2018, മേയ് 31, വ്യാഴാഴ്‌ച


"ഞാനിത്തിരി ഒറ്റക്കിരിക്കട്ടെ.. എന്റെ തല ഇപ്പൊ പൊട്ടിത്തെറിക്കും"
രണ്ടു കൈകൾ  കൊണ്ടും മുഖം മറച്ചു കൊണ്ടാണ് അവളതു പറഞ്ഞത്, പോകാൻ ഞാൻ തയ്യാറല്ലായിരുന്നു.

ഞാൻ അവളുടെ കൈകൾ മുഖത്തു നിന്ന് അടർത്തി മാറ്റി, അവൾ ആവും വിധം എതിർത്തു. എന്റെ കൈകളിൽ ചൂടുള്ള കണ്ണ് നീർ പടർന്നു. അവൾ കരയുകയായിരുന്നു.

"നിമ്മി", ഞാൻ വിളിച്ചു .  ശബ്ദം പക്ഷെ പുറത്തു വന്നില്ല.. ഞാനും ഒരു ഷോക്ക്‌ ഏറ്റത് പോലെ ആയിരുന്നു. എന്റെ തൊണ്ട ആ ഒറ്റ നിമിഷം കൊണ്ടു വരണ്ടുണങ്ങി പോയിരുന്നു.

കുറച്ചു മിനിട്ടുകൾക്ക് മുന്പ്, എത്രയധികം സന്തോഷത്തോടെ ആണ് അവൾ ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേക്കു പോയത്, അതും എന്നെ കളിയാക്കി ചിരിച്ചും കൊണ്ട്.

കോളേജിലെ ഫൈനൽ ഇയർ,  ക്ലാസ്സിൽ ഹാജർ നിർബന്ധമില്ലാതിരുന്ന ഒരു സ്റ്റഡി ലീവ് നു, ഞങ്ങൾ കുറച്ചു പേർ മാത്രമേ അന്ന് ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ. അവൾ എന്റെ ഡിസ്കിൽ ആണ് ഇരുന്നെ.. ഞാൻ ബെഞ്ചിലും. പുസ്തകങ്ങളെ ഒക്കേം മറന്നു സംസാരിക്കുകയായിരുന്നു.. പുറത്തുകൂടി പോയ ഫസ്റ്റ് ഇയർ പെണ്കുട്ടിയെ വായ്‌ നോക്കിയതിനു എന്നെ കണക്കിന് കളിയാക്കികൊണ്ടിരുന്നപ്പോൾ ആണ് അവളുടെ ഫോൺ റിംഗ് ചെയ്തത്. ഞാൻ നോക്കും മുന്നേ ഫോണും എടുത്തു അവൾ പുറത്തേക്ക് പോയി..

കുറച്ചധികം നേരമെടുത്തു അവൾ തിരിച്ചെത്താൻ.

അവൾ തിരികെ വരുന്പോൾ തിരിച്ചെന്തെങ്കിലും പറയാൻ ഞാൻ ഒരുങ്ങി ഇരിക്കുകയായിരുന്നു. അവൾ മിണ്ടാതെ, എന്നെ നോക്കുക പോലും ചെയ്യാതെ സ്വന്തം സീറ്റിലെക്ക്  നടന്നു.
"ഡി പൂച്ചക്കണ്ണി, ഇങ്ങോട്ട് വായോ", ഞാൻ വിളിച്ചു.

"നിന്റെ മറ്റവൻ ആണോ വിളിച്ചേ?" ഞാൻ വിടാൻ ഭാവം ഇല്ലാ.
 അവൾ നോക്കിയില്ല.
"അവൻ പറഞ്ഞോ എന്നോട് മിണ്ടണ്ട എന്ന്?"

ഇത്തവണ അവൾ തിരിഞ്ഞു നോക്കി, വല്ലാത്ത ഒരു ഭാവം. അവളുടെ ഡിസ്കിൽ ഇരുന്ന പെൻസിൽ ബോക്സ്‌ എടുത്തു എന്റെ നേരെ എറിഞ്ഞു. അത് ഭിത്തിയിൽ അടിച്ചു നാല് പാടും ചിതറി.


അവ ഓരോന്നും വാരി എടുത്ത് ബോക്സിൽ ഇട്ടു, അതുമായി ഞാൻ അവളുടെ അടുത്തേക്ക് ചെന്നതാണ്.
എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറി മറഞ്ഞത്.

പൊരി വെയിലത്ത്‌ മാനം ഇരുണ്ടു കൂടി പെട്ടെന്ന് ഒരു മഴ വരും പോലെ.  ആ മഴക്കാറിനു താഴെ ഞങ്ങൾ ഒറ്റപ്പെട്ടു പോയത് പോലെ തോന്നി എനിക്കു.
അവൾ കരയുകയാണ്.  ഇതിപ്പോ എന്തിനാണാവോ, ആരാവും വിളിച്ചത്. അവളുടെ മൂഡ്‌ നോക്കാതെ  കളിയാക്കേം ചെയ്തു. മുഖം കണ്ടു മൂഡ്

"എന്താ? എന്ത് പറ്റി ? ",  ചോദിക്കണമെന്നുണ്ടായിരുന്നു.
പക്ഷെ അവളോട് ഒന്നും ചോദിക്കാറില്ലായിരുന്നു ഞാൻ ഒരിക്കലും.
പേർസണൽ ആയ ഒരു കാര്യവും ചോദിക്കരുത്.. അങ്ങനെ ഒരു നിർബന്ധം ഉണ്ടാരുന്നു അവൾക്ക്,  അവളുടെ ഫ്രണ്ട്ഷിപ് നിയമപുസ്തകത്തിലെ ഒന്നാമത്തെ പൊട്ട നിയമം.  ഞാൻ ഒരിക്കലും അത് തെറ്റിക്കാതിരുന്നതിനാലാവണം ഞങ്ങൾ തമ്മിൽ ഈപ്പോഴും ഒരു എടി പോടാ ബന്ധം നിലനിൽക്കുന്നത്.  മൂന്നു വർഷം ഫ്രെണ്ട്ഷിപ്പൊക്കെ അവളുടെ ലൈഫിൽ എവറെസ്റ് പോലെ ആണ്. രണ്ടാഴ്‌ചയിൽ കൂടുതൽ ആർക്കും അവളെ സഹിക്കാൻ പറ്റില്ല, അല്ലേൽ അവൾക്കു പറ്റില്ല.

ഞാൻ അവളുടെ അടുത്ത് തിക്കി തിരക്കി, ഇത്തിരി ഇടമുണ്ടാക്കി ബെഞ്ചിൽ ഇരുന്നു.


കനത്ത മൗനം കാർമേഘം പോലെ അപോഴും മൂടി നിൽക്കുകയായിരുന്നു.


tbc



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.
മനസു നിറയെ നൊമ്പരങ്ങൾ വിങ്ങി നിൽക്കുന്നു
ഒന്നു കരയാൻ കൺതടങ്ങൾ വെമ്പി നിൽക്കുന്നു
മഴയത്തു പോലുമോർമ്മകൾ കനലായി നീറുന്നൂ.
എന്നണലിലോരോ വാക്കുമെന്തേ വറ്റി വരളുന്നൂ.. 

നീ യാത്രയാകും വേളയിൽ എൻ അഴലുമാളുന്നൂ... 
                                                  (മനസു നിറയെ )


പൂക്കളുംപൊയ്കയും കാത്തു വച്ചു..
അവ-ഒക്കെയും ബാക്കിയാക്കി നീയങ്ങ് പോയ് 

 മരണമേ.. നീയിനി.. കനിയുവാൻ എങ്കിലും  



കരൾ പറിച്ച് എന്നിൽ നിന്നും ദൂരെ മാഞ്ഞാലും,
കടലെടുത്തു കര മറന്നു  നീ മറഞ്ഞാലും,
ഒരു മുല്ലപ്പൂവ്പോലെൻ വള്ളിയിൽ നീ പൂത്തുനിൽക്കുന്നു
ഏകനാമീ കൂട്ടുകാരൻ ഇനി നിനക്കാരുമല്ലല്ലോ 






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

അടർന്നു വീഴുമ്പോൾ (ലോസ്റ്റ് ലിവിങ് ടുഗെതർ)

മിണ്ടാതിരിക്കാൻ എളുപ്പമാകും?
ഒരേ ചുണ്ടാൽ കൊരുത്തു പിരിഞ്ഞവർ നാം

ചിരിതാളമൊരുനാളുമുടയാതിരിക്കുവാ-
നാർത്തിരമ്പും കാലമടരാതിരിക്കാൻ,
ഒരു മഞ്ഞൾ ചരടിന്നു മുന്നേ പരസ്പരം
ചേർന്നുറങ്ങാൻ പഠിച്ചവർ നമ്മൾ.

മിണ്ടാതിരിക്കിലും ഉള്ളിന്റെയുള്ളിലെ
തേങ്ങൽ മറയ്ക്കാൻ എളുതല്ലല്ലോ
തല്ലും തിരയ്ക്കും വിങ്ങുന്ന ഹൃത്തിനും
ഉള്ളം മറയ്ക്കാൻ അറിയില്ലല്ലോ

നക്ഷത്ര ബിന്ദുക്കൾ ആകാശ മേലാപ്പിൽ
സ്വർണ്ണം വിതയ്ക്കുന്ന ചക്രവാളങ്ങളിൽ
ഉദയത്തിലേക്ക് കുതിക്കുന്ന രാവിനെ
പാതിവഴിയിൽ തളച്ചിട്ടു നമ്മൾ,

ആ രാവിന്റെ ചോട്ടിൽ ഒരേ പുതപ്പിൽ
നമ്മൾ ഒട്ടിക്കിടന്നതിന്നോർത്തു പോകും.
കാതോർത്തു നാം ഹൃദയ താളം പിടിച്ചതും
കണ്ണുകൾ കൊണ്ടുമ്മവയ്ക്കാൻ പഠിച്ചതും
കാർക്കൂന്തൽ ഓരോന്നു മാറ്റിയിട്ടാ
നെറ്റിത്തടങ്ങളിൽ ചുംബിച്ചതും.
എന്നുമെന്നേക്കും ഒരുമിച്ചു ചേരുവാ-
നൊരു മുന്തിരിത്തോപ്പു സ്വന്തമാക്കാൻ

ഓർക്കാതിരിക്കാൻ എളുതല്ലല്ലോ,
ഒരേ ചുണ്ടാൽ കൊരുത്തു പിരിഞ്ഞവർ നാം..

തേങ്ങുകയായിരുന്നു നി അന്നൊരിക്കൽ
നമ്മൾ വേണ്ടെന്നു പാതി പറഞ്ഞു വയ്ക്കെ.
നിന്റെ ശ്വാസം പരാതിയായാർത്തിരമ്പി..
കൂടു മറന്ന കിളികളെ പോലെ നാം
എന്തോ ചിലച്ചു കലമ്പി നിൽക്കെ...
വഴിമാറി നീയങ്ങകന്നുപോയി 
മുന്നിലേതോ താരക പാത നോക്കി ..
കണ്ണീരിലാളുന്ന തീച്ചൂളയിൽ, വേകുമോർമ്മയിൽ  ഞാൻ മാത്രമായി...

മിണ്ടാതിരിക്കിലും ഉള്ളിന്റെയുള്ളിലെ
തേങ്ങൽ മറയ്ക്കാൻ എളുതല്ലല്ലോ

സ്വപ്നങ്ങളണിയിച്ച പട്ടുമെത്തയിൽ ശാന്തിയിൽ
നമ്മേയൊരുവേളയോർത്തിരിക്കാം..
എങ്കിലാ ഓർമ്മ  നിന്നുള്ളം ചുടും നേര-
മെരിതീയണക്കുവാനറിയാതെ, നിൻ
ആത്മനിർവൃതി ക്കൊരു പൂവർപ്പിച്ചിടാ-
നകലെയമ്പലതിരികൾക്കു മുൻപിലും,
തിരമാലയാളും ആർത്തിരമ്പും കടലി-
ന്റെ ചാരെയും, ഉള്ളുരുക്കി ഞാനലഞ്ഞൂ..

ഓർക്കാതിരിക്കാൻ എളുതല്ലല്ലോ,
ഒരേ ചുണ്ടാൽ കൊരുത്തു പിരിഞ്ഞവർ നാം..






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

വാചാലം

 എന്റെ ശബ്ദത്തെ എന്നെക്കാൾ നന്നായി തിരിച്ചറിയാൻ നീ പഠിച്ചിരിക്കുന്നു. ഞാൻ പോലുമറിയാതെ എന്റെ വാക്കുകളിൽ നിന്നെ നിറയ്ക്കാൻ നിനക്കല്ലാതെ ആർക്കാണ് കഴിയുക. നീ എന്റെ ആത്മാവിൽ ആണ് ഉറങ്ങുന്നതും ഉണരുന്നതും. എന്നിൽ തുളുമ്പുന്ന എല്ലാ സംഗീതവും നിന്നിൽ വന്നാണ് അവസാനിക്കുന്നത്. പിന്നെ എന്റെ ശബ്ദത്തെ എന്നെക്കാൾ നന്നായി നിനക്കറിയാം എന്നു പറയുന്നതിൽ എന്ത് അതിശയോക്തിയാണുള്ളത്?

 എന്റെ ഉള്ളിൽ നിന്ന് നിന്റെ ഉള്ളിലേക്ക് ഒരു വഴിയുണ്ട്. ഹൃദയങ്ങൾ ചേർത്തുകെട്ടിയ നൂൽപ്പാലം പോലെ. നമ്മൾ നമ്മെ കൈമാറിയ വഴി.
 ഒടുവിൽ നിന്നിലേക്കും ഞാൻ എന്നിലേയ്ക്കും ഒതുങ്ങി കൂടിയതും അതേ വഴിയിലൂടെ തന്നെ ആയിരുന്നു.

ഞാൻ എപ്പോഴും പറയാറുള്ളതുപോലെ  ഞാൻ നിന്നിലേക്ക് നടന്ന അതേ വഴിയിലൂടെയാണ് നീ എന്നിലേക്ക് നടന്നത്.

യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമായിരുന്നു. ഓരോ മഴത്തുള്ളിയും നോക്കിനിന്നു ഒരു വഴിയിലൂടെ അത് ഒഴുക്കി പോകുന്നതും നോക്കി നമ്മൾ ഒരുപാടു കനവു കണ്ടു. നമ്മുടെ ആകാശത്തിൽ നിന്നു സൂചിമുനകൾ പോലെ ഒരുപാടു മഴത്തുള്ളികളിൽ ഒരേസമയം താഴേക്ക് വരുമ്പോൾ, ഓരോ  മഴ തുള്ളിക്കും പറയാൻ ഒരുപാട് കഥകളും നൊമ്പരങ്ങളും ഉണ്ടായിരുന്നിരിക്കും.

നമ്മൾ നടന്ന വഴികൾക്ക് ഇരുവശവും സമയം കാത്തു നിന്നു. നമുക്കുവേണ്ടി മഴപോലും മാറിനിന്നു. രാത്രി തന്നെ ചെറുപ്പമായി. പല യാമങ്ങൾ നമുക്കുവേണ്ടി മാറ്റിവച്ചു. രാപ്പാടികൾ  മധുരമായി പ്രണയ ഗാനങ്ങൾ നമുക്കുവേണ്ടി പാടി. നാം അതു ശ്രദ്ധിക്കാതെ നമ്മിലേക്ക് തന്നെ ഒതുങ്ങിക്കൂടി. പ്രണയത്തിൽ നമ്മുടെ ലോകം നമ്മെക്കാൾ ചെറുതായിരുന്നതായി നാം പലതവണ പറഞ്ഞിട്ടില്ലേ.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

കൃഷ്ണഗായത്രി (പ്രണയത്തിന്റെ രാഗം)



നിലാച്ചില്ല രാവിൽ കുടഞ്ഞിട്ട പൂക്കൾ
സുഗന്ധം നിറക്കുന്ന യമുനാതടത്തിൽ,
ഞാനെന്റെ മുരളിയെ ചുണ്ടോടടുപ്പിച്ചാർ-
ദ്രയാം നിന്നെ തഴുകി തലോടി...
കൃഷ്ണഗായത്രി!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...

നിന്നിൽ തുടിക്കുന്നതെൻ ജീവശ്വാസം,
നിന്നോടു ചേരുന്നതെന്നന്തരംഗം,
നിന്നിൽ തുളുന്പുന്ന രാഗമനുരാഗം
കൃഷ്ണഗായത്രി,  നീയെന്റെ പ്രണയം.....
കൃഷ്ണഗായത്രി!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...

രാധികേ, നിന്റെ ആത്മാവിനാഴങ്ങൾ തേടും
നോവിന്റെയീണമായെന്നിൽ നിറയുമീ,
വിരഹത്തിലെങ്കിലും പ്രണയത്തിനീണം
ചാലിച്ച രാഗം!
നിനക്കായുരുകുന്ന ഹൃത്തിൽ നിന്നുതിരുന്ന രാഗം..
ഈകുഴലിനിക്കിളി കൂട്ടുന്ന ഗാനം!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...

കാലം ചമച്ചിട്ട കണ്ണീർത്തടങ്ങളിൽ, 
പൊയ്‌പ്പോയ കര തേടിയലയുന്ന തരണി..
അതിന്നമരത്തു നീയും നില കാത്തുഞാനും
ഓളങ്ങളിൽ എന്റെ കൃഷ്ണഗായത്രിയും.


മുകിൽ മാല തെല്ലും മറയ്ക്കാതെ വിണ്ണിൽ,
തിളങ്ങുന്ന തിങ്കളും കോടി താരങ്ങളു-
മകക്കാന്പിലാനന്ദമേറ്റുമീ വേളയിൽ,
നാമിന്നു ... add--
നിനക്കായിമാത്രമെൻ മുരളി  മൂളുന്പോൾ,
നീയായുണർന്ന രാഗങ്ങളോടൊത്തു,
നി എന്നോടലിഞ്ഞിന്നു നിന്നതില്ല....


അലയായടിച്ചെന്നിൽ വിരഹം നിറയുന്പോളെ-
ന്നോടു ഗർവിച്ചു ദൂരത്തിലെവിടെയോ
ഗോപീമണികളൊടൊത്തു നീ നില്പതും
കനലായി നീറുന്നതും , തേങ്ങുന്നതും... ഉള്ളുരുക്കുന്നതും, ...



<appology>


മുകിൽ പോലെ മഴ പോലെ നിൻ ഉടലിലിതു  പെയ്തോട്ടെ
പുഴ പോലെ ഒഴുകട്ടെ...
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...

രാധികേ, നിന്റെ ആത്മാവിനാഴങ്ങൾ തേടും
നോവിന്റെയീണമായെന്നിൽ നിറയുമീ,
വിരഹത്തിലെങ്കിലും പ്രണയത്തിനീണം
ചാലിച്ച രാഗം!

കൃഷ്ണഗായത്രി!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...







 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.