2017, മേയ് 16, ചൊവ്വാഴ്ച

യക്ഷി

ആഴങ്ങളിൽ നീ ഒറ്റക്കായിരിക്കുമ്പോൾ
ഓർമകൾ  നീന്നെ ചുട്ടു പൊള്ളിക്കുമ്പോൾ
നീ ജീവിച്ചിരുന്ന പകലിലേക്ക്‌  ഒരിക്കൽക്കൂടി
നനുത്ത മേഘം പോലെ പറന്നിറങ്ങാൻ കൊതിക്കുന്നുണ്ടാവണം.
പക്ഷേ നീ രാത്രികൾ മാത്രമുള്ളവളല്ലോ.

(യക്ഷി)


പകൽക്കിനാവിൽ കണ്ണും നട്ടങ്ങിനെ കിടക്കണം, കല്ലറയിൽ ഒപ്പമിട്ട കാക്കത്തൊള്ളായിരം കടുകുമണികൾ എണ്ണിത്തീരും വരെ..

(യക്ഷി)

മരണത്തെ വരിച്ചവളെങ്കിലും ഇപ്പോഴും കന്യകയാണ്‌.
(യക്ഷി)

മഞ്ഞുതുള്ളി പോലെ നിർമ്മലയും
മുല്ലപ്പൂവു പോലെ മൃദുലയും!
പാലപ്പൂമണം നിറയുന്ന ഈ സൗന്ദര്യധാമത്തെ ഇത്രനാൾ ദു:സ്വപ്നങ്ങളോടൊപ്പം എങ്ങനെ ചേർത്തു വച്ചു.
(യക്ഷി)

പാറിപ്പറന്നു പിന്നെ നിന്നിൽ പാരിജാതപ്പൂക്കളുടെ മണം പിടിച്ചു വന്നു ചേർന്ന ശലഭങ്ങളെ എത്ര നിസ്സാരമായാണെരിച്ചു കളഞ്ഞത്.
(യക്ഷി)

ഇന്നലെ പെയ്ത മഴയ്‌ക്കു ശേഷം അവളുടെ നിതാന്ത വിശ്രമത്തിൽ നിന്ന് പറന്നുയർന്ന ഈയലുകൾക്കു പഴകിയ ഉള്ളിപ്പൂക്കളുടെ ഗന്ധമായിരുന്നു,
അവൾക്കങ്ങനെയാണ്.. പലപ്പോഴും പല ഗന്ധമാണ്..  ദേഹമില്ലാതെ കാറ്റിൽ മാത്രം അലിഞ്ഞു സഞ്ചരിക്കാൻ മറ്റെങ്ങനെയാണ് പറ്റുക..
(യക്ഷി)

ഓരോ കാറ്റും ഓരിയിട്ടു, നിശ്ശബ്ദമായുറങ്ങുന്ന രാത്രിയുടെ നിതാന്ത യാമം
ഓർമ്മകളില്ലാത്ത ഈ രാത്രിയിൽ, കൈക്കുമ്പിളിൽ പ്രണയം നിറച്ച് നീ കടന്നു വരണം, തിരികെ വരുന്നതെങ്കിലും ആദ്യമായി എന്നു തോന്നും വിധം നീ അണിഞ്ഞൊരുങ്ങണം, അധരങ്ങളിൽ താംബൂലശോണിമ നിറച്ച് മിണ്ടാതെ മരണത്തെ മറക്കുമാറു നീ കടന്നു വരണം.. നിന്നിൽ ഞാനുറങ്ങും വരെ കൂടെയുറങ്ങണം.....

(യക്ഷി)


 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.