2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

വ്യത്യാസം

നീയും ഞാനും തമ്മിൽ ഒരുപാടു വ്യത്യാസങ്ങൾ ഉണ്ട്,
നിനക്കറിയാവുന്നതും,എനിക്കറിയാത്തതും പിന്നെ,
എനിക്കറിയാവുന്നതും നിനക്കറിയാത്തതും അങ്ങനെ,
നമുക്കിരുപേർക്കും അറിയാവുന്നതും അറിയാത്തതുമായി
കണ്ടാലറിയുന്ന എന്നാൽ പറയാനറിയാത്ത കുറേയെണ്ണം.
കണ്ടാലും അറിയുമെന്ന് തോന്നുന്നില്ല, ഇല്ല. അല്ലെങ്കിൽ
അത് പണ്ടേ കണ്ടപ്പോൾ അറിയേണ്ടതായിരുന്നല്ലോ.

പണ്ടു കണ്ടിരുന്നില്ലെങ്കിൽ അത് പിന്നീടുണ്ടായാതാവും
തൊടിയിലൊരു ചെടിയിലെ പൂവു പോലെ,
അല്ലെങ്കിൽ അതുണ്ടായിട്ടും കാണാതിരുന്നതാവും
ചുറ്റും മിണ്ടാതെ നില്ക്കുന്ന കാറ്റു പോലെ,
അറിയാതിരുന്നതാണ്, തിരിച്ചറിയാൻ വയ്കിയതാണ്‌,
നമുക്കിടയിൽ ഈ വ്യത്യാസം ഉണ്ടാക്കിയത് തിരിച്ചറിവായിരിക്കും.

കടലിലും മഞ്ഞിലും മേഘത്തിലും വേറെപോലെ കണ്ടാലു-
മെല്ലാം തെളിഞ്ഞ നീരു തന്നെ,  നിനച്ചിരിക്കാതെ
പിന്നതു രൂപം മാറും ഒന്നാകുമൊരുപോലെയാകും
അവർക്കുമുണ്ടു  വ്യത്യാസങ്ങൾ എന്നാലാറി തണുത്ത-
വരെ ചേർത്തു വക്കാൻ, തിരിച്ചറിവിനും മേലെയൊറിവായി.

തിരിച്ചു മാറ്റിയാലും പിരിച്ചടർത്തിയാലും
ഇടയിലാഴത്തിൽ മുറിച്ചെടുത്താലും
വ്യത്യാസങ്ങൾക്കുമതീതമായി നാം ചേർന്നിരിക്കുന്നല്ലോ,
ചേർത്തടച്ച രണ്ടുപാളി കതകിനെ പോലെ വിടവില്ലാതെ,
താക്കോലും പഴുതും ഒന്നിനൊന്നു ചേരാനുള്ളതാണല്ലോ,
ഒരുപോലിരുന്നെങ്കിൽ എങ്ങിനെ ചേർന്നേനെ?
അവയെ ചേർത്ത് വയ്ക്കുന്നത് വ്യത്യസമാണല്ലോ!






 ഇടവേളയിൽ .. idavelayil

2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

പൂണൂൽ

ചെയ്യണ്ടകാര്യവും ചെയ്യരുതാത്തതും
തൊടാതിരിക്കാനും തൊട്ടാൽ കുളിക്കാനും
കുളിച്ചു കയറിയാലുമീറനുണങ്ങാതെ
ഓർമ്മ  തൊട്ടോർമ്മപെടുത്തുവാനും
പൊട്ടിച്ചെറിഞ്ഞ പൂണൂലുണ്ടായിരുന്നു.

ജന്മപുണ്യത്തിന്റെ മേദസ്സിൻ കുറുകെ
കെട്ടിമുറുക്കിയ  താക്കോലെത്ര ചുമന്നതാണ്,
കാണും മുന്നേ ഒരുപാടു വാതിൽ തുറന്നതാണ്,
വിരലിൽ കോർത്തോതിയുറച്ചെത്ര മന്ത്രം ജപിച്ചതാണ്,
പ്രാണനിലിഴ ചേർന്ന് പ്രണവത്തിലൂടെത്ര-
                      നാളൊഴുകിയിവിടെ പതിച്ചതാണ്
എങ്കിലുമുത്തരം കിട്ടാത്ത ചോദ്യങ്ങൾക്കൊടുവി-
                      ലതു ഞാൻ തന്നെ പൊട്ടിച്ചെറിഞ്ഞതാണ്.
പുതിയൊരു ലോകത്തിനായെന്റെ വിഹിതമെ-
                  ന്നോതി, ഞാൻ തന്നെ പൊട്ടിച്ചെറിഞ്ഞതാണ്.

മൂന്നായ്‌ പിരിഞ്ഞ, മൂന്നു വഴികളിൽ ചേർന്ന
മൂന്നു കാലത്തിന്റെ മൂന്നുനൂലും,
വേദനയില്ലാതറുത്ത  സൃഷ്ടിയുടെ  കൊടുവാളു
പണ്ടെന്റെ പൊക്കിൾ കൊടിയിലും പതിച്ചതാണല്ലോ.
ഒട്ടും മുറിയാതെ എന്നേക്കുമായാർക്കുമൊരു ബന്ധമില്ലല്ലോ.

ആളി നീറി ജ്വലിക്കുന്ന ഹോമകുണ്ഡങ്ങൾക്കുമ -
നന്യനായ് ദൂരെ, സ്വപ്നങ്ങളിൽ പോലുമാരെയും
തീണ്ടാതെ ആരാലുമോർക്കപ്പെടാതെ നടക്കവേ.
ഉള്ളിലാഴത്തിൽ വേരോടിയ, കർമ്മവൃക്ഷത്തിൻറെ,
ചോലയിൽ.... ജീവന്റെ നന്തുണിപ്പാട്ടിൽ..
ഞാൻ ജയിച്ചേറെ തെളിഞ്ഞ വഴികളിൽ
നഷ്ടപ്പെടുത്തിയ പൈതൃക പെരുമയീ
പൂണൂൽ! പിറകിലേക്കേന്നെ വിളിച്ചിരുന്നു!
കണ്ണീർ തുളുമ്പി നിന്നെന്നെ പ്രതീക്ഷിച്ചു നിന്നിരുന്നു!

പല രാത്രികൊണ്ടു മുകിലിറുകിപുണർന്ന മഴ
അറിയാതെ പെയ്തു പിരിയുമ്പോൾ..
ഇടറിക്കരഞ്ഞു ചുടു മിന്നൽ വളക്കൈകൾ
പിറകെയണയുന്ന നേരം ..
ആറി തണുത്തഗ്നി, നീറിതിളച്ചാപമിരുളി -
ലെവിടെയോ കൂടിയിണ  ചേർന്നു..



----(






 ഇടവേളയിൽ .. idavelayil

2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

സമയം


എനിക്കെന്റേതും നിനക്ക് നിന്റേതുമായ  സമയമുണ്ടല്ലോ!
കാറ്റിലും കല്ലിലും കടലിലും പിന്നെ മണ്ണിലും  എച്ചിൽ മണക്കുമ്പോൾ
എനിക്കെന്റേതും നിനക്ക്  നിന്റേതുമായ സമയമുണ്ടല്ലോ!
ആരും തൊട്ടു തീണ്ടി എച്ചിലാക്കാത്ത പുതിയതൊന്ന്.

ആരൊക്കെയോ കഴുകി കളഞ്ഞ അവരുടെ  ഭൂതകാലം
അതേപടി പകർത്തിയെടുത്തപ്പോൾ , പൊതി തുറക്കാതെ
പൊടി പിടിച്ചു കിടക്കുന്നത്, പുതിയതൊക്കെയുമാണല്ലോ,
എങ്കിലും എനിക്കും നിനക്കും പുതിയതായി സമയമുണ്ടല്ലോ!



---






 ഇടവേളയിൽ .. idavelayil