2018, ഡിസംബർ 31, തിങ്കളാഴ്‌ച

(എന്റെ) കവിത

നിന്നിലൂടെ ഒഴുകിയ പുഴയാണ് എന്റെ കവിത,
ഏതോ നിമ്നോന്നതങ്ങളിൽ വഴുതിവീണ,
അവിടെവിടെയോ സ്വർഗത്തെ അറിഞ്ഞ,
ശ്വാസം എടുക്കാൻ പോലും മറന്നുപോയ,
ചിന്നി ചിതറി തെറിക്കുമ്പോഴും, മുത്തുകൾ-
പോലെ തിളങ്ങി ചിരിക്കുന്ന കവിത

അക്ഷരങ്ങൾ കോർത്തെടുത്തു എഴുതി അവസാനിക്കുമ്പോൾ അതിലിനിയും എന്തോ കൂടി എഴുതാനുണ്ടെന്നു കൊതിക്കുന്ന, ദാഹിക്കുന്ന,  ഓരോ കവിതയിലും എവിടെയെങ്കിലും നീ ഇല്ലാതിരിക്കില്ലല്ലോ.

ഉണങ്ങി വരണ്ട ഓരോ തൂലികയിലും ഇടക്കൊരിക്കൽ മഷി കോരി നിറച്ചു എഴുതാനിരിക്കുമ്പോൾ , എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് എന്റെ അത്ര നാളെത്തെ കവിതകളെയും കൊണ്ട് നീ എത്ര തവണ നടന്നകലുന്നു.

അത് കണ്ടു എഴുതാനൊന്നുമില്ലാതെ എന്തിനെന്നറിയാതെ എന്തൊക്കെയോ എഴുതിക്കൂട്ടി ഞാൻ ഇരിക്കുന്നു.

പിന്നീടെപ്പോഴോക്കെയോ,  ഡ്രൈവ് ചെയ്യുമ്പോഴും, കൂട്ടുകാരോടൊത്തിരിക്കുമ്പോഴും ഒറ്റയ്ക്ക് വാ ഒരു കവിത തരാം പോരുന്നോ എന്ന് ചോദിച്ചു കാട്ടി കൊതിപ്പിച്ചു.

പിന്നീടേതോ മരീചികയിലെ പ്രതിബിംബം  പോലെ ഒക്കെയും മാഞ്ഞു പോയി.

വഴിയറിയാതെ. പിന്നിലേക്ക് നോക്കി മുന്നിലേക്ക് നടക്കുകയാണിപ്പോൾ.

ഒരു മായാ വലയത്തിന്റെ ലഹരിയിൽ എങ്ങോട്ടോ പോകുകയാണ്;

കവിതകൾ എനിക്കുള്ളതല്ല  എന്ന് അറിഞ്ഞിട്ടും സമ്മതിക്കാൻ ഒട്ടും  മനസ്സില്ലാതെ.

(ഒരാണ്ട് കടക്കാൻ ഇച്ചിരി നേരം മാത്രമുള്ളപ്പോൾ (2018  ഡിസംബർ 31  രാത്രി  10 :56 ) )





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2018, ഡിസംബർ 1, ശനിയാഴ്‌ച

തത്വമസി



നീയാകിയ ഞാനേ, ഞാനാകിയ നിയേ...
നീയാകും പാറയ്ക്കൊരു പാൽപ്പായസമുണ്ടേ..

മണ്ണാമുടയോനെ മണ്ണിന്നുടയോനേ,
നീയാകും പാറയ്ക്കൊരു പാൽപ്പായസമുണ്ടേ..

വിണ്ണാമുടയോനെ വിണ്ണിന്നുടയോനേ,
നീയാകും പാറയ്ക്കൊരു പാൽപ്പായസമുണ്ടേ..

ഞാനാമുടയോനെ, എന്നിൽ കുടിയോനെ,
നീയാകും പാറയ്ക്കൊരു പാൽപ്പായസമുണ്ടേ..

പൂവാമുടയോനെ, പൂവിൽ നിറവോനേ,
നിന്നിൽ നീറയും തേനേയുണ്ണുന്നതു നീയേ..

കാറ്റാമുടയോനേ, കാറാമുടയോനേ,
മഴയായി പാരാകെ പെയ്യുന്നത് നീയേ..

പുഴയായതു നീയേ മഴയായതു നീയേ,
വെയിലായീ പേമാരിയെ ഒപ്പുന്നതു നീയേ..

നീയാകിയ ഞാനേ, ഞാനാകിയ നിയേ...
നീയാകും പാറയ്ക്കൊരു പാൽപ്പായസമുണ്ടേ..

പാരാകെയുമെങ്ങും നീ നിറയുന്നവനല്ലോ,
എന്നാലീ പാറയ്ക്കേ പാൽപായസമൊള്ളൂ.(2)

മണ്ണാമുടയോനെ മണ്ണിന്നുടയോനേ,
എന്നാലീ പാറയ്ക്കേ പാൽപായസമൊള്ളൂ.

വിണ്ണാമുടയോനെ വിണ്ണിന്നുടയോനേ,
എന്നാലീ പാറയ്ക്കേ പാൽപായസമൊള്ളൂ.

ഞാനാമുടയോനെ, എന്നിൽ കുടിയോനെ,
എന്നാലീ പാറയ്ക്കേ പാൽപായസമൊള്ളൂ.

പാരാകെയുമെങ്ങും നീ നിറയുന്നവനല്ലോ,
എന്നാലീ പാറയ്ക്കേ പാൽപായസമൊള്ളൂ.

നീയാകിയ ഞാനേ, ഞാനാകിയ നിയേ...
എന്നാലീ പാറയ്ക്കേ പാൽപായസമൊള്ളൂ.(2)



[അത് നീ ആകുന്നു 
എല്ലായിടത്തും നിറഞ്ഞു, നിന്നിലും തുളുമ്പുന്ന.. അത് നീ ആകുന്നു...
പക്ഷെ അത് അതും,  നീ നീയുമായി തുടരണം എന്നാണ് വിധി.
]














 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2018, നവംബർ 5, തിങ്കളാഴ്‌ച

നീ എവിടെ പരിപാടി അവതരിപ്പിച്ചാലും....

ഡാ, പാർട്ടീൻ്റ സമ്മേളനാന്ന്, മ്മളു പുവ്വണ്ടെഅയ്നു?
ഇയ്യൊരു ബണ്ടി ഏർപ്പാടാക്ക്.
മ്മളു പത്തൈൻപതു പേരു പോണേക്കെ ആൾക്കളു കാണ്ൺണം, കൊടിയൊക്കെ കുത്തി പുവാൻ ലോറി ന്നാ പഷ്ട്ട്.

അവിടുന്നു തുടങ്ങാം, പാർട്ടീന്നൊക്കെ കണ്ടിട്ടു ആ പാർട്യാണോ ഈ പാർടട്യാണോന്നു ചോയ്ക്കണ്ട, ഞാൻ ഗ്യാരണ്ടി അല്ല.

അല്ലേലും സമ്മേളനത്തിനും പ്രതിഷേധത്തിനും, ലേറ്റസ്റ്റ് ട്രെൻഡ് ആയ നാമജപത്തിനും, ആളെ പുറത്തൂന്നു കൊണ്ടുവരലാണല്ലോ പതിവ്,
ഭരിക്കാത്തവർ അണികളെയും, ഭരിക്കുന്നവർ പോലീസിനെയും  തല്ലാനും കൊള്ളാനും വിടൂ...

പുവാൻ ലോറി ന്നാ പഷ്ട്ട്.

ലോറിയിൽ ആവുമ്പോൾ തലയെടുപ്പുണ്ട്, നാലാള് കാണും.

വണ്ടി കിട്ടി.

ലോറിയേക്കാളും തലയെടുപ്പ്, പവറ്, പരിഷ്കാരം ഗെറ്റപ്പ്.
ടോറസ്സ്ൻ്റത്രേം ഇല്ലേലും, സംഭവം കിടുക്കും. ടിപ്പർ ലോറി!!

വണ്ടി വലുതായപ്പോൾ മറ്റൊരു കുഴപ്പം. പ്രതീക്ഷിച്ചത്ര ആളില്ല. കണ്ടാൽ കാക്ക കൊത്തിയ ചക്ക പോലെ, മൊത്തം ഫ്രീ സ്പേസ്.

പിന്നെ, തൊഴിലുറപ്പിനു വന്ന ചേച്ചിമാർ വരാമെന്നേറ്റു, ചിലവ് തുച്ഛം.
 എല്ലാം റെഡി.

അങ്ങനെ സമ്മേളന ദിവസം വന്നു, മ്മടെ ടിപ്പർ ലോറി തലേന്ന് രാത്രി തന്നെ കൊണ്ടുവന്നു തോരണങ്ങളും  കൊടിയും ഒക്കെ കെട്ടി റെഡി ആക്കി ഇട്ടിട്ടുണ്ട്. കണ്ടാൽ തന്നെ ആരും നോക്കി നിന്ന് പോവും.

അണികളും പാർട്ട് ടൈം അണികളും വണ്ടിയിൽ നിലയുറപ്പിച്ചു ഒരാളുടെ കേറിയാൽ ഇപ്പോ വിടും.

അതെ.

ആ ഒരാൾ , ആ ആളെ കാണാനില്ല.

ഡാ ഡ്രൈവർ സുനി എബഡ്രാ ?

രണ്ടാള് സുനിയെ തപ്പി പോയി, വീട്ടിലില്ല!, കുളിക്കാൻ പോണ തൊട്ടിലില്ല.
നാട്ടിലെ ലോക്കൽ സെറ്റപ്പ് ജാനുന്റെ  വീട്ടിൽ വരെ പോയി നോക്കി, ആള് മിസ്സിങ്.

ഇനി മറ്റേ പാർട്ടിക്കാരെങ്ങാനും?

ഏയ്,  അതുണ്ടാവില്ല. 

ഡാ ഇയ്യ്‌ ഷാപ്പിലു നോക്ക്യാ ?

നോക്കി , അബഡില്ലാ,

അതല്ല, ഷാപ്പിന്റെ പിന്നില് നോക്ക്യാ.

ഐവാ, ഐഡിയ,  സുനിയെ കിട്ടി. അടിച്ചു പറ്റായ ആളുകൾ ഷാപ്പിനു മുന്നിൽ കിടന്നു ഷാപ്പിന്റെ വില പോവാതിരിക്കാൻ, ഇപ്പൊ പിന്നിൽ കൊണ്ടിടാറാണ് പതിവ്.


ഡ്രൈവർ എത്തി പക്ഷെ ഒരു കുഴപ്പം, നാല് കാലിൽ ആണ് വന്നത്. തല നേരെ നിക്കണില്ല.

തോട്ടിലൊന്നു മുക്കി പൊക്കി എടുത്തപ്പോ നാലിൽ നിന്ന് ഒരു രണ്ടര മൂന്ന് കാലിലേക്ക് എത്തി.

എന്തൊക്കെയായാലും ഡ്രൈവിംഗ് സീറ്റിൽ ഇരുന്നതും  ആള് പ്രൊഫഷണൽ ആയി. അതാണ് സുനി.

വണ്ടി സ്റ്റാർട്ട്  ആയി ! എല്ലാരും ശരണം,  സോറി മുദ്രാവാക്യം ആഞ്ഞു വിളിച്ചു.

വഴിയിൽ എല്ലാരും നോക്കണ്ട്, പാർട്ടിയെ നാലാള് അറിഞ്ഞു തുടങ്ങ്യ ടൈം ആയോണ്ട് എന്ത് പറഞ്ഞാലും ചെയ്താലും നല്ല മൈലേജ് ആണ്. ഈ ലോറി നാളെ പത്രത്തിൽ വരുമെന്ന കാര്യം ഉറപ്പാണ്.


അങ്ങനെ സമ്മേളന സ്ഥലം എത്തി
ആകെ തിരക്കാണ്,  ചെറിയ സ്ഥലം. കുറച്ചു ആളുകൾ, ആകെ ഞെരുക്കം,.തിരക്ക് കൃത്രിമമമായി ഉണ്ടാക്കുന്ന പാർട്ടി ബുദ്ധി.

വണ്ടി കണ്ടതും എല്ലാര്ക്കും ആവേശം.
ആളുകള് അങ്ങോട്ടും ഇങ്ങോട്ടും കൈ കാണിച്ചു വണ്ടിക്കു വഴി കാണിച്ചു,
ഒരു ആന വരും പോലെ,
വണ്ടിയുടെ തലയെടുപ്പ് അവിടെ ആകെ ശ്രദ്ധിക്കപ്പെട്ടു, എല്ലാരും നോക്കുന്നു,, സംസാരിക്കുന്നു, കൈ ചൂണ്ടുന്നു ഓടുന്ന വണ്ടിക്കു മുന്നിൽ കയറി സെൽഫി എടുക്കാൻ വരെ ട്രൈ ചെയ്യുന്ന ഹ്യുമൻ ബീയിങ്സ്,

ഇത്രേം ഓളം ആയ സ്ഥിതിക്ക് വണ്ടി അങ്ങ് മുന്നിൽ പോയി നിർത്ത്യാ മതീന്ന് തീരുമാനം ആയി, ബട്ട് വളക്കാൻ സ്ഥലമില്ലാത്തോണ്ട് റിവേഴ്‌സ് പോണം, സകല ലോക്കൽ നേതാക്കളും വണ്ടിക്കു സൈഡ് പറഞ്ഞു കൊടുക്കാൻ മത്സരം കൂട്ടി,  പലരും പല ഓർഡർ പറഞ്ഞു കൊടുത്തു
സ്റ്റിയറിംഗ് സുനിയുടെ വിരലുകളിൽ നൃത്തം ചെയ്തു ടിപ്പർ വണ്ടി ക്ലീൻ ആയി റിവേഴ്സിൽ സമ്മേളനസ്ഥലത്തിനു തൊട്ടു മുന്നിൽ.

വാട്ട് എ ഡ്രൈവിംഗ് സ്കിൽ, സൂചി കയറുന്ന വഴിയിലൂടെ ഓട്ടോറിക്ഷ കയറ്റിയ ആത്മ നിർവൃതിയിൽ സുനി നോക്കി. ഇതൊക്കെ എന്ത് !!
തഗ് ലൈഫ് തൊപ്പിയും ചുരുട്ടും ഇല്ലെങ്കിലും, ആ ഒരു ലെവെലിലേക്കു ഡ്രൈവർ സുനി.

വണ്ടി നിന്നതും.തികച്ചും യാന്ത്രികമായി സുനി പിന്നിലേക്കും പിന്നൊന്ന്  മേലോട്ടും നോക്കി, എന്നിട്ട് ലിഫ്റ്റ് ലിവറിൽ കൈ വച്ചു.

അണ്ലോഡ് ചെയ്യാൻ  ടിപ്പർ ന്റെ പിൻവശം മേലോട്ടുയർന്നു.

മണലല്ല വണ്ടിയിൽ എന്ന കാര്യം ഓർത്തെടുക്കുമ്പോഴേക്ക്, ദി ഡാമേജ് വാസ് ഡൺ.

സുനി ഇറങ്ങി ഓടി..

വണ്ടീൽ നിന്നവരൊക്കെ ഊർന്നു വീണു,  ദേഹം മൊത്തം ഉരഞ്ഞു  കീറി, പുകഞ്ഞു നീറി, നാട്ടിൽ  നാറി. 

കോണ്ട്രാ.

ട്രാജഡി ആണെങ്കിലും, സീൻ  കോമഡി ആയതുകൊണ്ട് ആകെ ചിരി പരന്നു.

റീത്തുവെക്കാതെ എല്ലാരും രക്ഷപ്പെട്ടു , സംഭവം കളർ ആയി. പത്രത്തിലും വന്നു.  ഒടുക്കത്തെ മൈലേജ്.



ഡാ... മ്മളെന്തേയ്‌താലും ഇങ്ങനാല്ലോ,  ഒടുക്കം മണ്ടൻ പാർട്ടിന്നൊരു പേരും.


മ്മക്ക് ബുദ്ധീല്ലാഞ്ഞിട്ടല്ല,  സാഹചര്യം മ്മക്കനുകൂലല്ല.





 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

2018, ഒക്‌ടോബർ 17, ബുധനാഴ്‌ച

കാലം

മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന സീറ്റുകൾ ട്രയിനിലുണ്ട്. നമ്മൾ പിന്നോട്ടു തിരിഞ്ഞിരുന്നാലും അതു നമ്മെ മുന്നോട്ട് തന്നെ കൊണ്ടുപോകും. കാലവും അങ്ങിനെ തന്നെ.

(-കടപ്പാട് )


 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2018, ഒക്‌ടോബർ 14, ഞായറാഴ്‌ച

പ്രതികാരം

പെയ്തുകൊണ്ടിരുന്ന മഴക്കിടയിലൂടെ ആണ് മിന്നൽചാടി വീണത്‌ .വെട്ടവും ഒച്ചയും ഒരുമിച്ചായിരുന്നു. കാറ്റൊരു നിമിഷം ഞെട്ടി  നിന്നു, ഒഴുകിപ്പോയ മഴത്തുള്ളികളും ആ വെളിച്ചം കണ്ടു തെല്ലൊന്നു തിരിഞ്ഞു നോക്കി.

ആ വെളിച്ചത്തിലാണ് നമ്മൾ ഒരു റെയിൽ പാളത്തിനു അരികിലൂടെ ആണ് കടന്നു പോകുന്നതെന്ന് അറിയാൻ കഴിഞ്ഞത്. മിന്നലിന്റെ വെളിച്ചത്തിൽ നീണ്ടു പോകുന്ന വെള്ളിവരകൾ പോലെ പാളങ്ങൾ,  അടുത്ത നിമിഷത്തിലെ അന്ധകാരത്തിലും കണ്ണിൽ നിന്ന് മായാതെ തിളങ്ങി നിന്നു.

ചില കാഴ്ചകൾ അങ്ങനാണ്,  കരന്റ്  പോയാലും തിളങ്ങി നിൽക്കുന്ന ടെലിവിഷൻ പോലെ.

അതിനിടയിൽ നമ്മൾ കാണാതിരുന്ന ഒരു കാര്യമുണ്ട്. നമുക്കു മുന്നിലൂടെ നടന്നു പോയിരുന്ന ആ ചെറുപ്പക്കാരൻ എങ്ങോട്ടു തിരിഞ്ഞു എന്ന്.  നമുക്ക് മുന്നോട്ടു പോകാം അയാളെ വിട്ടു പോകാൻ ആവില്ലല്ലോ.

വാർ ചെരുപ്പടിച്ചടിച്ചു അയാൾ നടക്കുന്ന ശബ്ദം തെല്ലടുത്തു നിന്ന് തന്നെ കേൾക്കാം. വലത്തോട്ട് തിരിഞ്ഞെന്നു തോന്നുന്നു. ഒരു കുട പോലും ചൂടാതെ, മഴയെ തെല്ലും വക വെക്കാതെ, ഉറച്ച കാലടികളുമായി.


ദൂരെ മങ്ങിയ വെളിച്ചത്തിൽ ഒരു വീട് കാണുന്നുണ്ട്,

അടുത്തേക്കു  ചെല്ലുന്തോറും, കൂടുതൽ വ്യക്തമായി വരുന്നു.  അതൊരു വീടായിരുന്നില്ല,  പാടവരമ്പത്തു നോട്ടത്തിനു കെട്ടും പോലുള്ള ചെറിയ ഒരു ഏറുമാടം. ഒറ്റ റാന്തൽ വെളിച്ചത്തിൽ അതിനകം പ്രകാശമാനമായിരുന്നു. അടുത്തെങ്ങും മറ്റു വെളിച്ചങ്ങൾ ഉണ്ടായിരുന്നില്ല,  ഇരുൾ കൊണ്ട് വേലി കെട്ടയ ഒരു വലിയ പുരയിടം പോലെ തോന്നിച്ചു അതിപ്പോൾ.

അയാൾ അതിലേക്കു വലിഞ്ഞു കയറി. കാൽ പുറത്തേക്കു നീട്ടി ഇരുന്നു. റാന്തൽ വിളക്കിന്റെ തിരി തിരിച്ചു കുറച്ചു കൂടി താഴ്ത്തി. ചുറ്റുമുള്ള ഇരുൾ വേലി അനുസരണയോടെ കുറേകൂടി അരികിലേക്ക് വന്നു നിന്നു. റാന്തലിൽ നിന്ന് കൈ എടുക്കുമ്ബോൾ അയാൾ കയ്യിലേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ രണ്ടു കയ്യും ചേർത്ത് വച്ച്  അതിൽ മുഖം  ചേർത്ത് ഇരുന്നു.

അരൂപികളായ നമുക്ക് അത് കണ്ടു നിൽക്കാനേ കഴിയുമായിരുന്നുള്ളൂ.
വരട്ടെ,
ഇനി നമുക്കൊന്നു തിരിച്ചു പോകാം വന്ന വഴിയേ അല്ല, പിന്നിട്ട സമയത്തിലേക്ക്.

(തുടരും)




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


ഒളിവിൽ

ഞാൻ ഒളിവിലാണ്, എല്ലാത്തിനേക്കാൾ എന്നെ ഒളിച്ചാണു താമസിക്കുന്നത്.  ഓരോ എഴുത്തും ഒരു ഒളിച്ചോട്ടമാണ്. അന്ത:സത്ത പുറത്തു കാണിക്കാതെ, അറിയാത്ത ഒരുപാട് സാഹിത്യങ്ങൾ കോണ്ടൊരു പുകമറ സൃഷ്ടിക്കലാണ്.





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2018, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

തിരികെ വരുമ്പോൾ.


മറന്നു എന്നു പറഞ്ഞു തിരിഞ്ഞിരുന്നിട്ടു കാര്യമില്ല, ചിലകാര്യങ്ങൾ ഓർത്തെടുക്കുക തന്നെ വേണം.  മരിച്ചു പോകുമ്പോൾ കൊണ്ടുപോകാനല്ലെങ്കിൽകൂടി, ചിലതു തിരികെ നേടണം, നമ്മെ സ്നേഹിക്കുന്ന മനസ്സുകളെങ്കിലും.

***

ഉണ്ണാൻ  വിളിക്കുമ്പോഴും, തിരികെ വിളിക്കുമ്പോഴും ഭാവം കാട്ടരുത്.

***

ഓർമ്മകൾ ഉണ്ടായിരിക്കണം! തിരികെ നടക്കുമ്പോൾ, കാഴ്ചകളേക്കാൾ  വഴി കാണാൻ ഓർമകളാണ് ഉപകരിക്കുക.

***

ജീവിതത്തിൽ നഷ്ടപ്പെടുത്തിയ ഓരോ നിമിഷത്തിലും,  തിരിഞ്ഞു നോക്കാൻ ബാക്കി വച്ച ഒരായിരം അനുഭവങ്ങൾ ഉണ്ടാവും. ആ ഓരോ നിമിഷത്തെയും ധന്യമാക്കാൻ പോന്ന അനുഭവങ്ങൾ.

***
ജീവിച്ചു തീർത്ത ഒരു നിമിഷവും നഷ്ടമല്ല,  അവ അനുഭവങ്ങളുടെ വിത്തുകളാണ്.

***

ജനിച്ചാൽ മരിക്കുമെന്നുറപ്പാണ്, പക്ഷെ ജീവിതം മരിക്കാൻ മാത്രമുള്ളതല്ല.

***
കുറെ പേരുടെ ശരികൾക്കിടയിൽ നമ്മുടെ ശരികൾ മങ്ങിപ്പോകുന്നതാണ്, ഒറ്റപ്പെടൽ




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

സ്മൃതി തൻ ചിറകിലേറി

സ്മൃതി  തൻ  ചിറകിലേറി  ഞാനെൻ...
ശ്യാമ  ഗ്രാമ  ഭൂവിലണയുന്നു.... (2)
അരയാലും... കുളവും.. ഈ കല്പടവും...
പുനർജന്മ മെനിക്കേകുന്നു... ഞാനെന്റെ...
ബാല്യത്തിൻ ... തീരത്ത്  നിൽക്കുന്നു....!

മുത്തച്ഛൻ  ഇത്തിരി  മധുരവുമുപ്പും...
ചേർത്തന്നു  ചോറൂണു നൽകിയ  നടയിൽ.... (2)
ഞാനിന്നു  നിൽക്കേ... അറിയാതെ ... ഓർപ്പൂ...
കനവിൻ  മധുരവും... കണ്ണീരിൻ... ഉപ്പും...
ഒരു  നെയ്ത്തിരിയായ് ... തെളിയുന്നൂ....
ഹൃദയത്തിലെന്നുടെ... പൈതൃകം......

 സ്മൃതി  തൻ  ചിറകിലേറി  ഞാനെൻ...
 ശ്യാമ  ഗ്രാമ  ഭൂവിലണയുന്നു....                                                                     

പുഴയോരം  നിൽക്കുമീ... കൈത തൻ  പൂ പോൽ...
പാതിമെയ്  മറഞ്ഞെന്നെ... കുളിരമ്പേയ്തവൾ...(2)
 
അന്നെന്റെ  മനസ്സോ ... മുഗ്ദ  സൌന്ദര്യത്തിൻ...
ആദ്യാനുഭൂതി തൻ  ആനന്ദമറിഞ്ഞൂ...
നറു നിലാവായിന്നും... നിറയുന്നൂ....
ഹൃദയത്തിലവളുടെ... സൗന്ദര്യം....!

സ്മൃതി  തൻ  ചിറകിലേറി  ഞാനെൻ...
 ശ്യാമ  ഗ്രാമ  ഭൂവിലണയുന്നു....



-(കട)
_കുടപ്പനക്കുന്ന് ഹരി




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2018, ജൂലൈ 26, വ്യാഴാഴ്‌ച

തേപ്പിനു ശേഷം.

മത്തീലു മൊളകങ്ങു തേച്ചിട്ടു പിടിക്കണില്ലാ,

ശമീറെ
ഇയ്യന്റ പഴയാളെ ബിളിക്കി, തേക്കാനോളാ പഷ്ട്


***
ഡാ ഇന്റർവ്യൂ ആണ്, ഈ ഷർട്ടു തേച്ചതെങ്ങനുണ്ട്?

ഹാ.. നീ കൊറെ നാളൊരുത്തിയെ കൊണ്ടു നടന്നില്ലേ, അവളു തേച്ചത്രേം പോര.

***
നീയിപ്പഴും ഇങ്ങനെ നടന്നോ, നിന്നെ തേച്ചോളാ, ഓള് ലൈഫ് അടിച്ചു പൊളിക്യാ.

***
ഡാ ഞാനന്നേ പറഞ്ഞില്ലേ അവളു തേപ്പാണ്ന്ന്.

***




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2018, ജൂലൈ 5, വ്യാഴാഴ്‌ച

നാൻ പെറ്റ മകനെ..

കൂരിരുളുള്ളിൽ  കുമിഞ്ഞുകൂടുമ്പോൾ 
മാനുഷർക്കുണ്ടോ മതഭ്രാന്തു തിരിയുന്നു..
മുഴുവയർ കാണാത്ത പട്ടിണികോലത്തിൻ 
ഇടനെഞ്ചു ചോരും ചുടുചോര തിരിയുന്നു.

ഇന്നവർ കണ്ടിച്ചതിന്നിന്റെ മൊട്ടിനെ  
നാളേക്ക് വിരിയേണ്ട പുഷ്പത്തിനെ.
ആ ചാരത്തിലേക്കവർ നോക്കി നെടുവീർപ്പിടും 
തീർന്നെന്നു തെല്ലൊന്നാശ്വസിക്കും .

നാൻ പെറ്റ മകനെ, നീ മരിക്കുന്നില്ല,
ഇനിവരും വിപ്ലവത്തിന്നു തിരിയായി
അഗ്നിയായ് മേലോട്ടുയരും  
ആകാശമാകെ ചുവക്കും 
അതിൽ നീ  തീനാളമായി സ്ഫുരിക്കും 
ചോരചുവപ്പാർന്ന തീനാളം.
കൈവെട്ടുവോരും,
 ഇടനെഞ്ചു കുത്തി തുറക്കുവോരും 
അതിലേക്കൊരു നോക്കു നോക്കാൻ ഭയക്കും.

മതത്തിൽ നുരക്കുമീ-
പുഴുക്കൾ മരിക്കും 
കഴുകനും വേണ്ടാതഴുക്കും.

ആയിരം ചെങ്കൊടികൾക്കൊരു
രക്ത താരമായ്  നീ വഴി കാട്ടും.
ഇന്നിന്റെ തെറ്റിനെ വാക്കാലെതിർത്ത നീ 
നാളത്തെ നേരിൻ പ്രതീകമാകും.







 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


  
  





2018, ജൂൺ 3, ഞായറാഴ്‌ച

സ്കൂൾ മുറ്റത്തെ തണൽ മരങ്ങൾ

മഞ്ഞനിറത്തിൽ ഒരായിരം പൂവേന്തി നിൽക്കുന്ന, ഒരു വലിയ തണലായി,ഒരു കുടയായി നിൽക്കുന്ന വലിയ ഒരു തണൽ മരം, അതിന്റെ സന്തതികൾ എന്ന് തോന്നുമാറ് അതിന്റെ വേരിൽ നിന്ന് മുളച്ച പോലെ മറ്റു രണ്ടെണ്ണം. രണ്ടാമത്തേത്  ആദ്യത്തേതിനേക്കാൾ ചെറുത് മൂന്നാമത്തേത് ഏറ്റവും പുതിയത്, ആദ്യത്തെ രണ്ടെണ്ണം കറുത്ത തൊലി ആയി ഇരിക്കുമ്പോൾ  മൂന്നാമത്തെതു  ബാല്യത്തിന്റെ വെളുപ്പിലാണ് , ആ തണൽ മരച്ചോട്ടിലേക്കാണ്എന്റെ  ബാല്യകാല സ്മരണകൾ ചിലപ്പോഴൊക്കെ  എത്തി നില്ക്കുന്നത്.

വടക്കേക്കര പുതിയകാവ് ഹൈസ്കൂൾ ന്റെ,  മുറ്റത്തു, നടുവിലായി എന്നാൽ സ്കൂൾ മുറ്റം മുഴുവനായി മൂടി പുതച്ചു, എന്റെ ഓർമ്മകളെയും ഇറുക്കിപ്പിടിച്ചു അവ അങ്ങനെ നിന്നു.

എന്റെ ആദ്യ ക്ലാസ്സുകളിലെ വിദ്യാലയ മഴകൾ ഒരു തുള്ളി പോലും നേരിട്ടു  ഭൂമിയെ തൊട്ടിട്ടില്ല. അവയോരോന്നും ഏറ്റെടുത്തു, നനഞ്ഞു കുളിച്ചു, മഴ മാറിയിട്ടും അവ നിന്ന് പെയ്യുമായിരുന്നു.

മഴ ഒന്ന് പെയ്താൽ മരം ഏഴു പെയ്യും, എന്നൊക്കെ പഴഞ്ചൊല്ല്  കേൾക്കുമ്പോൾ,  ഈ മരങ്ങൾ ആണ് ഓര്മ വരുന്നത്.

കല്ല് കളിക്കാനും , ഓടിത്തൊട്ടിനും ഒളിച്ചു കളിക്കും മറ്റൊരു തണൽ ഉണ്ടായിരുന്നില്ല.

സഭാകമ്പം സകല നാഡികളെയും തളർത്തിയ ആദ്യത്തെ യൂത്ഫെസ്ടിവൽ  ഓർമകളിൽ വേദിയിൽ ഇരിക്കുന്നവരുടെ മുഖത്തു നോക്കാൻ പേടി തോന്നി മുകളിയ്ക്കു നോക്കി ആദ്യ കവിത ചൊല്ലിയത്  ആ ചില്ലകളെ  നോക്കി ആയിരുന്നു.

"ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി.."

ഓ എൻ വി യുടെ ഈ വരികൾ കേൾക്കുമ്പോൾ ഇപ്പോഴും എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഗൃഹാതുരത്വം നിറയാറുണ്ട്.


ബാല്യകാല സ്മരണയിൽ മറ്റേതിനേക്കാളും  ഓടിയെത്താറുണ്ടെങ്കിലും.. അവിടെ മൂന്നു വര്ഷം തികച്ചു പഠിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു, ഒന്നാം ക്ലാസ്സിൽ രണ്ടു വർഷവും, രണ്ടിലും മാത്രം. എൽ പി സ്കൂൾ മധുരം ആദ്യമായി നുണഞ്ഞത് അവിടെ ആയിരുന്നു. ചെറിയ മനസ്സിനു ആദ്യമായി വേർപാട് മനസ്സിലാക്കി തന്നതും അവിടെ തന്നെ.മൂന്നാം ക്‌ളാസിൽ ഓണ പരീക്ഷക്കും മുന്നേ ടി സി യും വാങ്ങി അവിടന്ന് പടിയിറങ്ങുമ്പോൾ,  ഒരു ഗ്രൂപ്പ് ഫോട്ടോ പോലും കയ്യിലുണ്ടായിരുന്നില്ല, ഇപ്പോഴും  നൊസ്റ്റാൾജിയ വന്നു മുട്ടി വിളിക്കുമ്പോൾ ഓർക്കാൻ, ചില സ്ഥലങ്ങളുടെ വ്യക്തമല്ലാത്ത ചിത്രങ്ങളും, വിരലിലെണ്ണാവുന്ന പേരുകളും  മാത്രം , സോണി  യും അവന്റെ ചേച്ചി ഹണിയും. പിന്നെ അരുണും അത്രയൊക്കെയേ ഉള്ളു. ബേബി ടീച്ചർ, അംബിക റ്റീച്ചർ, കയ്യിൽ ആറു വിരലുകൾ ഉണ്ടായിരുന്ന ഷൈജിൽ റോജ, നിറയെ ഞൊറികള് ഉള്ള കൊച്ചു പാവാടയിട്ടു  വന്നിരുന്ന അഗിഷ, പിന്നെ ഏതൊക്കെയോ മുഖങ്ങൾ എല്ലാം  ഒട്ടും വ്യക്തമല്ലാത്ത ഓർമകൾ മാത്രമായി ഒതുങ്ങി കഴിഞ്ഞു.

എങ്കിലും, ഒരു മഴ പെയ്യുമ്പോൾ കുളിരു കോരുമ്പോൾ, മനസ്സിപ്പോഴും ആ തണൽ മരച്ചോട്ടിൽ ചെന്ന് നിക്കാറുണ്ട് ചിലപ്പോൾ.  ബാല്യത്തിന്റെ പുണ്യം. ഒരന്യനായിട്ടും എന്നെ ചേർത്തു  പിടിച്ച മണ്ണും മരങ്ങളും.  അവിടന്ന്  ഇറങ്ങിയ അന്ന് മുതൽ മനസ്സിന്റെ ഒരു ഭാഗം പ്രവാസത്തിൽ ആണ്.
ഗൃഹാതുരത്വം പേറി നടക്കുന്ന ഇന്നും തുടരുന്ന പ്രവാസം.

ലാലേട്ടൻ പറഞ്ഞ പോലെ, ഒരിക്കലും തീരാത്ത പ്രവാസം.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.









2018, മേയ് 31, വ്യാഴാഴ്‌ച


"ഞാനിത്തിരി ഒറ്റക്കിരിക്കട്ടെ.. എന്റെ തല ഇപ്പൊ പൊട്ടിത്തെറിക്കും"
രണ്ടു കൈകൾ  കൊണ്ടും മുഖം മറച്ചു കൊണ്ടാണ് അവളതു പറഞ്ഞത്, പോകാൻ ഞാൻ തയ്യാറല്ലായിരുന്നു.

ഞാൻ അവളുടെ കൈകൾ മുഖത്തു നിന്ന് അടർത്തി മാറ്റി, അവൾ ആവും വിധം എതിർത്തു. എന്റെ കൈകളിൽ ചൂടുള്ള കണ്ണ് നീർ പടർന്നു. അവൾ കരയുകയായിരുന്നു.

"നിമ്മി", ഞാൻ വിളിച്ചു .  ശബ്ദം പക്ഷെ പുറത്തു വന്നില്ല.. ഞാനും ഒരു ഷോക്ക്‌ ഏറ്റത് പോലെ ആയിരുന്നു. എന്റെ തൊണ്ട ആ ഒറ്റ നിമിഷം കൊണ്ടു വരണ്ടുണങ്ങി പോയിരുന്നു.

കുറച്ചു മിനിട്ടുകൾക്ക് മുന്പ്, എത്രയധികം സന്തോഷത്തോടെ ആണ് അവൾ ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേക്കു പോയത്, അതും എന്നെ കളിയാക്കി ചിരിച്ചും കൊണ്ട്.

കോളേജിലെ ഫൈനൽ ഇയർ,  ക്ലാസ്സിൽ ഹാജർ നിർബന്ധമില്ലാതിരുന്ന ഒരു സ്റ്റഡി ലീവ് നു, ഞങ്ങൾ കുറച്ചു പേർ മാത്രമേ അന്ന് ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ. അവൾ എന്റെ ഡിസ്കിൽ ആണ് ഇരുന്നെ.. ഞാൻ ബെഞ്ചിലും. പുസ്തകങ്ങളെ ഒക്കേം മറന്നു സംസാരിക്കുകയായിരുന്നു.. പുറത്തുകൂടി പോയ ഫസ്റ്റ് ഇയർ പെണ്കുട്ടിയെ വായ്‌ നോക്കിയതിനു എന്നെ കണക്കിന് കളിയാക്കികൊണ്ടിരുന്നപ്പോൾ ആണ് അവളുടെ ഫോൺ റിംഗ് ചെയ്തത്. ഞാൻ നോക്കും മുന്നേ ഫോണും എടുത്തു അവൾ പുറത്തേക്ക് പോയി..

കുറച്ചധികം നേരമെടുത്തു അവൾ തിരിച്ചെത്താൻ.

അവൾ തിരികെ വരുന്പോൾ തിരിച്ചെന്തെങ്കിലും പറയാൻ ഞാൻ ഒരുങ്ങി ഇരിക്കുകയായിരുന്നു. അവൾ മിണ്ടാതെ, എന്നെ നോക്കുക പോലും ചെയ്യാതെ സ്വന്തം സീറ്റിലെക്ക്  നടന്നു.
"ഡി പൂച്ചക്കണ്ണി, ഇങ്ങോട്ട് വായോ", ഞാൻ വിളിച്ചു.

"നിന്റെ മറ്റവൻ ആണോ വിളിച്ചേ?" ഞാൻ വിടാൻ ഭാവം ഇല്ലാ.
 അവൾ നോക്കിയില്ല.
"അവൻ പറഞ്ഞോ എന്നോട് മിണ്ടണ്ട എന്ന്?"

ഇത്തവണ അവൾ തിരിഞ്ഞു നോക്കി, വല്ലാത്ത ഒരു ഭാവം. അവളുടെ ഡിസ്കിൽ ഇരുന്ന പെൻസിൽ ബോക്സ്‌ എടുത്തു എന്റെ നേരെ എറിഞ്ഞു. അത് ഭിത്തിയിൽ അടിച്ചു നാല് പാടും ചിതറി.


അവ ഓരോന്നും വാരി എടുത്ത് ബോക്സിൽ ഇട്ടു, അതുമായി ഞാൻ അവളുടെ അടുത്തേക്ക് ചെന്നതാണ്.
എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറി മറഞ്ഞത്.

പൊരി വെയിലത്ത്‌ മാനം ഇരുണ്ടു കൂടി പെട്ടെന്ന് ഒരു മഴ വരും പോലെ.  ആ മഴക്കാറിനു താഴെ ഞങ്ങൾ ഒറ്റപ്പെട്ടു പോയത് പോലെ തോന്നി എനിക്കു.
അവൾ കരയുകയാണ്.  ഇതിപ്പോ എന്തിനാണാവോ, ആരാവും വിളിച്ചത്. അവളുടെ മൂഡ്‌ നോക്കാതെ  കളിയാക്കേം ചെയ്തു. മുഖം കണ്ടു മൂഡ്

"എന്താ? എന്ത് പറ്റി ? ",  ചോദിക്കണമെന്നുണ്ടായിരുന്നു.
പക്ഷെ അവളോട് ഒന്നും ചോദിക്കാറില്ലായിരുന്നു ഞാൻ ഒരിക്കലും.
പേർസണൽ ആയ ഒരു കാര്യവും ചോദിക്കരുത്.. അങ്ങനെ ഒരു നിർബന്ധം ഉണ്ടാരുന്നു അവൾക്ക്,  അവളുടെ ഫ്രണ്ട്ഷിപ് നിയമപുസ്തകത്തിലെ ഒന്നാമത്തെ പൊട്ട നിയമം.  ഞാൻ ഒരിക്കലും അത് തെറ്റിക്കാതിരുന്നതിനാലാവണം ഞങ്ങൾ തമ്മിൽ ഈപ്പോഴും ഒരു എടി പോടാ ബന്ധം നിലനിൽക്കുന്നത്.  മൂന്നു വർഷം ഫ്രെണ്ട്ഷിപ്പൊക്കെ അവളുടെ ലൈഫിൽ എവറെസ്റ് പോലെ ആണ്. രണ്ടാഴ്‌ചയിൽ കൂടുതൽ ആർക്കും അവളെ സഹിക്കാൻ പറ്റില്ല, അല്ലേൽ അവൾക്കു പറ്റില്ല.

ഞാൻ അവളുടെ അടുത്ത് തിക്കി തിരക്കി, ഇത്തിരി ഇടമുണ്ടാക്കി ബെഞ്ചിൽ ഇരുന്നു.


കനത്ത മൗനം കാർമേഘം പോലെ അപോഴും മൂടി നിൽക്കുകയായിരുന്നു.


tbc



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.
മനസു നിറയെ നൊമ്പരങ്ങൾ വിങ്ങി നിൽക്കുന്നു
ഒന്നു കരയാൻ കൺതടങ്ങൾ വെമ്പി നിൽക്കുന്നു
മഴയത്തു പോലുമോർമ്മകൾ കനലായി നീറുന്നൂ.
എന്നണലിലോരോ വാക്കുമെന്തേ വറ്റി വരളുന്നൂ.. 

നീ യാത്രയാകും വേളയിൽ എൻ അഴലുമാളുന്നൂ... 
                                                  (മനസു നിറയെ )


പൂക്കളുംപൊയ്കയും കാത്തു വച്ചു..
അവ-ഒക്കെയും ബാക്കിയാക്കി നീയങ്ങ് പോയ് 

 മരണമേ.. നീയിനി.. കനിയുവാൻ എങ്കിലും  



കരൾ പറിച്ച് എന്നിൽ നിന്നും ദൂരെ മാഞ്ഞാലും,
കടലെടുത്തു കര മറന്നു  നീ മറഞ്ഞാലും,
ഒരു മുല്ലപ്പൂവ്പോലെൻ വള്ളിയിൽ നീ പൂത്തുനിൽക്കുന്നു
ഏകനാമീ കൂട്ടുകാരൻ ഇനി നിനക്കാരുമല്ലല്ലോ 






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

അടർന്നു വീഴുമ്പോൾ (ലോസ്റ്റ് ലിവിങ് ടുഗെതർ)

മിണ്ടാതിരിക്കാൻ എളുപ്പമാകും?
ഒരേ ചുണ്ടാൽ കൊരുത്തു പിരിഞ്ഞവർ നാം

ചിരിതാളമൊരുനാളുമുടയാതിരിക്കുവാ-
നാർത്തിരമ്പും കാലമടരാതിരിക്കാൻ,
ഒരു മഞ്ഞൾ ചരടിന്നു മുന്നേ പരസ്പരം
ചേർന്നുറങ്ങാൻ പഠിച്ചവർ നമ്മൾ.

മിണ്ടാതിരിക്കിലും ഉള്ളിന്റെയുള്ളിലെ
തേങ്ങൽ മറയ്ക്കാൻ എളുതല്ലല്ലോ
തല്ലും തിരയ്ക്കും വിങ്ങുന്ന ഹൃത്തിനും
ഉള്ളം മറയ്ക്കാൻ അറിയില്ലല്ലോ

നക്ഷത്ര ബിന്ദുക്കൾ ആകാശ മേലാപ്പിൽ
സ്വർണ്ണം വിതയ്ക്കുന്ന ചക്രവാളങ്ങളിൽ
ഉദയത്തിലേക്ക് കുതിക്കുന്ന രാവിനെ
പാതിവഴിയിൽ തളച്ചിട്ടു നമ്മൾ,

ആ രാവിന്റെ ചോട്ടിൽ ഒരേ പുതപ്പിൽ
നമ്മൾ ഒട്ടിക്കിടന്നതിന്നോർത്തു പോകും.
കാതോർത്തു നാം ഹൃദയ താളം പിടിച്ചതും
കണ്ണുകൾ കൊണ്ടുമ്മവയ്ക്കാൻ പഠിച്ചതും
കാർക്കൂന്തൽ ഓരോന്നു മാറ്റിയിട്ടാ
നെറ്റിത്തടങ്ങളിൽ ചുംബിച്ചതും.
എന്നുമെന്നേക്കും ഒരുമിച്ചു ചേരുവാ-
നൊരു മുന്തിരിത്തോപ്പു സ്വന്തമാക്കാൻ

ഓർക്കാതിരിക്കാൻ എളുതല്ലല്ലോ,
ഒരേ ചുണ്ടാൽ കൊരുത്തു പിരിഞ്ഞവർ നാം..

തേങ്ങുകയായിരുന്നു നി അന്നൊരിക്കൽ
നമ്മൾ വേണ്ടെന്നു പാതി പറഞ്ഞു വയ്ക്കെ.
നിന്റെ ശ്വാസം പരാതിയായാർത്തിരമ്പി..
കൂടു മറന്ന കിളികളെ പോലെ നാം
എന്തോ ചിലച്ചു കലമ്പി നിൽക്കെ...
വഴിമാറി നീയങ്ങകന്നുപോയി 
മുന്നിലേതോ താരക പാത നോക്കി ..
കണ്ണീരിലാളുന്ന തീച്ചൂളയിൽ, വേകുമോർമ്മയിൽ  ഞാൻ മാത്രമായി...

മിണ്ടാതിരിക്കിലും ഉള്ളിന്റെയുള്ളിലെ
തേങ്ങൽ മറയ്ക്കാൻ എളുതല്ലല്ലോ

സ്വപ്നങ്ങളണിയിച്ച പട്ടുമെത്തയിൽ ശാന്തിയിൽ
നമ്മേയൊരുവേളയോർത്തിരിക്കാം..
എങ്കിലാ ഓർമ്മ  നിന്നുള്ളം ചുടും നേര-
മെരിതീയണക്കുവാനറിയാതെ, നിൻ
ആത്മനിർവൃതി ക്കൊരു പൂവർപ്പിച്ചിടാ-
നകലെയമ്പലതിരികൾക്കു മുൻപിലും,
തിരമാലയാളും ആർത്തിരമ്പും കടലി-
ന്റെ ചാരെയും, ഉള്ളുരുക്കി ഞാനലഞ്ഞൂ..

ഓർക്കാതിരിക്കാൻ എളുതല്ലല്ലോ,
ഒരേ ചുണ്ടാൽ കൊരുത്തു പിരിഞ്ഞവർ നാം..






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

വാചാലം

 എന്റെ ശബ്ദത്തെ എന്നെക്കാൾ നന്നായി തിരിച്ചറിയാൻ നീ പഠിച്ചിരിക്കുന്നു. ഞാൻ പോലുമറിയാതെ എന്റെ വാക്കുകളിൽ നിന്നെ നിറയ്ക്കാൻ നിനക്കല്ലാതെ ആർക്കാണ് കഴിയുക. നീ എന്റെ ആത്മാവിൽ ആണ് ഉറങ്ങുന്നതും ഉണരുന്നതും. എന്നിൽ തുളുമ്പുന്ന എല്ലാ സംഗീതവും നിന്നിൽ വന്നാണ് അവസാനിക്കുന്നത്. പിന്നെ എന്റെ ശബ്ദത്തെ എന്നെക്കാൾ നന്നായി നിനക്കറിയാം എന്നു പറയുന്നതിൽ എന്ത് അതിശയോക്തിയാണുള്ളത്?

 എന്റെ ഉള്ളിൽ നിന്ന് നിന്റെ ഉള്ളിലേക്ക് ഒരു വഴിയുണ്ട്. ഹൃദയങ്ങൾ ചേർത്തുകെട്ടിയ നൂൽപ്പാലം പോലെ. നമ്മൾ നമ്മെ കൈമാറിയ വഴി.
 ഒടുവിൽ നിന്നിലേക്കും ഞാൻ എന്നിലേയ്ക്കും ഒതുങ്ങി കൂടിയതും അതേ വഴിയിലൂടെ തന്നെ ആയിരുന്നു.

ഞാൻ എപ്പോഴും പറയാറുള്ളതുപോലെ  ഞാൻ നിന്നിലേക്ക് നടന്ന അതേ വഴിയിലൂടെയാണ് നീ എന്നിലേക്ക് നടന്നത്.

യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമായിരുന്നു. ഓരോ മഴത്തുള്ളിയും നോക്കിനിന്നു ഒരു വഴിയിലൂടെ അത് ഒഴുക്കി പോകുന്നതും നോക്കി നമ്മൾ ഒരുപാടു കനവു കണ്ടു. നമ്മുടെ ആകാശത്തിൽ നിന്നു സൂചിമുനകൾ പോലെ ഒരുപാടു മഴത്തുള്ളികളിൽ ഒരേസമയം താഴേക്ക് വരുമ്പോൾ, ഓരോ  മഴ തുള്ളിക്കും പറയാൻ ഒരുപാട് കഥകളും നൊമ്പരങ്ങളും ഉണ്ടായിരുന്നിരിക്കും.

നമ്മൾ നടന്ന വഴികൾക്ക് ഇരുവശവും സമയം കാത്തു നിന്നു. നമുക്കുവേണ്ടി മഴപോലും മാറിനിന്നു. രാത്രി തന്നെ ചെറുപ്പമായി. പല യാമങ്ങൾ നമുക്കുവേണ്ടി മാറ്റിവച്ചു. രാപ്പാടികൾ  മധുരമായി പ്രണയ ഗാനങ്ങൾ നമുക്കുവേണ്ടി പാടി. നാം അതു ശ്രദ്ധിക്കാതെ നമ്മിലേക്ക് തന്നെ ഒതുങ്ങിക്കൂടി. പ്രണയത്തിൽ നമ്മുടെ ലോകം നമ്മെക്കാൾ ചെറുതായിരുന്നതായി നാം പലതവണ പറഞ്ഞിട്ടില്ലേ.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

കൃഷ്ണഗായത്രി (പ്രണയത്തിന്റെ രാഗം)



നിലാച്ചില്ല രാവിൽ കുടഞ്ഞിട്ട പൂക്കൾ
സുഗന്ധം നിറക്കുന്ന യമുനാതടത്തിൽ,
ഞാനെന്റെ മുരളിയെ ചുണ്ടോടടുപ്പിച്ചാർ-
ദ്രയാം നിന്നെ തഴുകി തലോടി...
കൃഷ്ണഗായത്രി!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...

നിന്നിൽ തുടിക്കുന്നതെൻ ജീവശ്വാസം,
നിന്നോടു ചേരുന്നതെന്നന്തരംഗം,
നിന്നിൽ തുളുന്പുന്ന രാഗമനുരാഗം
കൃഷ്ണഗായത്രി,  നീയെന്റെ പ്രണയം.....
കൃഷ്ണഗായത്രി!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...

രാധികേ, നിന്റെ ആത്മാവിനാഴങ്ങൾ തേടും
നോവിന്റെയീണമായെന്നിൽ നിറയുമീ,
വിരഹത്തിലെങ്കിലും പ്രണയത്തിനീണം
ചാലിച്ച രാഗം!
നിനക്കായുരുകുന്ന ഹൃത്തിൽ നിന്നുതിരുന്ന രാഗം..
ഈകുഴലിനിക്കിളി കൂട്ടുന്ന ഗാനം!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...

കാലം ചമച്ചിട്ട കണ്ണീർത്തടങ്ങളിൽ, 
പൊയ്‌പ്പോയ കര തേടിയലയുന്ന തരണി..
അതിന്നമരത്തു നീയും നില കാത്തുഞാനും
ഓളങ്ങളിൽ എന്റെ കൃഷ്ണഗായത്രിയും.


മുകിൽ മാല തെല്ലും മറയ്ക്കാതെ വിണ്ണിൽ,
തിളങ്ങുന്ന തിങ്കളും കോടി താരങ്ങളു-
മകക്കാന്പിലാനന്ദമേറ്റുമീ വേളയിൽ,
നാമിന്നു ... add--
നിനക്കായിമാത്രമെൻ മുരളി  മൂളുന്പോൾ,
നീയായുണർന്ന രാഗങ്ങളോടൊത്തു,
നി എന്നോടലിഞ്ഞിന്നു നിന്നതില്ല....


അലയായടിച്ചെന്നിൽ വിരഹം നിറയുന്പോളെ-
ന്നോടു ഗർവിച്ചു ദൂരത്തിലെവിടെയോ
ഗോപീമണികളൊടൊത്തു നീ നില്പതും
കനലായി നീറുന്നതും , തേങ്ങുന്നതും... ഉള്ളുരുക്കുന്നതും, ...



<appology>


മുകിൽ പോലെ മഴ പോലെ നിൻ ഉടലിലിതു  പെയ്തോട്ടെ
പുഴ പോലെ ഒഴുകട്ടെ...
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...

രാധികേ, നിന്റെ ആത്മാവിനാഴങ്ങൾ തേടും
നോവിന്റെയീണമായെന്നിൽ നിറയുമീ,
വിരഹത്തിലെങ്കിലും പ്രണയത്തിനീണം
ചാലിച്ച രാഗം!

കൃഷ്ണഗായത്രി!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...







 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.







2018, ഏപ്രിൽ 16, തിങ്കളാഴ്‌ച

ചിരി

എന്നോടു കടം വാങ്ങിയ ആ ചിരി, തിരികെ തന്നില്ലെങ്കിലും അതിങ്ങനെ കാട്ടി കൊതിപ്പിക്കരുത്




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

കരി പുരണ്ട ഹരി


****
ആത്മാവിൽ വിരിയുന്ന പൂവീ
പ്രണയതീർത്ഥത്തിലുയിരിട്ട പത്മം
അറുത്തെടുത്തദ്ധ്യാത്മമുരിയാടും
അസുരബീജത്തെയിപ്പൊഴും
താതഹീനം നൃശംസമെന്നല്ലാതെ,
ഹരിനാമമിട്ടുരുവിടിലുമതിലൊരു
കല്ലുകടിപോലെ, ആ കൃമിപോലറക്കു-
മതൻപിന്റെയലിവിൽസഹിപ്പതുണ്ടോ

***



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2018, ജനുവരി 9, ചൊവ്വാഴ്ച

അന്വേഷണം


എപ്പോഴും വലിയവർക്കുള്ള ക്ലാസ്സിൽ പറയുന്ന, നമ്മൾ ഫോൺ വീളിക്കുമ്പോൾ ഓർമ്മിക്കേണ്ട ഒരു കാര്യമാണ്.
നമ്മൾ പലപ്പോഴും മെസേജുകൾ അയച്ചു വിവരം കൈ മാറുന്നവരാണ്. രണ്ടുപേർ ചാറ്റ് ചെയ്യുമ്പോൾ, വിവരം കൈമാറ്റം നടക്കുന്നു എങ്കിലും, വീട്ടിൽ മറ്റുള്ളവരുമായി ആശയവിനിമയം വിനീമയം നടത്താനുള്ള ചാന്സ് കുറവാണ്. അതുകൊണ്ട് ഇടക്കെങ്കിലും ചാറ്റ് ചെയ്യാതെ, ഫോൺ വിളിക്കണം.

ഇനി ഫോൺ വിളിക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
 നമ്മൾ ഒരാളെ ഫോൺ വിളിക്കുമ്പോൾ, ആ ആളുടെ വീട്ടിൽ നമ്മെ അറിയുന്ന പ്രായമായ  ഒരാൾ ഉണ്ടെങ്കിൽ ഉറപ്പായും അദ്ദേഹത്തിന്റെ സുഖവിവരം അന്വേഷിക്കണം. പറ്റുമെങ്കിൽ പ്രായമായ ആ ആളോടു രണ്ടു വാക്ക് സംസാരിക്കണം.

നമ്മൾ എപ്പോഴും വിട്ടു പോകും. കാരണം നമ്മൾ നമ്മൾക്കു വിളിക്കാനുള്ളവരെ മാത്രം വിളിച്ചു ഉള്ള കാര്യം പറഞ്ഞു ഫോൺ വയ്ക്കും തിരക്കാണ് എല്ലാർക്കും.  നമ്മളൊക്കെ ജോലിസംബന്ധമായോ പഠിക്കാനോ ഒക്കെ പുറത്തു പോകുമ്പോൾ മിക്കവാറും വീട്ടിലേക്കുള്ള വിളി തന്നെ കുറയും. വിളിക്കുമ്പോൾ തന്നെ അമ്മയോടും അച്ഛനോടും സംസാരിച്ചു ഡിസ്കണെക്റ്റ് ചെയ്യുന്നതിനിടയിൽ അമ്മൂമ്മയെയും അപ്പൂപ്പനെ യുടെ വിട്ടു പോകും.

അമ്മയും അച്ഛനും വിവരങ്ങളൊക്കെ അവരോടു പറഞ്ഞുകൊള്ളും. അതു ശരിയാണ്.
പക്ഷേ വീട്ടിൽ ഒരു കാൾ വരുമ്പോൾ അതു തീരും വരെ നമ്മുടെ ശബ്ദം കേൾക്കാൻ അല്ലെങ്കിൽ നമ്മൾ അവരെപ്പറ്റി ചോദിക്കുന്നതു കേൾക്കാൻ കാതോർത്തു ഇരിക്കയാവും ആ അപ്പാപ്പനും അമ്മാമ്മയും. പ്രായമാകുമ്പോൾ അവരെ ആരും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നൊരു തോന്നലുണ്ടാകും. നമ്മൾ ഫോണിൽ രണ്ടു വാക്കു പറയുന്പോൾ, അല്ലെങ്കിൽ അവരെ തിരക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം അതിരില്ലാത്തതാണ്.

അതുകൊണ്ട് ഇനി മുതൽ നമ്മൾ ആരെ വിളിക്കുമ്പോഴും അങ്ങേ തലക്കൽ അടുത്തു പ്രായമായ ഒരാളുണ്ടെങ്കിൽ ഉറപ്പായും അയാളുടെ വിവരങ്ങൾ അന്വേഷിക്കണം, പറ്റിയാൽ രണ്ടു വാക്കു സംസാരിക്കണം.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.