2017 ഡിസംബർ 31, ഞായറാഴ്‌ച

തിരിച്ചറിവുകൾ

ഊഷ്മാവ്..
നമ്മിൽ നിന്നും പറന്നകലവെ നിനക്കു നഷ്ടമായത് ..

ആത്മാവ്..
എന്നിൽ നിന്നും നീ കൊണ്ടുപോയത്.

കൊഴുപ്പ്..
അടിഞ്ഞടിഞ്ഞുടലിൻ്റെ അഹങ്കാരം ചീർത്തത്..

ഈർപ്പം..
ചുണ്ടുകളുടെ ഓർമ്മദൂരം.


 വാക്ക്...
തീണ്ടാൻ മറന്ന ഒറ്റയടിപ്പാത

 നിലാവ്..
വെളിച്ചത്തിന്റെ പ്രതിബിംബം.



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2017 നവംബർ 30, വ്യാഴാഴ്‌ച

ആത്മാംശം _ ഞാൻ രാധിക.






പ്രണയത്തിന്റെ മുല്ല പൂത്തു നില്ക്കുന്ന മുറ്റത്തേക്ക്‌  കയറാൻ മടിച്ചു നിന്നവരാണ് നമ്മളിരുപേരും. ഒരേ ലോകത്തിന്റെ ഇരുപുറങ്ങളിൽ നിന്ന് വന്നവർ. ഒരു പക്ഷെ ഒരിക്കലും നേരിൽ കാണാൻ പോലും സാധ്യത ഇല്ലാത്തവർ. തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്നവരെ പോലും ശെരിക്കു കാണാത്ത കാലം ആണ്. നമ്മൾ കാതങ്ങളോളം അകലെയുള്ളവർ.

പ്രണയിച്ചിരുന്നില്ല നാം, പ്രണയിക്കാൻ നമുക്കൊരു കാരണവും ഉണ്ടായിരുന്നില്ല. ചിലപ്പോൾ ഒരു മഴയത്തു ഒരേ കടയരികിൽ കയറി നിന്നവർക്ക് പോലും നമ്മളെക്കാൾ കൂടുതൽ അടുപ്പം ഉണ്ടായിരുന്നിരിക്കും. നമുക്ക് ആലുവാ മണൽപ്പുറത്തു കണ്ട പരിചയം പോലും ഇല്ലായിരുന്നല്ലോ..!!


ആകാശം വിശാലമാണ്, നോക്കി ഇരിക്കുന്പോ നമ്മളിങ്ങനെ ചെറുതായി ചെറുതായി പോകും പോലെ തോന്നും. ലോകം എത്ര വലുതാണെങ്കിലും ജീവിതത്തിൽ ചിലപ്പോഴെങ്കിലും അത് വളരെ ചെറുതായി തോന്നും.

അങ്ങനെ ആവണം നമ്മൾ കണ്ടുമുട്ടിയത്..

അത് നമ്മുടെ ആവശ്യമായിരുന്നു. വയസ്സറിയിച്ച അന്ന് മുതൽ ഒരു കല്യാണം സ്വപ്നം കണ്ടിരുന്നതാണ്. അഥവാ  അങ്ങനെ ഒരു സംഭവം ഭാവിയിൽ ഉറപ്പിച്ചു വച്ചതാണ്.  നീണ്ടു കിടക്കുന്ന അവ്യക്തമായ എന്റെ ഭാവിയിൽ ഒരു നിമിഷം ഉറപ്പിച്ചിരുന്നു.  വീട്ടിൽ ആദ്യത്തെ കല്യാണാലോചന വന്നപ്പോൾ ആണ് അത് സംഭവിക്കാൻ പോകുന്നു എന്നുറപ്പ്ആയതു.  പിന്നെ ആര് എന്നതായിരുന്നു.  ഒരുപാട് ചെറുക്കന്മാർക്കു ചായ കൊടുക്കേണ്ടി വന്നില്ല. ആദ്യത്തെ ആൾ തന്നെ ആയിരുന്നു നീ.

നമ്മുടെ വഴികൾ പരസ്പരം പിണഞ്ഞതും അന്ന് തന്നെ ആയിരുന്നു.

അവിടെ നിന്നിങ്ങോട്ടു ഇന്നിവിടെ വരെ എത്തി,  ഒന്ന് തിരിഞ്ഞു നോക്കാൻ ആഗ്രഹം തോന്നുന്നുണ്ട്.


ഇവിടെ ഞാൻ എന്റെ വഴികളിലൂടെ പിന്നോട്ട് നടക്കാൻ ശ്രമിക്കട്ടെ.

ഒർമ്മകൾക്കു ചിലപ്പോഴൊരു കുളിരാർന്ന നനുനനപ്പാണ്‌, മറ്റുചിലപ്പോൾ തീച്ചൂളയുടെ ഉഷ്ണവും.

ആദ്യമായി നീ തൊട്ടപ്പോഴെന്നിലൊരു പൂമരം പൂത്തുലഞ്ഞതു നിനക്കോർമ്മയില്ലേ. ആ മരച്ചില്ലകളിലൂടെ ഒരു കൊടുങ്കാറ്റു പാഞ്ഞോടിയതും. നീയെന്നിലേക്ക് പെയ്തിറങ്ങിയതും

ഒരിക്കൽ പോലും ഞാൻ സ്വപ്നം കണ്ടിരുന്ന പുഴവക്കിലും, നീ പറയാറുള്ള കുന്നിൻചെരുവിലും നാം പോയിട്ടില്ല. എങ്കിലും സ്വപ്നങ്ങളിലൂടെനാമെത്ര വട്ടം അവിടെ പോയിട്ടുണ്ട്‌. ഓരോ പുല്ലിനെയും പൂവിനേയും അടുത്തറിയുമാറ്‌.

നക്ഷത്രങ്ങൾ പരസ്പരം കണ്ണുചിമ്മുന്ന രാവിന്റെ താഴെ ഉറക്കമൊഴിച്ച് എത്രയോ തവണ നാം കഥ പറഞ്ഞിരുന്നിട്ടുണ്ട്.  രണ്ടുടലിൽ വേരോടിയ ഒരാത്മാവാണു നമ്മളെന്നു തിരിച്ചറിഞ്ഞ യാമങ്ങൾ.

അൽപമെങ്കിലും ഞാൻ അഹങ്കരിച്ചിരുന്നു.

ആദ്യമായി എന്നിലൊരു മൊട്ടിട്ടെതന്നായിരുന്നു? ഞാനന്നൊരുപാടു കരഞ്ഞിരുന്നു. അന്നു നീ എന്നെ ചേർത്തു പിടിച്ചപ്പോൾ ലോകം ജയിച്ച ഭാവമായിരുന്നു നിനക്ക്. നിന്റെ തണലിലേക്കു ചേർന്നു നിന്നപ്പോളെന്നിലെത്ര അഭിമാനം നിറഞ്ഞിരുന്നു. എന്തിനായിരുന്നു ഞാൻ അന്നു കരഞ്ഞത്..



പിന്നീടു കണ്ട കിനാവുകളിൽ പച്ച നിറം പൂണ്ട ഒരു ഗന്ധകരാജന്റെ മൊട്ടുമുണ്ടായിരുന്നു. നമ്മൾ ചേർന്നുകിടന്ന കട്ടിലിൽ നടുവിലൽപം ഇടം വിട്ടു നീ താലോലിക്കുമായിരുന്നു.

ആ ദിനങ്ങളെന്നേക്കും നീണ്ടുനിന്നെങ്കിലെന്നു കൊതിക്കാറുണ്ടിപ്പൊഴും, കണ്ണിലറിയാതെ ഈറനണിഞ്ഞുപോകും.

വിരിയാതെ വാടിപ്പോയ ആ മൊട്ടിന്റെ കഥ പറയാനെനിക്കാവുമെന്നു തോന്നുന്നില്ല.

ഒടുവിൽ ഒരു ദിവസം തകർന്നടിഞ്ഞു ഒരു തിരമാല പോലെ നാം ഇല്ലാതായി..

അവിടെ ആയിരുന്നു തുടക്കം, അതോ അത് മറ്റെന്തെങ്കിലും ആയിരുന്നോ?. ഒരേ വഴിയിലേക്ക്  കണ്ണും നട്ടിരുന്ന നമ്മൾ, രണ്ടു ദിശയിലേക്കു നടക്കാൻ കൊതിച്ചു തുടങ്ങിയതും എത്ര പെട്ടെന്നാണ്.
പ്രണയമൊക്കെ വെറും വാക്കാണെന്നു തോന്നുന്നില്ലേ,

ഒരു വസന്തത്തെ മുഴുവൻ മനസിന്റെ ഏതോ കോണിൽ ഒളിപ്പിച്ചു രണ്ടു വഴികളിലേക്ക് പോവുകയാണ് നമ്മളിപ്പോൾ. ഞാൻ പോകുന്നത് എവിടേക്കാണെന്ന് എനിക്കറിയില്ല.
ഈ യാത്ര ഇവിടെ അവസാനിക്കുന്നു. അത് എന്റേതു മാത്രമാണ്. എവിടെയെങ്കിലും  നമ്മുടെ വഴികൾ കൂട്ടിമുട്ടും എന്നെനിക്ക് തോന്നുന്നില്ല. അതുകൊണ്ട് ഒരു പക്ഷേ ഇതിവിടെ അവസാനിക്കുന്നതാണ് നല്ലത്. ആത്മാവിന്റെ അംശങ്ങളിൽ നമ്മൾ ഒന്നായിരുന്ന നിമിഷങ്ങളിൽ നിന്നും ഞാൻ രാധിക, വിടവാങ്ങുന്നു....



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


2017 നവംബർ 24, വെള്ളിയാഴ്‌ച

യാത്രകളിൽ..

നമ്മളിൽ ഒരുപാടു സ്വപ്നങ്ങൾ പെയ്തു തോർന്നിരിക്കണം, നമ്മളങ്ങിനെയാണ്  ഓർമ്മകളായത്.(inspired)

*****

ഓരോ വേരിനുമുണ്ടാകും, പൂക്കൾക്കറിയാത്ത ഒരുപാടു നൊമ്പരങ്ങൾ.

*****

വഴികളുണ്ടാക്കുന്ന തിരക്കിനിടയിൽ പോകേണ്ടയിടം മറന്നു പോയവർ (നമ്മൾ?)

****

എന്നുള്ളിലേക്കു ഒറ്റക്കു ഞാൻ പോയ യാത്രകൾ പലപ്പോഴും വഴിയറിയാതെ ലക്ഷ്യത്തിലെത്തുകയിയിരുന്നു.

****
ലക്ഷ്യത്തേക്കാൾ വഴികളുടെ വിളിയാവണം യാത്രകൾ.

***
ഇരുൾ ഓരോ കടവിലും, കവിതയിൽ വാക്കുകൾക്കിടയിൽ എന്നപോലെ പൊരുൾ തേടിയലയുന്നു.

****

നിന്നെ കെട്ടിയട്ട കുരുക്കിലറിയാതെ ഞാൻ പെട്ടു പോയതാണ്, എന്റെ യാത്രക്കിടയിൽ.


****
നമുക്കിടയിലുള്ള അതേ വഴിയാണു നമുക്കിടയിൽ അകലവും അടുപ്പവും ഉണ്ടാക്കുന്നത്.

*****

ഓരോ തുള്ളിയും ഓരോ യാത്രയിലാണ്, മഴയായാലും പുഴയായാലും, നിണമായാലും

****
ഓരോ സ്വപ്നവും പട്ടം പോലെയാണ്, നമ്മിലേക്ക് ചെറിയ ഇഴ താഴ്ത്തി ആകാശത്ത് അലഞ്ഞു നടക്കും.

****

 വിശപ്പില്ലാത്തപ്പോൾ, വയറു നിറയെ പ്രശ്നങ്ങളാണ്.

****
There are precious moments we miss,  we lock them in memories, coz we know that we couldn't live em, so does people.

****

ഒരു രാത്രിയുടെ ഇരു പുറങ്ങളിലെ പകലുകളാണു നമ്മൾ,അജ്ഞതയുടെ ഇരുളിനാൽ ബന്ധിക്കപ്പെട്ട വെളിച്ചങ്ങൾ

***
ആ ഒരു തിരയിൽ നിൻറെ പേരെഴുതി വെച്ചതിനാണ്, ബാക്കി തിരകൾ തലതല്ലിക്കരയുന്നത്.

***
തൂലിക തുമ്പിൽ വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞതും അവിടെത്തന്നെ.

***

മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന സീറ്റുകൾ ട്രയിനിലുണ്ട്. നമ്മൾ പിന്നോട്ടു തിരിഞ്ഞിരുന്നാലും അതു നമ്മെ മുന്നോട്ട് തന്നെ കൊണ്ടുപോകും. കാലവും അങ്ങിനെ തന്നെ.(കട)

***

 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2017 നവംബർ 22, ബുധനാഴ്‌ച

മരണത്തിലേക്കുള്ള വഴി

മരണത്തിലേക്കുള്ള വഴിയുടെ ഇരുവശവും കനത്ത മൗനം കെട്ടിനിൽക്കുന്നുണ്ടായിരുന്നു. വഴിയിൽ ഇടയ്ക്കിടെ ട്രാഫിക് ലൈറ്റുകൾ ചുവന്ന വെളിച്ചം പൊഴിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു. ഓരോരുത്തരായി ട്രാഫിക് സിഗ്നൽ തെറ്റിച്ചുകൊണ്ട് മരണത്തിലേക്ക് പാഞ്ഞു കയറുന്നുണ്ടായിരുന്നു.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2017 നവംബർ 3, വെള്ളിയാഴ്‌ച

വഴിമാറി ഒഴുകവെ

മണ്ണിന്റെ ദാഹം തീർക്കാൻ വഴിമാറിയൊഴുകുന്ന പുഴകൾ പലതും ഒടുവിൽ, വറ്റി പോകാറാണ് പതിവ്.







 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2017 ജൂലൈ 8, ശനിയാഴ്‌ച

പെണ്ണ്

മഴ മാറി മാനം തെളിഞ്ഞിര്ന്ന്‌,
കാടെല്ലാം പൂക്കൾ നിറഞ്ഞിര്ന്ന്
പൂക്കൈത പൂത്ത മണം പരന്ന്,
പെണ്ണന്നാകെയും നാണത്തിലായിര്ന്ന്.

കവിൾത്തടം രണ്ടും ചുവന്നിര്ന്ന്‌,
നല്ല നീലക്കടക്കണ്ണ് കൂമ്പിനിന്ന്,
മാരൻ്റെ മാറിലായ്‌ ചേർന്ന്‌ നിന്ന്,
പെണ്ണു മെല്ലെ ചിണുങ്ങി ചിരിച്ചിര്ന്ന്.


മൈനകൾ രണ്ടെണ്ണം പാറി വന്ന്
പൂത്ത മരക്കൊമ്പിൽ ചേർന്നിരുന്ന്
ചുണ്ടുകൾ തമ്മിലുരുമ്മി നിന്ന്
പെണ്ണതു കണ്ടാകേ ചൂളി നിന്ന്.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.



2017 ജൂൺ 6, ചൊവ്വാഴ്ച

കണ്ണാടി

ഞാൻ അല്ലാത്ത എന്റെ മുഖം..
അങ്ങനെ ആണ് കാണുന്നത്. പരിചയമില്ലാത്ത ആരെയോ പോലെ അതെന്നെ ഉറ്റു നോക്കുന്നു.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2017 ജൂൺ 5, തിങ്കളാഴ്‌ച

പദം



ചന്ദ്രികാവരപ്രസാദമായ്
ചന്ദന ഗന്ധമോലും സഖീ..


മന്ദഹാസം ചൊരിഞ്ഞു നീ നിൽക്കെ
മന്ദമാരുതൻ ചാരത്തണഞ്ഞപോൽ
ഇന്ദ്രിയങ്ങളെല്ലാം നിന്റെ ഇന്ദീവരനയനങ്ങളിൽ
അഷ്ടപദീരസം തേടി

ചന്ദ്രികാവരപ്രസാദമായ്

ചന്ദന ഗന്ധമോലും സഖീ..
സഖീ.......





 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

2017 മേയ് 16, ചൊവ്വാഴ്ച

യക്ഷി

ആഴങ്ങളിൽ നീ ഒറ്റക്കായിരിക്കുമ്പോൾ
ഓർമകൾ  നീന്നെ ചുട്ടു പൊള്ളിക്കുമ്പോൾ
നീ ജീവിച്ചിരുന്ന പകലിലേക്ക്‌  ഒരിക്കൽക്കൂടി
നനുത്ത മേഘം പോലെ പറന്നിറങ്ങാൻ കൊതിക്കുന്നുണ്ടാവണം.
പക്ഷേ നീ രാത്രികൾ മാത്രമുള്ളവളല്ലോ.

(യക്ഷി)


പകൽക്കിനാവിൽ കണ്ണും നട്ടങ്ങിനെ കിടക്കണം, കല്ലറയിൽ ഒപ്പമിട്ട കാക്കത്തൊള്ളായിരം കടുകുമണികൾ എണ്ണിത്തീരും വരെ..

(യക്ഷി)

മരണത്തെ വരിച്ചവളെങ്കിലും ഇപ്പോഴും കന്യകയാണ്‌.
(യക്ഷി)

മഞ്ഞുതുള്ളി പോലെ നിർമ്മലയും
മുല്ലപ്പൂവു പോലെ മൃദുലയും!
പാലപ്പൂമണം നിറയുന്ന ഈ സൗന്ദര്യധാമത്തെ ഇത്രനാൾ ദു:സ്വപ്നങ്ങളോടൊപ്പം എങ്ങനെ ചേർത്തു വച്ചു.
(യക്ഷി)

പാറിപ്പറന്നു പിന്നെ നിന്നിൽ പാരിജാതപ്പൂക്കളുടെ മണം പിടിച്ചു വന്നു ചേർന്ന ശലഭങ്ങളെ എത്ര നിസ്സാരമായാണെരിച്ചു കളഞ്ഞത്.
(യക്ഷി)

ഇന്നലെ പെയ്ത മഴയ്‌ക്കു ശേഷം അവളുടെ നിതാന്ത വിശ്രമത്തിൽ നിന്ന് പറന്നുയർന്ന ഈയലുകൾക്കു പഴകിയ ഉള്ളിപ്പൂക്കളുടെ ഗന്ധമായിരുന്നു,
അവൾക്കങ്ങനെയാണ്.. പലപ്പോഴും പല ഗന്ധമാണ്..  ദേഹമില്ലാതെ കാറ്റിൽ മാത്രം അലിഞ്ഞു സഞ്ചരിക്കാൻ മറ്റെങ്ങനെയാണ് പറ്റുക..
(യക്ഷി)

ഓരോ കാറ്റും ഓരിയിട്ടു, നിശ്ശബ്ദമായുറങ്ങുന്ന രാത്രിയുടെ നിതാന്ത യാമം
ഓർമ്മകളില്ലാത്ത ഈ രാത്രിയിൽ, കൈക്കുമ്പിളിൽ പ്രണയം നിറച്ച് നീ കടന്നു വരണം, തിരികെ വരുന്നതെങ്കിലും ആദ്യമായി എന്നു തോന്നും വിധം നീ അണിഞ്ഞൊരുങ്ങണം, അധരങ്ങളിൽ താംബൂലശോണിമ നിറച്ച് മിണ്ടാതെ മരണത്തെ മറക്കുമാറു നീ കടന്നു വരണം.. നിന്നിൽ ഞാനുറങ്ങും വരെ കൂടെയുറങ്ങണം.....

(യക്ഷി)


 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2017 മാർച്ച് 27, തിങ്കളാഴ്‌ച

കറ

 നീ ചുംബിച്ചിടങ്ങളിൽ, കഴുകുന്തോറും നീറുന്ന കറകളുണ്ട്‌.. ചിരിയിൽ പഴുത്തൊലിക്കുന്നവ




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2017 ഫെബ്രുവരി 4, ശനിയാഴ്‌ച

ചോയിച്ചു ചോയിച്ചു...അങ്ങനെ.

ജീവിതം ഒരു ബസ്‌ യാത്ര പോലെ ആയിരുന്നു..
ഓരോ കവലയിലും ഡ്രൈവർ വഴികൾ തിരഞ്ഞെടുക്കുന്നു..
നമ്മളറിയാതെ.
ഡ്രൈവർ ക്ക് ശരിക്കുള്ള വഴി അറിയോ?
മ്മക്ക് ങ്ങനെ ചോയിച്ചു ചോയിച്ചു പോവ്വാം ന്നേ !!




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

ഏകാന്തം

വിരഹ വേഗത്താൽ വിജനമാമീ കൊച്ചു,
 കുടിലിൽ ഞാനൊറ്റക്കിരുന്നു പാടുന്നു.

അകലെയാഴത്തിലാണ്ടുപോം സ്വപ്നങ്ങള-
 റിയുമെങ്കിലും കാണാതെ മായുന്നു.

ഉയിരിലെന്നോ തുരുമ്പിച്ച ജീവന്റെ-
 ചിറകുകളറ്റു മണ്ണിൽ കിടക്കുന്നു.

ഒരു തരി പൊൻ നിലാവെളിച്ചതിനെ
ഓർമയായി മാത്രം നെഞ്ചിലൂന്നിക്കൊണ്ടു

കനവു കാണുവാനാകാതെ കണ്ണിലെ
പ്രഭ മയങ്ങുവാൻ കാത്തിരിക്കുന്നു ഞാൻ..

ഓർമ്മയിലുണ്ട് നീയേകിയൊരായിരം
ചുംബനങ്ങൾ തൻ നിശ്വാസവീഥീകൾ..
ആർത്തിരമ്പും നിന്നിലേക്കന്നു ഞാൻ
ആഴ്ന്നിറങ്ങി അലിഞ്ഞു പോം ആർദ്രത..
(tbc )





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2017 ജനുവരി 30, തിങ്കളാഴ്‌ച

ഭ്രാന്തൻ ചിന്തകൾ.

വാക്ക് ഒരു കരയും,
മൗനം നിലയില്ലാത്ത കടലുമാണ്.

***

എരിഞ്ഞു  തീരുന്പോഴും
കയ്യിൽ മുറുകെ പിടിക്കാൻ
ഒരു തൂലിക വേണം

***

സ്വപ്നങ്ങളോളം മൂല്യമുള്ള
 മൂലധനമുണ്ടോ ?

***

ഉള്ളിലേക്കിറങ്ങി നോക്കി,
എന്റെ ആത്മാവ് എനിക്കെന്നോ നഷ്ടപ്പെട്ടിരുന്നു.


***

ഓർമകളിൽ നീരാടണം
മനസ്സ്  കുളിരുവോളം

***

കണ്ണാൽ കാണുന്നത്രേം അളന്നെടുത്തോളാൻ പറഞ്ഞതാണ്, ആകാശം.
വേരു വെട്ടി പറന്നു പോവാൻ വയ്യാത്തോണ്ട് മാത്രം വേണ്ടെന്നു വച്ചു..

***
അകലം സത്യത്തിന്റെ നേർക്കാഴ്ചയാണ്,
മനസ്സ് പക്ഷെ ദൂരങ്ങളിൽ മരീചികകൾ തേടിക്കൊണ്ടിരിക്കും.

***
പറക്കാൻ പഠിക്കും മുന്നേ , ആകാശത്തിനു അതിരു കെട്ടുന്ന
അക്ഷര പിശാച് - ജാതകം

***

ഭൂമി ഉരുണ്ടതാണ്, നാം എവിടെയെങ്കിലും വച്ച് കണ്ടുമുട്ടേണ്ടതാണ് ,
എങ്കിലും, അതൊന്നുറപ്പിക്കാൻ , തമ്മിൽ തിരിച്ചറിയാൻ,
ഞാൻ നടന്ന വഴികളിലൂടെ ഒരുപാടു ദൂരം നീ പിന്നോട്ടു സഞ്ചരിക്കണം..
***




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.



അപരാജിത

അപരാജിത, ആർക്കും തോല്പിക്കാനാകാത്തവൾ.
അവൾക്കു സ്വയം തോൽക്കാൻ ഇഷ്ടമായിരുന്നു,
സ്നേഹത്തിനു മുന്നിൽ.



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.