2020, ജൂലൈ 31, വെള്ളിയാഴ്‌ച

അവസാന യാത്ര

അവസാന യാത്രക്കൊരുങ്ങുമ്പോൾ നീ ഒരു നിമിഷം നിൽക്കണം.
ഞാൻ നിന്റെ പിറകെയില്ലെന്നു ഉറപ്പു വരുത്തണം
ഇനിയൊന്നും എടുക്കാനില്ലെന്നും
ഒന്നിനും വേണ്ടി ഇനി തിരികെയില്ലെന്നും ഓർമ്മിക്കണം.

എന്റെ നനുത്ത ചോര നിന്റെ കാൽപ്പാടുകളിൽ ഉണ്ടായിരിക്കും, അതു തുടച്ചു കളയാൻ ശ്രദ്ധിക്കണം

നിന്റെ മാറിൽ ഇനിയും ഉണങ്ങാത്ത എൻ്റെ ചുംബനങ്ങൾ കഴുകിക്കളയണം.

കുറഞ്ഞപക്ഷം നീ ഒന്നു പുല കുളിക്കണം..

2020, ജൂലൈ 29, ബുധനാഴ്‌ച




നീ നടന്ന വഴികളത്രേ പിന്നീടെന്റെ  സിരകളും ധമനികളുമായത്. നിനക്കായുള്ള തിരച്ചിലാണോരോ ഹൃദയമിടിപ്പും.

2020, ജൂലൈ 27, തിങ്കളാഴ്‌ച

ഒരൽപം നിലാവില്ലാതെ രാവിന് എന്താഘോഷമാണ്?
ചന്ദ്രനോളം കുളിരുള്ള മറ്റേതു വെളിച്ചമാണ്?

ഓരോ മരച്ചില്ലകളിലും അരിച്ചിറങ്ങി എത്ര ചിത്രങ്ങളാണ് വരക്കുന്നത്.. മണ്ണിനെ പൊള്ളിക്കാത്ത കുളിരുള്ള ചിത്രങ്ങൾ..
ചിലപ്പോൾ ഒരു കാറ്റു പോലും വീശാത്ത നിശ്ശബ്ദ ചിത്രങ്ങൾ.. മറ്റു ചിലപ്പോൾ ഒരു രാത്രിയുടെ മുഴുവൻ ശബ്ദങ്ങളും ആവാഹിച്ചെടുത്ത രാഗാർദ്ര സംഗീതചിത്രങ്ങൾ..

2020, ജൂലൈ 22, ബുധനാഴ്‌ച

കാലത്തിനേറ്റ മുറിവുകളിൽ നിന്നും  ഓർമ്മകൾ ഇറ്റു വീഴുന്നതും നോക്കി ഇങ്ങനെ നിൽക്കണം.... ഈ രാവു പുലരുവോളം

2020, ജൂലൈ 21, ചൊവ്വാഴ്ച

2020, ജൂലൈ 16, വ്യാഴാഴ്‌ച

ഒരു രാത്രിയുടെ ഇരു പുറങ്ങളിലെ പകലുകളാണു നമ്മൾ,അജ്ഞതയുടെ ഇരുളിനാൽ ബന്ധിക്കപ്പെട്ട വെളിച്ചങ്ങൾ

2020, ജൂലൈ 13, തിങ്കളാഴ്‌ച

അറിയാതിരുന്ന തീരങ്ങളിൽ നീ ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു. നീ പക്ഷേ ഓർമ്മകളിൽ മാത്രമായിരുന്നു.

2020, ജൂലൈ 9, വ്യാഴാഴ്‌ച

ഒഴുക്കില്ലാത്ത മനസ്സിൽ ഒരുപാട് ഓർമ്മകൾ കുറുകി കിടപ്പുണ്ടാവും, ഒരണ പൊട്ടി കുത്തിമറിഞ്ഞൊഴുകാനുള്ളത്ര സ്വപ്നങ്ങളും.
അയിത്തം പറഞ്ഞു മാറ്റി നിർത്തിയപ്പോഴായിരുന്നിരിക്കണം, അവൾ ഏറ്റവും പൂജിക്കപ്പെടേണ്ടിയിരുന്നത്

(ആർത്തവം, പ്രസവം )

വിട

ഒരു തുളസിപ്പൂവ് കൊണ്ട് തൊട്ട് ഒരല്പം നീരു തരിക. പിന്നെയാ പൂവുകൊണ്ട് ആരാധിച്ചു തൊഴുക.
പ്രാണനിൽ നീ നിറയുമ്പോൾ നിന്നിലേക്ക് തിരികെയെത്താതിരിക്കാൻ, ആവാഹിച്ചു ദൂരെ കളയുക.

കവിത

കവിത വിരഹത്തിന്റെ വിങ്ങലാണ്

*****

നേരിൽ നിന്ന് കവിതയിലേക്ക് ഉള്ള ദൂരമാണ് പ്രണയം
വേദനയാണെന്നറിഞ്ഞുകൊണ്ടും ചില സത്യങ്ങളെ തേടിപ്പിടിക്കാറുണ്ടു നമ്മൾ, ഇല്ലെന്നറിയാവുന്ന പ്രതീക്ഷയോടെ..

വിടവ്

നീ ഒരു വലിയ വിടവാണ്‌

എഴുതുമ്പോൾ തൂലിക നിന്നിലേക്കു വഴുതി വീഴും
പിന്നവിടുന്നു കയറി വരാൻ പറ്റാത്ത വിധം

ആർക്കു വേണ്ടി

ഇക്കാലത്ത് ഇനി എന്തെഴുതുന്നുവെന്നതല്ല, ആർക്കു വേണ്ടിയെന്നതാണ് പ്രധാനം.
ഓരോ സ്റ്റാറ്റസും പോലെ!
ഓരോ പ്രതിഷേധത്തിനും ഒരർത്ഥമുണ്ട്, ആൾക്കൂട്ടത്തിൽ നമ്മളെ എന്തോക്കെയോ ആക്കുന്നതൊന്ന്.
നുണകൾക്കിടയിൽ നിന്നും സത്യത്തെ തിരിച്ചറിയാൻ, ഇന്നലെകളെ വായിക്കുന്നുണ്ടല്ലോ!
നമ്മളെ നമ്മളാക്കിയ ഇന്നലെകൾ.
വിദ്യാഭ്യാസം ഇപ്പോഴും വെറുമൊരു അഭ്യാസം മാത്രമായി തുടരുന്നതു കൊണ്ടാവണം, ഇത്രയധികം മതവികാരം വ്രണപ്പെടുന്നത്.
ആരും കാണാതെ സൂക്ഷിച്ചു വച്ച മനസ്സിന്റെ നിറം മങ്ങുന്നതു നാമറിയുന്നില്ല
ചില രാത്രികൾക്ക് പകലിനേക്കാൾ നീളം കൂടുതലാണ്.
വെയിലിനേക്കാൾ ചൂടും.
ഇരുൾ ഓരോ കടവിലും, കവിതയിൽ വാക്കുകൾക്കിടയിൽ എന്നപോലെ പൊരുൾ തേടിയലയുന്നു.

മരണത്തിലേക്കാദ്യം


If suddenly
you forget me
do not look for me,
for I shall already have forgotten you .
at the steps of my graves

പെട്ടെന്നൊരിക്കൽ നീയെന്നെ മറന്നു പോകുകിൽ,
ഓർമ്മകളിൽ എന്നെ തിരയേണ്ടതില്ല,
അതിലെത്ര മുന്നേ,
മരണത്തിന്റെ പടവുകളിൽ, ഞാൻ  നിന്നെ മറന്നിരിക്കാം...



2020, ജൂലൈ 5, ഞായറാഴ്‌ച

പരാജയപ്പെട്ട മറ്റൊരെഴുത്ത്

എന്താ പെണ്ണെ ഒന്നു തൊടുമ്പൊഴെക്കു കുളിരുകോരുന്നെ.

'ആകാശച്ചെരുവിലാരോ കുരുതിക്കിണ്ണം തട്ടിമറിച്ചു...'
 ഭാഷയുടെ അനന്ത വിഹായസിൽ അലഞ്ഞു നടക്കുന്ന മേഘങ്ങളേം, പക്ഷികളേം - ഏതു പക്ഷി എന്നി ചോയിക്കണ്ട, ഏതോ ഒരു പറവ -

പറഞ്ഞു വന്നത്,  വലിയ വലിയ കവികളെം കലാകാരൻമാരേം ഒക്കെ ആണ്, ആ ഏരിയൽ വിൻഡോ ഒന്നു എക്സ്‌പ്ലോർ ചെയ്‌തു ഒരു പക്കി എങ്കിലുമാവാൻ കരുതിക്കൂട്ടി തുറന്നതാനീ എഡിറ്റർ.

എന്തെങ്കിലും എഴുതണം,
ബാത് റൂമിൽ തുടങ്ങി, എവിടെ ഒറ്റയ്ക്ക് ഇരുന്നാലും കേറി വരുന്ന ലേറ്റസ്‌റ്റ്‌ തേപ്പു കഥ എഴുതാനുള്ള ചങ്കുറപ്പു ഇതുവരെ ആയിട്ടില്ല, പൊടീം തട്ടി ഓളു പോയപ്പൊ, കുറച്ചൊന്നു ഡൗണായതാണ്‌. ആ സ്‌റ്റോറി ചൂടാറാതെ പിറകെ വരൺണ്ട്‌.

ഇപ്പൊ ഓപ്പണിംങ്‌ പഞ്ചായി, ഓളോടു പറയാറുള്ള ആ ലൈൻ മാത്രം കിടക്കട്ടെ.  ഒരു നോൺ ലീനിയർ സ്‌റ്റോറി പറയുമ്പൊ, എവിടേലും കണെക്‌ട്‌ ആയിക്കൊളും.  ഇല്ലേലും അവിടെ കിടക്കട്ടെ, പുല്ല്.

എന്തെങ്കിലും എഴുതണം ആദ്യം പ്രണയത്തെപ്പറ്റി എഴുത്ത്. പ്രണയം കൊണ്ട് ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ട് എങ്കിൽ  അതു മിക്കവാറും എഴുത്തുകാരൻ മാത്രമായി. എഴുത്തുകാരന് പലപ്പോഴും  താൻ അനുഭവിച്ചിട്ടുള്ള തിനേക്കാൾ കൂടുതൽ ഒരു മായാപ്രപഞ്ചം ആണ് പ്രണയം. അതൊരുപാട് കളറുള്ള ഒരു സംഭവമാണെന്ന അന്ന് എഴുതിപ്പിടിപ്പിക്കാൻ പിന്നെ ഒരുപാടു വേദനയും വിരഹവും പിന്നെ എപ്പോഴും പറയാറുള്ള നൊമ്പരം ഒക്കെ ഉണ്ടെന്ന് എഴുതണം അങ്ങനെയാണ് പ്രണയം പ്രണയമായത്.  ഈ നൊമ്പരം എന്നു പറയുന്നത് പമ്പരം പോലെ എന്തോ ആണ്.

ഒറ്റയടിക്ക് ഒരു പ്രണയ കാവ്യം എഴുതി ഒന്നു famous ആവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതതിന്റെ ട്രെൻഡിനു ചേർന്ന രീതിയിൽ വരാത്തതിന്റെ പ്രശ്നമാണ്.


പനി

നീയെനിക്കുള്ളിൽ കോരിയൊഴിച്ച മഞ്ഞിന്റെ കുളിരിൽ, ഇന്നും പനിച്ചു വിറയ്ക്കുന്നുണ്ട്..

2020, ജൂലൈ 1, ബുധനാഴ്‌ച

ഒരു തമിഴ് പാഠത്തിലേക്കുള്ള നടത്തം


ഞാൻ താഴേക്കു വന്നപ്പോൾ അവൾ നടരാജനോട് അവളുടെ കളഞ്ഞു പോയ താക്കോലിനെ പറ്റി തമിഴിൽ സംസാരിക്കുകയായിരുന്നു. ഞാൻ അവൾക്കായി കാത്തു നിന്നു, അല്പനേരത്തിനുള്ളിൽ അവൾ എന്റെ കൂടെ ചേർന്നു.

"തമിഴ് പഠിക്കാൻ എളുപ്പമാണല്ലേ? പല സ്ഥലത്തു നിന്ന് വന്നവരാണെങ്കിലും,  ഇവിടെ എല്ലാരും തമിഴിൽ ആണല്ലോ സംസാരിക്കുന്നത്. എന്തിനേറെ നീ തന്നെ എത്ര നന്നായി ആണ് സംസാരിക്കുന്നത്?"

അവൾ ചിരിച്ചു, എന്നത്തേയും പോലെ, എപ്പോഴത്തെയും പോലെ അതേ മനോഹരമായ ചിരി,
"ഡാ പൊട്ടാ,  അതിവിടത്തെ ഭാഷയല്ലേ അതാ.. എല്ലാരും ഇവിടെ വരുമ്പോ നല്ലോണം കഷ്ടപ്പെട്ട് തന്നെ പഠിക്കുന്നതാ." 

"പക്ഷെ എന്റെ നാട്ടിൽ ഇങ്ങനെ ഞാൻ കണ്ടിട്ടില്ലല്ലോ." ഞാൻ  ഒരു വാഗ്‌വാദത്തിനായി പറഞ്ഞതായിരുന്നു, ഏറെക്കുറെ അവൾ എന്താണ് പറയാൻ പോകുന്നത് എന്ന് എനിക്കറിയാമായിരുന്നു.

"പൊട്ടൻ,  ഡാ നമ്മുടെയൊക്കെ നാട് ചെറിയ ഗ്രാമമല്ലേ, അവിടെ എത്ര പേരു വരാനാ.. ഇതൊരു സിറ്റി ആണ് , ദി ഗ്രേറ്റ് ചെന്നൈ സിറ്റി, ഇതിനെ നീ നിന്റെ ഓണം കേറാ മൂലയുമായി,  ചേർത്ത് പറയല്ലേ.."

ഞങ്ങൾ നടന്നു നടന്നു മെയിൻ റോഡിനു അടുത്തെത്തി അവിടെ രണ്ടു തത്തകൾ ഉള്ള ഒരു വീടുണ്ടായിരുന്നു.

 "ദാ.. തത്തകളെ കണ്ടോ, അവർ പോലും ഇവിടത്തെ ഭാഷ പഠിച്ചു  സംസാരിക്കും.. അതാണ് റൂൾ"

അവളങ്ങനെയായിരുന്നു, ഒരു നല്ല പോയിന്റ് പറഞ്ഞാൽ പിന്നെ ലോകത്തുള്ളതെന്തും അവൾ തെളിവായി കൊണ്ടുവരും.

ഞങ്ങൾ നടന്നു ഒരു വലിയ ആൽമരത്തിനു ചുവട്ടിലുള്ള ഞങ്ങളുടെ സ്ഥിരം ചായക്കടക്കരികിൽ എത്തി. 

അവൾ ആ മരത്തിലേക്ക് കണ്ണെറിയുന്നതു കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. ഞാൻ പറഞ്ഞു. 

"ഇനീപ്പോ ഈ  മരത്തിനും തമിഴ് അറിയാം എന്ന് പറഞ്ഞേക്കല്ലേ!"

"തീർച്ചയായും.. എന്താ പറ്റാത്തെ?"

അവൾ മുഖം കൂർപ്പിച്ചു എന്നെ നോക്കി, അവൾ പറയാൻ തുടങ്ങിയ പോയിന്റ് ഞാൻ അടിച്ചു മാറ്റിയതിന്റെ ചൊരുക്ക് അവളുടെ കവിൾത്തടങ്ങളെ ചുവപ്പിക്കും പോലെ  തോന്നി എനിക്ക്.

അവൾ കടയിലേക്ക് നോക്കി പറഞ്ഞു..

"മാസ്റ്റർ,  രണ്ടു ടീ കൊടുങ്കെ..."

ഞാൻ പുരികം പൊക്കി "കൊള്ളാലോ" എന്ന് ആംഗ്യം കാണിച്ചു..

അവൾക്കു അത് പെരുത്തിഷ്ടായി, നേരത്തെ  വന്ന ദേഷ്യത്തിന്റെ ചുവപ്പു ഒരു ബ്ലഷിൻറെ അരുണിമയിലേക്കു തെന്നി വീണു. 

അവൾക്കങ്ങനെയാണ്,  ഭാവങ്ങൾ നിമിഷാർദ്ധങ്ങളിൽ മിന്നി മാറും.. 

"ഞാൻ തമിഴ് പഠിക്കുവാണേൽ, എനിക്ക് സ്വന്തം ചായയെങ്കിലും തനിയെ ചോദിച്ചു വാങ്ങാൻ പറ്റും  അല്ലെ?"

അവൾ പൊട്ടിച്ചിരിച്ചു....

"വേണെൽ,  തമിഴിന്റെ ആദ്യ പാഠങ്ങൾ ഞാൻ പഠിപ്പിച്ചു തരാം...കേട്ടോ..."

"അത് ഞാൻ എങ്ങനെ വേണ്ടെന്നു പറയും??"






ഹാപ്പി ഡോക്ടർസ് ഡേ


കുട്ടിക്കാലത്തു ഒരു  വിധം  എല്ലാരും കേൾക്കുന്ന അതേ ചോദ്യം,  വലുതാവുമ്പോൾ ആരാവണം?എനിക്ക് അത് ചിന്തിച്ചു ഉത്തരം പറയേണ്ട ഒരു ചോദ്യമേ ആയിരുന്നില്ല, വലുതാവുമ്പോൾ ഞാൻ ഡോക്ടർ ആവും എന്നത്  എന്നോടൊപ്പം തന്നെ വളർന്നു വന്ന ഒരു മോഹം ആയിരുന്നു.

നന്നേ ചെറുപ്പത്തിൽ ഒന്നിലോ രണ്ടിലോ പടിക്കുമ്പോൾ തന്നെ ആരോക്കെയോ എഞ്ചിനീയറിംഗ് ആണ് പഠിക്കുന്നത് എന്ന് അമ്മ പറഞ്ഞു കേട്ടപ്പോൾ ഞാൻ ഡോക്റ്ററിങ് പഠിക്കും എന്ന്  ഞാൻ വിളിച്ചു പറഞ്ഞത്‌ ഇപ്പോളും ഓര്മ ഉണ്ട്.(അങ്ങനൊരു വാക്കു ഉണ്ടോ എന്ന് പോലും ഇപ്പോഴും ഞാൻ നോക്കിയിട്ടില്ല സത്യം )

തികച്ചും സ്വഭാവുകമായി സംഭവിക്കേണ്ട ഒരു കാര്യമായി മാത്രമേ  ഞാൻ അതിനെ കണ്ടിരുന്നുള്ളു. 

അതുകൊണ്ട്‌  തന്നെ,  എട്ടിലോ ഒൻപത്തിലോ പഠിക്കുമ്പോൾ ഞങ്ങളുടെ കൂടെ ശബരിമലക്ക് വന്ന ഒരു സാർ എന്നോട് "ഡോക്ടർ ആവാൻ നല്ല പാടുണ്ട്,  എട്ടാം ക്‌ളാസ് മുതൽ പരിശീലനം തുടങ്ങുന്നവരെ എനിക്കറിയാം"  എന്ന് പറഞ്ഞപ്പോൾ പോലും എനിക്ക് പുച്ഛമാണ് വന്നത്. 

മനസ്സ് അന്ന് എത്രമാത്രം മഞ്ഞു മൂടി കിടക്കുകയായിരിന്നിരിക്കണം.

എന്റെ സ്കൂളിന് പുറത്തുള്ള ഒരു ലോകത്തെ പറ്റിയുള്ള അജ്ഞതയും,  പിന്നെ അല്പസ്വല്പം അഹങ്കാരവും, എന്തിനേറെ,  വൈദ്യപരമായ ജോലി ലഭിക്കും എന്ന് അപ്പുക്കുട്ടൻ ജോത്സ്യൻ എഴുതിവച്ച ജാതക പേജുകളും എന്നെ ഏറെക്കുറെ ചിന്തിപ്പിച്ചത്  സ്റ്റെതെസ്കോപ്പിനും എനിക്കും ഇടയിലുള്ള ദൂരം ഏതാനും വർഷങ്ങൾ മാത്രം ആണെന്നായിരുന്നു.
അല്ലാതെ അതിനു ഒരുപാട് പഠിക്കണമെന്നോ,  എൻട്രൻസ് എന്ന കടമ്പയുടെ വീതിയോ മനസ്സിലാക്കിയിരുന്നില്ല.

ഒരുപക്ഷെ ആദ്യമായി ഇടിത്തീപോലെ ആ മോഹത്തിലേക്കുള്ള യാത്ര കഷ്ടപ്പാടിന്റെതാണെന്നു മനസ്സിലായത് എൻട്രൻസ് കോച്ചിങ്ങിനു ചെന്ന് കേറിയപ്പോളാണ്. 

ജീവിത്തിനു ചിറകു മുളക്കുമ്പോഴേക്ക് അതിൽ കെട്ടുകൾ ഇടും പോലെ ആണ് എൻട്രൻസ് കോച്ചിങ്.  ഭാവിക്കു  വേണ്ടി ഉരുകി കഷ്ടപ്പെടാനുള്ള തീച്ചൂളകൾ ആണവ.  എന്റെ കാര്യത്തിൽ അവിടെയും കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടു പോയില്ല.

ഇംഗ്ലീഷ് അറിയാഞ്ഞതും,  പഠിക്കുന്ന വിഷയങ്ങൾക്ക് ആഴവും പരപ്പും ഏറിയതും അധ്യാപകരോടുള്ള അടുപ്പം കുറഞ്ഞതും ഒക്കെ  അതുവരെ ഉണ്ടാക്കി എടുത്ത അടിത്തറയിൽ ഇനി പഠിക്കാനുള്ളതിനെ കൊണ്ടുപോയി ചേർത്ത് വക്കാൻ  എളുപ്പമല്ലാതാക്കി.  നിലത്തു കാലുറപ്പിച്ചു നിൽക്കാതെ പഠിക്കുന്ന ഒരു ഫീൽ ആയിരുന്നു.

ജീവിതത്തിലെ ഇരുട്ട് മൂടിയ നശിച്ച  രണ്ടു വർഷങ്ങൾ ആയിരുന്നു  പ്ലസ് വൺ, പ്ലസ്‌ടു  പഠിച്ച വർഷങ്ങൾ. മനസ്സും ശരീരവും വെറുത്ത ദിനങ്ങൾ.

മോഹങ്ങളുടെ ഭാരവും, കിനാവുകളും മനസ്സിൽ നിറച്ചു ബുക്ക് നോക്കി ഇരുന്നു, യാതൊരു ലക്ഷ്യവുമില്ലാതെ എന്തൊക്കെയോ പഠിച്ചു, ഒരു പഠനമുറിയിൽ നിന്നു മറ്റൊന്നിലേക്കു ഓടി അതിനൊപ്പം സ്വയം എന്തൊക്കെയോ ആണെന്നുമുള്ള പ്രതീക്ഷക്കു മങ്ങൽ വരുമെന്ന് ഭയന്നു നടന്ന സമയം.

ഇംഗ്ലീഷ്‌  അറിയാത്തതിന്റെ പ്രശനം തീർക്കാൻ അച്ഛൻ രവി സാർ ന്റെ സ്പോകൺ  ഇംഗ്ലീഷിനു  കൊണ്ടുപോയി  ചേർത്ത് മാത്രം ആണെന്ന് തോന്നുന്നു  അന്ന് പോയ ക്‌ളാസുകളിൽ ശെരിക്കു ഉപകാരപ്പെട്ടത്.

എൻട്രൻസ് ക്‌ളാസിൽ  ചിലർ ഇത്തവണ കിട്ടിയില്ലെങ്കിൽ റിപീറ്റ്  ചെയ്യും എന്ന് നിശ്ചയദാർഢ്യത്തോടെ പറയുമ്പോൾ എന്റെ മനസ്സിൽ അത് ഏതോ വലിയ സംഖ്യയുടെ ചിത്രം ആണ് ഉണ്ടാക്കി വച്ചതു. കുറെ അധികം പണം ചിലവാകുമത്രേ റിപീറ്റ്  ചെയ്യാൻ, അന്പത്തിനായിരമോ മറ്റോ. 

എന്നാലും പഠിച്ചു  കഴിഞ്ഞതും  ഇനി പഠിക്കാനുള്ളതും തമ്മിലുള്ള അന്തരം  എന്നെ മനസ്സുകൊണ്ട് ഒരു റിപീറ്റർ ആകാൻ പ്രേരിപ്പിച്ചു,  ഞാൻ അടുത്ത വര്ഷം പഠിക്കാനുള്ള നോട്ടുകൾ ഉണ്ടാക്കി വച്ചു.

അങ്ങനെ എൻട്രൻസൊക്കെ കഴിഞ്ഞു റിസൾട് വന്നു, ഫിസിക്‌സും കെമിസ്ട്രയും  ചേർന്ന് എന്നെ ചതിച്ചു.  അവസാന സീറ്റു ലഭിക്കാനുള്ള റാങ്കിൽ നിന്ന് വിളിച്ചാൽ പോലും കേൾക്കാത്ത അത്ര ദൂരെ ഉള്ള ഒരു റാങ്ക്.

ഒരു തവണ റിപീറ്റ്  ചെയ്താൽ സീറ്റു കിട്ടും എന്ന് ഉറപ്പിച്ചു പറയാൻ ധൈര്യം ഇല്ലാത്തതുകൊണ്ടും, നീ പോയി റിപീറ്റ്  ചെയ്യ്  എന്ന് ഇങ്ങോട്ടു പറയാനുള്ള സാമ്പത്തിക സ്ഥിതി അച്ഛനു  ഇല്ലാത്തതു കൊണ്ടും വഴി മാറി നടക്കാൻ തീരുമാനിച്ച ദിനങ്ങൾ. 

ഇപ്പോഴും കൃത്യമായ ഓർമകളില്ലാതെ ഒളിച്ചിരിക്കുന്ന, അല്ലെങ്കിൽ  ഓർക്കാനിഷ്ടപ്പെടാതെ മനപ്പൂർവം മറന്നു കളഞ്ഞ ദിവസങ്ങൾ.

അങ്ങനെ സ്റ്റെതസ്കോപ്പിൽ നിന്നും വഴി മാറി നടന്നിട്ടു വർഷങ്ങൾ എത്രയോ കഴിഞ്ഞു, ലക്ഷ്യബോധം അർപ്പണം എന്നിവ ആഗ്രഹങ്ങളേക്കാൾ വലുതാണല്ലോ.. വെള്ളത്തിന് മുകളിൽ ഓരോ ഓളത്തിലും ചാഞ്ചാടി ഇപ്പൊ എങ്ങോട്ടൊക്കെയോ പോകുന്നു. 

ഇന്ന് എന്തൊക്കെയോ ആണെന്നുള്ളത്  വേറെ എന്തൊക്കെയോ ആവാതെ പോയതിനു പകരമാവുന്നില്ല ഒരിക്കലും.

ചില വിധികളെ പറഞ്ഞു മനസ്സിലാക്കിയാൽ പോലും മനസ്സ് അംഗീകരിക്കില്ല.. അതങ്ങനെ അവിടെ കിടന്നു നീറിക്കൊണ്ടിരിക്കും ചില കാറ്റ് വീശുമ്പോൾ അവ വീണ്ടും തിളങ്ങും ഒന്ന് കൂടി പൊള്ളിക്കും.

ഇന്നാ കാറ്റ് വീശിയപ്പോൾ എഴുതിയത്...

അപ്പൊ ഹാപ്പി ഡോക്ടർസ് ഡേ.