2019, ഡിസംബർ 27, വെള്ളിയാഴ്‌ച

ഓർമ്മകൾ


മറന്നുപോകാതെ വാക്കുകളിൽ കെട്ടിയിട്ട,
ഓർമ്മയുടെ നൂലുകൾ
അതിൽ നീയും ഞാനും ഉണ്ടായിരുന്നു.
***
ചില വഴികളിൽ നമ്മുടെ കാൽപ്പാടുകൾ പതിഞ്ഞങ്ങനെ കിടക്കും, വീണ്ടും വരുമ്പോൾ കാണാകും വിധം.
***
(ഓർമ്മകൾ)
എത്ര പെട്ടി എടുത്താലും പായ്ക്ക് ചെയ്തു തീർക്കാൻ പറ്റാതെ അതങ്ങിനെ കിടക്കും.
***
(ഓർമ്മകൾ)
അടുക്കി പെറുക്കാൻ  പറ്റാത്തത്രയും അലങ്കോലമാവണം ഓരോന്നും, ഒന്നെടുക്കാൻ വരുമ്പോൾ വേറൊന്നിൽ കൈ തട്ടണം
***
(ഓർമ്മകൾ)
ഒരു നഷ്ടബോധം അതിനോടു ചേർത്തു വച്ചില്ലെങ്കിൽ, അതെങ്ങനെ പൂർണമാകും
***
ആകാശമറിയാതെ പെയ്തു തോർന്നേതു,
മേഘക്കിനാവിലീ നമ്മൾ.
ഇത്രമേൽ നേർത്തൊരീയോർമ്മക്കു നമ്മളിൽ
വേരുകൾ ബാക്കിയുണ്ടല്ലോ!
***
ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും
ഊന്നുകോലും ജരാനര ദുഃഖവും
(മഴ - വിജയലക്ഷ്മി)

***






 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

2019, നവംബർ 26, ചൊവ്വാഴ്ച

2019, ഒക്‌ടോബർ 15, ചൊവ്വാഴ്ച

ഐസ് ക്രീം

ഐസ് ക്രീമിനുളളിൽ എന്താ ഉള്ളത് ?

ഐസും ക്രീമും അല്ലെ?

"അല്ലാ, അതിനുള്ളിൽ പ്രണയമാണ്.. ഓരോ സ്പൂണും കോരിത്തരിപ്പിക്കുന്ന, എന്നാൽ അത്ര തന്നെ നിഗൂഢമായ പ്രണയം."

നമ്മൾ ആവാഹിച്ചെടുക്കുകയാണ് മെല്ലെ മെല്ലെ.

സമയമാണ് അതിന്റെ ബേസ് ലൈൻ, ഒറ്റ ഇരുപ്പിൽ കുറെ കഴിക്കാനും പറ്റില്ല , കഴിക്കാതെ ഇരിക്കുമ്പോ കഴിക്കാൻ തോന്നുകയും ചെയ്യും.. മിസ്സിംഗ് ഫീലിംഗ് അറ്റ് ഇറ്റ്സ് പീക്ക്.

പലപ്പോഴായി കുറച്ചു കുറച്ചു നുണഞ്ഞിറക്കുമ്പോൾ, അസ്ഥികളിലേക്കു വരെ ഇറങ്ങി ചെല്ലുന്ന ഫീലിംഗ്..

അത് പ്രണയമല്ലാതെ മറ്റെന്താണ്.







 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.




2019, സെപ്റ്റംബർ 17, ചൊവ്വാഴ്ച

പ്രിയപ്പെട്ടവളെ ഇനി ഈ വഴി വരരുത്



പ്രിയപ്പെട്ടവളെ ഇനി ഈ വഴി വരരുത്....
നിനക്കറിയാവുന്ന രാവുകളിൽ ഞാൻ നഗ്നനായി കിടന്നിരുന്ന അതേ വഴി,
രാവേറെ ചെന്നിട്ടും ഉറങ്ങാതെ, പകലേറെ  പുലർന്നിട്ടും ഉണരാതെ  കിടന്ന അതേ വഴി,
ആശകളുടെ തിരമാലകൾ, ഓരോ മൺതരിയിലും തൊട്ടു തഴുകി ഒഴുകി പോയ അതേ  വഴി.
കടലിരമ്പൽ ഇപ്പൊഴും മുഴങ്ങുന്നുണ്ടിവിടെ.
മറക്കാൻ നിനക്കെല്ലാം എളുപ്പമായതിനാൽ , നീ  മറന്നിട്ടുണ്ടാവും.

പ്രിയപ്പെട്ടവളെ ഇനി ഈ വഴി വരരുത്,
ചിലപ്പോൾ  ഓർക്കാതെ എന്റെ ശിഖരങ്ങളിലോ വേരുകളിലോ നീ തട്ടി  വീഴും.
ഒരുപാടൊരുപാട് താഴേക്ക്.
ഒരു പക്ഷെ നീ കൊതിക്കുന്ന മരണം അവിടെ ഉണ്ടാവില്ല. കാതടിപ്പിക്കുന്ന മൗനത്തിന്റെ ഇരുളിൽ നീ ഒറ്റപെട്ടു പോവും. നിനക്കപ്പോൾ ഞാൻ അന്യനായിരിക്കും.

വിരഹം നിന്നിൽ മടുപ്പുളവാക്കും. കടന്നു പോയ ജന്മങ്ങളിൽ നിനക്കറിയാൻ കഴിയാതിരുന്ന നീ ഉണ്ടാക്കിയ വിരഹം.

ഒന്നുരിയാടാൻ കൊതിച്ചിരിക്കുമ്പോൾ നീ, ഒരുപാടു മുഖങ്ങൾ നിന്റെ ഓർമയിൽ കാണും.  എവിടെയോ കണ്ടു മറന്നതായി തോന്നും. മിന്നി മറയുന്ന അവ ഓരോന്നും ഞാൻ ആയിരിക്കും. 

അടുത്തെങ്കിലും നമ്മൾ തമ്മിൽ ഇതുപോലെ പ്രകാശ വർഷങ്ങൾ അകലം ഉണ്ടായിരിക്കും. നിന്റെ ശബ്ദം അത് കൊണ്ട് തന്നെ എന്നിലേക്ക്‌ എത്തുകയില്ല.


പ്രിയപ്പെട്ടവളെ ഇനി ഈ വഴി വരരുത്,
ആകാശവും കടലും തമ്മിലിണചേരുന്ന ചക്രവാളം ഈ വഴിയിൽ തന്നെ  ആയിരിക്കും
ഇവിടെ ഇനിയും വസന്തം വരും, ഓരോ പുല്ലും പൂവേന്തി നിൽക്കും,
പൂമരങ്ങൾ മെല്ലെ വീശുന്ന കാറ്റിൽ ചാഞ്ചാടും.
രാത്രികൾ നക്ഷത്ര മാലകൾ ചാർത്തി നിൽക്കും..


നീയൊരു കൊടുങ്കാറ്റായി വീശിയ അതെ വഴി, നീ പ്രളയമായി വന്ന അതെ വഴി,
അതൊരു പുതിയ പുലരിയിലേക്കു ഉണരട്ടെ..

അതുകൊണ്ട്,
പ്രിയപ്പെട്ടവളെ ഇനി ഈ വഴി വരരുത്!






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.




2019, ജൂലൈ 9, ചൊവ്വാഴ്ച

നീറുന്ന വാക്കുകൾ

ചിലപ്പോൾ വാക്കുകൾക്കു എഴുതുന്നതിനേക്കാൾ പൊരുൾ ഉണ്ടാവും,
വായിച്ചു കഴിഞ്ഞാലും അവ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും.






 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം. 

2019, മേയ് 20, തിങ്കളാഴ്‌ച

അമാവാസി


നിഴൽ നിലാവിന്റെ നീല നിറം കടം കൊണ്ട് വലുതായി വലുതായി,
 ഭൂമി മുഴോനും വിഴുങ്ങണതാ...




100th 






 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

ശാരിക

നിലാവു  വരച്ചിട്ട ചിത്രങ്ങൾ നാലു പാടും ചിതറിക്കിടക്കുന്നത് കാണാതെ മുന്നോട്ട് ഓടിക്കൊണ്ടിരിക്കുമ്പോ മനസ്സിൽ പേടിയുണ്ടയിരുന്നില്ല സമയം എത്ര  ആയി എന്ന് അവൾ ചിന്തിച്ചിരുന്നില്ല. മനസ്സാണ് പേടി ഉണ്ടാക്കുന്നതും പേടിപ്പെടുത്തുന്നതും എല്ലാം.

ഒരു പക്ഷെ അവൾക്കു മനസ്സ് നഷ്ടപ്പെട്ടിരുന്നിരിക്കണം അല്ലെങ്കിൽ മനസ്സിന് അവളെ.

ഇവൾ രേവതി,  നമ്മൾ പലപ്പോഴായി വായിച്ചു മറന്ന കഥകളിലെ  ഒരു കഥാപാത്രം. ഇവൾക്ക് പറയാൻ പുതിയ കഥ ഒന്നും ഇല്ല. എല്ലാം പഴയത് തന്നെ, ചില കഥകൾ അങ്ങിനെയാണ്.. കഥാപാത്രങ്ങൾ മാറും,  പുതിയ മുഖങ്ങളിലൂടെ കഥകൾ പുനര്ജനിക്കും. അതിങ്ങനെ ആവര്ത്തിക്കും ... വിരസത ഏതുമില്ലാതെ.

രേവതിക്ക് ആറു വയസ്സായ ഒരു കുട്ടി ഉണ്ട്. ഒരു മാലാഖ കുട്ടി, അവളെ എല്ലാരും ശാരു എന്ന് വിളിക്കും പക്ഷെ എല്ലാരോടും അവൾ പറയും ഞാൻ ശാരു അല്ല,   ശാരിക,  ശാരിക ശരത്ത്.

പേരിലെപ്പോഴും കൂടെ കൊണ്ടുനടക്കുന്ന ശരത്തിനെ അവൾ കണ്ടിട്ടില്ല ഇതുവരെ. അവൾക്കു ശരത്  ഒരാളല്ല,  അവൾ തന്നെ ആണ്. ശരത് കൂടെ ഉണ്ടെങ്കിലെ സ്വന്തം  പേര് പൂർണമാവു  എന്നു ആ കുഞ്ഞു മനസ്സ് വിശ്വസിച്ചതാണ്, രേവതി അങ്ങനാണ് പഠിപ്പിച്ചതും.  `അച്ഛൻ അങ്ങ് പോയില്ലേ ദൂരേക്ക്‌, നമ്മളെ ഒറ്റക്കാക്കീട്ടു..`

[tbc]







 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

നയം വ്യക്തമാക്കുന്നു

പ്രേമം  നിന്റെ കണ്ണിലാണ്.
എന്റെ കണ്ണുകൾ കൊണ്ട് ഞാനതറിയുന്നുവെന്നേയുള്ളൂ











 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

ഒരു തേപ്പിന്റെ കഥ




തണുത്തുറഞ്ഞിരുന്ന, ഇരുമ്പ് പെട്ടി,  ചൂടാവാൻ അറിയാതെ, അതിന്റെ അഴകിൽ, ചടഞ്ഞു കൂടി ഇരിക്കുകയായിരുന്നു. ഒരു ആയുഷ്കാലം മുഴുവനിരുന്നാലും, ചുട്ടു പഴുക്കാൻ മടുപ്പെന്ന പോലെ.

അങ്ങനെ വിട്ടാൽ പറ്റില്ലാലോ,  എത്ര അഴകുണ്ടെങ്കിലും സൂര്യൻ ചുവന്നുതുടുത്താലുള്ളഴകാണഴക്.  ഇരുമ്പു ചുട്ടു ചുവന്നാലോ,

അരണി  കടഞ്ഞെടുത്ത ഇച്ചിരി തീപ്പൊരി, ഊതി ഊതി, വരണ്ട തൊണ്ട കൊണ്ടൂതി ജീവൻ വെപ്പിച്ചു , അതിൽ നിന്ന് കനലളന്നു, ആ പെട്ടിയിലിട്ടു.

പിന്നതിനെ വീണ്ടും വീശിയും ഊതിയും ചൂടാക്കി. ഒരു ജന്മം മുഴുവനിരുന്നാലും  ഇതന്നെ വൃത്തി എന്ന മട്ടിൽ അതിൽ , ആത്മാവിനെ ഉഴിഞ്ഞിട്ടു.

അങ്ങനെ ആ പെട്ടി ചൂടായി..

ചിരിയായി കളിയായി..

ചൂടുച്ചിയിലെത്തി.

നിറമൊത്തു.

അഴകൊത്തു.

എല്ലാമൊത്തു.

പിന്നെ,

സമയമൊത്തപ്പോൾ,

നല്ല വെടുപ്പായിട്ടു തേച്ചു....

വടി  പോലെ... കൊടുത്തടി കൊള്ളാൻ പാകത്തിൽ









 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


നിയോഗങ്ങൾ

നിനക്കാരുമല്ലാതിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നല്ലോ..
നമുക്കിരുവർക്കുമുണ്ടായിരുന്നില്ലേ, തമ്മിലറിയാതിരുന്ന ഒരു കാലം,
നീ ഒഴുകിയിരുന്ന വഴി വെട്ടിപ്പിടിച്ചു ഞാൻ എന്നിലേക്ക്‌ തിരിച്ചു വിടും മുന്നൊരു കാലം.

മുഴുവൻ ഭൂമിക്കു നടുക്ക് ഒറ്റയ്ക്ക്  നിന്നിട്ടും ഒറ്റപ്പെടൽ തോന്നാതിരുന്ന കാലം.
നാളെ എന്ത് സംഭവിക്കുമെന്നു യാതൊരു ഭയവുമില്ലാതിരുന്ന കാലം.

ഞാൻ നമ്മളല്ലാതിരുന്ന ആ കാലത്തെപ്പറ്റിയാണ് പറയുന്നത്,
പഴമയുടെ, പൊടി പിടിച്ച പുസ്തകങ്ങളിലൊന്ന് കയ്യിലെടുത്തു , മറിച്ചു നോക്കി ആഞ്ഞു തുമ്മും പോലെ.
പാഴ്മുള പൊട്ടിയ പാവലത്തിനു പന്തലിടുന്ന പോലെ ആയിരുന്നു, കുറച്ചു നാൾ.

പിന്നെ അവിടെ നിന്ന് ചിരിക്കാനും, ചിരിപ്പിക്കാനും പഠിച്ചു,

അങ്ങനെ ഒടുവിൽ നമ്മളിലെത്തി നിന്നു.

പലപ്പോഴും വഴി തെറ്റിയാലും നമ്മൾ ലക്ഷ്യത്തിലെത്താറില്ലേ,  വഴികളേക്കാൾ നമ്മൾ എത്തിച്ചേരേണ്ട നിയോഗങ്ങളുണ്ട്.  അവ പക്ഷെ മുന്നോട്ടു സഞ്ചരിക്കുമ്പോഴല്ല,
പിന്നോട്ട് സഞ്ചരിക്കുമ്പോഴാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ കാലത്തിൽ എന്റെ നിയോഗം നിന്നിലേക്കെത്തുക, എന്നായിരുന്നു അതിപ്പോൾ, ഇപ്പോൾ മാത്രം ഞാനറിയുന്നു.

ഇനി നാം കൈകോർത്തു, ചെറു വിരലിൽ നമ്മുടെ സ്വപ്നത്തെയും കോർത്ത് എങ്ങോട്ടൊക്കെയോ പോവേണ്ടതുണ്ട്.

എവിടെയോ ചെന്ന് തിരിഞ്ഞു നോക്കി നിയോഗങ്ങൾ തിരിച്ചറിയാൻ.






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2019, മാർച്ച് 3, ഞായറാഴ്‌ച

കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു

ഭൂമി സൂര്യനെ ചുറ്റുന്നു എന്ന്  നമുക്കറിയാം,അതുപോലെ  ചന്ദ്രൻ ഭൂമിയെയും ചുറ്റുന്നുണ്ട്. എന്നാൽ ശെരിക്കും ചന്ദ്രനും ഭൂമിയും ഒക്കെ അവരുടെ പങ്കാളിയുമായുള്ള ഗുരുത്വ കേന്ദ്രത്തെ(സെന്റര് ഓഫ് മാസ്സ് ) ആണ് ചുറ്റുന്നത്. അതായതു സൂര്യനെയും ഭൂമിയെയും നോക്കിയാൽ അവ രണ്ടും ചേർന്നുണ്ടാകുന്ന ഗുരുത്വ കേന്ദ്രത്തെയാണ് ഭൂമി ചുറ്റുന്നത് . ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ കേന്ദ്രം സൂര്യന്റെ ഉപരിതലത്തിനു ഉള്ളിൽ, സൂര്യന്റെ കേന്ദ്രത്തിനോട് വളരെ അടുത്താണ്. അതുകൊണ്ടു സൂര്യനെ ഭൂമി ചുറ്റുന്നതായി നമുക്ക് തോന്നുന്നു.  ചന്ദ്രന്റെയും ഭൂമിയുടെയും കാര്യത്തിലും ഇത് തന്നെ ആണ് സംഭവിക്കുന്നത്. ഇവിടെ ഗുരുത്വ കേന്ദ്രം ഭൂമിക്കുള്ളിൽ ആണ് . അതുകൊണ്ടു ചന്ദ്രൻ ഭൂമിയെ ചുറ്റുന്നു.

ചന്രന്റെയും ഭൂമിയുടെയും ഗുരുത്വകേന്ദ്രം ഭൂമിയുടെ ഉപരിതലത്തിനു പുറത്തായിരുന്നെങ്കിൽ എന്താകുമായിരുന്നു. (അങ്ങനെ സംഭവിക്കണമെങ്കിൽ ആദ്യമേ ചന്ദ്രന് ഭൂമിക്കുള്ളിൽ നിന്നും ഗുരുത്വ കേന്ദ്രത്തെ പിടിച്ചു വെളിയിൽ ഇടാൻ വീണ്ടും ഉള്ള  മാസ്സ് (പിണ്ഡം) ഉണ്ടാവണം.). ഈ അവസ്ഥയിൽ ഭൂമിയും ആ ഗുരുത്വ കേന്ദ്രത്തെ ചുറ്റേണ്ടതായി വരും.

ഇങ്ങനെ ഒരു സംഭവം സൗരയൂഥത്തിൽ തന്നെ  ശെരിക്കും സംഭവിക്കുന്നുണ്ട്. സൂര്യന്റെയും വ്യാഴത്തിന്റെയും കാര്യത്തിൽ,  വ്യാഴത്തിന്റെ അസാമാന്യ വലുപ്പം കാരണം സൂര്യന്റെയും വ്യാഴത്തിന്റെയും പൊതു ഗുരുത്വ കേന്ദ്രം സൗരോപരിതലത്തിനു വെളിയിൽ ആണ്.
ഇതു കാരണം  സൂര്യനും ആ ഗുരുത്വ കേന്ദ്രത്തെ ചുറ്റി കറങ്ങേണ്ടി  വരുന്നു.
സൂര്യനും, വ്യാഴവും ഈ ഒരു പൊതു ബിന്ദുവിനെ ആണ് ചുറ്റുന്നത്.

ടെക്‌നിക്കലി പറഞ്ഞാൽ വ്യാഴം സൂര്യനെ അല്ല ചുറ്റുന്നത് .. എന്താ മാസ്സ് അല്ലെ ?

ഫെബ്രുവരി 28 ശാസ്ത്ര ദിനം






 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

2019, ഫെബ്രുവരി 28, വ്യാഴാഴ്‌ച

പ്രണയത്തിൻറെ മറുകര

നിന്നിലൂടെ ഒഴുകുന്ന ഒരിക്കലും വറ്റാത്ത നദിയാണ് എന്റെ പ്രണയം. അതിൽ തുഴ നഷ്ടപ്പെട്ട തോണിയിൽ, ഒരു അന്തവും കുന്തവുമില്ലാതെ ഇരിക്കയാണ് ഞാൻ.
ചുറ്റും പ്രണയമുള്ളപ്പോൾ എന്തിനാണ് തുഴ.. പഞ്ചാരച്ചാക്കിൽ കയറിയ ഉറുമ്പിന്റെ അവസ്ഥ .
എല്ലാം നമ്മളാണ്.. വെറും നമ്മളല്ല.  ഒരൊന്നൊന്നര സംഭവം.

എന്നാലും നമുക്കൊന്നിച്ചു ഒരിക്കൽ മറുകര എത്തണം ,  ചുമ്മാ വീണ്ടും  തിരിച്ചു സഞ്ചരിക്കാൻ, വീണ്ടും അലയാൻ നമ്മളൊന്നായിടത്തേക്കെത്തി ഒരു പൂവർപ്പിച്ചു  തൊഴാൻ..






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2019, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ദൈവം ഇല്ലാതാകുമ്പോൾ..

ഇല്ലാത്ത ദൈവത്തിനെ തള്ളിപ്പറയാൻ ഇപ്പോഴും പേടിയാണ്... കാരണം ആ ഒരു വിടവ് നികത്താൻ മറ്റെന്തിനെ കൊണ്ട് സാധിക്കും?
ദൈവം ഇല്ലെന്നു വിശ്വസിക്കുന്ന സമയം മുതൽ ഞാൻ ഒറ്റയ്ക്കാണ്.. ദുഃഖങ്ങൾ ചാരി വയ്ക്കാൻ ഒരു വിധിയും അതുപോലെ സന്തോഷങ്ങൾക്ക് കടപ്പാട് കാണിക്കാൻ ഒരു ഉടമസ്ഥനും നമുക്ക് നഷ്ടമാകും.

ആരോ പറഞ്ഞു തന്നിരുന്ന ജോലി മാത്രം ചെയ്യുന്ന ഒരു സാധാരണ ജോലിക്കാരൻ അല്ലെങ്കിൽ ഒരു സർക്കാർ ജോലിക്കാരൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നതു പോലെയാണ് ഇത്. കാരണം ആ നിമിഷത്തിൽ ഓരോ തീരുമാനവും താൻ ഒറ്റയ്ക്കാണ് എടുക്കുന്നതെന്ന സത്യം അയാൾ തിരിച്ചറിയുന്നു. ഓരോ തീരുമാനത്തിലും അതിൻറെതായ് വിധി അയാളെ കാത്തിരിക്കുന്നു. ആ വിധിക്ക് പഴിക്കാൻ ഒരു അദൃശ്യശക്തി ഇല്ലാതിരിക്കുന്ന അവസ്ഥയിൽ അയാൾ ശരിക്കും ഒറ്റയ്ക്കാണ്.
തനിക്കു സംഭവിക്കുന്ന ഒരു ദുരിതത്തിനും പഴിക്കാൻ അയാൾക്ക് വാസ്തുവും ഗ്രഹങ്ങളും സമയവും  പാപങ്ങളും, ദൈവകോപവും ഇല്ലാതാകുന്നു.

അതൊരു ശൂന്യതയാണ്. ഒരുപാടു ഉത്തരവാദിത്തങ്ങൾ സ്വന്തം ചുമലിലേക്ക് എത്തിക്കുന്ന ശൂന്യത. ഇതുതന്നെയാണ് ഒരുപാട് സത്യം മനസ്സിലാക്കിയാലും. കണ്ടുവളർന്ന ഓർമയില്ലാത്ത പ്രായത്തിൽ തന്നെ മനസ്സിൽ പടർന്നുകയറിയ ദൈവത്തെ പറിച്ചു കളയുമ്പോൾ ഉണ്ടാകുന്ന ശൂന്യത.
അതെല്ലാം അവിടെ തന്നെ ഇരുന്നോട്ടെ എന്നു സ്വയം ചിന്തിപ്പിക്കുന്ന നിസ്സഹായാവസ്ഥ.



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2019, ജനുവരി 23, ബുധനാഴ്‌ച

അത്രയും


നിന്നോളം നീറിയിട്ടില്ലൊരു വേദന
നിന്നിലും ഉന്മത്തമല്ലൊരാനന്ദവും
നിന്നോളമിത്രയ്ക്കനാഥമാക്കുന്നില്ല
മറ്റൊരസാന്നിധ്യമായുസ്ഥലികളെ...
നിന്നോളമെന്നാല്‍ നിറഞ്ഞിരിക്കുന്നില്ല
മറ്റൊരു ജീവദ്രവം കോശതന്തുവില്‍..
നിന്നോളമത്രയ്ക്കടുത്തല്ല നാഡികള്‍..
നിന്നിലും ദൂരെയല്ലൊറ്റ നക്ഷത്രവും..
നിന്നോളമത്ര പരിചിതമല്ലെനി
ക്കെന്നും കുടിക്കുന്ന തണ്ണീര് കൂടിയും.
നിന്നോളമുള്ളൊരു ദാഹമെരിഞ്ഞതി-
ല്ലന്നനാളത്തിന്റെ ആഗ്നേയ വീഥിയില്‍..
നിന്നിലും വേഗത്തില്‍ നീരാവിയാക്കുന്ന-
തില്ലൊരു സൂര്യനുമെന്റെ ശൃംഗങ്ങളെ
നിന്നിലും മീതെ ഉണര്‍ത്തുന്നതില്ലൊരു
പൗര്‍ണമി ചന്ദ്രനുമെന്‍ സമുദ്രങ്ങളെ..
നിന്നിലുമാഴത്തിലെത്തുന്നതില്ലെന്റെ
മണ്ണില്‍ മഴത്തുള്ളിയൊന്നുമെന്നാകിലും
നിന്നോളമുള്ളം കരിയിക്കുമാറെങ്ങു-
മിന്നോളമെത്തിയിട്ടില്ലൊരു വേനലും..

-റഫീക്ക് അഹമ്മദ്




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2019, ജനുവരി 18, വെള്ളിയാഴ്‌ച

നന്ദിതയ്ക്കു വേണ്ടി

കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടത് കുറേ കണ്ണീർച്ചാലുകളാണ്, നന്ദിതയുടെ പേരിൽ അവരവർക്കു വേണ്ടിയുള്ളവ...





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2019, ജനുവരി 6, ഞായറാഴ്‌ച

ആർപ്പോ... ആർത്തവം!

പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ് ആർത്തവം അശുദ്ധമാണെന്നു പറയുന്നത്.

ഒന്ന് വിദ്യാഭ്യാസമില്ലായ്മ, രണ്ട് വിവരമില്ലായ്മ





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2019, ജനുവരി 4, വെള്ളിയാഴ്‌ച

ഗാന്ധർവം

നീഹാര ബിന്ദുക്കൾ മുത്തായി തിളങ്ങും,
കർപ്പൂര കദളീവനത്തിൽ

രാവേറെയായിട്ടും കൂടണയാതൊരു
പക്ഷി പാടുന്നതും കേട്ടു,

രണ്ടുടൽ  വിട്ടു ചേർന്നൊന്നായി  ദേഹി
കനവുകൾ നെയ്തു കൂട്ടുന്നു





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.