2019, മേയ് 20, തിങ്കളാഴ്‌ച

നിയോഗങ്ങൾ

നിനക്കാരുമല്ലാതിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നല്ലോ..
നമുക്കിരുവർക്കുമുണ്ടായിരുന്നില്ലേ, തമ്മിലറിയാതിരുന്ന ഒരു കാലം,
നീ ഒഴുകിയിരുന്ന വഴി വെട്ടിപ്പിടിച്ചു ഞാൻ എന്നിലേക്ക്‌ തിരിച്ചു വിടും മുന്നൊരു കാലം.

മുഴുവൻ ഭൂമിക്കു നടുക്ക് ഒറ്റയ്ക്ക്  നിന്നിട്ടും ഒറ്റപ്പെടൽ തോന്നാതിരുന്ന കാലം.
നാളെ എന്ത് സംഭവിക്കുമെന്നു യാതൊരു ഭയവുമില്ലാതിരുന്ന കാലം.

ഞാൻ നമ്മളല്ലാതിരുന്ന ആ കാലത്തെപ്പറ്റിയാണ് പറയുന്നത്,
പഴമയുടെ, പൊടി പിടിച്ച പുസ്തകങ്ങളിലൊന്ന് കയ്യിലെടുത്തു , മറിച്ചു നോക്കി ആഞ്ഞു തുമ്മും പോലെ.
പാഴ്മുള പൊട്ടിയ പാവലത്തിനു പന്തലിടുന്ന പോലെ ആയിരുന്നു, കുറച്ചു നാൾ.

പിന്നെ അവിടെ നിന്ന് ചിരിക്കാനും, ചിരിപ്പിക്കാനും പഠിച്ചു,

അങ്ങനെ ഒടുവിൽ നമ്മളിലെത്തി നിന്നു.

പലപ്പോഴും വഴി തെറ്റിയാലും നമ്മൾ ലക്ഷ്യത്തിലെത്താറില്ലേ,  വഴികളേക്കാൾ നമ്മൾ എത്തിച്ചേരേണ്ട നിയോഗങ്ങളുണ്ട്.  അവ പക്ഷെ മുന്നോട്ടു സഞ്ചരിക്കുമ്പോഴല്ല,
പിന്നോട്ട് സഞ്ചരിക്കുമ്പോഴാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ കാലത്തിൽ എന്റെ നിയോഗം നിന്നിലേക്കെത്തുക, എന്നായിരുന്നു അതിപ്പോൾ, ഇപ്പോൾ മാത്രം ഞാനറിയുന്നു.

ഇനി നാം കൈകോർത്തു, ചെറു വിരലിൽ നമ്മുടെ സ്വപ്നത്തെയും കോർത്ത് എങ്ങോട്ടൊക്കെയോ പോവേണ്ടതുണ്ട്.

എവിടെയോ ചെന്ന് തിരിഞ്ഞു നോക്കി നിയോഗങ്ങൾ തിരിച്ചറിയാൻ.






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ