2016, ജൂൺ 6, തിങ്കളാഴ്‌ച

വിരഹം

നീലക്കടലിൽ നിന്നിത്തിരി പൊക്കത്തി -
ലൊത്തിരി പേർ ചേർന്നു വാഴുമീ ഭൂമിയിൽ,
ഒരു വേള നാം തമ്മിലറിയാതിരുന്നെങ്കിൽ..
ആയിരം വഴികളെ തേടി പറന്നെങ്കിൽ!

ആകാശ നീലിമയിലോരോ കിനാവിന്റെ
ചിറകേറി നീങ്ങുന്ന മുകിൽ പോലെ നമ്മളും
എവിടെയോ പെയ്തു തീർന്നുയിർ വെടിഞ്ഞെങ്കിൽ..
നിൻ കണ്ണിലെന്നെ ഞാൻ കാണാതിരുന്നെങ്കിൽ!

മേടക്കണിക്കൊന്ന പൂത്തു നിൽക്കേ പുലർ-
കാലത്തു കാവിലെക്കൽപ്പടവിങ്കൽ  നിൻ-
പാദങ്ങൾ പുൽകും പൊഴിഞ്ഞ സുമങ്ങളിൽ
എൻ ദേഹിയെന്നെ വിട്ടലിയാതിരുന്നെങ്കിൽ!

ഒരു വേള നാം തമ്മിലറിയാതിരുന്നെങ്കിൽ..
ആയിരം വഴികളെ തേടി പറന്നെങ്കിൽ!


ജീവന്റെയോളങ്ങളിൽ നീങ്ങുമൊരു പൊങ്ങു തടി -
പോലെയെവിടെയോ മരണ തീരത്തടിഞ്ഞിരിക്കാം..
ജീവിച്ചിരിക്കിലും മൃതിയടഞ്ഞുടലിന്റെ തടവറയി-
ലെന്തിനെന്നറിയാതെ സ്വപ്നങ്ങളില്ലാതെ പിടഞ്ഞിരിക്കാം..

അല്ലെങ്കിലോരുവേള യവനപുഷ്പത്തിലുന്മാദ-
മടരാതെ മധു നുകർന്നാമോദമുല്ലസിക്കും-
ഭ്രമരമായേതോ  മുളന്തണ്ടിലീണം പകർന്നൊടു -
വിലാ ശ്രുതിയിലെന്നെ   മറന്നലിഞ്ഞിരിക്കാം

അന്തമില്ലാതെ നീളുമീ സമയധാരയിൽ
തിരിഞ്ഞു നോക്കും നേരമിനിയും മരിക്കാതെ -
യോർമയായ്‌ നീയെന്നിലിന്നു നിറയവേ,  രണ്ടിറ്റു-
മിഴി നീരു കൊണ്ട് ഞാൻ നിന്നെ വരവേൽക്കവേ,
പ്രണയത്തിലും പിന്നെ വിരഹത്തിലും,
നീ മാത്രമാണെന്റെ സ്വർഗം.






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2016, ജൂൺ 5, ഞായറാഴ്‌ച

ഉറക്കം


ഉറങ്ങ്വേ ???
അതൊരു യാത്രയല്ലേ,
ഓരോ രാത്രിയും, കിനാക്കളുടെ ടിക്കറ്റ്‌ എടുത്തല്ലേ ഉറങ്ങാൻ പോണേ...
കാക്കത്തൊള്ളായിരം കിനാക്കള്..

എന്നലോന്നും മുഴോനോട്ടു കാണാനും പറ്റുല്ലാ..
ആ ചരട് പൊട്ടിച്ചിട്ടാവും എപ്പളും ഉണരാ..

എന്നാ ഒരിക്കലു, മ്മക്ക് ഒരു കിനാവ്‌ മുഴോനും കാണാൻ പറ്റും.
ചരട് പൊട്ടാതെ.. പിന്നൊരിക്കലും ഉണരാതെ...............