2020, ജൂലൈ 1, ബുധനാഴ്‌ച

ഒരു തമിഴ് പാഠത്തിലേക്കുള്ള നടത്തം


ഞാൻ താഴേക്കു വന്നപ്പോൾ അവൾ നടരാജനോട് അവളുടെ കളഞ്ഞു പോയ താക്കോലിനെ പറ്റി തമിഴിൽ സംസാരിക്കുകയായിരുന്നു. ഞാൻ അവൾക്കായി കാത്തു നിന്നു, അല്പനേരത്തിനുള്ളിൽ അവൾ എന്റെ കൂടെ ചേർന്നു.

"തമിഴ് പഠിക്കാൻ എളുപ്പമാണല്ലേ? പല സ്ഥലത്തു നിന്ന് വന്നവരാണെങ്കിലും,  ഇവിടെ എല്ലാരും തമിഴിൽ ആണല്ലോ സംസാരിക്കുന്നത്. എന്തിനേറെ നീ തന്നെ എത്ര നന്നായി ആണ് സംസാരിക്കുന്നത്?"

അവൾ ചിരിച്ചു, എന്നത്തേയും പോലെ, എപ്പോഴത്തെയും പോലെ അതേ മനോഹരമായ ചിരി,
"ഡാ പൊട്ടാ,  അതിവിടത്തെ ഭാഷയല്ലേ അതാ.. എല്ലാരും ഇവിടെ വരുമ്പോ നല്ലോണം കഷ്ടപ്പെട്ട് തന്നെ പഠിക്കുന്നതാ." 

"പക്ഷെ എന്റെ നാട്ടിൽ ഇങ്ങനെ ഞാൻ കണ്ടിട്ടില്ലല്ലോ." ഞാൻ  ഒരു വാഗ്‌വാദത്തിനായി പറഞ്ഞതായിരുന്നു, ഏറെക്കുറെ അവൾ എന്താണ് പറയാൻ പോകുന്നത് എന്ന് എനിക്കറിയാമായിരുന്നു.

"പൊട്ടൻ,  ഡാ നമ്മുടെയൊക്കെ നാട് ചെറിയ ഗ്രാമമല്ലേ, അവിടെ എത്ര പേരു വരാനാ.. ഇതൊരു സിറ്റി ആണ് , ദി ഗ്രേറ്റ് ചെന്നൈ സിറ്റി, ഇതിനെ നീ നിന്റെ ഓണം കേറാ മൂലയുമായി,  ചേർത്ത് പറയല്ലേ.."

ഞങ്ങൾ നടന്നു നടന്നു മെയിൻ റോഡിനു അടുത്തെത്തി അവിടെ രണ്ടു തത്തകൾ ഉള്ള ഒരു വീടുണ്ടായിരുന്നു.

 "ദാ.. തത്തകളെ കണ്ടോ, അവർ പോലും ഇവിടത്തെ ഭാഷ പഠിച്ചു  സംസാരിക്കും.. അതാണ് റൂൾ"

അവളങ്ങനെയായിരുന്നു, ഒരു നല്ല പോയിന്റ് പറഞ്ഞാൽ പിന്നെ ലോകത്തുള്ളതെന്തും അവൾ തെളിവായി കൊണ്ടുവരും.

ഞങ്ങൾ നടന്നു ഒരു വലിയ ആൽമരത്തിനു ചുവട്ടിലുള്ള ഞങ്ങളുടെ സ്ഥിരം ചായക്കടക്കരികിൽ എത്തി. 

അവൾ ആ മരത്തിലേക്ക് കണ്ണെറിയുന്നതു കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. ഞാൻ പറഞ്ഞു. 

"ഇനീപ്പോ ഈ  മരത്തിനും തമിഴ് അറിയാം എന്ന് പറഞ്ഞേക്കല്ലേ!"

"തീർച്ചയായും.. എന്താ പറ്റാത്തെ?"

അവൾ മുഖം കൂർപ്പിച്ചു എന്നെ നോക്കി, അവൾ പറയാൻ തുടങ്ങിയ പോയിന്റ് ഞാൻ അടിച്ചു മാറ്റിയതിന്റെ ചൊരുക്ക് അവളുടെ കവിൾത്തടങ്ങളെ ചുവപ്പിക്കും പോലെ  തോന്നി എനിക്ക്.

അവൾ കടയിലേക്ക് നോക്കി പറഞ്ഞു..

"മാസ്റ്റർ,  രണ്ടു ടീ കൊടുങ്കെ..."

ഞാൻ പുരികം പൊക്കി "കൊള്ളാലോ" എന്ന് ആംഗ്യം കാണിച്ചു..

അവൾക്കു അത് പെരുത്തിഷ്ടായി, നേരത്തെ  വന്ന ദേഷ്യത്തിന്റെ ചുവപ്പു ഒരു ബ്ലഷിൻറെ അരുണിമയിലേക്കു തെന്നി വീണു. 

അവൾക്കങ്ങനെയാണ്,  ഭാവങ്ങൾ നിമിഷാർദ്ധങ്ങളിൽ മിന്നി മാറും.. 

"ഞാൻ തമിഴ് പഠിക്കുവാണേൽ, എനിക്ക് സ്വന്തം ചായയെങ്കിലും തനിയെ ചോദിച്ചു വാങ്ങാൻ പറ്റും  അല്ലെ?"

അവൾ പൊട്ടിച്ചിരിച്ചു....

"വേണെൽ,  തമിഴിന്റെ ആദ്യ പാഠങ്ങൾ ഞാൻ പഠിപ്പിച്ചു തരാം...കേട്ടോ..."

"അത് ഞാൻ എങ്ങനെ വേണ്ടെന്നു പറയും??"






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ