ശെരിക്കും ഉറങ്ങാൻ പോവ്വാ??"

"അല്ല, നീ പറ  എന്റെ ഉറക്കം ഒക്കേം നിന്റെ കാൾ വന്നപ്പോളേ പോയി."

"പെട്ടെന്നൊരീസം എനിക്കു മിണ്ടാൻ പറ്റാണ്ടായാൽ ഞാൻ എന്താ ചെയ്യാ.."

"പോടാ,, അങ്ങനൊന്നും വരില്ല്യ"

"നീ ചുമ്മാ ചിന്തിച്ചു നോക്ക്... വെറുതെ."

 അല്പസമയം അവളുടെ നിശ്വാസം മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളൂ

"അപ്പൊ നിന്റെ മനസ്സില് ഒരുപാട് വാക്കുകൾ കവിതകളായി മാറും , നീ എഴുതും, ഞാൻ അതൊക്കേം പാടും"

"നീ പാടണോ... അതിലും ഭേദം ഞാൻ എഴുതാതിരിക്കണതാ."

"പോടാ,  ഇനി നീ എന്റടുത്തു പാടാൻ പറഞ്ഞോണ്ട് വാ."

"ശെരി,  ശെരി.."

"ഇനിയെന്താ ? "

"കണ്ടതിനെ പറ്റിയും  കാണാത്തതിനെ പറ്റിയും എഴുതണം,

 അറിഞ്ഞതിനെക്കാൾ അറിയാത്തനെപ്പറ്റി എഴുതാനാണെനിക്കിഷ്ടം,
പറക്കാൻ കൊതിച്ചിരിക്കുന്ന പക്ഷിക്കുഞ്ഞിന്റെ സ്വപ്നങ്ങളെപോലെ, അറിയാത്ത ലോകത്തെ ഭാവനയിൽ ആവാഹിക്കണം,

കടലിനരികിൽ ചെന്ന് നില്കണം..  കാലിൽ തൊട്ടു ദൂരേക്ക്‌ പോകുന്ന തിരകൾക്കൊപ്പം പോകണം, പിന്നെ കടലിൽ അലിഞ്ഞില്ലാതാവണം. അവിടെനിന്നു കാറ്റിലേറി, മേഘങ്ങളിൽ തങ്ങി നാട് ചുറ്റണം, പിന്നെ നീ നിനക്കാത്ത  നേരത്ത് നിന്റെ മേൽ മഴയായി പെയ്യണം.
..നിന്നിലൂടെ ഒഴുകണം.

ജീവന്റെ തുടിപ്പുകളായി, നിന്നിൽ വസന്തമായി, ഓരോ പുല്ലിലും പൂക്കളായി  അങ്ങനെ അങ്ങനെ അങ്ങനെ,
മിണ്ടാതെ പാടാനറിയാതെ വാക്കുകളെക്കൊണ്ട് മനസ്സിൽ  മാല കെട്ടണം.

ചിരിപ്പിക്കുന്ന ആനന്ദം  നിറഞ്ഞ വരികളും , കണ്ണീർ  പൊഴിക്കുന്ന ദുഃഖാർദ്ര വരികളും നിറയ്ക്കണം

ഓർമകളിൽ സംസാരിക്കാൻ കഴിഞ്ഞിരുന്ന കാലത്തെ മറക്കാൻ പാകത്തിന് കവിതകളിൽ  എന്റെ ശബ്ദം നിറയ്ക്കണം.
എണ്ണ വറ്റുന്ന ഓരോ ചിരാതിലെ കരിന്തിരിയിലും സ്നേഹത്തിന്റെ എണ്ണ പകരണം,

ഒരിക്കൽ വാക്കുകളോട് ചേർന്ന് വരികൾക്കിടയിൽ ഉറങ്ങണം.

.....ഹലോ,
........ ഹലോ , നീ ഉറങ്ങിയോ..??"

.....

"ഉറങ്ങി അല്ലെ! "






ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

2015, ജൂലൈ 14, ചൊവ്വാഴ്ച

കെട്ടുകൾ

അഴിക്കാനാകുമായിരുന്നു.
അത്രക്കു  എളുപ്പമായിരുന്നു..
പക്ഷെ അഴിക്കാൻ തോന്നാതിരുന്നതുകൊണ്ടു
അത്ര എളുപ്പവുമല്ലായിരുന്നു.

എല്ലാ കെട്ടുകളും കെട്ടുപാടല്ലാ
എങ്കിലും കെട്ടിക്കഴിഞ്ഞപ്പൊൾ
അങ്ങനെ തോന്നുമായിരുന്നില്ല.
ഞാനീ കെട്ടഴിക്കാൻ കുറെ ആയി നോക്കുന്നു.


അഴിക്കാൻ നോക്കിയിട്ട് പറ്റാതിരുന്നു,
ആ കെട്ടുകളെ ഇഷ്ടപ്പെട്ടവരും,
ഒരു താലിച്ചരടിന്റെ അറ്റത്തു ബന്ധിക്കപ്പെട്ടവരും,
കൂച്ചുവിലങ്ങിൽ പെട്ടുപോയവരും,
അഴിക്കാനവാതെ സ്വന്തം കഴുത്തിലിട്ട കുരുക്കിൽ
തീർന്നു പോയവരും
ഒരു കെട്ടു തീർക്കാൻ നൂറു വേറെകെട്ടിയവരും.
മാത്രമല്ല,
ചിന്തിച്ചാൽ കെട്ടുകളില്ലാത്ത ആരുമില്ല.

എളുപ്പത്തിൽ കെട്ടി പിന്നെ അഴിക്കാൻ പറ്റാതെ മുറുകിപ്പോയതും.
കഷപ്പെട്ടു ഇനിയഴിക്കാനാകാത്ത വിധം കെട്ടിയതും
ആരൊക്കെയോ കെട്ടിയത് ചുമന്നു നടക്കുന്നതും
ഇനിയും മുറുകാത്ത, അഴിക്കാൻ തോന്നാത്ത കെട്ടുകളും

കെട്ടുകളില്ലാത്ത എന്തുണ്ടിവിടെ..
പറന്നു പോകുന്ന പറവകളും രാവെത്തും മുന്നേ,
തിരിച്ചു കൂടണയുന്നതു ആരും കാണാത്ത
അഴിക്കാനാകാത്ത ഒരു കെട്ടു എത്ര ഉയരത്തിലും,
എത്ര ദൂരത്തിലും പറന്നാലും പിന്തുടരുന്നതിനാലാണ്.


ഒരു പക്ഷെ കെട്ടുകളില്ലാതെ പറ്റില്ലായിരിക്കും,
നൂലറ്റാൽ താഴെ വീഴുന്ന പട്ടം പോലെ.
പവകളിക്കാരന്റെ പാവ പോലെ.
പക്ഷേ , പട്ടവും പാവയും പോലെയാണോ നമ്മളും
  നമുക്ക് നമ്മുടെ വഴിയില്ലേ..
അതോ, പട്ടം പോലെ പാവ പോലെ, വേറെ ആരുടെയോ
വഴിയിലാണോ നാം പോകേണ്ടത് ?
അതോ കടവത്തു നിന്ന് കെട്ടഴിഞ്ഞു പോയ
വഞ്ചി പോലെ , എങ്ങോട്ടെന്നറിയാതെ എങ്ങോട്ടോ പോവണോ?

ഓരോ കെട്ടിലും അതിന്റെ നിയോഗമുണ്ടെങ്കിൽ
ഓരോ നിയോഗത്തിനും അതിന്റെതായ കെട്ടുണ്ടെങ്കിൽ.
ഒരു കെ ട്ടുമാറ്റി മറ്റൊരു കെട്ടിലെത്താൻ
നമ്മെ തടയുന്ന കെട്ടുകളെ എന്ത് വിളിക്കും,

ഭൂമിയോട് നമ്മളും,
സൂര്യനോട് ഭൂമിയും,
ആകാശത്തു ശൂന്യതയിൽ കാണാമറയത്തും,
എന്തിനു... എന്ന്റെ അസ്തികൾ തമ്മിലും,
എന്റെ കോശങ്ങൾ തമ്മിലും,
അതിനുള്ളിലും , ഡി എൻ എ യിൽ പോലും
 പരസ്പരം, കാണാത്ത കെട്ടുകളുള്ളപ്പോൾ,
എന്റെ കെട്ടുകളെ പൊട്ടിച്ചെറിയാൻ
എനിക്ക് പറ്റാത്തതിനും കാരണമുണ്ടെങ്കിലൊ!

ആയിരം കെട്ടുകളും അതിലേക്കുള്ള വഴികളും തേടി
ഓരോ പ്രഭാതത്തിലും കണ്‍ തുറക്കുന്പോൾ
നടക്കുന്ന ഓരോ വഴിയിലും പുതിയ കുരുക്കുകൾ
കാത്തിരിക്കുന്പോളും കെട്ടുകളെ പറ്റി ചിന്തിക്കാതെ
കെട്ടുകളിൽ മറ്റൊരു കെട്ടായത്രെ നാം മുന്നോട്ട് പോകുന്നത്.

അഴിക്കാനാകുമെന്നു തോന്നിയതാണ്
വെറുതെ ആശിച്ചതാണ്.

കെട്ടുകളോട് ഞാൻ  അത്ര മാത്രം ചേർന്ന് പോയിരിക്കുന്നു





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


2015, ജൂൺ 19, വെള്ളിയാഴ്‌ച

അമ്മ


മിഴിനീർ തുടക്കുകിനി മഴമാറി
അർക്കനീ മാനത്തു വന്നുവല്ലോ .
ഇനി വീടു പൂകുവാൻ വെക്കം നടക്കുക
രാത്രിക്കു മുൻപേ അവിടെയെത്താം.


കടവത്തു തോണി കിടപ്പുണ്ട്,
കാത്തിനി  മുഷിയേണ്ട കണ്മണി,
ഇമ നീട്ടി നോക്കുവിൻ, കൂടെത്തുവാനിനി
ഒരുപാടു നേരം കഴിച്ചിടേണ്ടാ,

അമ്മയാ കോലായിൽ നമ്മെയും നോക്കി
ഈറനാം അരമതിൽ ചാരി..
മിഴിനീരടരുന്ന കണ്ണുമായ്,



-tbc-






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

കാർത്തിക

കാർത്തിക നാളിലോരായിരം ദീപവുമായെ-
   നിക്കായ്‌ കാത്തു നിൽക്കാൻ,
പരിഭവം ചൊല്ലി നീ മെല്ലെ ചൊടിക്കുമ്പോൾ
   മാറോടു ചേർത്തൊന്നു ചുംബിക്കുവാൻ ...

--tbc-




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ..

[ഒരുപാട് നാളുകൾക്കു മുന്നേ, ഈസ്റ്റ്‌ കോസ്റ്റ് വിജയൻറെ ആൽബങ്ങൾ തലയ്ക്കു പിടിച്ചപ്പോ തട്ടിക്കൂട്ടിയത്,  2004    അതിൽ  ഒര്മയുള്ള കുറച്ചു വരികൾ  ]


എന്റെ ഭാവനയിൽ ഉയിരിട്ടൊരാത്മഗീതം,
എന്റെ ചേതനയിൽ തളിരിട്ടോരനുരാഗം
നിനക്കായ്‌ സഖി ഞാൻ കാത്തിരിപ്പൂ ,
എന്റെ ദിവ്യനുരാഗത്തിൽ ഈണവുമായ്....

നീയെന്റെ ജീവന്റെ ജീവനല്ലേ,
നീയെനിക്കായി പിറന്നതല്ലേ,
നീയെന്റെ ചാരത്തു വന്നണയു.
സഖി, നിനക്കായ്‌ ഞാനിന്നും കാത്തിരിപ്പൂ..

നീ രാഗമാകുമ്പോൾ താളമാകും , ഞാൻ
നീ വരി മൂളവേ പോരുളായിടാം,
എൻ  മണിവീണയിൽ ശ്രുതി മീട്ടി , ഞാൻ
നിൻ പാട്ടിനെന്നെന്നുമീണമിടാം.

കണ്ണടച്ചിരുന്നാൽ നിന്റെ രൂപം,
കാതോർ ത്തിരുന്നാൽ  നിന്റെ ശബ്ദം.
ഹൃദയം തുടിക്കുന്ന മന്ത്രമായ് നീ ,
ദേവീ നീയെന്റെ ജന്മപുണ്യം.





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

പേനത്തുന്പിൽ നിന്ന് കടലാസിലേക്കുള്ള ദൂരം

പേനതുന്പിൽ നിന്ന് കടലാസിലേക്കുള്ള ദൂരം,  ക്രിയാത്മകമായ ആവിഷ്കാരത്തിന് പ്രതികൂലമായ ദൂരം.
കൈകൾക്ക് കൂച്ചുവിലങ്ങ് ഇട്ടതുപോലെ, അല്ലെങ്കിൽ മരവിച്ച പോലെ എഴുതാൻ പറ്റാത്ത അവസ് ഥ.
മനസ്സ് വീർപ്പുമുട്ടുന്പോഴും അതിനു  ഒന്നും എഴുതാനാവില്ല ചിലപ്പോ.

വായിക്കുന്ന ആളിനെപറ്റി ചിന്തിച്ചാൽ എഴുത്ത് പിന്നെയും വഴിമുട്ടും.

2015, ഏപ്രിൽ 7, ചൊവ്വാഴ്ച

പാളങ്ങൾ

എന്നെങ്കിലും എവിടെയെങ്കിലും വച്ച് 
തമ്മിലുള്ള  പ്രണയം തുറന്നു പറയാൻ മോഹിച്ചു  
ഒപ്പം നടക്കുന്ന രണ്ടാത്മാർത്ഥ സുഹൃത്തുക്കളാണ് 
റെയിൽ പാളങ്ങൾ.........






 ഇടവേളയിൽ .. idavelayil

പൂക്കൾ

പൂക്കൾക്കെന്തു ഭംഗിയാണ്......
പൂക്കൾ പ്രകൃതിയുടെ ചുണ്ടുകളായിരിക്കും.
മരവിച്ചുണങ്ങിയവയെക്കാൾ മൊഞ്ചു  നനഞ്ഞ ചുണ്ടുകൾക്കല്ലേ,
വരണ്ടുണങ്ങിയവയെക്കാൾ ഈർപം തുളുമ്പി നിൽക്കുന്ന പൂക്കൾക്ക്.

ആ ഭംഗി നുകരാനായിരിക്കും,  ഓരോ മഞ്ഞുതുള്ളികളിലും
തിളക്കമായി സൂര്യൻ ഒളിച്ചിരിക്കുന്നത്....

പിന്നെ.....ഓരോ വണ്ടിനോടും അസൂയ പൂണ്ടു മറഞ്ഞു പോകുന്നത്.






 ഇടവേളയിൽ .. idavelayil

പറയാനിരുന്നതും.....


ഇഷ്ടമാണെന്ന് അറിയാമായിരുന്നു, രണ്ടു പേർക്കും
ഓരോ തവണയും, പറയാതിരിക്കാൻ എളുപ്പമായിരുന്നു,
പറയാതിരുന്നു ഒടുവിൽ നഷ്ടപെട്ടപ്പോൾ...
അന്ന് പറഞ്ഞിരുന്നെങ്കിൽ എന്നിന്നു ഓർമിക്കുന്പോൾ,
കുറ്റബോധം വീർപ്പു മുട്ടിക്കുന്പോൾ
സ്വയം ന്യായീകരിക്കാൻ ഒരു നൂറു കാരണങ്ങൾ
ചികഞ്ഞു ചിക്കി കണ്ടു പിടിക്കാറുണ്ട്,
ഹൃദയം മിടിക്കുന്ന ഓരോ നിമിഷവും 






 ഇടവേളയിൽ .. idavelayil

ആകാശോം കടലും

ഡാ, ഉണ്ണിക്കുട്ടാ,
ആകാശത്തിന്റെ ബാക്കിയാ കടല്.
അങ്ങ് ദൂരെ ആകാശോം കടലും കൂട്ടിമുട്ടണ കണ്ടോ?,
അത് കൂടി മുട്ടണതല്ലാ, കൊറേ നീളോള്ള ആകാശം മടക്കി വച്ചേക്കാ..
നീ എപ്പളും ചോദിക്കണ  ആകാശത്തിന്റെ അറ്റം തന്ന്യാ 
ദാ 'മ്മടെ കാലിലു തൊട്ടിട്ടു തിരിച്ചു പോണേ...

വെലുതാവട്ടെ 'മ്മക്കും ണ്ടാക്കണം..

ഒരു ആകാശക്കപ്പല്....മേഘത്തെരകളില്  തൊഴഞ്ഞു പോണം...

അയിന്റെ മറ്റേ അറ്റത്തേക്ക്..






 ഇടവേളയിൽ .. idavelayil

2015, ജനുവരി 29, വ്യാഴാഴ്‌ച

കരയാനിരിക്കുന്നവരെ തേടി !!



രാത്രി പത്തു പതിനൊന്നു മണിയായിക്കാണണം, നഗരത്തിലെ തിരക്കൊഴിഞ്ഞു. കൂടുള്ളവർ കൂട്ടിലേക്കും ഇല്ലാത്തവർ കടത്തിണ്ണകളിലേക്കും ചേക്കേറിയ സമയം.

ഭ്രാന്തൻ വിറച്ചു വിറച്ചു കിടക്കാനൊരിടം നോക്കുകയാണ്, എല്ലായിടത്തും അഴുക്കാണ് എന്ന് കണ്ടു അറച്ചറച്ച്, അങ്ങനെ പരതുന്നു.

അടുത്ത് കണ്ട റോഡിനരികിലൂടെ ഒരു നായ പോകുന്നുണ്ടായിരുന്നു, ഭ്രാന്തന്റെ കണ്ണുകൾ അതിന്മേൽ പതിഞ്ഞു..
നായയെ കണ്ടതും ഭ്രാന്തന്റെ മുഖത്ത് സഹതാപം നിറഞ്ഞു. ഒപ്പം നിസ്സഹായതയും.
പൊടുന്നനെ എന്തോ കണ്ടിട്ടെന്ന പോലെ ആ നായ റോഡിനു കുറുകെ ഓടി.
വരാൻ പോകുന്നതെന്താനെണന്നു ഭ്രാന്താണ് മാത്രം അറിയാമായിരുന്നു
റോഡിലൂടെ പഞ്ഞുവന്ന ഒരു ലോറി,അതിന്റെ മേൽ  കയറിയിറങ്ങി കടന്നു പോയി.

ചുടു ചോരയുടെ മനം ഭ്രാന്തന്റെ മൂക്കിലേക്ക് തുളച്ചു കയറി... ഭ്രാന്തൻ ലക്ഷ്യമില്ലാതെ എങ്ങോട്ടോ ഓടി.. മറ്റൊരു ഉറക്കമില്ലാത്ത രാത്രിയിലൂടെ.

----

സംഭവിക്കാൻ പോകുന്നതെന്താനെന്നു കാണാൻ പറ്റിയിരുന്നു അയാൾക്ക്. ഏതൊക്കെയോ ദൈവങ്ങൾക്ക് കൊടിയ ബലികൾ നല്കി നേടിയ സിദ്ധി. അമാനുഷിക ശക്തികളോട് ആദ്യം പുച്ഛമായിരുന്നു അയാൾക്ക്. പിന്നെ ആരാധന ആയി നേടാൻ പറ്റുമെന്ന് മനസ്സിലാക്കിയപ്പോൾ ആവേശമായി. കർമങ്ങളുടെ ഒടുക്കം,പത്തു വയസ്സായ സ്വന്തം മകന്റെ കഴുത്തറുത്തു രക്തം ബലി നല്കി, ശേഷിച്ച മാംസം എഴുനാൾ കൊണ്ട് ഭക്ഷിക്കുകയും ചെയ്തു, ഏതു സിദ്ധി കിട്ടിയാലും മറക്കാനാകാത്ത കുറ്റബോധം. അതിനു ശേഷം ആയാൽ നാട് വിടുകയായിരുന്നു , മകനെ കൊന്നതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തു എന്നും, മഹാ മാന്ത്രിക ശക്തികൾ കയ്വരിച്ചു ദിവ്യനായി എന്നു൦. പലരും പറഞ്ഞു പരത്തി.
കേട്ടവർ കേട്ടവർ പൊടിപ്പും തൊങ്ങലും ചേർത്ത് അത് പാടി നടന്നു.

സംഭവിച്ചത് മറ്റൊന്നായിരുന്നു

ഭാവി കാണുവാനുള്ള കഴിവ് കിട്ടി അയാള്ക്ക്.

ഓരോ സമയത്തും സംഭവിക്കാൻ പോകുന്ന സന്തോഷങ്ങളും  ദുരന്തങ്ങളും  അയാളറിഞ്ഞു,

പക്ഷെ ദുരന്തങ്ങൾ അയാളെ വിട്ടൊഴിഞ്ഞില്ല, കാണുമ്പോൾ മുതൽ അവ തടുക്കാൻ വേണ്ടതെല്ലാം ചെയ്യും, പക്ഷെ, അയാള് ശ്രമിക്കുന്നതും പരാജയപ്പെടുന്നതും കൂടി അയാൾ കാണുന്നുണ്ടായിരുന്നു.
 സംഭവിക്കാൻ പോകുന്നതിനെ തിരുത്താൻ കഴിയാതെ നിസ്സഹായനായി അയാൾ,

ആ നിസ്സഹായതയാണ് അയാളെ ഭ്രാന്തനാക്കിയത്.
 ചിലപ്പോൾ വളരെ നോർമൽ ആയിരിക്കും പിന്നെ എന്തൊക്കെയോ പിറുപിറുത്തു എന്തൊക്കെയോ ചെയ്തു അങ്ങനെ വട്ടം ചുറ്റും, എവിടെയോ നടക്കാനിരിക്കുന്ന ഏതോ ദുരന്തം അയാളെ വേട്ടയാടുകയാണ്.

ചിലപ്പോൾ  കുറ്റബോധം , ചിലപ്പോൾ ആധി ടെൻഷൻ .. കാഴ്ച്ചയിൽ ശെരിക്കും ഒരു ഭ്രാന്തൻ.

ഭാവിയുടെ ഇരുട്ടിലെ ഓരോ ചുവന്ന വെളിച്ചത്തിലേക്കും കണ്ണ് നട്ട് , സ്വന്തം വർത്തമാനത്തെ മറന്നു പോയ ഭ്രാന്തൻ. ഇനി കരയനിരിക്കുന്നവരെ തേടി എല്ലാം അറിഞ്ഞിട്ടും.. ഒരു ഭ്രാന്തനായി

--->






 ഇടവേളയിൽ .. idavelayil

2015, ജനുവരി 20, ചൊവ്വാഴ്ച

നാക്ക്‌ പുറത്തേക്കു നീട്ടിയ സ്മൈലി പോലത്തെ ചിരി.


അവൾക്ക് പനിയായിരുന്നു അന്ന് ...
[ഗുരുവയുരപ്പന് ജലദോഷവും] 
---ഛെ !!  സീരിയസ്  ആയി ഒരു കാര്യം പറയുമ്പോളും തമാശ കേറി വരുന്നല്ലോ , ഈ ജഗതിച്ചേട്ടന്റെ ഒരു കാര്യം---
അപ്പോ പറഞ്ഞു വന്നത്, 

അന്ന് അവൾക്കു പനി  ആയിരുന്നു.
സ്വതവേ വണ്ണവും പൊക്കവും ഇല്ലാത്ത  മെലിഞ്ഞ  അവൾക്കു പനി  കൂടി വന്നപ്പോ, പണ്ടേ ദുർബല ഇപ്പൊ ഗർഭിണി ... എന്ന മട്ടായിരുന്നു.

ഞങ്ങൾ തമ്മിൽ വല്ല്യ പരിചയം ഒന്നും ഇല്ല, എന്നാലും അവളെ കണ്ടാൽ ഒരു കുസൃതി കുട്ടി ലുക്ക്‌ ഉണ്ടായിരുന്നു. അത്  കൊണ്ട് തന്നെ ചുരുക്കം ദിവസം കൊണ്ട് നന്നായി ശ്രദ്ധിച്ചിരുന്നു. 

അര വരെ എത്തുന്ന തട്ടത്തിനും വെളിയിൽ എത്തുന്ന നീളമുള്ള ചെമ്പിച്ച സ്വർണ്ണ തലമുടി, തൊട്ടാൽ രക്തം ഇറ്റും  എന്ന് തോന്നും വിധം വെളുത് തുടുത്ത നിറം.
മെലിഞ്ഞ ശരീരം, കട്ടി കണ്ണടയിൽ കൂടിയും തെളിഞ്ഞു കാണുന്ന പച്ച നിറം കലർന്ന പൂച്ച കണ്ണുകൾ. തട്ടം കൊണ്ട് മൂടി പുതച്ചു മുഖം മാത്രം കാണുമ്പോ ഒരുപാട് ഇഷ്ടപ്പെടുന്ന കൊച്ചു കുട്ടിയുടെ മുഖം. ശ്രദ്ധിച്ചു പതുക്കെ ഉള്ള നടത്തവും ബഹുമാനത്തോടെ ഉള്ള സംസാരവും.

അങ്ങനെ പലപ്പോഴായി കുട്ടിയെ ശ്രദ്ധിച്ചിട്ടുണ്ട് 

['ജോസപ്പേ  കുട്ടിക്ക് മലയാളം അറിയോ???']

--ഇല്ലാട്ടോ, കുട്ടിക്ക് മലയാളം അറിയില്ല, നേരത്തെ പറഞ്ഞോതോന്നും ഒരു മലയാളി സൌന്ദര്യം അല്ലല്ലോ ആണോ??---

അപ്പൊ പനി പിടിച്ചിരിക്കുന്ന കുട്ടിയോട് ആ ഒരു സോഫ്റ്റ്‌ കോർണറിൽ കേറി മുട്ടാനുള്ള ഒരു ഗോൾഡൻ ചാൻസ്..

എല്ലാ നായികമാർക്കും ഉള്ളത് പോലെ, കല്ലെറിഞ്ഞു ഓടിച്ചാലും പോകാത്ത ഒരു കച്ചറ കൂട്ടുകാരി ഇവിടേം ഉണ്ടായിരുന്നു.

ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ടോ  എന്നറിയില്ല.
[ഞാൻ അങ്ങനെ ;പറഞ്ഞട്ടില്ല]
---ശെരി  ശെരി.. എന്നാ ഞാൻ ഒന്ന് പറഞ്ഞോട്ടെ --

"എപ്പോളും നായികയോട് മുട്ടാനുള്ള വളഞ്ഞ വഴി കൂട്ടുകാരിയെ ആദ്യം മുട്ടൽ ആണ് , എളുപ്പ വഴി കൂടു കാരിയെ ഒഴിവാക്കലും."

ഞാൻ അങ്ങനെ ധൈര്യം സംഭരിച്ചു കൂട്ടുകാരി ഇല്ലാത്ത നേരത്ത് കേറി വർക്ക്‌ തുടങ്ങി.

ഞാൻ: 'എന്ത് പറ്റി ??'


[അപ്പൊ കുട്ടിക്ക് മലയാളം അറിയോ ??]
--ശ്ശൊ ഇല്ല, ഇനി ഉള്ള സംഭാഷണം മുഴോനും ഇംഗ്ലീഷ് ആണ്, നിങ്ങൾ പക്ഷെ മലയാളം സബ് ടൈറ്റിൽ ആണ് വായിക്കണെ, അണ്ടർ സ്റ്റാന്റ് ??--

'പനി  ആണ്..'
ഞാൻ:'അച്ചോടാ'
 ഉദ്ദേശിചത് സഹതാപം ആണെങ്കിലും വന്നത് പുച്ഛം ആയിരുന്നു.

'അതെന്താ  പുച്ഛം'


പുച്ഛം നമ്മുടെ സ്ഥിരം ഭാവം ആണെന്ന് കുട്ടിക്കറിയില്ലല്ലോ..

[കൈ വിട്ടു പോയല്ലേ ??]
-- അതെ പോയി.. ന്നാ  വിചാരിച്ചേ !!. ബട്ട്‌ തെളിച്ച വഴിയെ വന്നില്ലെങ്കിൽ പോകുന്ന വഴിയെ തെളിക്കണ്ടേ ??---

ഞാൻ:'ഒന്നുല്ല,, പനിടെ കാര്യം ഓർത്തിട്ടാ'

'അതെന്താ  പനിക്ക്'?

ഞാൻ:'ഈ കുഞ്ഞു ശരീരത്തിൽ  എന്തെടുക്കാനാ, പാവം പനി'

ഒരു പുഞ്ചിരി തിരിച്ചു കിട്ടീപ്പോ, റൂട്ട് ക്ലിയർ ആണെന് മനസ്സിലായി.
ഇല്ലാത്ത രക്തം ഇരച്ചു കേറി കൊച്ചിന്റെ മുഖം ചുവക്കുന്നുണ്ടായിരുന്നു.

തിരിച്ചു കളിയാക്കാൻ ഉള്ള ശ്രമം:
'പനിക്കും ജീവനിൽ പേടി കാണും അതാ നിങ്ങടടുത്ത്‌ വരാഞ്ഞേ'

[അറ്റാക്ക് ചെയ്യാനുള്ള ടൈം ആയീ ...]
-- ദാ  പിടിച്ചോ --

ഞാൻ:'ആ ഫോണ്‍ നമ്പർ ഒന്ന് തരോ?'  ഫോണ്‍ കയ്യിലെടുത്തു കൊണ്ട് ഞാൻ ചോദിച്ചു.


എങ്ങോട്ടാ കാര്യങ്ങൾ പോണേ എന്നറിയാതെ ആ പാവം സ്തംഭിച്ചു പോയി .

'ഞാൻ ആര്ക്കും നമ്പർ  കൊടുക്കാറില്ല.'

ഞാൻ:'ഏയ്, എനിക്ക് വേണ്ട.. ബട്ട്‌ കുറെ കഴിഞ്ഞു ഇയാള് ജീവനോടെ ഉണ്ടോ എന്നറിയാനുള്ള ഒരു ക്യുരിയോസിറ്റി.. അതാ..'

അത്രേം പറഞ്ഞു തിരിഞ്ഞു നടന്നു, ഇനി ഇന്പുട്ട് വേണം  അല്ലേൽ  രണ്ടിലൊന്ന് തീരുമാനം ആവും.

[അവള് തെറി വിളിച്ചോ ? അതാണല്ലോ നെക്സ്റ്റ് ഡവെലപ്മന്റ്റ് ??]
-- എയ്യ്  അതുക്കും മേലെ !! --

കയ്യിലിയുന്ന ബുക്ക്‌ വച്ച് പുറത്തു ഒരു അടി....

[ആ ഒരടി മതി നിന്റെ ജീവിതം മാറാൻ അല്ലെ?]
---നീൽ  ആമ്സ്ട്രോന്ഗ് പറഞ്ഞത് ഓര്മ ഉണ്ടോ, ഒരു മനുഷ്യന് ഇതൊരു കാൽ വയ്പ് മാത്രം ആണ് പക്ഷേ മനുഷ്യ യുഗത്തിന് ഒരു വലിയ ചാട്ടം  തന്നെ ആണ്---


അങ്ങനെ അവള്ടെ കൂട്ടുകാരുടെ ലിസ്റ്റിൽ.. എന്റെ പേരും കേറി..

ഇനി ഒരു സത്യം പറയാം 
[ശെരി അടുത്ത നുണ വരുന്നുണ്ട്]
--സത്യം.. നോക്ക് ഐ അം നോട്ട് ബ്ലഷിങ്ങ്--


അന്ന് അവളെ ഞാൻ ഫ്രണ്ട് ആയി മാത്രമേ കണ്ടോള്ളു! അല്ലാതെ നീ വേറെ ഒന്നും ഉദ്ദേശിക്കണ്ട!!

[ഞാൻ ഉദ്ദേശിച്ചില്ല , ബട്ട്‌ യു ആർ  ബ്ലഷിങ്ങ്.]

[ടോയ്?? 'അന്ന്'  എന്ന് പറഞ്ഞാ  പിന്നതു മാറിയോ?]

[മിണ്ടൂല്ലെ?? പോയോ ]

[ഹി ഹി ...  നാക്ക്‌ പുറത്തേക്കു നീട്ടിയ സ്മൈലി പോലത്തെ ചിരി ]






 ഇടവേളയിൽ .. idavelayil

2015, ജനുവരി 8, വ്യാഴാഴ്‌ച

തുലാസ്.

നീ ശരിയും തെറ്റും തൂക്കി നോക്കുന്ന
തുലാസ് ഒന്ന് വേണം.
എന്റെ ശരികളും അതിൽ നീ കണ്ട
തെറ്റുകളും ഒന്ന് തൂക്കി നോക്കണം.






 ഇടവേളയിൽ .. idavelayil