2015, നവംബർ 14, ശനിയാഴ്‌ച

വിരിയാതിരുന്ന മൊട്ടുകൾ

"ആ മൊട്ടൊന്നും കളയല്ലേ കുട്ട്യേ, നാളേക്ക് വിരിയാനുള്ളതല്ലേ ?"
 അമ്മാമ്മയുടെ ശകാരം.

സന്ധ്യക്ക്‌ മുറ്റത്തെ കുറ്റിമുല്ലയിലെ മൊട്ടുകളോരോന്നു പറിച്ചെടുക്കുന്നതിനിടയിൽ ലക്ഷ്മി തിരിഞ്ഞു നോക്കി, അമ്മാമ്മ  അത് കോലായിൽ  നിന്ന് കണ്ടിരിക്കണു.

"നിക്ക് മാല കോർക്കാനാ, മ്മാമ്മേ. കുറച്ചേ പറിക്കു."

കാലം തെറ്റി വന്ന മഴക്കെന്നോണം മുല്ല പതിവില്ലാതെ നിറയെ മൊട്ടിട്ടിരുന്നു.
അന്നു രാവിലെ നിറയെ പൂക്കൾ വിരിഞ്ഞിരുന്നു. വൈകിട്ടു നിറയെ മൊട്ടുകളും.

നാളെക്കു പക്ഷെ അത് കാണാൻ ലച്ചു  ഉണ്ടാവില്ല്യല്ലോ.  ലച്ചു പോവ്വല്ലേ.

കാടിനും കടലിനും മീതെ പറന്നു പറന്നു,  അങ്ങു ദൂരേക്കു..

പോവും മുന്നേ മാല കോർതെടുക്കണം, വിമാനത്തിൽ ഇരിക്കുംന്പോളാവും അതു വിരിയ്യ,
ആകാശത്തിൽ വച്ച് വിരിയാൻ പോണ മൊട്ടുകളാ എല്ലാം.

അമ്മാമ്മക്കിതോന്നും അറിയില്ല്യ, വിമാനത്തിൽ  കേറീട്ടു  കൂടി ഇല്ല്യ.

ലക്ഷ്മി ആകാശത്തേക്ക് നോക്കി, സന്ധ്യ ആവുന്നെ ഉള്ളു,

രാത്രി ആകാശം നിറയെ നക്ഷത്ര പൂക്കൾ  വിരിയും,  അവളെ നോക്കി കണ്ണ് ചിമ്മും,

ന്ത് ഭംഗ്യാ, തൊടാൻ തോന്നും.

ലച്ചുനറിയാം, വടക്കേലെ ശാരദേച്ചി പറഞ്ഞിട്ടുണ്ട്, പണ്ട് പണ്ട്  ആകാശം ഭൂമിക്കു വളരെ അടുത്താരുന്നു, ഒരു മുല്ലവള്ളീടെ അത്ര അടുത്ത്, മുല്ലപ്പൂക്കളൊക്കെ ആകാശത്താ  വിരിയ്യ, അന്ന്  ആകാശത്ത് വിരിഞ്ഞ പൂക്കളാണു  നക്ഷത്രങ്ങൾ,  പിന്നെങ്ങനെയോ ആകാശം അങ്ങ് മേലേക്ക് പോയി.  ഇപ്പളും നക്ഷത്രം  ആവാൻ കൊതിച്ചാ ഓരോ പൂവും ആകാശത്തോട്ടു നോക്കി വിരിയണെ.  പക്ഷെ ആകാശം എത്ര ദൂരെയാ.

ആകാശത്ത് വച്ച് വിരിഞ്ഞാ ഈ മൊട്ടുകളും നക്ഷത്രങ്ങളായാവും വിരിയ്യ. ലച്ചുനു ഉറപ്പുണ്ട്.  സമയമില്ല പെട്ടെന്ന് കൊർത്തെടുക്കണം എല്ലാം. അമ്മ ഒരുങ്ങി ക്കഴിഞ്ഞാൽ ഉടൻ ഇറങ്ങും എല്ലാരും കൂടി, കുട്ടേട്ടൻ വണ്ടിയുമായി  എത്തികഴിഞ്ഞു.




********

വിമാനത്താവളത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന വാൻ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു മരിച്ചവരിൽ ഒരു കൊച്ചു പെണ്‍കുട്ടി ഉണ്ടായിരുന്നു, അവളുടെ കയ്യിൽ അഞ്ചാറ് മുല്ല മൊട്ടുകൾ കോർത്ത മാല ഇറുക്കി പിടിച്ചിരുന്നു. .. വിരിയാതിരുന്ന ആ മൊട്ടുകളിൽ അവളും ചേർന്നിരുന്നു.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ