2014, ഡിസംബർ 9, ചൊവ്വാഴ്ച

2014, നവംബർ 4, ചൊവ്വാഴ്ച

രാപ്പാടി

എങ്ങു നിന്നോ  വന്നണഞ്ഞ വെണ്‍ നിലാപക്ഷീ, പാടൂ..
  ഓർമ്മകൾ കൊണ്ടോമനിക്കാനൊരു കുഞ്ഞു താരാട്ട്.
മേലെയിരുളിൻ  ചോർന്നോലിക്കും മേഘമേൽക്കൂര,
  താഴെ ഭൂവിൽ നമ്മൾ മാത്രം ചേർന്നിരിക്കുമ്പോൾ, പാടൂ...
  ഓർമ്മകൾ കൊണ്ടോമനിക്കാനൊരു കുഞ്ഞു താരാട്ട്.

നറുമുല്ല പൂക്കും പൂമണം പേറി,
                   നിന്റെ പാട്ടിൽ ചേർന്നു പാടാൻ  കാറ്റു വെമ്പുന്നു.
കുളിർനിലാവിൽ മൗനവും പേറി ,
                   ഉൾതുടിപ്പിൻ താളമേകാൻചുറ്റും രാവു നില്ക്കുന്നു
ഓർമകൾക്ക് പാടുവാനൊരു നൂറു പാട്ടില്ലേ,
അതിലമ്മ പാടി കൂടുറങ്ങിയ നല്ല താരാട്ടും..

(എങ്ങു നിന്നോ  വന്നണഞ്ഞ വെണ്‍ നിലാപക്ഷീ, പാടൂ..
  ഓർമ്മകൾ കൊണ്ടോമനിക്കാനൊരു കുഞ്ഞു താരാട്ട്.
മേലെയിരുളിൻ  ചോർന്നോലിക്കും മേഘമേൽക്കൂര,
  താഴെ ഭൂവിൽ നമ്മൾ മാത്രം ചെർന്നിരിക്കുമ്പോൾ, പാടൂ...
  ഓർമ്മകൾ കൊണ്ടോമനിക്കാനൊരു കുഞ്ഞു താരാട്ട്.)


നിലാവടർന്നു ദൂരെ, രാവിൽ ഇനിയെത്ര യാമങ്ങൾ,
നീ പറന്നു ചെന്നു ചേർന്ന പൂമരങ്ങളിൽ,
നീ മറന്ന കാലമെല്ലാമോർത്തെടുക്കാനായ്‌,
കൊഴിഞ്ഞു താഴെ വീണു പോയ പൂക്കളും നിന്റെ,
കാതിൽ മെല്ലെ മൂളിയിനിയും നൂറു പാട്ടില്ലേ,
അതിലുമ്മ വച്ചു നീ യുറങ്ങിയ നല്ല താരാട്ടും..

(എങ്ങു നിന്നോ  വന്നണഞ്ഞ വെണ്‍ നിലാപക്ഷീ, പാടൂ..
  ഓർമ്മകൾ കൊണ്ടോമനിക്കാനൊരു കുഞ്ഞു താരാട്ട്.
മേലെയിരുളിൻ  ചോർന്നോലിക്കും മേഘമേൽക്കൂര,
  താഴെ ഭൂവിൽ നമ്മൾ മാത്രം ചെർന്നിരിക്കുമ്പോൾ, പാടൂ...
  ഓർമ്മകൾ കൊണ്ടോമനിക്കാനൊരു കുഞ്ഞു താരാട്ട്.)









 ഇടവേളയിൽ .. idavelayil

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

മരിക്കുന്ന കവികൾ.


ഞാൻ സ്വയം കവി എന്ന് വിളിച്ച അന്ന് മുതൽക്കാണ് എന്നിലെ കവി നശിച്ചു തുടങ്ങിയത്,

ക്ഷയം പിടിച്ചും ചുമച്ചും ഒരു വാക്ക് പോലും പറയാനാകാതെ മരിക്കാൻ കിടക്കുന്ന ഒരു കവിയെ കാണുന്നുണ്ട് ഞാൻ ഓരോ ദിവസവും.

കവി അല്ലാതിരുന്ന എന്നെ കവി എന്ന് വിളിച്ചതുകൊണ്ട് കവി അല്ലാതിരുന്ന ഞാൻ എന്നിലേക്ക്  കവിത എന്ന മരുന്ന് അളവ് കൂട്ടി കുത്തിവച്ച് കൊല്ലാൻ ശ്രമിച്ചു എന്നൊരു പക്ഷം.

കവിയെന്നു സ്വയം തെറ്റിദ്ധരിച്ച  ഞാൻ കവിത ഉണ്ടാക്കുവാൻ തേടി പോയ ലഹരിയുടെ കാടുകൾ കവിതയുടെ പൂങ്കാവനമായ തലച്ചോറിലെ ഞരമ്പുകളെ കാർന്നു തിന്നിരിക്കാം

കവിയെന്നു കേട്ട് അഹങ്കരിച്ച എന്നിലെ കവി വലിയ  കവികളെ പോലും പുഛി ച്ചിരിക്കാം

ആരും നടക്കാത്ത വഴികൾ തേടി , അത് കിട്ടാതെ, പിന്നെ  അധികമാരും നടക്കാത്ത വഴി തേടി, പിന്നെ ഇതൊന്നുമല്ലാ അടച്ചിട്ട മുറിയിലാണ് കവിത എന്നുറച്ച് എല്ലാ വാതിലുകളും ജനലുകളും അടച്ചു സ്വയം ശ്വാസം മുട്ടിച്ചതാവാനും മതി.

ഇടയിലൊരിക്കൽ കവിത തേടി സമൂഹത്തിന്റെ അടിവേരുകൾ തേടി ചുവന്ന വെളിച്ചങ്ങളുടെ അഴുക്കു ചാലുകളിൽ.. ഹോ ഓർക്കാനും വയ്യ.. കാമം തുളുമ്പിയ കവിത അവിടെ ഉണ്ടായിരുന്നില്ല.

ഒരു മോശം കവിത പോലും എഴുതാനാകാതെ, ചുമച്ചു ചുമച്ചു കഫം നാറുന്ന ആശുപത്രി മുറികളിൽ ഞരമ്പിലേക്കു വീണ്ടും വീണ്ടും കവിത കുത്തിവയ്ക്കുകയാണ്.

അവിടെ എന്നിലെ കവി ഒറ്റക്കായിരുന്നില്ല, കവിയാകുവാൻ വേണ്ടി മാത്രം എഴുതാൻ പഠിച്ചവരും, പാടാൻ പഠിച്ചവരും  ഓരോ മുറികളിൽ അടുത്ത മുറികളിലേക്ക് കാതു  കൂർപ്പിച്ചു കിടക്കുന്നുണ്ടായിരുന്നു. എവിടെയെങ്കിലും ഒരു പുതിയ കവിത ജനിച്ചു വീണു കരയുന്നത് കേൾക്കാൻ..

ഒരു പുതു കവിതയ്ക്കുണ്ണാൻ നിറഞ്ഞു തുളുമ്പുന്ന മാറിടവുമായത്രേ, ഓരോ കവികളും ഓരോരുത്തരിലും മരിക്കാൻ കിടക്കുന്നത് !








 ഇടവേളയിൽ .. idavelayil

2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

വ്യത്യാസം

നീയും ഞാനും തമ്മിൽ ഒരുപാടു വ്യത്യാസങ്ങൾ ഉണ്ട്,
നിനക്കറിയാവുന്നതും,എനിക്കറിയാത്തതും പിന്നെ,
എനിക്കറിയാവുന്നതും നിനക്കറിയാത്തതും അങ്ങനെ,
നമുക്കിരുപേർക്കും അറിയാവുന്നതും അറിയാത്തതുമായി
കണ്ടാലറിയുന്ന എന്നാൽ പറയാനറിയാത്ത കുറേയെണ്ണം.
കണ്ടാലും അറിയുമെന്ന് തോന്നുന്നില്ല, ഇല്ല. അല്ലെങ്കിൽ
അത് പണ്ടേ കണ്ടപ്പോൾ അറിയേണ്ടതായിരുന്നല്ലോ.

പണ്ടു കണ്ടിരുന്നില്ലെങ്കിൽ അത് പിന്നീടുണ്ടായാതാവും
തൊടിയിലൊരു ചെടിയിലെ പൂവു പോലെ,
അല്ലെങ്കിൽ അതുണ്ടായിട്ടും കാണാതിരുന്നതാവും
ചുറ്റും മിണ്ടാതെ നില്ക്കുന്ന കാറ്റു പോലെ,
അറിയാതിരുന്നതാണ്, തിരിച്ചറിയാൻ വയ്കിയതാണ്‌,
നമുക്കിടയിൽ ഈ വ്യത്യാസം ഉണ്ടാക്കിയത് തിരിച്ചറിവായിരിക്കും.

കടലിലും മഞ്ഞിലും മേഘത്തിലും വേറെപോലെ കണ്ടാലു-
മെല്ലാം തെളിഞ്ഞ നീരു തന്നെ,  നിനച്ചിരിക്കാതെ
പിന്നതു രൂപം മാറും ഒന്നാകുമൊരുപോലെയാകും
അവർക്കുമുണ്ടു  വ്യത്യാസങ്ങൾ എന്നാലാറി തണുത്ത-
വരെ ചേർത്തു വക്കാൻ, തിരിച്ചറിവിനും മേലെയൊറിവായി.

തിരിച്ചു മാറ്റിയാലും പിരിച്ചടർത്തിയാലും
ഇടയിലാഴത്തിൽ മുറിച്ചെടുത്താലും
വ്യത്യാസങ്ങൾക്കുമതീതമായി നാം ചേർന്നിരിക്കുന്നല്ലോ,
ചേർത്തടച്ച രണ്ടുപാളി കതകിനെ പോലെ വിടവില്ലാതെ,
താക്കോലും പഴുതും ഒന്നിനൊന്നു ചേരാനുള്ളതാണല്ലോ,
ഒരുപോലിരുന്നെങ്കിൽ എങ്ങിനെ ചേർന്നേനെ?
അവയെ ചേർത്ത് വയ്ക്കുന്നത് വ്യത്യസമാണല്ലോ!






 ഇടവേളയിൽ .. idavelayil

2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

പൂണൂൽ

ചെയ്യണ്ടകാര്യവും ചെയ്യരുതാത്തതും
തൊടാതിരിക്കാനും തൊട്ടാൽ കുളിക്കാനും
കുളിച്ചു കയറിയാലുമീറനുണങ്ങാതെ
ഓർമ്മ  തൊട്ടോർമ്മപെടുത്തുവാനും
പൊട്ടിച്ചെറിഞ്ഞ പൂണൂലുണ്ടായിരുന്നു.

ജന്മപുണ്യത്തിന്റെ മേദസ്സിൻ കുറുകെ
കെട്ടിമുറുക്കിയ  താക്കോലെത്ര ചുമന്നതാണ്,
കാണും മുന്നേ ഒരുപാടു വാതിൽ തുറന്നതാണ്,
വിരലിൽ കോർത്തോതിയുറച്ചെത്ര മന്ത്രം ജപിച്ചതാണ്,
പ്രാണനിലിഴ ചേർന്ന് പ്രണവത്തിലൂടെത്ര-
                      നാളൊഴുകിയിവിടെ പതിച്ചതാണ്
എങ്കിലുമുത്തരം കിട്ടാത്ത ചോദ്യങ്ങൾക്കൊടുവി-
                      ലതു ഞാൻ തന്നെ പൊട്ടിച്ചെറിഞ്ഞതാണ്.
പുതിയൊരു ലോകത്തിനായെന്റെ വിഹിതമെ-
                  ന്നോതി, ഞാൻ തന്നെ പൊട്ടിച്ചെറിഞ്ഞതാണ്.

മൂന്നായ്‌ പിരിഞ്ഞ, മൂന്നു വഴികളിൽ ചേർന്ന
മൂന്നു കാലത്തിന്റെ മൂന്നുനൂലും,
വേദനയില്ലാതറുത്ത  സൃഷ്ടിയുടെ  കൊടുവാളു
പണ്ടെന്റെ പൊക്കിൾ കൊടിയിലും പതിച്ചതാണല്ലോ.
ഒട്ടും മുറിയാതെ എന്നേക്കുമായാർക്കുമൊരു ബന്ധമില്ലല്ലോ.

ആളി നീറി ജ്വലിക്കുന്ന ഹോമകുണ്ഡങ്ങൾക്കുമ -
നന്യനായ് ദൂരെ, സ്വപ്നങ്ങളിൽ പോലുമാരെയും
തീണ്ടാതെ ആരാലുമോർക്കപ്പെടാതെ നടക്കവേ.
ഉള്ളിലാഴത്തിൽ വേരോടിയ, കർമ്മവൃക്ഷത്തിൻറെ,
ചോലയിൽ.... ജീവന്റെ നന്തുണിപ്പാട്ടിൽ..
ഞാൻ ജയിച്ചേറെ തെളിഞ്ഞ വഴികളിൽ
നഷ്ടപ്പെടുത്തിയ പൈതൃക പെരുമയീ
പൂണൂൽ! പിറകിലേക്കേന്നെ വിളിച്ചിരുന്നു!
കണ്ണീർ തുളുമ്പി നിന്നെന്നെ പ്രതീക്ഷിച്ചു നിന്നിരുന്നു!

പല രാത്രികൊണ്ടു മുകിലിറുകിപുണർന്ന മഴ
അറിയാതെ പെയ്തു പിരിയുമ്പോൾ..
ഇടറിക്കരഞ്ഞു ചുടു മിന്നൽ വളക്കൈകൾ
പിറകെയണയുന്ന നേരം ..
ആറി തണുത്തഗ്നി, നീറിതിളച്ചാപമിരുളി -
ലെവിടെയോ കൂടിയിണ  ചേർന്നു..



----(






 ഇടവേളയിൽ .. idavelayil

2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

സമയം


എനിക്കെന്റേതും നിനക്ക് നിന്റേതുമായ  സമയമുണ്ടല്ലോ!
കാറ്റിലും കല്ലിലും കടലിലും പിന്നെ മണ്ണിലും  എച്ചിൽ മണക്കുമ്പോൾ
എനിക്കെന്റേതും നിനക്ക്  നിന്റേതുമായ സമയമുണ്ടല്ലോ!
ആരും തൊട്ടു തീണ്ടി എച്ചിലാക്കാത്ത പുതിയതൊന്ന്.

ആരൊക്കെയോ കഴുകി കളഞ്ഞ അവരുടെ  ഭൂതകാലം
അതേപടി പകർത്തിയെടുത്തപ്പോൾ , പൊതി തുറക്കാതെ
പൊടി പിടിച്ചു കിടക്കുന്നത്, പുതിയതൊക്കെയുമാണല്ലോ,
എങ്കിലും എനിക്കും നിനക്കും പുതിയതായി സമയമുണ്ടല്ലോ!



---






 ഇടവേളയിൽ .. idavelayil

2014, ജൂലൈ 29, ചൊവ്വാഴ്ച

ഒരു താരാട്ട് ....

[എന്നും അമ്മ മാത്രം പാടാറുള്ള താരാട്ട് ഇനി ഈ അച്ഛൻ പാടട്ടെ , അമ്മയുടെ ഓർമകളിൽ ]


അച്ഛൻറെയോമന പൊൻമകളെ ,
കണ്ണിന്നു കണ്ണായ് നീയുറങ്ങു.. ....
അമ്മതൻ സൌന്ദര്യപ്പാൽ കടഞ്ഞെടുത്തൊരു
നവനീതമായ് മുന്നിൽ  നീ വിളങ്ങു..(2)


നിൻ പുഞ്ചിരിക്കെന്തു പകരം തരും,
ഇന്നീ  ശ്രാവണ മധുചന്ദ്രിക!
നിന് ചൊടി ചെമ്പനീർ പൂക്കളാകും,
പിന്നെ, നിൻ ചുണ്ടിൽ നിന്നമ്മ പുഞ്ചിരിക്കും!


കരയാതെയോമലേ  നീയുറങ്ങു,
ഇനി, കൊഞ്ചിചിണുങ്ങുവാൻ നേരമില്ല!
വാനിലിലമ്പിളി, താരകളും അതി-
ലേറ്റം തിളക്കമായ് നിന്നമ്മയും,
പാടുന്ന താരാട്ടേറ്റു പാടാമച്ഛനായിര-
മോർമകൾ ചേർത്ത് വയ്ക്കാം.

അച്ഛൻറെയോമന പൊൻമകളെ ,
കണ്ണിന്നു കണ്ണായ് നീയുറങ്ങു.. ....


കൊഞ്ചി ചിണുങ്ങാതെ  കണ്മണി,
എന്റെ പുന്നാര പൂമുത്താം തേൻകനി..
വാനിലിലമ്പിളി വന്നുദിക്കും പോലെ
എന്നിൽ വിരിയുന്ന പാലോളി നീ....
ആയിരമുമ്മകൾ ചേർത്തു വയ്ക്കാം..
നിന്നെയാവണി തൊട്ടിലിലൂയലാട്ടാം

അച്ഛൻറെയോമന പൊൻമകളെ ,
കണ്ണിന്നു കണ്ണായ് നീയുറങ്ങു.. ....






 ഇടവേളയിൽ .. idavelayil

എന്റെ കറപ്ഷൻസ്‌....


വേദി :  നാഷണൽ ടാലെന്റ്റ്‌  സേർച്ച്‌ എക്സാമിനെഷൻ ഹാൾ.

സംവിധായകനും വില്ലനും  :  എക്സാം ഇൻവിജിലേറ്റർ

കാണികൾ : കുറെ  ബുദ്ധി ജീവികളും, പിന്നെ പാവങ്ങളും




നാഷണൽ ടാലെന്റ്റ്‌  സേർച്ച്‌ എക്സാമിനെഷൻ,  എങ്ങനെയോ എന്റെ പേരും അതിൽ നറുക്ക് വീണു. അങ്ങനെ ഒരു അവധി ദിവസം അതിരാവിലെ  ഞാനും അച്ഛനും  ഇറങ്ങി പുറപ്പെട്ടു.

കിണറ്റിലെ തവള പോലെ എന്റെ സ്കൂളിൽ ഞാൻ തന്നെ ആയിരുന്നു ടാലെന്റ്റ്‌. അത് കൊണ്ട് തന്നെ അതിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ കണ്ടുപിടിച്ച ഒരു വഴി ആയിരുന്നിരിക്കണം എന്നെ തന്നെ ഈ നിയോഗo ഏൽപ്പിക്കൽ.

ഒരു അഡ്മിറ്റ്‌ കാർഡ്‌ ഒക്കെ തന്നു തലേ ദിവസം തന്നെ എന്നെ സ്കൂളിൽ നിന്ന് റെഡി ആക്കിയിരുന്നു കൂടാതെ അത് വരെ കാണാത്ത കുറെ കണക്കു ട്രിക്കുകളും തല്ലി പഴുപ്പിച്ചു.
ചാവാൻ പോകുന്നവന്റെ മുന്നിലെ അവസാനത്തെ കച്ചിത്തുരുമ്പായ കറക്കിക്കുത്തും പിന്നെ രാവിലെ അമ്പലത്തിൽ പോയി നെറ്റിയിലിട്ട കുറിയുടെ ഭാഗ്യവുo തുണക്കാതിരിക്കില്ല എന്ന പൂർണ വിശ്വാസത്തോടെ ആ പരീക്ഷ നടക്കുന്ന സ്കൂളിനു മുന്നിൽ ഞാൻ കാത്തു നിന്നു.

അച്ഛന്റെ പട്ടാള കൃത്യനിഷ്ഠ സമ്മതിച്ചേ പറ്റൂ സ്കൂൾ, തുറക്കാൻ ഇനിയും ഒരു  മണിക്കൂർ കൂടി ഉണ്ട്. ആകെ ഞങ്ങൾ രണ്ടു പേര് മാത്രം അവിടെ.ഇന്നാണെങ്കിൽ ഞാൻ അതൊരു ബെവേരജിനു മുന്നിലുള്ള കാത്തിരിപ്പിനോട് ഉപമിച്ചേനേ!

അങ്ങനെ ഒരു അര മണിക്കൂർ  കഴിഞ്ഞപ്പോൾ ഞാങ്ങളെക്കാൾ കൃത്യ നിഷ്ഠ കുറഞ്ഞ ടാലെന്റു കൾ  എത്തി തുടങ്ങി.

പതുക്കെ ആണെങ്കിലും എന്റെ ടാലെന്റ്റ്‌ തെളിയിക്കാനുള്ള മണി മുഴങ്ങി. പരീക്ഷാ മുറിയിലെ മൗനത്തിൽ ചോദ്യപേപ്പർ പാക്കറ്റ് പൊട്ടിക്കുന്ന ശബ്ദം മാറ്റൊലി കൊണ്ടു.

ഞാൻ ചുറ്റും നോക്കി, ഹാ  ഒരാളെ കിട്ടി !! പിന്നെ ആ ഫസ്റ്റ് ബെഞ്ചിലെ പെണ്‍കുട്ടിയെ മാത്രം നോക്കി!!

എല്ലാരും വലിയ ഒരു പരീക്ഷക്ക്‌ തയാറെടുക്കുന്നു , ഞാനും എന്റെ പെൻസിൽ ബോക്സ് തുറന്നു, "ആയുധങ്ങൾ" ഓരോന്നായി പുറത്തെടുത്തു മുന്നിൽ  നിരത്തി വച്ചു.


ഫസ്റ്റ് ബെഞ്ചിലെ പെണ്‍കുട്ടിയും അത് തന്നെ ചെയ്യുന്നുണ്ടായിരുന്നു. പിന്നവൾ അവളുടെ മാലയിലെ ലോക്കറ്റിൽ ഉമ്മ വക്കുകയും എന്തോ പിറു  പിറുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

അതിനിടയിൽ ഒരു മാഷ് വന്നു എല്ലാരുടെയും അഡ്മിറ്റ്‌ കാർഡ്‌ പരിശോധിച്ചു. മറ്റേ മാഷ് ചോദ്യപേപ്പർ തന്നു. കൂടെ ഉത്തരം എഴുതാൻ ഒരു പേപ്പറും. ഓരോ ചോദ്യത്തിനും നേരെ A B C D  എന്നിങ്ങനെ ബോക്സ്‌ ഉണ്ട്, ശരിയുത്തരത്തിന് നേരെ ടിക്ക് മാർക്ക്‌ ചെയ്യണം.

എല്ലാവരും ടാലെന്റ്റ് പുറത്തെടുത്തു തുടങ്ങി.

പത്തു മിനിട്ട് കഴിഞ്ഞു കാണും. ഒരു വട്ട കണ്ണാടി വച്ച ഒരു ബുദ്ധിജീവി ചെറുക്കൻ എഴുന്നേറ്റു നിന്നു.

'സർ, ഹൌ ഡു  ഐ കറക്റ്റ് എ റോങ്ങ്‌ ആൻസർ ? '

ഡ്ധിം!!!

ഹോ !! എന്റെ ആത്മ വിശ്വാസത്തിനു ആദ്യത്തെ അടി കിട്ടി.
ഇംഗ്ലീഷ്!!  ജാഡതെണ്ടി.
മലയാളം മീഡിയത്തിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ എന്റെ പ്രായത്തിൽ ഉള്ള ഒരു കുട്ടി ഇംഗ്ലീഷ് പറയുന്നത് ആദ്യമായി കേൾക്കുകയായിരുന്നു.

സാധാരണ, ക്ലാസ്സിൽ ഇംഗ്ലീഷ് ടെക്സ്റ്റ്‌ വായിപ്പിക്കുമ്പോൾ തപ്പി തടഞ്ഞു. വിയർത്ത് കുളിക്കുന്നത് ഞാൻ ഓർത്തു.

 എന്റെ ചെവികളിൽ രക്തം ഇരച്ചു കയറി , എന്തൊക്കെയോ ചോർന്നു  പോയി.

മാഷ് അതിനുത്തരം ഇംഗ്ലീഷിലും പിന്നെ മലയാളത്തിലും പറഞ്ഞു . തെറ്റിയത് വെട്ടി ശരി ഉത്തരം എഴുതിയാൽ മതി.

ഇത്ര നിസ്സാരമായ കാര്യം ചോദിക്കാനുണ്ടോ. ഒരു ടാലെന്റ്റ്‌ വന്നേക്കുന്നു. ഞാൻ ചോര്ന്നു പോയ സാധനം തപ്പി എടുക്കാൻ ശ്രമിച്ചു!!



സമയം കടന്നു പോയി.. എക്സാം കഴിഞ്ഞു. ഫസ്റ്റ് ബെഞ്ചിലെ പെണ്‍കുട്ടി പുറത്തോട്ടു നോക്കി ഇരിക്കുന്നു മുറിയിലുള്ള പകുതി പേര് അവളെയും നോക്കി ഇരിക്കുന്നു. വായ്നോക്കികൾ , മുട്ടേന്നു വിരിഞ്ഞിട്ടില്ല !!!

മാഷ്‌ ഉത്തരവിറക്കി:

"□□□□ □□□□ □□□□ □□□ □□□ □□□□□□□□□ □□□□□□□□□□□□ □□ □□□"

ഇംഗ്ലീഷ്!! ഒന്നും കാര്യമായി മനസ്സിലായില്ല. ഞാൻ  മാഷ് മലയാളത്തിൽ പറയാൻ കാതോർത്തിരുന്നു.

"നിങ്ങൾ ഏതെങ്കിലും ഉത്തരം തിരുത്തിയിട്ടുണ്ടെങ്കിൽ, തിരുത്തിയ ഉത്തരങ്ങളുടെ എണ്ണം ആൻസർ ഷീറ്റിന്റെ മുകളിൽ  ഇംഗ്ലീഷിൽ നമ്പർ ഓഫ് കറക്ഷൻസ് മെയ്ഡ്   എന്ന് എഴുതി അതിനു നേരെ എഴുതുക."


ഞാൻ  എണ്ണി  നോക്കി ആകെ 13 എണ്ണം. ഹോ 13 നമ്പർ  ഭാഗ്യമില്ലാത്ത നമ്പർ ആണെന്ന് കേട്ടിട്ടുണ്ട്. ഞാൻ കറക്കി കുത്തിയ ഒരെണ്ണം തിരുത്തി അത് 14 ആക്കി മുകളിൽ  ഭംഗി ആയി എഴുതി വച്ചു.

അങ്ങനെ ഓരോരുത്തരുടെ ആയി ആൻസർ പേപ്പർ വാങ്ങി മാഷ് എന്റെ അടുത്തേക്ക് വന്നു കൊണ്ടിരിക്കുമ്പോൾ  സ്ലോ മോഷനിൽ അവളെന്നെ ഒന്ന് നോക്കി, അറിയാതെ എന്റെ കയ് തലമുടി കോന്തി..

മാഷ് അടുത്തെതിയത് ഞാൻ അറിഞ്ഞില്ല, എന്റെ മുന്നില് നിന്നും ആൻസർ ഷീറ്റ് പുഛത്തോടെ  വലിച്ചെടുത്തു "എവിടെ നോക്കി ഇരിക്കുവാണെടാ, വായ്നോക്കി " എന്ന് ആ മുഖത്ത് എഴുതി വച്ചിരുന്നു.

എന്റെ ഷീറ്റു നോക്കി മാഷ് പുഞ്ചിരിച്ചു, പിന്നെ മുഴുവൻ ക്ലാസ്സ്‌ കേൾക്കും വിധo ചിരിച്ചു. അങ്ങനെ എല്ലാവരും കാണികൾ  എന്നാ വേഷത്തിലേക്കും മാഷ് വില്ലൻ  വേഷത്തിലേക്കും മാറിക്കൊണ്ടിരുന്നു.

"താൻ ടാലെന്റ്റ്‌ സെർച്ച്‌ എക്സാം എഴുതാൻ വന്നതല്ലേ ?"

ഞാൻ മിണ്ടിയില്ല. എന്താണ് വരുന്നത് എന്ന് മനസ്സിലായില്ല.

"എന്താ ഈ എഴുതി വച്ചിരിക്കണേ ? നമ്പർ  ഓഫ് കറപ്ഷൻസ്‌ മേയ്ട് 14 എന്നോ ?"

ക്ലാസ്സ്‌ മുഴുവൻ ചിരിച്ചു , ഫസ്റ്റ് ബെഞ്ചിലെ പെണ്‍കുട്ടി മുഖം തിരിച്ചു.

പക്ഷെ എനിക്കപ്പോഴും കാര്യം മനസ്സിലായില്ല.

"താൻ മലയാളം മീഡിയം ആണോ?"

അന്ന് വരെ അഭിമാനത്തോടെ ഞാൻ പറഞ്ഞിരുന്നു അതെ എന്ന്, ഇംഗ്ലീഷ് മീഡിയം പിള്ളേരെ ഞങ്ങൾ തല്ലി  തോല്പിച്ചിട്ടുണ്ട്.

പക്ഷേ  എന്റെ നാവു പൊങ്ങിയില്ല

"എടോ, കറക്ഷന്റെ സ്പെല്ലിങ്ങ് തെറ്റാണു , താനീ  എഴുതിയ വാക്കിനു വേറെ അർഥം ആണ് , വേഗം തിരുത്ത്‌, Correction  ഉം  corruption ഉം അറിയാതെ ടാലെന്റ്റ്‌ സെർച്ച്‌ എഴുതാൻ വന്നിരിക്കുന്നു"

അപ്പോഴും എനിക്ക് സ്പെല്ലിങ്ങ് കിട്ടിയില്ല.  തിരുത്തി C യിൽ തുടങ്ങുന്ന T  ഉള്ള ഒരു വാക്ക് കൂട്ടക്ഷരത്തിൽ എഴുതി വച്ചു .

എന്റെ കണ്ണ് നിറഞ്ഞിരുന്നു തല താഴ്ന്നും, [രണ്ടും പക്ഷെ ഇംഗ്ലീഷിൽ ആയിരുന്നില്ല]

ഫസ്റ്റ് ബെഞ്ചിലെ പെണ്‍കുട്ടി എന്റെ മനസ്സില് ഉണ്ടായിരുന്നില്ല ചിരിക്കുന്ന കുറെ മുഖങ്ങൾ മാത്രം......

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് വെറുതെ ആണെന്നും,ഇംഗ്ലീഷ് നെ  ഇവിടന്നു കെട്ട്  കെട്ടിക്കണം എന്നും ഞാൻ ആലോചിച്ചു കൊണ്ടിരുന്നു..

അന്ന് എനിക്ക് പണി തന്ന കറപ്ഷൻ തന്നെ ആണ്  ഇന്ന് പലർക്കും പണി കൊടുത്തുകൊണ്ടിരിക്കുന്നത്!!.






 ഇടവേളയിൽ .. idavelayil

2014, ജൂൺ 24, ചൊവ്വാഴ്ച

കടലാസുതോണി


കുളിർമഴ വീശിയ കാറ്റിനോടൊത്തെൻറെ,
   ഓർമ തൻ കടലാസുതോണി.
തുള്ളി തുടിച്ചും മെല്ലെ ചരിഞ്ഞും
   ഓളങ്ങളോടോത്തു തുഴഞ്ഞും............

കാലങ്ങളൊരുപാടു പിന്നിലേക്കോ-
   ടിയെൻ കൗമാരകാലത്തിലെത്തി...


കർക്കിടകത്തിൻറെ പച്ചക്കുറിക്കറ-
      പാതിയുമാടയിൽ വീഴ്ത്തി ,
കൊച്ചുമഴച്ചാറ്റിലീറനണിഞ്ഞവൾ-
       അമ്പലമുറ്റത്തു കാത്തുനിൽക്കെ,
കാണാത്ത മട്ടിലാ കുട്ടിക്കുറുമ്പിനെ-
       മെല്ലെ ചൊടിപ്പിച്ചതെല്ലാം,
ഏറെ തുഴഞ്ഞു നാമീ  കളി വഞ്ചി-
      യിൽ തീർത്ത പിണക്കങ്ങളെല്ലാം,

കുളിർമഴ വീശിയ കാറ്റിനോടൊത്തെൻറെ-
      യോർമ തൻ കടലാസുതോണി....

പൂക്കളിറുക്കുവാനാഴിമാരൊത്തു നീ,
      ഉത്രാട സന്ധ്യക്ക് പോകുമ്പോൾ,
ഉപ്പേരിക്കയ്യുമായോടിയണഞ്ഞു ഞാൻ
      ഉമ്മറത്തിണ്ണയിൽ നോക്കിനിൽക്കെ,
കള്ളക്കണ്ണേറിനാൽ കാണാതെ കണ്ടു നീ,
      മിണ്ടാതെ മിണ്ടിയതെല്ലാം
ഏറെ തുഴഞ്ഞു നാമീ  കളി വഞ്ചി-
      യിൽ കോർത്ത കിനാ..വുകളെല്ലാം,

കുളിർമഴ വീശിയ കാറ്റിനോടൊത്തെൻറെ-
      യോർമ തൻ കടലാസുതോണി....

------






 ഇടവേളയിൽ .. idavelayil

2014, ജൂൺ 9, തിങ്കളാഴ്‌ച

ഒരു ജൂണ്‍ മാസം .



മഴ ഇല്ല്യാണ്ടെങ്ങനാ....? ന്നാലും വേണ്ടീല്ല്യ!!!

ഉസ്കൂള് തൊറനിര്ക്കണു....


....മഴ നനച്ച ചോക്ക് കൊണ്ടെഴുതിയ പോലെ മായാത്ത ഒരു നൂറു ഓര്‍മകളുടെ കുട്ടിക്കാലം.ഞാന്‍ ഇരുന്നു പഠിച്ച ആ ബെഞ്ചില്‍ ഇനി വേറെ ആരോ..എന്നെ അറിയാത്ത, ഞാന്‍ അറിയാത്ത ആരോ..


ഒന്ന് കൂടി അവിടേക്ക് കയറിച്ചെല്ലാന്‍ മനസ്സ് കൊതിക്കുന്നുണ്ട് ഇപ്പോഴും..പക്ഷെ പണ്ടെനിക്ക് സ്വന്തമായിരുന്നതെല്ലാം ഇന്ന് മറ്റാരുടെയോ ആണല്ലോ...അതാണല്ലോ ജീവിതം...!

ഒന്ന് നോക്കി ചിരിക്കണം എന്നുണ്ട് , ആരെന്നറിയില്ലെങ്കിലും , അഥവാ ഇനി അറിഞ്ഞാലും ഒരു ചിരി തിരികെ കിട്ടും, അതിനു പലിശ വേണ്ടല്ലോ, അതോ പുരികം ചുളിച്ച ഒരു നോട്ടമാകുമോ ?

അല്പം വൈകി ആണെങ്കിലും മഴ എത്തി, പറന്നു പൊങ്ങിയ മുഴുവൻ ഈയാൻ പാറ്റകളെയും തോൽപിക്കാനെന്ന മട്ടിൽ സന്ധ്യക്ക്‌ വീണ്ടും മഴ പെയ്തു.

'ടാ , എർക്കായില് നിന്ന് കളിക്കാണ്ടേ, എറേത്ത് കേറി നിക്ക്.

മഴ പെയ്യാ , വെല്ല എഴേന്തുക്കളും കേറി വരും.'

കാലം വല്ലാണ്ട് മാറിപ്പോയിരിക്കുന്നു , മഴ ആരും കാണുന്നില്ല. പുറത്തു മഴപെയ്യുംമ്പോഴും അത് കാണാതെ റ്റീവിയിലെ വാർത്ത‍ കേൾക്കുകയായിരുന്നു.

ഞായറാഴ്ച സിനിമക്കിടയിൽ 2 മിനിറ്റു വാർത്ത‍ വരുമ്പോ അത് രസിക്കാതെ പുറത്തു പോയിരുന്ന ഞാൻ ഇപ്പൊ ഒരക്ഷരം വിടാതെ വാർത്ത‍ കേൾക്കുന്നു. എന്റെ കാലം! അത് ഒരുപാട് മാറിപ്പോയിരിക്കുന്നു.

മരത്തിന്റെ ജനൽ പാളിയേക്കാൾ കൂടുതൽ മനോഹരമായ മഴ ജനല ചില്ലിലൂടെ കാണാം എങ്കിലും ഇത് വരെ അതു ശ്രദ്ധിച്ചിട്ടില്ല, അതുകൊണ്ടായിരിക്കാം ഈർപ്പം കെട്ടിനിന്ന ആ പഴയ മഴക്കാഴ്ച്ചയുടെ സൌന്ദര്യം മനസ് മറക്കാത്തത്.


മൗനം നിറഞ്ഞ പവർ കടിനിടയിൽ , ഉമ്മറത്തെ നിലവിളക്കിനരികിൽ അര മണിക്കൂർ ഇരുന്നപ്പോളാണ് വീട്ടിൽ എല്ലാവരുടെയും മനസൊന്നു കാണുന്നത്. മഴ പോലെ മനോഹരം.

ആ തണുത്ത കാറ്റിന് വേണ്ടി, മുറിയിലെ ജനല്പാളികളെല്ലാം തുറന്നിട്ടു, ഒപ്പം മനസ്സിന്റെയും.


'നശിച്ച മഴ, ന്റെ റോസചെട്യെല്ലാം നശിപ്പിച്ചു, നേർയെ മോട്ടിട്ടേർന്നു.'


മുറ്റമടി, വൃത്തിയാക്കലിനെക്കാളുപരി ഒരു കണക്കെടുപ്പായിരുന്നു.


അതിനൊപ്പം ഞാനും നടന്നിരുന്നു.


'ടാ , നിയ്യാ ചെരുപ്പിടണ്‍ണ്ടോ ? കാലൊക്കെ വളം കടിക്ക്വേ'


തൊടിയിലെ മരത്തിൽ നിന്നും കിളിക്കൂട്‌ താഴെ വീണതും പിന്നതു തിരികെ മുകളിൽ വച്ചതും, മാമ്പഴമെല്ലാം തീർന്ന മാഞ്ചോട്ടിൽ നിന്നു വീണ്ടും ഒരു മാങ്ങ കിട്ടിയതും. കോഴിക്കൂട് തുറന്നു കോഴിയെ എണ്ണുന്നതും. ഈയലുകൽ പറന്നു പൊങ്ങിയ കുഴികൾ കുഴിച്ചു അറ്റം കണ്ടുപിടിക്കലും, കെട്ടികിടക്കുന്ന വെള്ളത്തിൽ തുള്ളി കളിക്കലും,

പിന്നെ എല്ലാം കഴിഞ്ഞു വളം കടിക്കുമ്പോ അമ്മയെക്കൊണ്ട് വെളിച്ചെണ്ണയും ഉപ്പും ചേർത്ത് പുരട്ടിക്കുന്നതും.


അപ്പോളും നേരം വെളുക്കുന്നേ ഉണ്ടാവു.


ഇപ്പൊ രാവിലെ 10 മണി കഴിഞ്ഞു അലാറം കേട്ടു ഉണർന്നു വരുമ്പോ..നേരം ശെരിക്കു വെളുത്തിട്ടുണ്ടാവും... കാഴ്ച്ച പക്ഷേ മങ്ങി വരികയാണു,


ശരിയാണ് കാലം അല്ല,

ഞാൻ തന്നെ ആണ് ഒരുപാടങ്ങ്‌ മാറിപ്പോയത്.


ഈ മാറ്റത്തിനാണല്ലോ, ഞാനും സ്കൂളിൽ പോയത്.


പഠിച്ചു വല്ല്യാളായത്.


അതിനാണല്ലോ ഇപ്പൊ സ്കൂള് തുറന്നതും!!






 ഇടവേളയിൽ .. idavelayil


2014, മേയ് 26, തിങ്കളാഴ്‌ച

പ്രണയ മഴ ചാറ്റൽ

പൂവിതൾ ചില്ലയിൽ നീർത്തുള്ളി ചിതറു-
                                       ന്നൊരീറൻ മഴ ചാറ്റലിൽ
കാതോർത്തു ശ്രീരാഗമാസ്സ്വദിച്ചിന്നു  ഞാൻ
                                       നിന്നേക്കുറിച്ചോർത്തു പോയ്‌ ...

വെറുതെയാണെങ്കിലും എന്നുമോർക്കാൻ,
നിറ മൌനമായ്‌, ഈറൻ മിഴികളായി
നീ തന്ന സ്നേഹത്തിൻ  പൂക്കളായി...


അകലെയാണെങ്കിലും, നീ  ഇനി വരില്ലെങ്കിലും
അകതാരിലോർമകളായിരമിനിയും
ഹൃദയത്തിൻ  താളമായ്, ജീവന്റെ ജീവനായ്
മായാതെയെന്നോടു ചേർന്നിരിപ്പൂ,
ഒരുവേള ഞാനതിലടരാതെ ചേർന്നിരിപ്പൂ!  

--






 ഇടവേളയിൽ .. idavelayil

2014, മേയ് 16, വെള്ളിയാഴ്‌ച

താത്വികമായ അവലോകനം...


അമ്മ: താത്വികമായ അവലോകനം ആരുടേയും കുത്തക അല്ലല്ലോ,

അതുകൊണ്ടുതന്നെ താത്വികമായ ഒരവലോകനം ആണ് ഞാൻ ഉദ്ദേശിക്കുന്നത്.


ഒന്ന്,  വര്ഗീയ വാദികളും മതേതരത്വ വാദികളും പ്രഥമദ്രിഷ്ട്യാ അകല്ച്ചയിലയിരുന്നു വെങ്കിലും അവര്ക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ.

ഒന്ന്, ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു.

അങ്ങനെ ആണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്...

അതാണ്‌ പ്രശ്നം.

പപ്പുമോൻ : മനസ്സിലായില്ല !!

അമ്മ: അതായതു മോനൂ,  വികസന വാദവും  ഫോട്ടോഷോപ്പ് ചിന്താ സരണികളും റാഡിക്കാലായിട്ടുള്ള മാറ്റമല്ല, ഇപ്പൊ മനസ്സിലായോ?






 ഇടവേളയിൽ .. idavelayil


2014, ഏപ്രിൽ 21, തിങ്കളാഴ്‌ച

ഞാനും കൊല്ലപ്പെടുകയാണ്!

ഞാൻ  മരിക്കുകയാണ്,
സിനിമകളിൽ കാണും വിധമുള്ള ഒരുപാടു എഫെകടുകൾ ഞാനും പ്രതീക്ഷിച്ചതാണ്.
അവയൊന്നും ഇല്ലാതെ പക്ഷെ ഞാനും മരിക്കുകയാണ്. ഒരിക്കൽ മാത്രം കിട്ടുന്ന ഒരു ഫാന്റസി ആയിരുന്നു മരണം. പക്ഷേ എന്റെ മരണം ഇത്ര നിസ്സാരമായല്ലോ.

ഒരു പാട് ആളുകൾ എനിക്ക് ചുറ്റും ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ആരുമില്ല, പക്ഷെ ഈ ലാളിത്യം എനിക്കിഷ്ടമായി. മുസിയത്തിൽ വച്ച എന്തോ പാഴ് വസ്തു പോലെ മൂക്കിൽ  വിരൽ  വച്ചുകൊണ്ട് നോക്കി നില്കാൻ ഒരു നൂറു പേര് ഇല്ലാത്തതു തന്നെ നല്ല കാര്യം. 

ഞാൻ ചെവി വട്ടം പിടിച്ചു നോക്കി.. നേർത്ത് നേർത്ത് ഇല്ലാതായി വരുന്ന ശബ്ദങ്ങളൊന്നും  കേട്ടില്ല. എല്ലാം നിശബ്ദമായിരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കത്തിൽ ആരും അറിയാതെ മരിച്ച സുകൃതശാലികളുടെ കഥകൾ വീട്ടിലെ കൊച്ചു വർത്തമാനങ്ങളിൽ കേൾക്കാറുണ്ട്. "കിടന്നു കഷ്ടപ്പെടാതെ പോയല്ലോ എന്ന്". 

ഞാനും ഉറങ്ങുകയായിരുന്നു. ഞാൻ മരിച്ചത് ഞാൻ അറിയാതിരുന്നെങ്കിൽ എന്ന് ഞാൻ പോലും അറിയാതെ ഞാൻ കൊതിച്ചു പോകുന്നുണ്ടോ ? ഇത് ഒരു അറുബോറൻ അവസരവാദം ആയിരിക്കാം, കാരണം കാത്തിരുന്ന മരണത്തോട് ഇത്ര നിസ്സന്ഗത പ്രകടിപ്പിക്കുന്നത് അവസരവാദം അല്ലാതെ എന്താണ്. 

ഇത് സത്യമാണ് , എന്റെ മരണം. ബാക്കിയെല്ലാം തോന്നലുകളാവം.

ആരും അറിയുന്നില്ല, എങ്കിലും ഞാനത് അറിയുന്നു ഇതൊരു നീണ്ട കാത്തിരിപ്പാണ്. അതോ ആ കാത്തിരിപ്പിന്റെ അന്ത്യമാണോ?

ഞാൻ കുഞ്ഞായിരുന്നപ്പോൾ ലോകം വളരെ ചെറുതായിരുന്നു, പിന്നതെപ്പോളോ ഒരുപാട് വളർന്നു. എന്റെ ലോകം വലുതായതു കണ്ടു ഞാൻ ഒരുപാട് സന്തോഷിച്ചു. ഞാൻ പഠിച്ചതും കണ്ടെത്തിയതും ഒരുപാടുണ്ടായിരുന്നു. ഒരു വലിയ ലോകം.ഇപ്പൊ ഇതാ അതെല്ലാം ചെറുതായി വീണ്ടും ചെറിയ ലോകം ആയിരിക്കുന്നു. ചുറ്റും ഇരുൾ മൂടി ഞാൻ മാത്രമുള്ള ഒരു ചെറിയ ലോകം. അല്ല,  ഞാൻ പോലുമില്ലാത്ത എന്നേക്കാൾ ചെറിയതാണ് ഇപ്പോ എന്റെ ലോകം.

കണ്ണടച്ചാലും തുറന്നാലും ചുറ്റും ഇരുട്ടുതന്നെ, ചെവികളിൽ നിശ്ശബ്ദത മൂളുന്നുണ്ടായിരുന്നു. ദൂരദർശനിൽ സിഗ്നൽ പോകുമ്പോൾ കാണിച്ചിരുന്ന മഴവിൽ വർണ്ണങ്ങളും മൂളലും ഓർമ വരുന്നു. ഏകാന്തമായ ശൂന്യതയിൽ എന്തെങ്കിലുമാവൻ ആ മുഷിപ്പൻ ചിത്രത്തിനായിരുന്നിരിക്കണം.

'ഞാൻ' എന്ന വാക്ക് പലപ്പോഴും അഹങ്കാരവും ദൈന്യതയും ഒക്കെ ആയിരുന്നു,  ആ വാക്കിന് തന്നെ ഇനി എന്തർത്ഥമാണുള്ളത്‌. ആകാരം നിർവചിക്കാനാകാത്ത  പുക ചുരുളുകൾ പോലെ അതും മാഞ്ഞു പോകയോ?.

എന്നെ[ഇനി ഇങ്ങനെ പറയുന്നത് എന്നെ തന്നെ ആണോ?] കാണാൻ മുമ്പെങ്ങുമില്ലാത്ത താൽപര്യത്തോടെ ഒരുപാടു പേര് വരുമായിരിക്കും ഔദ്യോദികബഹുമതികളില്ലാത്ത മറ്റൊരു സാധാരണക്കാരനായി ഞാൻ അരങ്ങൊഴിയുമായിരിക്കാം. ജീവിതത്തിൽ[ഒരു ദിവസം കൂടി ഞാൻ അതിൽ ചേർക്കട്ടെ ] ആദ്യമായി പത്രത്താളുകളിൽ വാർത്ത ആയേക്കാം.
മരിക്കുമ്പോഴും ഞാൻ 'നാളെ'  എന്ന , എന്നെ ഇത്രനാൾ ജീവിപ്പിച്ച അത്ഭുതത്തെപ്പറ്റി ചിന്തിക്കുന്നു.

'നാളെ' എന്നത് പ്രതീക്ഷയുടെ ഉത്സവകാലം ആണ്. മരിക്കുമ്പോൾ നാളെകൾ ഇല്ലാതാവുകയാണോ. ഇതിനു മുന്നേ ഇന്നലെകളിലേക്ക് മരിച്ചു വീണവർ. അവരുടെ നാളെ  കളല്ലേ  നമ്മുടെ ഇന്നുകളും ഇന്നലെകളും. ഇനി എന്റെ നാളെകളും തിരി താഴ്ത്തുകയാണോ? എന്റെ പ്രതീക്ഷകൾ നശിച്ച സമയം തന്നെ ഞാൻ ഒരുപാട് മരിച്ചതാണ്. നാളെ എന്ന ഒറ്റ പ്രതീക്ഷ ആണ് എന്നെ ഇന്ന് വരെ എത്തിച്ചത്.

എന്റെ നാളെകൾ ഇതാ ഞാൻ നിങ്ങൾക്ക്  നല്കുന്നു, നിൽക്കു ,അങ്ങനെ പറയാൻ എനിക്കാവില്ല, കാരണം, മറ്റെല്ലാം പോലെ ഇതും എന്നിൽ നിന്ന് പിടിച്ചു പറിക്കപ്പെടുകയാണ്.
ശെരിയാണ്‌, അല്ലെങ്കിൽ ഇത് ഞാൻ ആര്ക്കും കൊടുക്കില്ലല്ലോ. ഓഹോ, എന്റെ നാളെകൾ തട്ടിയെടുക്കാനായി എന്നെ കൊല്ലുകയാണല്ലേ ? അപ്പൊ, ഇതുവരെ ഞാൻ കണ്ട എല്ലാ മരണവും കൊലപാതകങ്ങൾ ആയിരുന്നു. കൊലപാതകങ്ങൾ !!!

അവരെ കൊന്നു അവരുടെ നാളെകൾ തട്ടിയെടുത്തു നാo ഓടി. ഇന്നിപ്പോ ഇതാ ഓടിത്തളർന്ന എന്റെ കയ്യിൽനിന്നും ആരൊക്കെയോ ഇത് വീണ്ടും തെട്ടിയെടുക്കുന്നു. എന്നെന്നേക്കും എന്ന് കരുതി കുറച്ചു നാളേക്കു മാത്രം.

ഇവിടെ, ഇപ്പോൾ ഞാനും കൊല്ലപ്പെടുകയാണ്.






 ഇടവേളയിൽ .. idavelayil

2014, ഏപ്രിൽ 9, ബുധനാഴ്‌ച

എന്റെ വിഷു..

എൻറെ വിഷുവിനു മഞ്ഞ നിറമാണ്!!! രാഷ്ട്രീയക്കാരും മതനിരപേക്ഷമെന്നു വാദിക്കുന്ന ജാതി സംഘടനകളും ക്ഷമിക്കുക, ഇത് എന്റെ വിഷു ആണ്.
ഞാൻ അനുഭവിച്ചതും ഓർമയിൽ സൂക്ഷിക്കുന്നതുമായ എന്റെ മാത്രം  വിഷു.



മീനമാസo  തൊട്ടേ വിഷുവിന്റെ വരവറിയിച്ചു കൊണ്ട് ഓരോ കൊന്ന മരവും കണ്ണന്റെ ചേങ്ങില പോലെ ഒരായിരം മഞ്ഞ പൂക്കളേന്തി നില്ക്കും.
കണിവെള്ളരി ഓരോ പീടികയിലും നിരന്നിരിക്കും, പൊന്നിന്റെ മഞ്ഞനിറം.

അമ്പലപ്പറമ്പിലെ കൊന്നമരത്തിനോട് പലപ്പോഴും നീരസം തോന്നും, സംക്രാന്തി ദിവസം നോക്കിയാൽ ഒറ്റ പൂവ് കാണില്ല. എല്ലാം മുന്നേ പൂത്തു  കൊഴിഞ്ഞിരിക്കും. പിന്നെ നാട്ടിലെ മറ്റു  മരങ്ങൾ തേടി  നടക്കണം. കൊന്നപൂക്കച്ചവടം, പടക്ക കച്ചവടം പോലെ തന്നെ എല്ലാരും ഏറ്റെടുക്കും, ഒരു കുല പൂവ് കിട്ടാൻ മത്സരമാണ്. കണ്ണിൽക്കണ്ട പറമ്പിലെ മരത്തിന്റെ തുഞ്ചത്ത് കേറണം,പൂ പറിക്കാൻ. അവിടുത്തെ അയൽക്കാർ മുതൽ, പോരുന്ന വഴി\യിൽ  കാണുന്നവരൊക്കെ രണ്ടു കുല പൂവ് ചോദിക്കും, അവര്ക്കും കൊടുക്കണം. തരില്ല എന്നൊക്കെ പറഞ്ഞു നോക്കും. പക്ഷെ, കൊടുക്കാതിരിക്കാൻ തക്ക മനസ്സുറപ്പൊന്നും  ഇല്ലായിരുന്നു, എന്നാലും  രണ്ടോ മൂന്നോ മാത്രമേ കൊടുക്കൂ,  വീടെത്തിയാൽ, അമ്മയുടെ വക ദാനം വേറെയും, അയൽക്കാർക്കും, പിന്നെ ചോദിയ്ക്കാൻ മടി ഇല്ലാത്ത ആര്ക്കും.

അമ്മയുടെ പഴയ ഒരു മഞ്ഞ സാരിയാണ് ഇന്നോളം എന്റെ വിഷുക്കണിക്ക് പശ്ചാത്തലം ഒരുക്കിയിട്ടുള്ളത്. എന്നേക്കാൾ പഴക്കമുണ്ട് അതിന്. എന്റെ വിഷുവിനു നിറം പകർന്നതിൽ ആ സാരിയുടെ പങ്കു ചെറുതല്ല.

ഓട്ടുരുളിയിലൊന്നുമല്ല എന്റെകണി എന്നും സ്റ്റീൽ പാത്രത്തിൽ ആയിരുന്നു. ആദ്യം ഒരു സ്റ്റീൽ താലത്തിലും പിന്നീടു അത് സ്റ്റീൽ ഉരുളിയിലെക്കും മാറി. ഇതുവരെ മഞ്ഞനിറം പാത്രത്തിലേക്ക് എത്തിയിട്ടില്ല.

നിലവിളക്കും അതിന്റെ വെളിച്ചവും മഞ്ഞ നിറം തന്നെ ആയിരുന്നു.

വീട്ടിലെ സ്വർണാഭരണം കണ്ണനെ അണിയിയിക്കുമായിരുന്നു. ഒരുപാടൊന്നും ഇല്ലെങ്കിലും ആ മഞ്ഞനിറവും വിഷു ഓർമകൾക്ക് നിറo  പകരാൻ ഒപ്പമുണ്ടായിരുന്നു.

ഒരുപാടു മഞ്ഞ നിറം വേറെയും ഉണ്ടായിരുന്നു. വാഴപ്പഴം, കശുമാങ്ങ മാമ്പഴം അങ്ങനെ പഴങ്ങളും
കൂടെ  സൈക്കിൾ ബ്രാൻഡ്‌ ചന്ദനത്തിരിയും.. കണിയിൽ വച്ചില്ലെങ്കിലും അടുത്തെവിടെയെങ്കിലും അതും കാണും.

പടക്കത്തിന്റെ മണവും ശബ്ദവും വിഷുവിന്റെ മറക്കാനാവാത്ത സാഹസികതയെ ഓർമിപ്പിക്കുന്നു.

അവധിക്കാലത്തിന്റെ സ്വാതന്ത്ര്യത്തിലും, മടിയിലും, ശൂന്യതയിലും  പലപ്പോഴും വിഷു ഒരുപാടെന്തോക്കെയോ ചെയ്യാനുള്ള സമയം ആയിരുന്നു..

ഇന്നിപ്പോ ഒരു അവധി പോലും തരാതെ  വിഷു എന്നോട് "നീ വളർന്നു  പോയി " എന്നോർമ്മിപ്പിക്കുമ്പോൾ, മുറുകെ പിടിക്കുന്തോറും  കയ്യിൽ നിന്ന് ചോർന്നു പോകുന്ന ഒരു പിടി മണൽ തരികൾ പോലെ.. ഓർമകളും മാഞ്ഞു പോവുകയാണല്ലോ.






 ഇടവേളയിൽ .. idavelayil

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

മുത്തശ്ശി



ഇടിമുഴക്കം കേട്ടു ദൂരെ, യെങ്ങോ പെയ്ത മഴയുടെ കുളി-
രുമായിളം കാറ്റിക്കിളികൂട്ടി തഴുകവേ മെല്ലെയാ-
ടിക്കളിക്കും നിലവിളക്കിൻ തിരിയോന്നണഞ്ഞു കിട്ടാനി -
രുളെന്റെയുമ്മറത്തോരുകോണിലെത്തി നില്ക്കുന്നു!

നീട്ടിപ്പിടിച്ച കൈ ചെമ്മേ ചരിച്ചാ കാറ്റെ തടുത്തിരുന്നൊ -
റ്റക്കു ചുണ്ടിലെ ഹരിനാമകീർതനമൊട്ടുമീണം വിടാതെ-
ചൊല്ലിക്കൊണ്ടു സന്ധ്യതൻ ദീപ്തമാമനുഭൂതിയായെന്റെ -
ബാല്യകാലസ്സുകൃതമായോർമ തൻ പൂമുഖത്തെൻ  മുത്തശ്ശി !!

പുല്ലിൽ കുരുത്ത, ചെറു പൂവിൽ തുളുമ്പി നിറ മഞ്ഞിന്റെ നൈർമല്ല്യ-
മേറുന്ന തുള്ളികളിലെങ്ങും പടർന്നോഴുകുമേഴു വർണങ്ങളാ-
യെന്റെ  ചേതസിൻ ഗതികളിൽ കഥകളായ് പിന്നെ വഴികാട്ടിയാ-
യണഞ്ഞ മൃദുഹസ്തങ്ങളേതുകാറ്റിനും കനിവിന്റെ പാഠമാകും!






 ഇടവേളയിൽ .. idavelayil

പിടി തരാത്ത മോഹങ്ങൾ ...




"ആകാശം അത്ര മേലെയോന്ന്വല്ല, വടക്കേലെ പ്ലാവിന്റെ തുഞ്ചത്തു കേറിയാൽ അങ്ങ് തൊടാവുന്നതെയുള്ളൂ, പക്ഷെ ആ അമ്മച്ചിപ്ലാവിൽ കേറണതാ കഷ്ടം. ഞാൻ ഇച്ചിരി കൂടെ വല്താവട്ടെ, അങ്ങു തൊട്ടിട്ടു തന്നെ കാര്യം! "
രണ്ടാം ക്ലാസ്സിലെ എന്റെ പഴയ നോട്ടു പുസ്തകത്തിൽ ഒരുപാട് അക്ഷരതെറ്റുകളോടെ എപ്പോഴോ കുറിച്ചിട്ട മോഹം, അന്നെനിക്കറിയില്ലായിരുന്നു ഞാൻ വളരുമ്പോൾ, ആകാശം അങ്ങു നോക്കെത്താ ദൂരത്തേക്കു ഉയർന്നു പോകുമെന്ന്....





മൗനമാകുന്ന തീരത്തു പണ്ട് ഞാൻ,
പിച്ച വച്ചു നടന്ന കാലം തൊട്ടേ
എത്രയെത്ര മോഹങ്ങളീ മണ്ണിൽ,
പെയ്തൊഴിഞ്ഞു വറ്റി വരണ്ടു പോയ്‌...

പോയ കാലത്തിൻറെ മോഹങ്ങളും പേറി,
കാറ്റിലങ്ങോട്ടുമിങ്ങോട്ടുമെത്ര നാൾ
എങ്ങുമെത്താത്ത മറ്റൊരു മോഹമായ്,
പെയ്തൊഴിഞ്ഞു വറ്റി വരണ്ടു പോയ്‌...







 ഇടവേളയിൽ .. idavelayil


2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

നുറുങ്ങു കവിതകൾ..


1.
വെറുതെയാവില്ലൊരു വാക്കുപോലും,
വെറുതെയാവല്ലേ ഒരു നീക്ക് പോലും.
വെറുതെയാവട്ടെയൊന്നൊഴിയാതെയൊന്നായ് 
വെറുപ്പുളവാക്കുന്ന ചെയ്തിയെല്ലാം....


 2.

പലവഴി ചെന്നൊരുദിക്കിലെത്തുകിൽ,
ശരിയായ ദിക്കിന്നു വഴിയൊക്കെയൊന്നുപോൽ ..
എന്നാലുമേറെ ചരിച്ച വഴി , വിട്ടു മറ്റൊന്നു,
പൂകുകിൽ, വഴിക്കല്ല നഷ്ടം! നമുക്കെന്നു മാത്രം!

3.
ഓർമകളുടെ പുസ്തകത്താളുകളിൽ
ആകാശം കാണാതെ, 
മയിൽ പീലികൾ ഇനിയും കാത്തിരുപ്പുണ്ട്...
വീടിന്നകത്തളങ്ങളിൽ, പ്രസവിക്കാൻ മാത്രം 
വിധിക്കപ്പെട്ട പെണ്‍കൊടികളെപ്പോലെ!

4
നിലാവ് കരയുകയായിരിക്കുമല്ലേ?
ഇന്നവളുടെ  കയ്കളരിയുമല്ലേ?
പണ്ടവൾ  മണ്ണിലെഴുതിയ ചിത്രങ്ങളിലൊ- 
ന്നിന്നിവിടുത്തെ ദൈവത്തിന്റേതത്രേ!
[je suis charlie]

5
ചിരിക്കുള്ളിലൊതുക്കിയ ചതി,
ചതിക്കുള്ളിലൊതുക്കിയ ചിരി,
ഒന്നുള്ളിലോട്ടുകാണാനിച്ചിരി,
ഉൾക്കാഴ്ച വേണമായിരുന്നു!

6.
ഇറ്റു വീഴും നിണം, കനിഞ്ഞില്ലം നിറഞ്ഞു.
ഇനിയൊരു പതിനാറുകോലയിത്തമാവാം.
#menstruation






 ഇടവേളയിൽ .. idavelayil

സ്വർഗം .. ഒരെളിയ നിർവചനം!!!

കണ്ണ് തുറന്നു പോയി..

ചൂടല്ല... ഇത് ഉഷ്ണമാണ്‌.
ചൂടുള്ള ഈർപ്പം പൊതിഞ്ഞ നനവുള്ള ഉഷ്ണം.

ഹൃദയം മിടിക്കുന്ന ശബ്ദവും,നിശ്വാസത്തിന്റെ ശബ്ദവും മുൻപത്തെക്കാളേറെ ഉച്ചതിലെന്നു തോന്നിക്കും വിധം ചുറ്റിലും കറുത്ത മൗനം തങ്ങി നില്ക്കുന്നുണ്ടായിരുന്നു. കഴുത്തിന്‌ ചുറ്റും പുറത്തു ചൂടുള്ള വഴുവഴുത്ത പുഴുക്കൾ നുരക്കുന്നത് പോലെയും, അകത്തു  തൊണ്ട വരളുന്നത്‌ പോലെയും തോന്നുന്നുണ്ടായിരുന്നു. ഓരോ രോമകൂപത്തിലും പൊടിഞ്ഞ വിയർപ്പുകണങ്ങൾ ഒത്തുചേർന്നു നീങ്ങി തൊലിപ്പുറത്ത് ഈര്ഷയുളവാക്കിക്കൊണ്ടിരുന്നു.. എന്തെന്നറിയാത്ത ഭയo കാലുകളിൽ നിന്നിരച്ചു മുകളിലേക്ക് കയറിക്കൊണ്ടിരുന്നു..

ഹാവൂ! കരണ്ട് വന്നു!!!

ഫാൻ കറക്കം തുടങ്ങി..
ഭൂമിയിൽ വേറെ എവിടെയാണിനി സ്വർഗം!!







 ഇടവേളയിൽ .. idavelayil

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

[ചളി ചളി ചളി ]



രാത്രി രണ്ടെണ്ണം അടിച്ചു  ഉറങ്ങാൻ കിടന്ന കൊവാലനെ ഭാര്യ മുറിയിൽ പൂട്ടിയിട്ടു. കെട്ട്  വിട്ടു ഞെട്ടി ഉണർന്ന കോവാലന്റെ  കയ്യിൽ  പൂട്ട്‌ തുറക്കാൻ ഉള്ള കീ ഇല്ലായിരുന്നു. ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായി നിന്ന ഗോപാലൻ കരഞ്ഞു ചോദിച്ചിട്ടും ഫാര്യ കീ കൊടുത്തില്ല.
വെളിച്ചമില്ലാത്ത ഇരുട്ട് മുറിയിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരയുന്ന സമയത്താണ് കട്ടിലിനടിയിൽ നിന്നും ഒരു എലി കീ കീ എന്ന് കരഞ്ഞത്.

കോവാലൻ ആ കീ എടുത്തു വാതിൽ  തുറന്നു ഭാര്യക്കിട്ട് ഒരു ചവിട്ടും കൊടുത്തു പുറത്തേക്കിറങ്ങി. സമയം രാവിലെ അഞ്ചു മണി.

കോവാലൻ കോടാലിയുമായി കിഴക്കോട്ടു വച്ച് പിടിച്ചു..  കിഴക്ക് വെള്ള കീറിയിട്ട് വേണം വല്ലതും കഴിക്കാൻ.

കുട്ടൻ നായരുടെ ചായക്കടയിൽ കയറി കോവാലൻ ഓർഡർ ചെയ്ത ദോശ പ്ലേറ്റിൽ ഇട്ടതും പറന്നുയർന്നു ഗൾഫിലേക്ക് പോയി. ഇനി മേലാൽ "പ്ലെയിൻ" ദോശ ഓർഡർ ചെയ്യില്ല എന്ന് കൊവലാൻ ഉറപ്പിച്ചു.

പകരം ചപ്പാത്തി ഓർഡർ ചെയ്തു.

ചായക്കടയിലെ പഴഞ്ചൻ റേഡിയോ യേശുദാസിന്റെ ഗാനങ്ങൾ വച്ച് കീച്ചുന്നുണ്ടായിരുന്നു. ചുമരിൽ കണ്ട ബോർഡ് കണ്ടു കോവാലന് സങ്കടം വന്നു. പാവം പുകവലി! യേശുദാസിനെ പോലെ പാടാൻ അതിനു പറ്റില്ലല്ലോ. അല്ലെങ്കിൽ അതിങ്ങനെ ബോർഡിൽ എഴുതി വക്കുമോ ? "പുകവലി പാടില്ല" എന്ന്.

കുട്ടൻ കൊണ്ടുവന്ന  ചപ്പാത്തിയുടെ കട്ടി കണ്ട് കുട്ടനോട് ചോദിച്ചു, ഇത് എന്തുവാ ചപ്പാത്തി ആണോ ചിക്കൻ ഗുനിയ ആണോ? കണ്ടിട്ട് കൊതുക് പരത്തിയത് പോലെ ഉണ്ടല്ലോ.

കുട്ടൻ തിരിച്ചടിച്ചു , എന്നാൽ ഒരു ചിക്കൻ ഫ്രൈ യുടെ കാശു നന്നിട്ടു പോയാൽ മതി.
അത് കേട്ടതും കോവാലൻ അഞ്ചു രൂപ കൊടുത്തു ഒരു കോഴിമുട്ട വാങ്ങി അതിൽ മുട്ട അവിടെ വച്ച് കോഴിയെ എടുത്ത് കുട്ടന് കൊടുത്തു. കുട്ടൻ ഹാപ്പി.

ആ സമയത്ത് ഒരു വിദേശി അവിടെ എത്തി. ഞാൻ സഞ്ചാരം പിടിക്കാൻ വന്ന സങ്കട്ട് തോട്ടുങ്കര ആണ് ഇവിടെ അടുത്ത് താമസിക്കാൻ ഒരു മുറി  കിട്ടോ?

ഒരു മുറി ഇല്ല , രണ്ടു മുറി  വേണേൽ തരാം ഇല്ലേ കോവാലെട്ടാ,

രണ്ടു മുറി മതി. രണ്ടു മുറി മതി ....

കൊവലേട്ടൻ കിഴക്ക് വെള്ളകീറിയ തന്റെ കോടാലി എടുത്തു അടുത്ത് കണ്ട മരത്തിൽ ആഞ്ഞു ഒരു വെട്ടു വെട്ടി.   "വെട്ടൊന്ന് മുറി രണ്ട്" തോട്ടുങ്കര ഹാപ്പി ഹാപ്പി.

എന്തൊരു ചൂട്  കുട്ടാ നീയാ  ഫാനിന്റെ സ്വിച്ച് ഇടു.

കുട്ടൻ ഫാനിന്റെ സ്വിച്ചിട്ടതും  ദേ   വരണ്  ഓലക്കുട ഒക്കെ പിടിച്ചു മാവേലി.
കോവാലൻ  ചോദിച്ചു,  എന്തേ മാവേലി ഇപ്പൊ ഈ വഴി?

അതിപ്പോ ഇവിടെ ആരാ സ്വിച്ചിട്ടെ , സ്വിച്ച് ഇട്ടപ്പോ  ഫാൻ ഓണായില്ലേ ?
ഓണായാൽ മാവേലി വരാണ്ടെ പറ്റോ ?




[തുടരും]

[കടപ്പാട് : പേരറിയാത്ത ആരൊക്കെയോ]









 ഇടവേളയിൽ .. idavelayil



2014, മാർച്ച് 19, ബുധനാഴ്‌ച

കോർഡിസെപ്സ് [Cordyceps] എന്ന കാലൻ ...

ഇതൊരൽപം ജീവശാസ്ത്രമാണ്,  അറിഞ്ഞപ്പോൾ ഒരുപാടു അതിശയം തോന്നി, അതുകൊണ്ടതിവിടെ പങ്കുവക്കട്ടെ ...


കോർഡിസെപ്സ് പ്രാണികളിൽ കണ്ടു വരുന്ന ഒരു പരാദ പൂപ്പൽ ആണ്. അത് അതിന്റെ ജീവിത ചക്രത്തിൽ ഭൂരിഭാഗവും ആതിഥെയ ജീവിയിൽ കഴിച്ചുകൂട്ടുകയും അവസാനം അതിനെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഒരു ജീവിയിൽ ജീവിച്ചു അതിന്റെ ഉന്മൂല നാശനം വരുത്തുന്ന ഒരു കാലൻ.

 കേട്ടിടത്തോളം കോർഡിസെപ്സ് ഒരു ജീവിയിൽ പ്രവേശിച്ചാൽ അതിനു ആ ജീവിയുടെ മസ്തിഷ്കത്തെ നിയന്ത്രിക്കാൻ കഴിയും. സോംബികൾ  [Zombie] വെറും ഭാവന മാത്രം അല്ല, കോർഡിസെപ്സ് നു ഒരു പ്രാണിയെ അങ്ങനെ ആക്കാനാവുമത്രെ.

ഒന്നു കൂടി മനസ്സിലാക്കാൻ, നമുക്ക് കോർഡിസെപ്സ് ഒരു ഉറുമ്പിന്റെ ശരീരത്തിൽ പ്രവേശിച്ചാൽ എന്തു  സംഭവിക്കും  എന്ന് നോക്കാം.

ഈ പൂപ്പലിന്റെ വിത്തുകൾ അഥവാ സ്പോറുകൾ ആണ് ആതിഥേയ ശരീരത്തിൽ ആദ്യം എത്തിപ്പെടുക, ഇവ മുളച്ചു മൈസീലിയം [താന്തുജാലം, പൂപ്പലിന്റെ വേരുകൾ പോലുള്ള ഭാഗം]  ആതിഥേയ ശരീര കോശജാലത്തിനെ[ടിഷ്യു] കീഴ്പെടുത്തുകയും, ഒടുവിൽ ആയിടങ്ങൾ കൈക്കലാക്കുകയും ചെയ്യും.

ഒപ്പം കോർഡിസെപ്സ് ഉറുമ്പിന്റെ പെരുമാറ്റങ്ങളിലും മാറ്റം വരുത്തുകയായി, കോർഡിസെപ്സ് ഉറുമ്പിന്റെ മസ്തിഷ്കത്തെ കീഴ്പെടുത്തുന്നതാണ് കാരണം. കൂട്ടത്തിലുള്ള മറ്റു ഉറുമ്പുകൾ ഇത് മനസ്സിലാക്കിയാൽ കോർഡിസെപ്സ് ബാധിച്ച ഉറുമ്പിനെ കൂട്ടത്തിൽ  നിന്ന് ദൂരേക്ക്‌ മാറ്റാൻ ശ്രമിക്കും.

കോർഡിസെപ്സ് ഉറുമ്പിനെ ചാവും മുൻപ് മുകളിലോട്ടു കയറാൻ പ്രേരിപ്പിക്കുo , ഉറുമ്പ് കഷ്ടപ്പെട്ട് വള്ളികളിലോ മരങ്ങളിലോ വലിഞ്ഞു കയറും അതിനു ശേഷം അവിടിരുന്നു ചാവും.

ഇനി ആണ് കോർഡിസെപ്സ് പൂപ്പലിന്റെ ജീവചക്രത്തിലെ അടുത്ത ഭാഗം തുടങ്ങുന്നത്. ഉറുമ്പിന്റെ ശരീരത്തെ ഭേദിച്ച് പൂപ്പലിന്റെ മുകുളങ്ങൾ[ഫ്രൂടിംഗ്  ബോഡി ] പുറത്തേക്കു മുളച്ചു വരുന്നു , [കൂണുകൾ പോലെ]  ഇവയിലാണ് കോർഡിസെപ്സ്ന്റെ വിത്തുകൾ അഥവാ സ്പോറുകൾ ഉണ്ടാവുക.

പൂർണ വളര്ച്ചയെത്തിയാൽ വിത്തുകൾ മറ്റു ഉറുമ്പുകളിലേക്ക് യാത്ര തുടങ്ങുകയായി...

മനുഷ്യനെ ബാധിക്കുന്ന കോർഡിസെപ്സ് ഇത് വരെ കണ്ടെത്തിയിട്ടില്ല കേട്ടോ.
മനുഷ്യരെ ബാധിക്കുന്ന കോർഡിസെപ്സ്  ഉണ്ടായാൽ,അത് മനുഷ്യരാശിക്ക് തന്നെ ചോദ്യ ചിഹ്നമായിരിക്കും..


മറ്റു ചില കാര്യങ്ങൾ കൂടി ,

ഒരു വിഭാഗം കോർഡിസെപ്സ് ഒരു പ്രത്യേക വിഭാഗം പ്രാണികളെ മാത്രമേ ബാധിക്കാറുള്ളൂ.

ഒരു ഉറുമ്പ് കോളനി ഒന്നടങ്കം ചിലപ്പോ കോർഡിസെപ്സ് ബാധയിൽ നശിച്ചു പോയേക്കാം.

കോർഡിസെപ്സ്നെപ്പറ്റി  ആദ്യമായി രേഖപ്പെടുത്തിയത് ടിബ്ട്കാർ ആണ് അവരതിനെ yartsa gunbu  എന്നാണു വിളിച്ചിരുന്നത്.

ചില കോർഡിസെപ്സ് മരുന്നുകളായും  ഉപയോഗിക്കുന്നുണ്ടത്രേ.




ഈ വീഡിയോ കണ്ടു നോക്കൂ ....









 ഇടവേളയിൽ .. idavelayil

2014, മാർച്ച് 3, തിങ്കളാഴ്‌ച

അനുരാഗിണി, ഇതാ ......

"അനുരാഗിണി, ഇതാ എൻ കരളിൽ വിരിഞ്ഞ  പൂക്കൾ..."

"കൊണ്ട് പോയി ഉപ്പിലിട് "

ചോദ്യവും ഉത്തരവും വളരെ പെട്ടെന്നായിരുന്നു..

പഴയ കാലം പോലെ പഴയ പ്രണയവും ആർക്കും വേണ്ടാതായി,

ഈ നൂറ്റാണ്ടിൽ ജനിച്ചത്‌ തന്നെ ഇശ്ശി നേരത്തെ ആയി എന്ന് കരുതുന്ന അൾട്രാ മോഡേണ്‍ പെണ്‍കുട്ടിയോട് തോന്നിയ അടക്കാനാകാത്ത പ്രണയം ഇത്ര പെട്ടെന്ന് ഊശിയാകും എന്ന് നമ്മുടെ നായകൻ വിചാരിച്ചില്ല.

ഈ ശശിയെ അങ്ങ് നായകനാക്കിയതിൽ ആർക്കെങ്കിലും വിരോധമുണ്ടോ , ഒരു പഴയ നായകൻറെ മകനാണ് എന്ന് കരുതിക്കോളണം , രാഷ്ട്രീയം കണ്ടു പഠിച്ചതാ..

കാര്യത്തിലേക്ക് വരാം,  നായകൻ സാമാന്യം സുമുഖനും പ്രേം നസീറിന്റെ കടുത്ത ആരധകനുമാണ്. പഴയ സിനിമ പോലെ ,ഭവതി എന്നൊക്കെ പറഞ്ഞു പ്രോപോസ് ചെയ്യുന്ന ടൈപ്പ്!

അല്പം പഴഞ്ചനായിപ്പോയി എന്ന് തോന്നിയില്ലേ , അതാണ്‌ പ്രോബ്ലം.

"ഭവതിയുടെ ഹൃദയം പനിനീർപ്പൂവു പോലെ നിർമലമാണ്" എന്നൊക്കെ പറഞ്ഞാൽ  മൂക്കും കുത്തി വീഴുന്ന  ടൈപ്പ് ആയിരുന്നില്ല  നമ്മുടെ  നായിക.

നായകൻ ഇതുവരെ മുട്ടിയ പലരും ഈ ഡൈലോഗുകൾ  കേട്ട് വഴി മാറി പോയവരാണ്. എങ്കിലും ആത്മവിശ്വാസം  ഒട്ടും പോയിട്ടില്ല.

ഒരു 24th സെഞ്ചുറി പെണ്‍കൊടി ആണ് സ്വപ്ന കാമുകി , പക്ഷെ ഒന്നും അങ്ങോട്ട്‌ അടുക്കിന്നില്ല.

അവസാനത്തെ അറ്റംപ്റ്റ് ചീറ്റി പോയതാണ് നമ്മൾ ഇപ്പൊ കണ്ടത്.

അല്പം കയ്യ് കാട്ടി വളച്ചു വച്ച ഒരുത്തിക്കു വേണു നാഗവള്ളി സ്റ്റൈലിൽ ജുബ്ബ ഇട്ടു ചെന്ന് ഒരു പ്രണയ ലേഖനം കൊടുത്തു...

എക്സ്പെക്റ്റഡ്‌  റിസൾട്ട്‌ കിട്ടിയില്ല, ഒള്ള ഇമ്പ്രൂവ്മെന്റ് പോകുകേം ചെയ്തു.

പഴയ കാലം അല്ല , തീർക്കാനുള്ളത് അവലയിട്ടു തീർക്കും, അല്ലാതെ ഗുണ്ടകളായ അമ്മാവൻ മാരെയും ആങ്ങളമാരെയും ഒതുക്കാൻ വിഷമിക്കണ്ട. ഒപ്പം മുറച്ചെറുക്കൻമാറും വേദി വിട്ടു.

യോ യോ ബോയ്സ് ആണ് ഇപ്പോ  താരങ്ങൾ. പൊതുവെ പെണ്‍കുട്ടികൾ ഇവരെ അലവലാതികൾ വായ്നോക്കികൾ പഞ്ചാരകൾ  എന്നൊക്കെ വിളിക്കുമെങ്കിലും അവറ്റകൾ അവസാനം യെസ് മൂളുന്നതു, ഈ ടീമ്സിനോടാവും. അല്പം പഞ്ചാര ഇല്ലേൽ എങ്ങനാ അല്ലെ.

 അപ്പൊ നായകൻ മാറിയേ പറ്റൂ, ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തന്നെ തിന്നണമല്ലോ.

നായകന് ജുബ്ബ ഊരി, ജീന്സിലേക്കും ജോക്കിയിലേക്കും പ്രവേശിച്ചു.
സ്റ്റൈൽ മാറ്റി. പഞ്ചാര അടിക്കാനും വയ്നോക്കാനും ചതിക്കാനും പഠിച്ചു.

അങ്ങനെ വളർച്ചയുടെ ഏണിപ്പടികൾ വലിഞ്ഞു കേറി.

ഇപ്പൊ നായകൻ പെണ്‍കുട്ടികളുടെ സ്വപ്ന കാമുകൻ  ആണ് .

വളച്ചെടുത്തവരുടെ ലിസ്റ്റ് ടെലഫോണ്‍ ഡയറക്ടറി പോലെ ആയി, ചതിക്കപ്പെട്ടവരും ഒരുപാട്.

ഇനിയും  ഇവന് വേണ്ടി ക്യുവിൽ  നിൽക്കുന്ന ഇന്കംമിംഗ് പ്രോപോസൽസ്സും.


തട്ടിപ്പ് വീരൻ മാരെ മാത്രേ ഇപ്പൊ ആളുകൾക്ക് വേണ്ടു.

കാലത്തിനു അനുസരിച്ച് കോലം  മാറിയതല്ല , മാറ്റിയതാണ് , മാറിപ്പോയതാണ്.







 ഇടവേളയിൽ .. idavelayil

നമ്മളൊക്കെ കണ്ടാൽ പഠിക്കില്ല, കൊണ്ടാലെങ്കിലും ????


അധികം കുടിച്ചാല്‍ ആണ്ടവനും... 

ചുമ്മാ ഈ ലേഖനം കഴിഞ്ഞ ആഴ്ച്ച വയിച്ച്തെയുള്ളു. അപ്പോളിതൊരു ചരിത്ര സംഭവം ആയിട്ടൊന്നും തോന്നിയില്ല. രണ്ടെണ്ണം അടിച്ചു ജോളി ആയി നടക്കുന്ന ആർക്കും പറയാൻ ഒരു പാട് ന്യായം കാണുമല്ലോ.

വെറുതെ രണ്ടെണ്ണം അടിച്ചു കിടന്നുറങ്ങുന്നവരെ ന്യായീകരിക്കാൻ, പാവത്തിന് എന്തോ മനപ്രയാസം ആണ് എന്ന് ചിലര് പറഞ്ഞു കേട്ടിട്ടുണ്ട്, ശുദ്ധ ഭോഷ്കാണ് അത്. വെള്ളമടിച്ചാൽ മനപ്രയാസം മാറാനൊന്നും പോണില്ല, അതും ഒരു കാരണം, പ്രാർത്ഥിക്കാൻ ഉള്ളതു പോലെ വെള്ളമടിക്കാനും ഓരോരോ കാരണങ്ങൾ. അത്രതന്നെ!

മറ്റൊരു ന്യായം സോഷ്യൽ ഡ്രിങ്കിംഗ് ആണ്,  എത്തിക്കൽ ഹാക്കിംഗ് എന്നൊക്കെ കേൾക്കും പോലെ വലിയ സംഭവം ആണ് എന്ന് വിചാരിക്കും കേട്ടാൽ, ഒന്നുമില്ല അല്പസ്വല്പം ഇംഗ്ലിഷ് അറിയാവുന്നവരുടെ വെള്ളമടി അത്ര തന്നെ.

കൂട്ടത്തിൽ ഏറ്റവും കൂടുതൽ അടിക്കുന്നവനും, പിടിച്ചു നിൽക്കുന്നവനും ഹീറോ പരിവേഷം കിട്ടുന്നു. നാക്ക്‌ കുഴയാതെ അവർ പറയുന്നത് മിണ്ടാൻ പറ്റാത്ത ബാകി ഉള്ളവർ  ഉള്ള ബോധത്തിൽ കേൾക്കും എന്നിട്ട് എല്ലാവരും അടിച്ചത് ഒന്നും ആയില്ല, ഒരു ഫുൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും ആയേനെ എന്ന് പറയും. പറ്റായെന്നോ  തലയ്ക്കു പിടിച്ചെന്നോ കുടിച്ച കുപ്പിയെ വിചാരിച്ചു പോലും ഒരാളും സമ്മതിക്കില്ല.
ആ ഒരു ഈഗോയിൽ സ്വയം വണ്ടി ഓടിച്ചു എല്ലാരും വീട്ടിൽ പോകുന്നു,
ഇതാണ് നേരത്തെ പറഞ്ഞ സോഷ്യൽ ഡ്രിങ്കിങ്ങിന്റെ ചുരുക്കം.

ഒരു തരത്തില്‍  പറഞ്ഞാൽ എത്തിക്കൽ ഡ്രിങ്കിംഗ്  അഥവാ കുടിക്കണേൽ ഇങ്ങനെ വേണം. വിശുദ്ധമായ എല്ലാ വെള്ളിയാഴ്ചകളിലും ഈ ആചാരം ഒട്ടും മുടക്കില്ലാതെ നടന്നു പോകുന്നുണ്ട്.

അങ്ങനൊരു വെള്ളിയാഴ്ച ഒരു സോഷ്യൽ ഡ്രിങ്കിംഗ് ഒക്കെ നടത്തി,  കിടന്നുറങ്ങി രാവിലെ എഴിന്നേറ്റു വേറെ ചില കാര്യങ്ങൾക്കായി സിറ്റിയിൽ എത്തിയപ്പോളാണ്, ആദ്യം ആ വിവരം വാട്‌സാപ് വഴി എത്തിയത്,  എന്റെ ചേട്ടായി  തലേന്നത്തെ പാർടി കഴിഞ്ഞു പോകും വഴി അപകടത്തിൽ പെട്ട് ഹോസ്പിറ്റലിൽ ആണെന്ന്.

ഞെട്ടിപ്പോയി ഞാൻ,  അസംഭവ്യo .

എന്റെ ചേട്ടായി നേരത്തെ പറഞ്ഞ പോലെ ഒരു ഹീറോ ആണ്. കുപ്പി പൊട്ടിക്കാൻ മുതൽ ലാസ്റ്റ് പെഗ് ഒഴിക്കാൻ വരെ സ്വന്തം സ്റ്റൈൽ ഉള്ള  ആൾ.

കൂടെ അടിക്കുന്ന എല്ലാരും വീണു പോയാലും ഒറ്റക്കാലിൽ നില്ക്കാൻ പറ്റും ചേട്ടായിക്ക്.

നാല് ബ്രാൻഡുകൾ മാറി മാറി അടിച്ച ജീവിതത്തിൽ ഒരേ ഒരു പ്രാവശ്യം മാത്രം ഓഫ്‌ ആയിപ്പോയ കഥ ഓരോ 'കൂടലിലും' , അവസാനത്തെ പെഗ് ഒഴിക്കുമ്പോൾ പറയാറുള്ളത് ഞാൻ ഓർത്തു പോയി.   അതു വെറും കഥ മാത്രം ആയിരുന്നില്ല ആളൊരു പുലി തന്നെ ആയിരുന്നു.

ഏകദേശം ഒരു ഫുള്ളൊക്കെ അടിച്ചു കൂളായി ബൈക്ക് ഓടിച്ചു പോകും, വേറെ ആരേലും ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞാൽ പോടെ എന്ന് പറയും.

പിന്നെ ഹാങ്ങ്‌ ഓവറിൽ കിടന്നുറങ്ങുന്ന എന്നെ പല ദിവസങ്ങളിലും വിളിച്ചെഴുന്നേൽപ്പിക്കുന്നതും  ചേട്ടായി  ആയിരുന്നു. ശെരിക്കും പുലി അല്ല ഒരൊന്നര സിങ്കം.

ആ ചേട്ടായി വീണു എന്നാണു മെസ്സേജ്.

ഞാൻ  പറ്റിയ വേഗത്തിൽ ഹോസ്പിറ്റലിൽ എത്തി.  ആരെങ്കിലും എന്നെ പറഞ്ഞു പറ്റിച്ചതായിരിക്കണേ എന്ന എന്റെ പ്രാർത്ഥന ദൈവം കേട്ടില്ല, സംഗതി സത്യം ആണ്.
കഴിച്ചു കഴിഞ്ഞു ബൈക്ക് സ്പീഡിൽ  ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഹൈ ആയി തനിയെ വീണതാണ്.  മുഖം ഇടിച്ചുള്ള വീഴ്ചയിൽ ഹെൽമെറ്റ്‌ ഉണ്ടായിട്ടും സാരമായി പരിക്കേറ്റു.

ചേട്ടായി ഐ സി യു  വിൽ . പുറത്തു ഫാമിലി മുഴുവൻ ഉണ്ട്.

കുടി കൂടുതലായതിനു ചേട്ടായിയെ പഴിച്ചുകൊണ്ടും , കൂടെ ഒന്നും വരാതിരിക്കാൻ ദൈവത്തെ മുറുകെ പിടിച്ചുo  കൊണ്ടും, പിന്നെ കരച്ചിൽ അടക്കി  ധൈര്യം സംഭരിച്ചുo.

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ മേലോട്ടും നോക്കി നിന്നു.

നേരത്തെ വായിച്ച ലേഖനം ആണ് ഓർമ്മ  വന്നത്.

ദൈവമേ ഒന്നും സംഭവിക്കരുതേ....

ഇങ്ങനെ കുടിക്കാൻ എന്താ ഇത്ര മനപ്രയാസം, വല്ല ഫാമിലി പ്രോബ്ലം ഉണ്ടോ എന്നൊക്കെ ആരോ ചോദിക്കുന്നുണ്ടായിരുന്നു.  സോഷ്യൽ ഡ്രിങ്കിങ്ങിനെ പറ്റി അറിയാത്ത പലർക്കും പല സംശയം.

ഒടുവിൽ  ഡോക്ടർ വന്നു പറഞ്ഞു

 'പേടിക്കാനൊന്നും ഇല്ല ഉടനെ ഒരു സർജറി വേണം, മുഖത്തെ എല്ലോരെണ്ണം പോട്ടിയിട്ടുള്ളത് ശെരിയാക്കാൻ.
അഞ്ചു പല്ലുകൾ പോയിട്ടുണ്ട്. പിന്നെ മുഖത്ത് അല്പം വലിയ ഒരു മുറിവുണ്ട്,ഒരു  പ്ലാസ്റ്റിക്‌ സർജറി കൂടി വേണം,
അപകടത്തിന്റെ ഓർമ  പോലെ മുഖത്ത് ഒരു പാട് കാണും, ഒന്നോർത്താൽ ഇനി പൊട്ടിക്കാൻ കുപ്പി എടുക്കുമ്പോൾ  അതു ഒന്നൂടെ  ചിന്തിക്കാൻ കാരണമാകും. ശരീരത്തിൽ  ഉള്ള മുറിവുകളിൽ വേണ്ട സ്ടിച്ചെസ് ഇട്ടിട്ടുണ്ട്.

ലൈഫ് ത്രെറ്റെനിങ്ങ് ആയി ഒന്നും ഇല്ല , കുറച്ചു സമയം എടുക്കും, ഹി ഈസ്‌ ഫൈൻ.'

പക്ഷെ, ഓപറേഷന് വേണ്ടി മറ്റോരു ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടി വന്നു.

ആ അര മണിക്കൂർ യാത്രയിൽ, ആംബുലൻസിൽ ഞാനും ചേട്ടായീo , ചേട്ടായീടെ  ഭാര്യയും മാത്രം,  കനത്തു വരുന്ന  ആ അന്തരീക്ഷം തണുപ്പിക്കാൻ കൊറേ വളിപ്പ് പറയണ്ടി വന്നു.

ആരും കേറാനിഷ്ടപ്പെടാത്ത ആംബുലൻസിൽ  ഞങ്ങൾ മൂന്നു പേർ.

ചേട്ടായി അപ്പൊ മകളെ പറ്റി ഓർത്തു കാണണം.

ഒരുപാട് ഭാവി തീരുമാനങ്ങൾ മിണ്ടാതെ തന്നെ ചേട്ടായി പറയുന്നുണ്ടായിരുന്നു.
..
.
.
ഇപ്പൊ ഞാൻ ഇതെഴുതുമ്പോൾ ചേട്ടായി ഓപ്പറേഷൻ തീയറ്ററിൽ ആണ്.
മൂന്നു മണിക്കൂറോളമായി ഓപ്പറേഷൻ തുടങ്ങിയിട്ട്...

എല്ലാം ശെരിയാവും ... ആവണം!!

ദൈവമേ!
.
.
.
.
.
-----------------------------------------------------------------------------------------------

അന്ന് വൈകുന്നേരം കൂട്ടുകാരുടെ കൂടെ ബിയർ അടിക്കുമ്പോഴും കുടിക്കരുത് എന്ന തീരുമാനം എന്റെ മനസ്സിൽ  ഓടിയില്ല , 

നമ്മളൊക്കെ കണ്ടാൽ പഠിക്കില്ല , കൊള്ളണം....

നനന്നാവാൻ  ശ്രമിക്കുകയെയുള്ളൂ നന്നാവില്ല..










 ഇടവേളയിൽ .. idavelayil

2014, ഫെബ്രുവരി 12, ബുധനാഴ്‌ച

ഒന്ന് + ഒന്ന് = ഇമ്മിണി വല്ല്യ ഒന്ന് !



‘ഒന്നും ഒന്നും എത്രയാണെടാ?’

ഗുരുനാഥൻ ഒരിക്കൽ മജീദിനോടു ചോദിച്ചു.

………………………………………………..

മജീദ് ആലോചിച്ചു. രണ്ടു നദികൾ സമ്മേളിച്ചു കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതു പോലെ രണ്ട് ഒന്നുകൾ ഒരുമിച്ചു ചേരുമ്പോൾ കുറച്ചുകൂടി വണ്ണംവെച്ച ഒരു വലിയ ‘ഒന്ന്’ ആയിത്തീരുന്നു. അങ്ങനെ മജീദ് സാഭിമാനം പ്രസ്താവിച്ചു:

‘ഇമ്മിണി വല്യ ഒന്ന്!’

അങ്ങനെ കണക്കു ശാസ്ത്രത്തിൽ ഒരു പുതിയ തത്ത്വം കണ്ടു പിടിച്ചതിനു മജീദിനെ അന്നു ബഞ്ചിൽ കയറ്റി നിർത്തി.”




-- കടപ്പാട് വൈക്കം മുഹമ്മദ്‌ ബഷീർ




























 ഇടവേളയിൽ .. idavelayil

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

ബംഗളൂരു പോലീസ് !



പേര് കേൾക്കുമ്പോൾ ഒരു മുംബൈ പോലീസ് സ്റ്റൈൽ സ്റ്റോറി ഒന്നും പ്രതീക്ഷിക്കരുത് , ചുമ്മാ ഒരു സംഭവം തട്ടിക്കൂട്ടി എഴുതാൻ പോണു അത്രേയുള്ളൂ ...

പേരുപോലെ തന്നെ സംഭവം നടക്കുന്നത് ബാoഗളൂര് ആണ്, ഒരു മാസാവസാനം അർത്ഥരാത്രി ഫ്ലാറ്റിനു മുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് മൂത്രമൊഴിക്കാനിറങ്ങിയ ആ മൂന്നു ചെറുപ്പക്കാരുടെ മനസ്സിൽ ലഡ്ഡു പൊട്ടി, "നമുക്കൊന്ന് നടക്കാനിറങ്ങാം..".
ആര്ക്കും ചേദമില്ലാത്ത ലഡ്ഡു ആയതിനാലും, കുടിച്ച ബിയറിനു ബാലൻസ്‌ തെറ്റിക്കാൻ ആവാത്തതിനാലും മൂന്നുപേരും അടുത്ത ഇട വഴി ലക്ഷ്യമാക്കി നടന്നു.

നടന്നു നടന്നു കെട്ടിറങ്ങി, കുടിച്ച കാശ് വെറുതെ ആയി എന്ന് തോന്നിയപ്പോൾ അവർ തിരിച്ചു നടന്നു.

വരുന്ന വഴി കണ്ണു പിടിക്കാഞ്ഞിട്ടോ അതോ കാണാഞ്ഞിട്ടോ എന്നറിയില്ല, ഇപ്പോൾ നാല് ഗമണ്ടൻ പട്ടികൾ നീയോ ഞാനോ എന്ന മട്ടിൽ അവരെ നോക്കി ആ ഇടവഴിയിൽ നിൽപ്പുണ്ടായിരുന്നു.. ആ തെരുവു നായ്ക്കളെ കടന്നു വേണം തിരിച്ചു പോവാൻ.

പണി പാളി, 

"ഫോളോ മി .."

കൂട്ടത്തിൽ ഏറ്റവും ധൈര്യമുള്ള മച്ചമ്പി മുന്നോട്ടു നടന്നു.... "പട്ടികൾ നമ്മളെ ഒന്നും ചെയ്യില്ല.. ധൈര്യം! അതാണ്‌ നമുക്ക് വേണ്ടത് "

ഏകദേശം പട്ടിയുടെ അടുത്തെത്തിയപ്പോൾ മച്ചമ്പിക്ക്താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്ന് തിരിച്ചറിവുണ്ടായി, കൂട്ടുകാർ രണ്ടും നിന്നിടത്ത് തന്നെ ഇളിച്ചുകൊണ്ട് നില്ക്കുന്നു.
ധൈര്യം ചോർന്നു പോയ മച്ചമ്പി എങ്ങനെയോ തിരിച്ചു തന്റെ ക്ലോസ് ഫ്രെണ്ട്സിന്റെ അടുത്തെത്തി പെട്ടെന്നോർമ്മ വന്ന തെറികളൊക്കെ വിളിച്ചു..

പ്രതികരിച്ചത് പക്ഷെ പട്ടികൾ ആയിരുന്നു.മച്ചമ്പി ഉപയോഗിച്ച "നായിന്റെ മക്കളെ" എന്ന പ്രയോഗം അവർക്കിഷ്ടപ്പെട്ടുകാണില്ല, അവർ ഒരു തെറ്റും ചെയ്തില്ലല്ലോ. ആ നാറികൾ അവരുടെ മക്കൾ പോലും..

പട്ടികളിൽ നിന്ന് രക്ഷപെടാനുള്ള ,ഏക വഴി ആയ മെയിൻ റോഡിലേക്ക് അവർ നീങ്ങി.
കുറച്ചു ദൂരെ രണ്ടു പോലീസു മാമന്മാർ ബൈക്കിൽ പോകുന്നവരെ തടഞ്ഞു നിർത്തി ചെക്കു ചെയ്യുന്നുണ്ടായിരിന്നു, കെട്ടിറങ്ങിയതിനാലും ബൈക്ക് ഇല്ലാത്തതിനാലും ഒട്ടും സംഭ്രമിക്കാതെ അവർ മുന്നോട്ടു നീങ്ങി,

പട്ടികളെക്കാൾ ഭേദമാണല്ലോ പോലീസ്...

അവർ പോലീസ്കാരുടെ അടുത്തെത്തിയതും, മലയാളം സിനിമകളിൽ കാണുന്ന തമിഴ് വില്ലൻമാരുടെ മുഖഛായ ഉള്ള ആ പോലീസുകാരൻ അവരെ തടഞ്ഞു നിർത്തി.


തല്ലാൻ കയ്യോങ്ങും പോലെ കയ്‌ പൊക്കി അയാള ചോദിച്ചു "ടൈം എഷ്ടു ??"

മൂന്നു പേരും ഇടതു കയ്തണ്ടയിലെ ഇല്ലാത്ത വാച്ചിലേക്ക് സൂക്ഷിച്ചു നോക്കി.. "ടൈം എഷ്ടു .." വീണ്ടും ചോദ്യം.
കന്നഡ അറിയാത്തതിനാൽ, അറിയാവുന്ന ഹിന്ദിയിൽ "പട്ടി -കുത്ത- നായ" എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും സംഗതി കയ് വിട്ടു പോയി.
പോലീസുകാരൻ കന്നഡയിൽ തെറിവിളിക്കുകയാണ് എന്നറിഞ്ഞിട്ടും ചിരിച്ചുകൊണ്ട് അവർ നിന്നു, പോലീസുകാരൻ അറിയാവുന്ന ഹിന്ദിയിലും തെറി പറഞ്ഞു തുടങ്ങി.

തെറി പറയുമ്പോൾ അയാൾ വലതു കയ് നീട്ടി പിടിക്കുന്നതെന്തിനാണെന്നു മൂന്നു പേർക്കും പിടികിട്ടിയില്ല.

അവർ മാറി മാറി സോറിയും കാലു പിടിക്കലും ട്രൈ ചെയ്തു കൊണ്ടേയിരുന്നു ...






പിന്നീടു സംഭവിച്ചതെല്ലാം നാടകീയമായിരുന്നു , എവിടെനിന്നോ ഒരു പോലീസ് ജീപ് വരുന്നു, മൂന്നിനെയും തള്ളികേറ്റുന്നു, മൂന്നു കിലോമീറ്റർ അപ്പുറത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തുന്നു..

പോലീസുകാർ മാറി മാറി ചോദ്യം ചെയ്യുന്നു.. രാജമാണിക്ക്യം ഒരു തവണ കണ്ടാൽ തന്നെ മനസ്സിലാകുന്ന കാര്യം അവർക്കാർക്കും കത്തിയില്ല.

പോലീസുമാമനും ക്ഷമ നശിച്ചു , അവസാനം അയാൾ വന്നു പറഞ്ഞു , "ഗിവ് 500 ആൻഡ്‌ ഗോ"
രണ്ടാമത്തെ ലഡ്ഡു പൊട്ടി , "സർ , 300 , ഡോണ്ട് ഹാവ് മണി."

അയാൾ ചിന്തയിലാണ്ടു , "സർ പ്ലീസ്"

"ഓക്കേ , ഗിവ് 300 ആൻഡ്‌ ലീവ്"
പിന്നെ ഒന്നും ആലോജിച്ചില്ല , കയ്യിലുള്ള കാശും കൊടുത്തു വെളിയിൽ ഇറങ്ങി...

ഇനി എങ്ങനെ തിരിച്ചു പോകും..?
മച്ചമ്പി വീണ്ടും നേതൃത്വം ഏറ്റെടുത്തു , പതുക്കെ തിരിച്ചു ചെന്ന് കാശ് മേടിച്ച പോലീസുമാമനോട് ചോദിച്ചു

"സർ, കാൻ യു ഡ്രോപ്പ് അസ്‌ ബാക് ??"

ആലുവാ മണപ്പുറത്തു കണ്ട പരിചയം പോലുo കാട്ടാതെ തെറി വിളി.

പിന്നെ അങ്ങു ഇറങ്ങി നടന്നു, വഴിയിൽ പട്ടിയുമില്ല പൊലീസുമില്ല , മൂന്നു കിലോമീറ്റെർ!! വാട്ട്‌ എ മിഡ്‌ നൈറ്റ് വാക് !!

പിറകിൽ നടന്ന കൊച്ചാപ്പി പറഞ്ഞു..

"ഇതിപ്പോ തെറീം കേട്ടു , കാശും പോയി .."

.
.
.
"പോലീസിനെക്കാൾ ഭേദം പട്ടികളായിരുന്നളിയാ..."









 ഇടവേളയിൽ .. idavelayil