2020, ജൂലൈ 1, ബുധനാഴ്‌ച

ഹാപ്പി ഡോക്ടർസ് ഡേ


കുട്ടിക്കാലത്തു ഒരു  വിധം  എല്ലാരും കേൾക്കുന്ന അതേ ചോദ്യം,  വലുതാവുമ്പോൾ ആരാവണം?എനിക്ക് അത് ചിന്തിച്ചു ഉത്തരം പറയേണ്ട ഒരു ചോദ്യമേ ആയിരുന്നില്ല, വലുതാവുമ്പോൾ ഞാൻ ഡോക്ടർ ആവും എന്നത്  എന്നോടൊപ്പം തന്നെ വളർന്നു വന്ന ഒരു മോഹം ആയിരുന്നു.

നന്നേ ചെറുപ്പത്തിൽ ഒന്നിലോ രണ്ടിലോ പടിക്കുമ്പോൾ തന്നെ ആരോക്കെയോ എഞ്ചിനീയറിംഗ് ആണ് പഠിക്കുന്നത് എന്ന് അമ്മ പറഞ്ഞു കേട്ടപ്പോൾ ഞാൻ ഡോക്റ്ററിങ് പഠിക്കും എന്ന്  ഞാൻ വിളിച്ചു പറഞ്ഞത്‌ ഇപ്പോളും ഓര്മ ഉണ്ട്.(അങ്ങനൊരു വാക്കു ഉണ്ടോ എന്ന് പോലും ഇപ്പോഴും ഞാൻ നോക്കിയിട്ടില്ല സത്യം )

തികച്ചും സ്വഭാവുകമായി സംഭവിക്കേണ്ട ഒരു കാര്യമായി മാത്രമേ  ഞാൻ അതിനെ കണ്ടിരുന്നുള്ളു. 

അതുകൊണ്ട്‌  തന്നെ,  എട്ടിലോ ഒൻപത്തിലോ പഠിക്കുമ്പോൾ ഞങ്ങളുടെ കൂടെ ശബരിമലക്ക് വന്ന ഒരു സാർ എന്നോട് "ഡോക്ടർ ആവാൻ നല്ല പാടുണ്ട്,  എട്ടാം ക്‌ളാസ് മുതൽ പരിശീലനം തുടങ്ങുന്നവരെ എനിക്കറിയാം"  എന്ന് പറഞ്ഞപ്പോൾ പോലും എനിക്ക് പുച്ഛമാണ് വന്നത്. 

മനസ്സ് അന്ന് എത്രമാത്രം മഞ്ഞു മൂടി കിടക്കുകയായിരിന്നിരിക്കണം.

എന്റെ സ്കൂളിന് പുറത്തുള്ള ഒരു ലോകത്തെ പറ്റിയുള്ള അജ്ഞതയും,  പിന്നെ അല്പസ്വല്പം അഹങ്കാരവും, എന്തിനേറെ,  വൈദ്യപരമായ ജോലി ലഭിക്കും എന്ന് അപ്പുക്കുട്ടൻ ജോത്സ്യൻ എഴുതിവച്ച ജാതക പേജുകളും എന്നെ ഏറെക്കുറെ ചിന്തിപ്പിച്ചത്  സ്റ്റെതെസ്കോപ്പിനും എനിക്കും ഇടയിലുള്ള ദൂരം ഏതാനും വർഷങ്ങൾ മാത്രം ആണെന്നായിരുന്നു.
അല്ലാതെ അതിനു ഒരുപാട് പഠിക്കണമെന്നോ,  എൻട്രൻസ് എന്ന കടമ്പയുടെ വീതിയോ മനസ്സിലാക്കിയിരുന്നില്ല.

ഒരുപക്ഷെ ആദ്യമായി ഇടിത്തീപോലെ ആ മോഹത്തിലേക്കുള്ള യാത്ര കഷ്ടപ്പാടിന്റെതാണെന്നു മനസ്സിലായത് എൻട്രൻസ് കോച്ചിങ്ങിനു ചെന്ന് കേറിയപ്പോളാണ്. 

ജീവിത്തിനു ചിറകു മുളക്കുമ്പോഴേക്ക് അതിൽ കെട്ടുകൾ ഇടും പോലെ ആണ് എൻട്രൻസ് കോച്ചിങ്.  ഭാവിക്കു  വേണ്ടി ഉരുകി കഷ്ടപ്പെടാനുള്ള തീച്ചൂളകൾ ആണവ.  എന്റെ കാര്യത്തിൽ അവിടെയും കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടു പോയില്ല.

ഇംഗ്ലീഷ് അറിയാഞ്ഞതും,  പഠിക്കുന്ന വിഷയങ്ങൾക്ക് ആഴവും പരപ്പും ഏറിയതും അധ്യാപകരോടുള്ള അടുപ്പം കുറഞ്ഞതും ഒക്കെ  അതുവരെ ഉണ്ടാക്കി എടുത്ത അടിത്തറയിൽ ഇനി പഠിക്കാനുള്ളതിനെ കൊണ്ടുപോയി ചേർത്ത് വക്കാൻ  എളുപ്പമല്ലാതാക്കി.  നിലത്തു കാലുറപ്പിച്ചു നിൽക്കാതെ പഠിക്കുന്ന ഒരു ഫീൽ ആയിരുന്നു.

ജീവിതത്തിലെ ഇരുട്ട് മൂടിയ നശിച്ച  രണ്ടു വർഷങ്ങൾ ആയിരുന്നു  പ്ലസ് വൺ, പ്ലസ്‌ടു  പഠിച്ച വർഷങ്ങൾ. മനസ്സും ശരീരവും വെറുത്ത ദിനങ്ങൾ.

മോഹങ്ങളുടെ ഭാരവും, കിനാവുകളും മനസ്സിൽ നിറച്ചു ബുക്ക് നോക്കി ഇരുന്നു, യാതൊരു ലക്ഷ്യവുമില്ലാതെ എന്തൊക്കെയോ പഠിച്ചു, ഒരു പഠനമുറിയിൽ നിന്നു മറ്റൊന്നിലേക്കു ഓടി അതിനൊപ്പം സ്വയം എന്തൊക്കെയോ ആണെന്നുമുള്ള പ്രതീക്ഷക്കു മങ്ങൽ വരുമെന്ന് ഭയന്നു നടന്ന സമയം.

ഇംഗ്ലീഷ്‌  അറിയാത്തതിന്റെ പ്രശനം തീർക്കാൻ അച്ഛൻ രവി സാർ ന്റെ സ്പോകൺ  ഇംഗ്ലീഷിനു  കൊണ്ടുപോയി  ചേർത്ത് മാത്രം ആണെന്ന് തോന്നുന്നു  അന്ന് പോയ ക്‌ളാസുകളിൽ ശെരിക്കു ഉപകാരപ്പെട്ടത്.

എൻട്രൻസ് ക്‌ളാസിൽ  ചിലർ ഇത്തവണ കിട്ടിയില്ലെങ്കിൽ റിപീറ്റ്  ചെയ്യും എന്ന് നിശ്ചയദാർഢ്യത്തോടെ പറയുമ്പോൾ എന്റെ മനസ്സിൽ അത് ഏതോ വലിയ സംഖ്യയുടെ ചിത്രം ആണ് ഉണ്ടാക്കി വച്ചതു. കുറെ അധികം പണം ചിലവാകുമത്രേ റിപീറ്റ്  ചെയ്യാൻ, അന്പത്തിനായിരമോ മറ്റോ. 

എന്നാലും പഠിച്ചു  കഴിഞ്ഞതും  ഇനി പഠിക്കാനുള്ളതും തമ്മിലുള്ള അന്തരം  എന്നെ മനസ്സുകൊണ്ട് ഒരു റിപീറ്റർ ആകാൻ പ്രേരിപ്പിച്ചു,  ഞാൻ അടുത്ത വര്ഷം പഠിക്കാനുള്ള നോട്ടുകൾ ഉണ്ടാക്കി വച്ചു.

അങ്ങനെ എൻട്രൻസൊക്കെ കഴിഞ്ഞു റിസൾട് വന്നു, ഫിസിക്‌സും കെമിസ്ട്രയും  ചേർന്ന് എന്നെ ചതിച്ചു.  അവസാന സീറ്റു ലഭിക്കാനുള്ള റാങ്കിൽ നിന്ന് വിളിച്ചാൽ പോലും കേൾക്കാത്ത അത്ര ദൂരെ ഉള്ള ഒരു റാങ്ക്.

ഒരു തവണ റിപീറ്റ്  ചെയ്താൽ സീറ്റു കിട്ടും എന്ന് ഉറപ്പിച്ചു പറയാൻ ധൈര്യം ഇല്ലാത്തതുകൊണ്ടും, നീ പോയി റിപീറ്റ്  ചെയ്യ്  എന്ന് ഇങ്ങോട്ടു പറയാനുള്ള സാമ്പത്തിക സ്ഥിതി അച്ഛനു  ഇല്ലാത്തതു കൊണ്ടും വഴി മാറി നടക്കാൻ തീരുമാനിച്ച ദിനങ്ങൾ. 

ഇപ്പോഴും കൃത്യമായ ഓർമകളില്ലാതെ ഒളിച്ചിരിക്കുന്ന, അല്ലെങ്കിൽ  ഓർക്കാനിഷ്ടപ്പെടാതെ മനപ്പൂർവം മറന്നു കളഞ്ഞ ദിവസങ്ങൾ.

അങ്ങനെ സ്റ്റെതസ്കോപ്പിൽ നിന്നും വഴി മാറി നടന്നിട്ടു വർഷങ്ങൾ എത്രയോ കഴിഞ്ഞു, ലക്ഷ്യബോധം അർപ്പണം എന്നിവ ആഗ്രഹങ്ങളേക്കാൾ വലുതാണല്ലോ.. വെള്ളത്തിന് മുകളിൽ ഓരോ ഓളത്തിലും ചാഞ്ചാടി ഇപ്പൊ എങ്ങോട്ടൊക്കെയോ പോകുന്നു. 

ഇന്ന് എന്തൊക്കെയോ ആണെന്നുള്ളത്  വേറെ എന്തൊക്കെയോ ആവാതെ പോയതിനു പകരമാവുന്നില്ല ഒരിക്കലും.

ചില വിധികളെ പറഞ്ഞു മനസ്സിലാക്കിയാൽ പോലും മനസ്സ് അംഗീകരിക്കില്ല.. അതങ്ങനെ അവിടെ കിടന്നു നീറിക്കൊണ്ടിരിക്കും ചില കാറ്റ് വീശുമ്പോൾ അവ വീണ്ടും തിളങ്ങും ഒന്ന് കൂടി പൊള്ളിക്കും.

ഇന്നാ കാറ്റ് വീശിയപ്പോൾ എഴുതിയത്...

അപ്പൊ ഹാപ്പി ഡോക്ടർസ് ഡേ.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ