വേദി : നാഷണൽ ടാലെന്റ്റ് സേർച്ച് എക്സാമിനെഷൻ ഹാൾ.
സംവിധായകനും വില്ലനും : എക്സാം ഇൻവിജിലേറ്റർ
കാണികൾ : കുറെ ബുദ്ധി ജീവികളും, പിന്നെ പാവങ്ങളും
നാഷണൽ ടാലെന്റ്റ് സേർച്ച് എക്സാമിനെഷൻ, എങ്ങനെയോ എന്റെ പേരും അതിൽ നറുക്ക് വീണു. അങ്ങനെ ഒരു അവധി ദിവസം അതിരാവിലെ ഞാനും അച്ഛനും ഇറങ്ങി പുറപ്പെട്ടു.
കിണറ്റിലെ തവള പോലെ എന്റെ സ്കൂളിൽ ഞാൻ തന്നെ ആയിരുന്നു ടാലെന്റ്റ്. അത് കൊണ്ട് തന്നെ അതിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ കണ്ടുപിടിച്ച ഒരു വഴി ആയിരുന്നിരിക്കണം എന്നെ തന്നെ ഈ നിയോഗo ഏൽപ്പിക്കൽ.
ഒരു അഡ്മിറ്റ് കാർഡ് ഒക്കെ തന്നു തലേ ദിവസം തന്നെ എന്നെ സ്കൂളിൽ നിന്ന് റെഡി ആക്കിയിരുന്നു കൂടാതെ അത് വരെ കാണാത്ത കുറെ കണക്കു ട്രിക്കുകളും തല്ലി പഴുപ്പിച്ചു.
ചാവാൻ പോകുന്നവന്റെ മുന്നിലെ അവസാനത്തെ കച്ചിത്തുരുമ്പായ കറക്കിക്കുത്തും പിന്നെ രാവിലെ അമ്പലത്തിൽ പോയി നെറ്റിയിലിട്ട കുറിയുടെ ഭാഗ്യവുo തുണക്കാതിരിക്കില്ല എന്ന പൂർണ വിശ്വാസത്തോടെ ആ പരീക്ഷ നടക്കുന്ന സ്കൂളിനു മുന്നിൽ ഞാൻ കാത്തു നിന്നു.
അച്ഛന്റെ പട്ടാള കൃത്യനിഷ്ഠ സമ്മതിച്ചേ പറ്റൂ സ്കൂൾ, തുറക്കാൻ ഇനിയും ഒരു മണിക്കൂർ കൂടി ഉണ്ട്. ആകെ ഞങ്ങൾ രണ്ടു പേര് മാത്രം അവിടെ.ഇന്നാണെങ്കിൽ ഞാൻ അതൊരു ബെവേരജിനു മുന്നിലുള്ള കാത്തിരിപ്പിനോട് ഉപമിച്ചേനേ!
അങ്ങനെ ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞാങ്ങളെക്കാൾ കൃത്യ നിഷ്ഠ കുറഞ്ഞ ടാലെന്റു കൾ എത്തി തുടങ്ങി.
പതുക്കെ ആണെങ്കിലും എന്റെ ടാലെന്റ്റ് തെളിയിക്കാനുള്ള മണി മുഴങ്ങി. പരീക്ഷാ മുറിയിലെ മൗനത്തിൽ ചോദ്യപേപ്പർ പാക്കറ്റ് പൊട്ടിക്കുന്ന ശബ്ദം മാറ്റൊലി കൊണ്ടു.
ഞാൻ ചുറ്റും നോക്കി, ഹാ ഒരാളെ കിട്ടി !! പിന്നെ ആ ഫസ്റ്റ് ബെഞ്ചിലെ പെണ്‍കുട്ടിയെ മാത്രം നോക്കി!!
എല്ലാരും വലിയ ഒരു പരീക്ഷക്ക് തയാറെടുക്കുന്നു , ഞാനും എന്റെ പെൻസിൽ ബോക്സ് തുറന്നു, "ആയുധങ്ങൾ" ഓരോന്നായി പുറത്തെടുത്തു മുന്നിൽ നിരത്തി വച്ചു.
ഫസ്റ്റ് ബെഞ്ചിലെ പെണ്‍കുട്ടിയും അത് തന്നെ ചെയ്യുന്നുണ്ടായിരുന്നു. പിന്നവൾ അവളുടെ മാലയിലെ ലോക്കറ്റിൽ ഉമ്മ വക്കുകയും എന്തോ പിറു പിറുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അതിനിടയിൽ ഒരു മാഷ് വന്നു എല്ലാരുടെയും അഡ്മിറ്റ് കാർഡ് പരിശോധിച്ചു. മറ്റേ മാഷ് ചോദ്യപേപ്പർ തന്നു. കൂടെ ഉത്തരം എഴുതാൻ ഒരു പേപ്പറും. ഓരോ ചോദ്യത്തിനും നേരെ A B C D എന്നിങ്ങനെ ബോക്സ് ഉണ്ട്, ശരിയുത്തരത്തിന് നേരെ ടിക്ക് മാർക്ക് ചെയ്യണം.
എല്ലാവരും ടാലെന്റ്റ് പുറത്തെടുത്തു തുടങ്ങി.
പത്തു മിനിട്ട് കഴിഞ്ഞു കാണും. ഒരു വട്ട കണ്ണാടി വച്ച ഒരു ബുദ്ധിജീവി ചെറുക്കൻ എഴുന്നേറ്റു നിന്നു.
'സർ, ഹൌ ഡു ഐ കറക്റ്റ് എ റോങ്ങ് ആൻസർ ? '
ഡ്ധിം!!!
ഹോ !! എന്റെ ആത്മ വിശ്വാസത്തിനു ആദ്യത്തെ അടി കിട്ടി.
ഇംഗ്ലീഷ്!! ജാഡതെണ്ടി.
മലയാളം മീഡിയത്തിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ എന്റെ പ്രായത്തിൽ ഉള്ള ഒരു കുട്ടി ഇംഗ്ലീഷ് പറയുന്നത് ആദ്യമായി കേൾക്കുകയായിരുന്നു.
സാധാരണ, ക്ലാസ്സിൽ ഇംഗ്ലീഷ് ടെക്സ്റ്റ് വായിപ്പിക്കുമ്പോൾ തപ്പി തടഞ്ഞു. വിയർത്ത് കുളിക്കുന്നത് ഞാൻ ഓർത്തു.
എന്റെ ചെവികളിൽ രക്തം ഇരച്ചു കയറി , എന്തൊക്കെയോ ചോർന്നു പോയി.
മാഷ് അതിനുത്തരം ഇംഗ്ലീഷിലും പിന്നെ മലയാളത്തിലും പറഞ്ഞു . തെറ്റിയത് വെട്ടി ശരി ഉത്തരം എഴുതിയാൽ മതി.
ഇത്ര നിസ്സാരമായ കാര്യം ചോദിക്കാനുണ്ടോ. ഒരു ടാലെന്റ്റ് വന്നേക്കുന്നു. ഞാൻ ചോര്ന്നു പോയ സാധനം തപ്പി എടുക്കാൻ ശ്രമിച്ചു!!
സമയം കടന്നു പോയി.. എക്സാം കഴിഞ്ഞു. ഫസ്റ്റ് ബെഞ്ചിലെ പെണ്‍കുട്ടി പുറത്തോട്ടു നോക്കി ഇരിക്കുന്നു മുറിയിലുള്ള പകുതി പേര് അവളെയും നോക്കി ഇരിക്കുന്നു. വായ്നോക്കികൾ , മുട്ടേന്നു വിരിഞ്ഞിട്ടില്ല !!!
മാഷ് ഉത്തരവിറക്കി:
"□□□□ □□□□ □□□□ □□□ □□□ □□□□□□□□□ □□□□□□□□□□□□ □□ □□□"
ഇംഗ്ലീഷ്!! ഒന്നും കാര്യമായി മനസ്സിലായില്ല. ഞാൻ മാഷ് മലയാളത്തിൽ പറയാൻ കാതോർത്തിരുന്നു.
"നിങ്ങൾ ഏതെങ്കിലും ഉത്തരം തിരുത്തിയിട്ടുണ്ടെങ്കിൽ, തിരുത്തിയ ഉത്തരങ്ങളുടെ എണ്ണം ആൻസർ ഷീറ്റിന്റെ മുകളിൽ ഇംഗ്ലീഷിൽ നമ്പർ ഓഫ് കറക്ഷൻസ് മെയ്ഡ് എന്ന് എഴുതി അതിനു നേരെ എഴുതുക."
ഞാൻ എണ്ണി നോക്കി ആകെ 13 എണ്ണം. ഹോ 13 നമ്പർ ഭാഗ്യമില്ലാത്ത നമ്പർ ആണെന്ന് കേട്ടിട്ടുണ്ട്. ഞാൻ കറക്കി കുത്തിയ ഒരെണ്ണം തിരുത്തി അത് 14 ആക്കി മുകളിൽ ഭംഗി ആയി എഴുതി വച്ചു.
അങ്ങനെ ഓരോരുത്തരുടെ ആയി ആൻസർ പേപ്പർ വാങ്ങി മാഷ് എന്റെ അടുത്തേക്ക് വന്നു കൊണ്ടിരിക്കുമ്പോൾ സ്ലോ മോഷനിൽ അവളെന്നെ ഒന്ന് നോക്കി, അറിയാതെ എന്റെ കയ് തലമുടി കോന്തി..
മാഷ് അടുത്തെതിയത് ഞാൻ അറിഞ്ഞില്ല, എന്റെ മുന്നില് നിന്നും ആൻസർ ഷീറ്റ് പുഛത്തോടെ വലിച്ചെടുത്തു "എവിടെ നോക്കി ഇരിക്കുവാണെടാ, വായ്നോക്കി " എന്ന് ആ മുഖത്ത് എഴുതി വച്ചിരുന്നു.
എന്റെ ഷീറ്റു നോക്കി മാഷ് പുഞ്ചിരിച്ചു, പിന്നെ മുഴുവൻ ക്ലാസ്സ് കേൾക്കും വിധo ചിരിച്ചു. അങ്ങനെ എല്ലാവരും കാണികൾ എന്നാ വേഷത്തിലേക്കും മാഷ് വില്ലൻ വേഷത്തിലേക്കും മാറിക്കൊണ്ടിരുന്നു.
"താൻ ടാലെന്റ്റ് സെർച്ച് എക്സാം എഴുതാൻ വന്നതല്ലേ ?"
ഞാൻ മിണ്ടിയില്ല. എന്താണ് വരുന്നത് എന്ന് മനസ്സിലായില്ല.
"എന്താ ഈ എഴുതി വച്ചിരിക്കണേ ? നമ്പർ ഓഫ് കറപ്ഷൻസ് മേയ്ട് 14 എന്നോ ?"
ക്ലാസ്സ് മുഴുവൻ ചിരിച്ചു , ഫസ്റ്റ് ബെഞ്ചിലെ പെണ്‍കുട്ടി മുഖം തിരിച്ചു.
പക്ഷെ എനിക്കപ്പോഴും കാര്യം മനസ്സിലായില്ല.
"താൻ മലയാളം മീഡിയം ആണോ?"
അന്ന് വരെ അഭിമാനത്തോടെ ഞാൻ പറഞ്ഞിരുന്നു അതെ എന്ന്, ഇംഗ്ലീഷ് മീഡിയം പിള്ളേരെ ഞങ്ങൾ തല്ലി തോല്പിച്ചിട്ടുണ്ട്.
പക്ഷേ എന്റെ നാവു പൊങ്ങിയില്ല
"എടോ, കറക്ഷന്റെ സ്പെല്ലിങ്ങ് തെറ്റാണു , താനീ എഴുതിയ വാക്കിനു വേറെ അർഥം ആണ് , വേഗം തിരുത്ത്, Correction ഉം corruption ഉം അറിയാതെ ടാലെന്റ്റ് സെർച്ച് എഴുതാൻ വന്നിരിക്കുന്നു"
അപ്പോഴും എനിക്ക് സ്പെല്ലിങ്ങ് കിട്ടിയില്ല. തിരുത്തി C യിൽ തുടങ്ങുന്ന T ഉള്ള ഒരു വാക്ക് കൂട്ടക്ഷരത്തിൽ എഴുതി വച്ചു .
എന്റെ കണ്ണ് നിറഞ്ഞിരുന്നു തല താഴ്ന്നും, [രണ്ടും പക്ഷെ ഇംഗ്ലീഷിൽ ആയിരുന്നില്ല]
ഫസ്റ്റ് ബെഞ്ചിലെ പെണ്‍കുട്ടി എന്റെ മനസ്സില് ഉണ്ടായിരുന്നില്ല ചിരിക്കുന്ന കുറെ മുഖങ്ങൾ മാത്രം......
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് വെറുതെ ആണെന്നും,ഇംഗ്ലീഷ് നെ ഇവിടന്നു കെട്ട് കെട്ടിക്കണം എന്നും ഞാൻ ആലോചിച്ചു കൊണ്ടിരുന്നു..
അന്ന് എനിക്ക് പണി തന്ന കറപ്ഷൻ തന്നെ ആണ് ഇന്ന് പലർക്കും പണി കൊടുത്തുകൊണ്ടിരിക്കുന്നത്!!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ