2015, നവംബർ 2, തിങ്കളാഴ്‌ച

ബൊമ്മകൾ...

ഒറ്റക്കായിരുന്നു എന്നും,
കീബോർഡിലെ കീ - കൾ  കൊണ്ടു ചിന്തകളെ ചാലു കീറി ഒഴുക്കുന്പോഴും,  ആ കീ - കൾക്കിടയിൽ ജീവിതത്തിന്റെ അർഥം കണ്ടെത്താൻ അയാൾ  മറന്നു പോയിരുന്നു.

ഭാസ്കർ, ബംഗ്ലൂരിൽ ഉയര്ന്നു പൊങ്ങിയ ഐ ടി മഴക്കാട്ടിൽ വീണു കിടന്നു ചീയാൻ തുടങ്ങിയ ഒരില.
ഐ ടി ക്ക് വേണ്ടി വളർന്നു ഇപ്പോൾ ഐ ടി ക്ക് വേണ്ടി വളമായി ക്കൊണ്ടിരിക്കുന്ന ഒരു സാധാരണ തലച്ചോറ്.
ഒരുപാടു അത്ഭുതങ്ങളൊന്നും സ്വപ്നം കണ്ടിട്ടില്ല ഇതു വരെ. പണ്ടൊരുപാട്  ഒരുപാട് കൊതിച്ച മെഡിക്കൽ സീറ്റിൽ നിന്ന് വഴുതി സോഫ്റ്റ്‌വെയർ എഞ്ചിനീയരുടെ കറങ്ങുന്ന കസേരയിൽ വീണ അന്ന് മുതൽ ഭയമായിരുന്നു അയാൾക്ക്‌ സ്വപ്നങ്ങളെ. ആ കസേര കറങ്ങാത്ത വിധം മുറുകെ പിടിച്ചുരുന്നു ഏതൊക്കെയോ ഭാഷയിൽ പ്രോഗ്രാം ചെയ്തും പിന്നതു ടെസ്റ്റ്‌ ചെയ്തും ഒരു പതിറ്റാണ്ട് കടന്നു പോയിരുന്നു.

അയാള്ക്ക് അയാളെ തന്നെ നഷ്ടപ്പെടുകയായിരുന്നു. അതിനും വളരെ മുൻപ് തന്നെ കുടി കടത്താൻ കുട്ടിനര എത്തി നോക്കി തുടങ്ങിയിരുന്നു. 

യാത്ര ചെയ്തത് പക്ഷെ തനിക്കു വേണ്ടി ആയിരുന്നില്ല. ആരുടെയൊക്കെയോ ഇരുണ്ടു  കറുത്ത മുഖത്തിനു പെയ്തു തീരാൻ നിന്ന് കൊടുക്കാൻ വേണ്ടി, അല്ലെങ്കിൽ ഒരുപാടൊരുപാട് ബഗ് കളെ രാപ്പകൽ കോഡ് ചെയ്തു തുരത്താൻ. 

അന്ന് വെള്ളിയാഴ്ച ആയിരുന്നു. ഒരുപാടു നാളുകൾക്കു ശേഷം വീക്ക്‌ ഏൻഡ് ജോലി ഇല്ലാതിരുന്ന ഒരു വെള്ളിയാഴ്ച. അന്നും ഒരുപാടു വൈകി ആണ് ഓഫീസിൽ  നിന്ന് ഇറങ്ങിയത്‌, അവസാനത്തെ ബി എം ടി സി  ചുവന്ന വോൾവോ ബസ് ഏറെക്കുറെ കാലി ആയിരുന്നു. മുന്നിലെ ഒരു വിന്ഡോ സീറ്റിൽ ഇരിക്കുംബോൾ പുറത്തു മഴ ചാറുന്നത്‌ കാണാമായിരുന്നു. നേരത്ത പൊടീ മഴ.

ട്രാഫിക്‌ ജാം നന്നെ കുറവായിരുന്നു.

പുറത്തേക്കു നോക്കി ഇരുന്നെങ്കിലും, അയാൾ റോഡിലെ കാഴ്ച്ചകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല, കുഴിഞ്ഞ കണ്ണുകൾ  അന്ന് പതിവിനു വിപരീതമായി ആ കുഴിഞ്ഞ കണ്ണുകൾ അകത്തേക്ക് തുറന്നിരിക്കുകയായിരുന്നു. രണ്ടു ദിവസം അവധി കിട്ടിയതിനാലവണം വളരെ നാളുകൾക്കു ശേഷം ജീവിതം പെട്ടെന്ന് മാറിയത് പോലെ അയാൾക്ക്‌ തോന്നിയത്.

താൻ അവസാനമായി കണ്ണാടി നോക്കിയതെന്നാണ്? കുഴിഞ്ഞ കണ്ണുകളും ഉന്തിയ വയറും അവസാനം കണ്ടതെന്നാണ്, ഓർമ്മയില്ലായിരുന്നു. 

മനസ്സ് നിറഞ്ഞിരുന്നിരുന്ന അപഹർഷതക്കുള്ളിൽ, അയാളുടെ സൌന്ദര്യം മറഞ്ഞു പോയി.
സ്വയം വിലക്കിയില്ലായിരുന്നെങ്കിൽ എന്നേ ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് കയറി വന്നേനെ, ഇല്ല, ഒരു പെണ്ണിനും പുച്ഛിക്കാൻ താൻ നിന്നു  കൊടുക്കില്ല.. തന്റെ കുറവുകൾ തനിക്കുള്ളിലൊതുങ്ങണം, എന്നിട്ട് തന്നോട് ചേർന്നോടുങ്ങണം.

പക്ഷെ ശെരിക്കും ഇഷ്ടമാണെന്ന് പറഞ്ഞു ഒരു പെണ്ണ് വന്നാലോ.... അവള്ക്ക് ശെരിക്കും ഇഷ്ടമാണെങ്കിലോ?? അയാൾക്കറിയില്ലായിരുന്നു. സ്വപ്നം കാണാൻ അയാൾക്ക്‌ ഭയമായിരുന്നു.   

ബസ്‌ ഇറങ്ങി ഇരുണ്ട വഴിയിലൂടെ ഫ്ലാറ്റിലേക്ക് നടക്കുകയായിരുന്നു അയാളപ്പോൾ, വഴിയരുകിലെ വേസ്റ്റ് കൂട്ടിയിടുന്ന പ്ലോട്ടിനരുകിലൂടെ മൂക്ക് പൊതി കടന്നു പോയപ്പോൾ, പക്ഷെ എന്തോ അയാളുടെ കണ്ണിലുടക്കി.  ചവറു കൂനക്കരുകിൽ കിടക്കുകയാണ്, വെളുത്ത ഒരു ശരീരം.



അയാൾ ഞെട്ടിപ്പോയി, പിന്നെ ശ്രദ്ധിച്ചു നോക്കി. 
അതൊരു ബൊമ്മ ആയിരുന്നു, തുണിക്കടയിൽ വസ്ത്ര പ്രദര്ശനത്തിന് വക്കുന്ന വലിയ സ്ത്രീ ബൊമ്മ, നഗ്നയായി കിടക്കുന്നു,
അരക്കു മേല്പ്പോട്ടുള്ള ഭാഗം മാത്രം,  വീണ്ടും നോക്കിയപ്പോൾ അതിനു എതിർ വശത്തായി ബാക്കിയും ഉണ്ടായിരുന്നു. ഏതോ തുണിക്കടക്കാർ വലിച്ചെറിഞ്ഞതാവും  പഴയതോ ചീത്ത ആയതോ ആവും.  




പക്ഷേ ഭാസ്കർ അതിൽ ഒരു കുറവും  കണ്ടില്ല, വെളുത്ത ഒരു പെണ്‍കുട്ടി യുടെ അതെ നിറം, നിറം ഒട്ടും മങ്ങിയിട്ടില്ല, അച്ചിൽ വാര്തെട്യ്ത വടിവൊത്ത ശരീരം, ഉടയാത്ത അവയവങ്ങൾ.
അളവൊത്ത ഒരു സ്ത്രീ രൂപം. ആ നഗ്ന ശിൽപം അയാളെ ആകെ ഉലച്ചു. 
മറന്നു പോയ അയാളിലെ യൌവനം ആ സൌന്ദര്യത്തിലേക്ക് ഉറ്റു നോക്കുകയായിരുന്നു. 

വേറിട്ട്‌ കിടന്നെങ്കിലും, അയാൾ  അതൊന്നായി കാണുകയായിരുന്നു. പ്രോപോർഷൻസ് എല്ലാം കിറു കൃത്യം.  ഇങ്ങനൊരു യഥാർത്ഥ സ്ത്രീ ഉണ്ടാവുമോ. ആ അളവിൽ ആവുമോ ഇതുണ്ടാക്കിയത് 

നിന്നിടത്ത്  നിന്ന് അനങ്ങാനാവാതെ അയാൾ  അതിലേക്കു  ഉറ്റു നോക്കി നിന്നു....

"ഭാസ്കർ,.."  ആ ബൊമ്മ അയാളെ വിളിച്ചു...  

അയാൾക്ക്‌ തല കറങ്ങുന്നത് പോലെ തോന്നി. ചവറു കൂനയിൽ നിന്ന് ഒരു ബൊമ്മ അയാളെ പേരെടുത്തു വിളിച്ചിരിക്കുന്നു. താനുറ്റുനോക്കിയാൽ പ്രതിമ പോലും പ്രതികരിക്കുന്നോ.

"എന്തേ, ഞാൻ വിളിച്ചത് കേട്ടില്ല എന്നുണ്ടോ?" ഇത്തവണ അതിന്റെ തുടുത്ത  ചുണ്ടുകൾ അനങ്ങുന്നത് അയാള് കണ്ടു. മറുപടി പറയാതിരിക്കാൻ അയാൾക്കായില്ല.

"അസംഭവ്യം , ഒരു ബൊമ്മ എന്നോട് സംസാരിക്കുന്നുവോ?"

"എന്താ സംസാരിച്ചാൽ, നമ്മൾ തമ്മിലെന്താ  വ്യത്യാസം ?" ബൊമ്മ പ്രതികരിച്ചു.

"എനിക്ക് ജീവനുണ്ട്!" 

"ഉണ്ടോ?, എനിക്ക് തോന്നുന്നത് നമ്മൾ ഒരുപോലെ ആണെന്നാണ്, അതാണ് നിനക്ക് ഞാൻ പറയുന്നത് കേൾക്കാനാവുന്നത്.  നീ ജീവനുണ്ടെന്നു അഭിനയിക്കുകയാണ് ഭാസ്കർ. നീ നിനക്ക് ചുറ്റിലും നോക്കു, ചവറു കൂനയിൽ കിടക്കുന്ന ബൊമ്മ ആണ് നീയും"

"ഞാൻ ... "
മറുപടി പറയാൻ അയാൾക്കായില്ല. അയാൾ തന്നെ പറ്റി ചിന്തിക്കുകയായിരുന്നു. അയാൾ നേടിയതെല്ലാം ചവറുകളായി  അയാൾക്ക് തോന്നി, നൂറുകണക്കിന് കമ്പ്യൂട്ടറുകൾ, ആയിരക്കണക്കിന് പ്രോഗ്രാമുകൾ ശംബളമായി കിട്ടിയ നോട്ടു കെട്ടുകൾ എല്ലാത്തിനും നടുവിൽ അയാൾ ഒരു ബൊമ്മ ആയിരുന്നു, കീ കൊടുത്താൽ ഓടുന്ന ബൊമ്മ.
താൻ  ജീവിക്കാൻ മറന്നു പോയിരിക്കുന്നു, ഏതോ നഷ്ടബോധത്തിനു പകരമായി അയാൾ തന്റെ ജീവിതം ആണ് ഹോമിച്ചത്. അയാൾക്കു  ജീവനുണ്ടെന്ന കാര്യം അയാള് മറന്നു പോയിരുന്നു. 

അയാൾക്കുള്ളിൽ ഒരു ശബ്ദം അലയടിച്ചു `ജീവിക്കണം  ജീവിക്കണം.. എനിക്കു ജീവിക്കണം.. `

ഇപ്പൊ അയാൾക്ക് ഒരുപാടു ഉത്തരങ്ങൾ ഉണ്ടായിരുന്നു...

അയാൾ ബൊമ്മയോടു പറഞ്ഞു "അതെ, നമ്മൾ ഒരുപോലെ ആയിരുന്നു.  പക്ഷെ നീ എന്റെ കണ്ണ് തുറപ്പിച്ചു. ഞാൻ ജീവിക്കാൻ പോവുകയാണ്,  എങ്ങിനെ എന്ന് ചോദിക്കണ്ട. എനിക്കതിനു ഉത്തരം ഉണ്ട്... നീ കേൾക്കുന്നുണ്ടോ ? നമ്മൾ ഒരുപോലെ അല്ല മനസ്സിലായോ?"

ബൊമ്മ പക്ഷെ മിണ്ടിയില്ല..  

ബൊമ്മ പറയുന്നത് ഇനി എങ്ങനെ കേൾക്കാനാണ്‌ , അവർ ഒരുപോലെ അല്ലാതായിരിക്കുന്നു.

ഒരു വലിയ പാഠത്തിന്റെ ഓർമ്മക്കായി,  അയാൾ  അതിൽ പാതി ബൊമ്മയും  എടുത്തു വീട്ടിലേക്കു നടന്നു.





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

1 അഭിപ്രായം: