2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

നിശബ്ദതക്കുള്ളിൽ...

"ഇച്ചിരി നേരം ഒന്ന് മിണ്ടാണ്ടിരിക്കോ..."
വാ തോരാതെ ഏതൊക്കെയോ ഓര്മകളുടെ കെട്ടുമാറാപ്പു അവൾക്കു മുന്നിൽ അഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
ഉറങ്ങാൻ പോകുകയായിരുന്ന അവളെ വെറുതെ വിളിച്ചതാണ്. ഇംഗ്ലീഷ് കീബോർഡിൽ കഷ്ടപ്പെട്ടു മംഗ്ലീഷ് ടൈപ്പ് ചെയ്തു ചാറ്റ് ചെയുകയായിരുന്നു, മനസ്സിനൊപ്പം വിരലുകൾക്ക് ഓടി എത്താൻ ആകാതെ ആയപ്പോൾ.

ആയിരത്തൊന്നു രാവുകളിലെ ഏതോ അറബിക്കഥ പറയുകയായിരുന്നു.
വായിച്ചു മറന്ന വരികൾക്കിടയിലൂടെ ഞാൻ എന്നെതന്നെ  മറക്കുന്നത് അറിഞ്ഞില്ല.
അവിടെ നിന്ന് പാബ്ലോ നെരൂദയിലെക്കും..പ്രണയത്തിലേക്കും എന്റെ പഴയ കാലത്തിലേക്കും. പിന്നെ,  എനിക്ക് തന്നെ അറിയാത്ത എന്തിലേക്കൊക്കെയോ..

"വർത്തമാനം പറഞ്ഞു തുടങ്ങിയാൽ പിന്നെ, എന്നെ നിനക്കറിയാലോ, ഞാൻ എന്നെ മറക്കും
വഴിയറിയാതെ വീശുന്ന കാറ്റുപോലെങ്ങൊട്ടൊക്കെയൊ പോകും, തുടങ്ങിയതെവിടെ എന്ന് ഞാൻ തന്നെ മറക്കും.
അപ്പോളാ മിണ്ടാതിരിക്കാൻ പറയണേ!!
നിന്നോട് മിണ്ടാതിരിക്കുന്പോൾ മനസ്സിൽ നുരക്കുന്ന വാക്കുകളാണ് പെണ്ണെ കവിത."

"ഹോ, ഉറങ്ങാനും സമ്മതിക്കില്ല, ഇനി കവിതേം ഉണ്ടോ ? "

"ഇല്ലേ, കവിത നേരത്തേ ഗുഡ് നൈറ്റ്‌ പറഞ്ഞു കിടന്നു."

"എന്തെ അവളെ വിളിച്ചു പറയാത്തെ  ഈ കഥ ഒക്കെ.. "

അവളുടെ  ക്ലാസ്സ്‌ മേറ്റ്‌  ആയിരുന്ന കവിത എന്ന പെണ്‍കുട്ടി എന്റെ കൂടെ ആണ് വർക്ക്‌ ചെയുന്നത്, കവിതയുടെ  പേര് മാത്രം മതി.. സ് ഥിതി  സംഘര്ഷഭരിതമാക്കാൻ.

"നീ ഉറങ്ങാൻ നോക്കിക്കോ, ഞാൻ ഇനി കവിതേം കഥേം ഒന്നും പറയാൻ പോണില്ല"

"ഹോ സമാധാനം , അപ്പൊ ശെരി ഗുഡ് നൈറ്റ്‌. എന്നോട് മിണ്ടാതിരിക്കുന്പോ ഉണ്ടാവുന്ന കവിത , ഐ മീൻ ശെരിക്കും കവിത, നാളെ കേള്പ്പിക്കു."

"ശെരിക്കും ഉറങ്ങാൻ പോവ്വാ??"

"അല്ല, നീ പറ  എന്റെ ഉറക്കം ഒക്കേം നിന്റെ കാൾ വന്നപ്പോളേ പോയി."

"പെട്ടെന്നൊരീസം എനിക്കു മിണ്ടാൻ പറ്റാണ്ടായാൽ ഞാൻ എന്താ ചെയ്യാ.."

"പോടാ,, അങ്ങനൊന്നും വരില്ല്യ"

"നീ ചുമ്മാ ചിന്തിച്ചു നോക്ക്... വെറുതെ."

 അല്പസമയം അവളുടെ നിശ്വാസം മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളൂ

"അപ്പൊ നിന്റെ മനസ്സില് ഒരുപാട് വാക്കുകൾ കവിതകളായി മാറും , നീ എഴുതും, ഞാൻ അതൊക്കേം പാടും"

"നീ പാടണോ... അതിലും ഭേദം ഞാൻ എഴുതാതിരിക്കണതാ."

"പോടാ,  ഇനി നീ എന്റടുത്തു പാടാൻ പറഞ്ഞോണ്ട് വാ."

"ശെരി,  ശെരി.."

"ഇനിയെന്താ ? "

"കണ്ടതിനെ പറ്റിയും  കാണാത്തതിനെ പറ്റിയും എഴുതണം,

 അറിഞ്ഞതിനെക്കാൾ അറിയാത്തനെപ്പറ്റി എഴുതാനാണെനിക്കിഷ്ടം,
പറക്കാൻ കൊതിച്ചിരിക്കുന്ന പക്ഷിക്കുഞ്ഞിന്റെ സ്വപ്നങ്ങളെപോലെ, അറിയാത്ത ലോകത്തെ ഭാവനയിൽ ആവാഹിക്കണം,

കടലിനരികിൽ ചെന്ന് നില്കണം..  കാലിൽ തൊട്ടു ദൂരേക്ക്‌ പോകുന്ന തിരകൾക്കൊപ്പം പോകണം, പിന്നെ കടലിൽ അലിഞ്ഞില്ലാതാവണം. അവിടെനിന്നു കാറ്റിലേറി, മേഘങ്ങളിൽ തങ്ങി നാട് ചുറ്റണം, പിന്നെ നീ നിനക്കാത്ത  നേരത്ത് നിന്റെ മേൽ മഴയായി പെയ്യണം.
..നിന്നിലൂടെ ഒഴുകണം.

ജീവന്റെ തുടിപ്പുകളായി, നിന്നിൽ വസന്തമായി, ഓരോ പുല്ലിലും പൂക്കളായി  അങ്ങനെ അങ്ങനെ അങ്ങനെ,
മിണ്ടാതെ പാടാനറിയാതെ വാക്കുകളെക്കൊണ്ട് മനസ്സിൽ  മാല കെട്ടണം.

ചിരിപ്പിക്കുന്ന ആനന്ദം  നിറഞ്ഞ വരികളും , കണ്ണീർ  പൊഴിക്കുന്ന ദുഃഖാർദ്ര വരികളും നിറയ്ക്കണം

ഓർമകളിൽ സംസാരിക്കാൻ കഴിഞ്ഞിരുന്ന കാലത്തെ മറക്കാൻ പാകത്തിന് കവിതകളിൽ  എന്റെ ശബ്ദം നിറയ്ക്കണം.
എണ്ണ വറ്റുന്ന ഓരോ ചിരാതിലെ കരിന്തിരിയിലും സ്നേഹത്തിന്റെ എണ്ണ പകരണം,

ഒരിക്കൽ വാക്കുകളോട് ചേർന്ന് വരികൾക്കിടയിൽ ഉറങ്ങണം.

.....ഹലോ,
........ ഹലോ , നീ ഉറങ്ങിയോ..??"

.....

"ഉറങ്ങി അല്ലെ! "






ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.