2023, നവംബർ 15, ബുധനാഴ്‌ച

യക്ഷി!

സകല  സ്ത്രീ സൗന്ദര്യത്തെയും ആവാഹിച്ചെടുത്ത ഒരു പ്രേത സങ്കൽപം!

വശ്യതയാർന്ന മന്ദഹാസത്തിൽ, പേടിപ്പെടുത്തുന്ന മരണത്തെപ്പോലും പ്രണയിക്കാൻ തോന്നിപ്പിക്കുന്നവൾ. ഏതേതു കവികൾ ഏതേതു ഭാഷയിൽ സൃഷ്ടിച്ചതെങ്കിലും, അവൾ ഒരു അത്ഭുതം തന്നെയാണ്.

ചുറ്റും മൂളുന്ന, മടുപ്പുളവാക്കുന്ന നിശ്ശബ്ദതയിൽ, രാത്രിയുടെ വിരസതയിൽ, ഒറ്റയ്ക്ക്, ആത്മാവിനെ പോലും നഷ്ടപ്പെട്ടു കിടക്കുമ്പോഴാണ്, ആദ്യമായി ഞാൻ അവളെ കണ്ടത്.

ഇണയൊഴിഞ്ഞു പോയ എന്റെ കട്ടിലിന്റെ കാൽക്കൽ എന്നിലേക്ക്‌ ഉറ്റുനോക്കി ഇരിക്കുകയായിരുന്നു. എത്ര നേരം അവൾ അവിടെ ഉണ്ടായിരുന്നു എന്നെനിക്കറിയില്ല. ഉറങ്ങിയുണർന്ന ഞാൻ എന്റെ ഉള്ളിൽ നിന്നും കണ്ണുകളെ പുറത്തേക്കു പറിച്ചു നട്ടപ്പോൾ ആദ്യം അവ ഉടക്കി നിന്നതു അവളിലായിരുന്നു.

 സ്വപ്നമാണെന്നാണാദ്യം കരുതിയത്! ഞാൻ കാണാൻ കൊതിച്ച  മുഖം തന്നെ ആയിരുന്നു അവൾക്ക്. പിന്നീടാണറിഞ്ഞത് യക്ഷികൾക്കു നമ്മുടെ മനസ്സ് കൊതിക്കുന്ന രൂപം ഗ്രഹിച്ചു ആ രൂപം സ്വീകരിക്കാൻ കഴിയുമെന്ന്.

മുഖവുരകൾ വേണ്ടിയിരുന്നില്ല. അവൾക്കെല്ലാം അറിയാമായിരുന്നു!

പ്രണയത്തിന്റെ കയത്തിലേക്ക് തള്ളിയിട്ട ശേഷം, ജീവനുള്ളവർ കടന്നു പോകുമ്പോൾ, അവിടെ കിടന്നു ശ്വാസം മുട്ടി, ലഹരിയുടെ ചുവന്ന കണ്ണുകൾക്ക് അലയാൻ മസ്തിഷ്‌കം സമർപ്പിച്ചു, അതിലും മടുപ്പുതോന്നി, അവിടെ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചപ്പോളാണ് അവൾ അരികിൽ വന്നത്. ഞാൻ ഭാവിയെങ്ങോട്ടെന്നറിയാത്ത തെരുവിലായിരുന്നു.


അവൾ നൂറ്റാണ്ടുകൾ പഴക്കമുള്ളവളാണ്. അവളുടെ പകലുകൾ എന്റെതിൽ നിന്ന് ഒരുപാട് ദൂരെ, ഭൂതകാലത്തിൽ ആയിരുന്നു. 

ചതിക്കപെട്ടവർ എന്നും സ്ത്രീകളായിരുന്ന ഏതോ കാലം. അവളും ഒടുങ്ങിയതാണ്. ഒടുക്കിയതാണ്.

എന്തിനെയും സ്നേഹിക്കാൻ മാത്രം ശീലിച്ചതിന്റെ ശിക്ഷയെന്നോണം!  

അവൾ ഉയിർത്തെഴുന്നേൽക്കുമെന്നു ഭയന്ന ആരൊക്കെയോ ഉണ്ടായിരുന്നു. അവരാണ് അവളുടെ ഒപ്പം കല്ലറയിൽ ചാക്ക് കണക്കിനു കടുകുമണികൾ കുടഞ്ഞിട്ടത്.

കല്ലറയിൽ കടുകുമണികൾ ഉണ്ടെങ്കിൽ, അവ എണ്ണിത്തീരും വരെ പുറത്തിറങ്ങാൻ അവകാശമുണ്ടായിരുന്നില്ല ഒരു യക്ഷിക്കും!. തിട്ടൂരം 

അവൾക്കതും ഇഷ്ടമായിരുന്നു!

പകല്കിനാവിൽ കണ്ണും നട്ടങ്ങനെ കിടക്കാൻ !

കല്ലറയിൽ ഒപ്പമിട്ട കാക്കത്തൊള്ളായിരം കടുകുമണികൾ എണ്ണിത്തീരും വരെ!


എല്ലാം ആകസ്മികമായിരുന്നു. 

ആത്മാവില്ലാത്ത ഞങ്ങളിരുപേരും പ്രണയത്തിലാണ്.

ആത്മാവിനെ തേടി പിടിക്കാൻ പ്രണയത്തിനു പറ്റായ്കയല്ലല്ലോ 

മരണം പോലും തോറ്റു  മാറിയിടത്തു, ഞങ്ങളെ വേർതിരിക്കാൻ ഇനി ആർക്കുമാവില്ലല്ലോ!





2023, സെപ്റ്റംബർ 26, ചൊവ്വാഴ്ച

 നീറുന്ന ചില ഓർമ്മകൾക്ക് ലഹരി പിടിപ്പിക്കുന്ന ഒരു എക്സ്റ്റസിയുണ്ട്.

ആളികത്തുന്ന തീയിലേക്ക് ശലഭങ്ങളെ ആകർഷിക്കും പോലെയൊന്ന്.

2023, സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

2023, മാർച്ച് 1, ബുധനാഴ്‌ച

 പ്രണയം ...

ഒരു വിരഹമില്ലാതെ അതിന്റെ വില അറിയുമോ?

കണ്ണ് പോലെ തന്നെ അല്ലെ അതും, ഉള്ളപ്പോൾ വില അറിയാത്തതും കൈ വിട്ടു പോകുമ്പോൾ ഒരുപാട് മിസ് ചെയ്യുന്നതും.


വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ പ്രണയത്തിനു പൂത്തു നിൽക്കാൻ ഒരു കാടുണ്ടായല്ലോ, നിറയെ കിളിക്കൂടുകൾ ഉള്ള ഒരു കൊച്ചു തുരുത്ത്. അവിടെ ഒരു ചാര് ബെഞ്ചെങ്കിലും നമുക്ക് മാത്രമായി ഉണ്ടായിരുന്നില്ലേ.. പാതിരാത്രി കഴിഞ്ഞു അവിടെ  പോയി ചേർന്നിരിക്കാൻ. തണുപ്പിനേക്കാൾ തണുത്ത നിന്റെ വിരലുകളിൽ വിരൽ ചേർക്കാൻ, ചുള്ളി കമ്പ് പോലുള്ള എന്റെ വിരലിലേക്കു നിന്റെ മോതിരം മാറ്റിയിടാൻ.. എന്റെ ചെറുവിരലിൽ അത് ഒട്ടും ചേരാതെ തിളങ്ങുമ്പോൾ, അതിൽ തടവിക്കൊണ്ട് അതുവരെ പറയാത്തതും പിന്നീട് ഓർത്തുവെക്കാനല്ലാത്തതുമായ ഒരുപാട് കാര്യങ്ങളെ പറ്റി വാ തോരാതെ പറഞ്ഞു തീർക്കാൻ. ഒടുവിൽ ഇത്തിരി നേരം നിന്റെ ഹൃദയമിടിപ്പിനെ കാതോർക്കാൻ. മറന്നുപോകുമെന്നു ഉറപ്പായിരുന്നിട്ടു കൂടി അതോർത്തുവെക്കാൻ ശ്രമിച്ചുകൊണ്ട് അതിലെ ഓരോ മിടിപ്പിലേക്കും ആഴ്ന്നിറങ്ങി.. അവക്ക് തന്റെ പേരിന്റെ ധ്വനിയുണ്ടെന്നു ആശ്വസിക്കാൻ.. 

ലോകത്തിൽ സകലരെക്കാൾ മുകളിൽ ഞാൻ എത്തിയെന്നു തെല്ലോന്നഭിമാനിക്കാൻ 


--- tbc--

2023, ജനുവരി 14, ശനിയാഴ്‌ച

പ്രണയം നമ്മളെ തന്നെയാണ് ഒരായുഷ്കാലത്തേക്കു തടവിലാക്കുന്നത്.

ആരെ പ്രണയിച്ചാലും.


വ്യാകരണ ഭാഷയിൽ പറഞ്ഞാൽ.

ക്രിയ കർത്താവിനെ തടവിലാക്കുന്നു. 

കർമ്മം ഒരു കാറ്റലിസ്റ്റാണ്.