2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

സ്കന്ദഗിരി - ഒരു യാത്രാ കുറു... കുറി... അല്ലേൽ വേണ്ട... സ്പൂഫ്

"ഡാ മണിയാ, സ്കന്ദഗിരി പോയാലോ"
ശനിയാഴ്ച രാത്രിയിലെ 'ക്യാ മദ്യപാൻ ഹെ' കഴിഞ്ഞു വളരെ വൈകി ആണ് കിടന്നത്. രണ്ടെണ്ണം കഴിഞ്ഞു ആത്മാവിനെ പുകച്ചു പുറത്താക്കൽ ശീലമായിട്ടുണ്ട്.  തലേന്ന് അലയാൻ വിട്ട ആത്മാവ് തിരിച്ചു വരുന്നേ ഉള്ളു.  അപ്പോളാണ് ജ്യേഷ്ടന്റെ ഫോണ്‍ കാൾ.

"ഡാ മണിയാ, സ്കന്ദഗിരി പോയാലോ"

"ഇപ്പളോ?"

"ഇപ്പളല്ല, രണ്ടു മണി ആവുന്പോ"

"എന്തിനാ.."

"പറയെടാ, പോവാം കോശി വരുന്നുണ്ട്, മാത്രല്ല നാട്ടിന്നു വണ്ടി കൊണ്ടുവന്നിട്ടിട്ടു അതൊന്നു നേരായിട്ടു ഓടിച്ചില്ല,  നമുക്ക് പോകാം, നീ ആണ് ഇന്നത്തെ സ്റ്റാർ ഡ്രൈവർ"

ജ്യേഷ്ടന്റെ സൈകോലോജിക്കൽ മൂവ്.

"സൈക്കിൾഓടിക്കൽ മൂവ് ഒന്നും വേണ്ട , ഞാനേ  ഓടിക്കുന്നുള്ളൂ..   എന്നാ, ഒരു മണി ആവുന്പോ  വിളിക്ക്."

ഫോണ്‍ കട്ട്‌ ചെയ്തു. അങ്ങനെ മൂന്ന്  മണ്ടന്മാരും രണ്ടു  ക്യാമറയും നാല്  ലെൻസുകളും രണ്ടു ട്രൈ പോഡും ഫൊക്സ് വാഗണ്‍ പോളോ കാറിൽ കൃത്യം 3 മണിക്ക് തന്നെ യാത്ര പുറപ്പെട്ടു.
1.6  ലിറ്റർ എഞ്ചിൻ കാർ  എന്ന് എടുത്തു പറഞ്ഞില്ലെങ്കിൽ ജ്യേഷ്ഠൻ കോപിക്കും.

എപ്പോളത്തെയും പോലെ ഡ്രൈവിംഗ് സീറ്റിൽ ജ്യേഷ്ടൻ.

പ്രായത്തിലും മണ്ടത്തരങ്ങളിലും മറ്റുള്ളവരേക്കാൾ മുന്നിലാണെങ്കിലും ആളൊരു ഞെരിപ്പൻ ഡ്രൈവർ ആണ്. നാലും കൂടിയ കവലയിൽ നേരെ പോവാൻ ഹസ്സാർഡ്  ലൈറ്റ് ഇടുന്ന അത്രയ്ക്ക് ആത്മാർത്ഥത ഉള്ള ഡ്രൈവർ.

പിന്നെ സൈഡ് സീറ്റിൽ കൂളിംഗ്‌ ഗ്ലാസും വച്ചു ഇരിക്കുന്നതാണ് കോശി. അച്ഛൻ അരി മേടിക്കാൻ വച്ച കാശു കൊണ്ട് ക്യാമറക്ക് ലെൻസ്‌ വാങ്ങിയവൻ കോശി.  ഇതിൽ കൂടുതൽ എന്ത് പറയാൻ.. ആളൊരു മുടിഞ്ഞ കലകാരൻ ആണ്. തടിയും മുടിയും നീട്ടി വളർത്താത്ത  കലാകാരൻ.

ക്യാമറയുമില്ല, കൂളിംഗ് ഗ്ലാസ്സുമില്ല, എന്തിനോ വേണ്ടി , തിളക്കണോ വേണ്ടയോ എന്നറിയാത്ത സാംബാർ പോലെ പിൻസീറ്റിൽ ഞാനും..

ഇനി പ്ലോട്ട് 

ബാംഗ്ളൂർ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ ആണ് സ്കന്ദഗിരി.  സാമാന്യം നല്ല ഒരു ട്രെക്കിംഗ് സഥലം. രണ്ടു രണ്ടര മണിക്കൂർ നടന്നു കയറാനുള്ള മല ഉണ്ട്. മുകളിലെത്തിയാൽ വളരെ മനോഹരമായ ഒരു വ്യൂ , നല്ല തണുത്ത കാറ്റും പിന്നെ ഭാഗ്യമുണ്ടെങ്കിൽ നല്ല കോടമഞ്ഞും കാണാം. മേഘങ്ങൾ നമ്മെ തൊട്ടു  തഴുകി പോകും പോലെ.

പെട്ടെന്നൊരു ട്രെക്കിംഗ് ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നവര്ക്ക് പറ്റീയ ഇടം ആണ്.

ബംഗ്ലൂർ അന്തർദേശീയ വിമാനത്താവളം റൂട്ടിൽ , നന്ദി ഹിൽസ് കഴിഞ്ഞു കുറച്ചുകൂടി മുന്നോട്ട് പോയാൽ സ്കന്ദഗിരി റോഡിൽ എത്താം, ഗൂഗിൾ മാപ് നോക്കി പോയാലും മതി.

ബാക്ക് ടു ട്രിപ്പ്‌,

അങ്ങനെ ഞങ്ങൾ ഏകദേശം 5 മണിക്കടുത്ത് അടിവാരത്ത് എത്തി. ഒരു ആശ്രമം/ ക്ഷേത്രം ഉണ്ട് അവിടെ, അതിനു വശത്തായി കാർ പാർക്ക്‌ ചെയ്തു. ഒരു കാറിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും എവിടുന്നോ ഒരു അമ്മാമ്മ  വന്നു, പാർക്കിംഗ് ചാർജ് ചോദിച്ചു,  വണ്ടി അവര് നോക്കിക്കോളാം കാശു തരണം എന്ന് പറഞ്ഞു. ഈ അനുംഭവം എല്ലാര്ക്കും ഉണ്ടായോ എന്നറിയില്ല. ആ പ്രദേശത്ത് വേറെ ഒരു വണ്ടി പോലും ഇല്ലാത്തതിനാലും പരിചയമില്ലാത്ത സഥലം ആയതിനാലും ഒരു 50 രൂപ എടുത്തു കൊടുത്തു.. ഒരു പാവം അമ്മുമ്മ  അല്ലെ.

ഞങ്ങൾ ബാഗൊക്കെ എടുത്തു ഇറങ്ങിയപ്പോ മറ്റൊരു അമ്മൂമ്മ വന്നു നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് കയ് നീട്ടി, അങ്ങനെ നിന്നപ്പോ വീണ്ടും രണ്ടു പേര് കൂടി വന്നു.. എല്ലാര്ക്കും കാശു കൊടുത്തു.

പിന്നെ  കന്നഡയിൽ എന്തൊക്കെയോ പറഞ്ഞു.  കര്യയട്ടു ഒന്നും മനസ്സിലായില്ലെങ്കിലും 5 മണി കഴിഞ്ഞു മുകളിലോട്ടു കേറണ്ട എന്നാണെന്ന് മനസ്സിലായി.. കുറച്ചു ദൂരം കേറിയിട്ടു തിരിച്ചു പോരെ, ഇരുട്ട്  ആവാറായി  എന്നാണെന്ന്  തോന്നണു.

കൊക്കെത്ര കുളം കണ്ടതാ, ജ്യേഷ്ഠൻ മുന്നേ നടന്നു,

"നീ വാടാ, ഞാനിവിടെ ഇതിനു മുന്നേം വന്നിട്ടുണ്ട്."

"ഇയ്യാള് പോവാത്ത വല്ല സഥലണ്ടാ?? "

അങ്ങനെ ആരൊക്കെയോ കാണിച്ചു തന്ന വഴിയിലൂടെ ഞങ്ങൾ മൂന്നു പേരും മല കയറാൻ തുടങ്ങി.

"ഡാ മണീ, വെള്ളം എടുത്തിട്ടുണ്ടോ?" കോശി ചോദിച്ചു

"അയ്യോ വാട്ടർ ബോട്ടിൽ  കാറിൽ  ആണ് തിരിച്ചു പോണോ?", ഞാൻ

"വേണ്ടടാ, മുകളിൽ, കട ഉണ്ട്. കാശു കൂടുതൽ കൊടുത്താലും വെള്ളം കിട്ടും, അല്ലെങ്കിലും വെള്ളം കുടിക്കാനുള്ള കയറ്റം ഒന്നും ഇല്ല , ഞാൻ വന്നിട്ടുള്ളതല്ലേ...   " ജ്യേഷ്ഠന്റെ സോലുഷൻ.

തള്ളിനു യാതൊരു കുറവുമില്ല, ജ്യേഷ്ടന് ആ ഏരിയ ഒരു പിടുത്തവുമില്ല എന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. കുത്തനെ കയറ്റവും, പിന്നെ  കട പോയിട്ട് ഒരു പട്ടി പോലും ഇല്ല മുകളിൽ .

കോശി ക്യാമറ ട്രൈപോടിൽ കുത്തി പണി തുടങ്ങി, ജ്യേഷ്ടനും.

തെണ്ടിപ്പിള്ളേർ ചക്കപ്പുഴുക്ക് കണ്ടപോലെ സെൽഫികൾ എടുത്തു കൂട്ടി.

രണ്ടു പേരുടെ ക്യാമറക്ക് മോഡൽ ആയി ഞാൻ ക്ഷീണിച്ചു..

അടിവാരത്ത് നിന്നും ഒരു നായ ഞങ്ങളോടൊപ്പം നടന്നു വന്നു, കോശി അതിനെ തൊട്ടു തലോടി, കൂടെ കൂട്ടി .. അങ്ങനെ ഞങ്ങളുടെ മൂവര് സംഘം നാലായി അപ്ഗ്രേഡ്  ചെയപ്പെട്ടു. ഇനി  മൂന്നു പേര് പോയിട്ട് മൂ$##@   പോരണ്ടല്ലോ.. ആത്മഗതം

കയറും വഴി ചിലയിടങ്ങളിൽ  പാറകളിൽ വെളുത്ത നിറത്തിൽ അന്പടയാളങ്ങൾ ഇട്ടു വഴി മാർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു. ചിലയിടങ്ങളിൽ നന്നേ കുത്തനെ യുള്ള കയറ്റം. ഇടയ്ക്കിടെ കുറ്റിക്കാടുകളും,  വ്യൂ പൊയിന്റുകളും  ഉണ്ട്.

കോശിയുടെ തലോടലും , ഞങ്ങളുടെ പ്രതീക്ഷയും വെറുതെ  ആയി .. കയറ്റം കുത്തനെ ആയി തുടങ്ങിയപ്പോൾ, നായ അതിന്റെ പാട്ടിന് പോയി.

ഓരോ വ്യൂ പോയിന്റുകളിലും ഞങ്ങളുടെ ക്യാമറകൾ പ്രകൃതിരമണി ഒപ്പിയെടുത്തു. സഞ്ചാരം പരിപാടിയിൽ പറയുന്നത് പോലെ....അംബര ചുംബികളായ മലനിരകൾ ഞങ്ങളെ ഹഠാതാകർഷിച്ചു.
...

...

സമയം പോവുകയായിരുന്നു..

ഇരുട്ടു ഇരച്ചു കയറി തുടങ്ങി ,  ലോ ലൈറ്റ് ഫോട്ടോഗ്രാഫിയെ പറ്റി ഞങ്ങൾ വാചാലരായി..
മലയുടെ ഏറ്റവും മുകളിലേക്ക് കയറണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. രണ്ടാമത്തെ ഉയരമുള്ള വ്യൂ പോയിന്റിൽ ഞങ്ങൾ നിന്നു.

സന്ധ്യ-നേരത്തെ ആകാശത്തിന്റെ , താഴെ ദൂരെ വഴിവിളക്കുകൾ ഏന്തിയ  നഗരത്തിന്റെ, ദൂരെ റോഡുകളിലൂടെ പോകുന്ന വാഹനങ്ങളുടെ .. അതി മനോഹരമായ കാഴ്ച.

വെളുത്ത മേഘങ്ങളേ പിന്തള്ളി കാർമേഘങ്ങള്‍ ആകാശത്തേക്ക് വന്നു നിറയുകയായിരുന്നു.. ചെറിയ കോടമഞ്ഞു ഞങ്ങളെ തഴുകി കടന്നു പോയി.

പിന്നെ സംഭവിച്ചതെല്ലാം വളരെ പെട്ടെന്നായിരുന്നു.

ചുറ്റും കൂറ്റാക്കൂരിരുട്ടായി, മഴ ചാറി തുടങ്ങി ,

ക്യാമറയും സാധനങ്ങളും ബാഗിലാക്കി, കോശിയുടെ ഒരൊറ്റ ടോർച്  ലൈറ്റിന്റെ വെളിച്ചത്തിൽ വഴി തപ്പിപ്പിടിച്ചു ഞങ്ങൾ താഴോട്ടിറങ്ങാൻ തുടങ്ങി. മൂന്നു പേരുടെ കാലുകൾക്കു കല്ലും മുള്ളും നിറഞ്ഞ വഴിയിൽ ആ ടോര്ച്ചു ഒട്ടും മതിയായിരുന്നില്ല. അതൊരു മിന്നാമിനുങ്ങിനോളം ചെറുതായിരുന്നു.

ചാറ്റൽ വല്ല്യ മഴയായി, മേഘങ്ങലോടൊപ്പം ഞങ്ങളും പെയ്യാൻ തുടങ്ങി.. മരങ്ങളും മലയും അതേറ്റു പിടിച്ചു. അടിവച്ചടി വച്ച് ഞങ്ങൾ നടന്നു. പരസ്പരം പ്രാകിക്കൊണ്ട്‌, മല കയറിയ ക്ഷീണവും, ദാഹവും മഴയില ഒലിച്ച് പോയി, ഇരുട്ടിനൊപ്പം സാഹസികതയും ചുറ്റും നിറഞ്ഞു നില്ക്കുന്നത് പോലെ തോന്നി.

ആ കാട്ടിൽ പുലി ഉണ്ടോ എന്നറിയില്ല.. പക്ഷെ. ഞങ്ങൾ അതിനെയും അത് ഞങ്ങളെയും കണ്ടിട്ടില്ല.

ഒറ്റ ടോർച്ചു  കൊണ്ട് ഒരുമിച്ചു ഇറങ്ങുന്നത് അസാധ്യമായിരുന്നു. ഒടുവിൽ വേറെ വഴി ഇല്ലാതെ ഞങ്ങൾ ഒരു വഴി കണ്ടു പിടിച്ചു.

ഞാൻ ടോര്ച്ചുമായി മുന്പേ നടക്കും . പത്തടി നടന്നിട്ട്  ത്രിര്ഞ്ഞു നിന്ന് ബാക്കി രണ്ടു പേര്ക്ക് വെളിച്ചം കാണിച്ചു കൊടുക്കും.  അതോരനുഭവം  തന്നെ ആയിരുന്നു. മുന്നേ പോകുന്പോൾ നല്ല ഇറക്കം ആണെങ്കില നിൽക്കാൻ ഉള്ള സഥലം ഉണ്ടാവില്ല , ഇച്ചിരി കൂടി മുന്നോട്ടു പോയാൽ വെളിച്ചം കാണിക്കാൻ പറ്റില്ല, കൊശീം ജ്യേഷ്ടനും തെറിവിളി തുടങ്ങും.

വല്ല്യ കല്ലുകളുള്ളിടത്ത്  ഓരോ അടി വച്ച് നിന്ന് വെട്ടം കാട്ടണം.

അതിലും വലിയ പ്രശ്നം  പലപ്പോഴും വഴിച്ചാൽ കാണാതെ വിഷമിച്ചു, ചിലയിടത്ത് രണ്ടു വഴിച്ചാൽ കണ്ടു കണ്‍ഫ്യുഷൻ ആയി, പിന്നെ അതിലൊന്ന് ഉറപ്പിച്ചു അങ്ങനങ്ങനെ....

എങ്ങനെ ഒക്കെയോ.. നനഞ്ഞു കുതിർന്നു താഴെ എത്തി.


വണ്ടിയിൽ കയറി വീട് പിടിക്കാൻ നേരം.. മനസ്സ് നിറഞ്ഞിരുന്നു.


ഒരിക്കലും മറക്കനാവാത്ത , ഒരു ട്രിപ്പിന്റെ മനോഹരമായ ക്ലൈമാക്സ്‌ .....



ഇനി പോകുംന്പോൾ  ......

. കഴിവതും നേരത്തെ പോകുക.
. നൈറ്റ്‌ ട്രെക്കിംഗ് ആണ് ഉദ്ദേശമെങ്കിൽ ഓരോരുത്തരും ടോർച് ലൈറ്റ് കരുതുക.  ഒപ്പം വഴി അറിയാവുന്ന ആരെയെങ്കിലും കൂടെ കൂട്ടുക.
. റെയിൻ കോട്ട് എടുക്കുന്നത് നന്നായിരിക്കും.
. ആവശ്യത്തിനു കുടിവെള്ളം, ലഘുഭക്ഷണം എന്നിവ കരുതുക.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


1 അഭിപ്രായം:

  1. വാച്ചലതയുള്ള നല്ല നർമവും പുതിയ view വും എഴുത്തിനെ വെത്യറ്സ്തം ആകുന്നു

    മറുപടിഇല്ലാതാക്കൂ