2019, സെപ്റ്റംബർ 17, ചൊവ്വാഴ്ച

പ്രിയപ്പെട്ടവളെ ഇനി ഈ വഴി വരരുത്



പ്രിയപ്പെട്ടവളെ ഇനി ഈ വഴി വരരുത്....
നിനക്കറിയാവുന്ന രാവുകളിൽ ഞാൻ നഗ്നനായി കിടന്നിരുന്ന അതേ വഴി,
രാവേറെ ചെന്നിട്ടും ഉറങ്ങാതെ, പകലേറെ  പുലർന്നിട്ടും ഉണരാതെ  കിടന്ന അതേ വഴി,
ആശകളുടെ തിരമാലകൾ, ഓരോ മൺതരിയിലും തൊട്ടു തഴുകി ഒഴുകി പോയ അതേ  വഴി.
കടലിരമ്പൽ ഇപ്പൊഴും മുഴങ്ങുന്നുണ്ടിവിടെ.
മറക്കാൻ നിനക്കെല്ലാം എളുപ്പമായതിനാൽ , നീ  മറന്നിട്ടുണ്ടാവും.

പ്രിയപ്പെട്ടവളെ ഇനി ഈ വഴി വരരുത്,
ചിലപ്പോൾ  ഓർക്കാതെ എന്റെ ശിഖരങ്ങളിലോ വേരുകളിലോ നീ തട്ടി  വീഴും.
ഒരുപാടൊരുപാട് താഴേക്ക്.
ഒരു പക്ഷെ നീ കൊതിക്കുന്ന മരണം അവിടെ ഉണ്ടാവില്ല. കാതടിപ്പിക്കുന്ന മൗനത്തിന്റെ ഇരുളിൽ നീ ഒറ്റപെട്ടു പോവും. നിനക്കപ്പോൾ ഞാൻ അന്യനായിരിക്കും.

വിരഹം നിന്നിൽ മടുപ്പുളവാക്കും. കടന്നു പോയ ജന്മങ്ങളിൽ നിനക്കറിയാൻ കഴിയാതിരുന്ന നീ ഉണ്ടാക്കിയ വിരഹം.

ഒന്നുരിയാടാൻ കൊതിച്ചിരിക്കുമ്പോൾ നീ, ഒരുപാടു മുഖങ്ങൾ നിന്റെ ഓർമയിൽ കാണും.  എവിടെയോ കണ്ടു മറന്നതായി തോന്നും. മിന്നി മറയുന്ന അവ ഓരോന്നും ഞാൻ ആയിരിക്കും. 

അടുത്തെങ്കിലും നമ്മൾ തമ്മിൽ ഇതുപോലെ പ്രകാശ വർഷങ്ങൾ അകലം ഉണ്ടായിരിക്കും. നിന്റെ ശബ്ദം അത് കൊണ്ട് തന്നെ എന്നിലേക്ക്‌ എത്തുകയില്ല.


പ്രിയപ്പെട്ടവളെ ഇനി ഈ വഴി വരരുത്,
ആകാശവും കടലും തമ്മിലിണചേരുന്ന ചക്രവാളം ഈ വഴിയിൽ തന്നെ  ആയിരിക്കും
ഇവിടെ ഇനിയും വസന്തം വരും, ഓരോ പുല്ലും പൂവേന്തി നിൽക്കും,
പൂമരങ്ങൾ മെല്ലെ വീശുന്ന കാറ്റിൽ ചാഞ്ചാടും.
രാത്രികൾ നക്ഷത്ര മാലകൾ ചാർത്തി നിൽക്കും..


നീയൊരു കൊടുങ്കാറ്റായി വീശിയ അതെ വഴി, നീ പ്രളയമായി വന്ന അതെ വഴി,
അതൊരു പുതിയ പുലരിയിലേക്കു ഉണരട്ടെ..

അതുകൊണ്ട്,
പ്രിയപ്പെട്ടവളെ ഇനി ഈ വഴി വരരുത്!






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ