2014, ജൂൺ 24, ചൊവ്വാഴ്ച

കടലാസുതോണി


കുളിർമഴ വീശിയ കാറ്റിനോടൊത്തെൻറെ,
   ഓർമ തൻ കടലാസുതോണി.
തുള്ളി തുടിച്ചും മെല്ലെ ചരിഞ്ഞും
   ഓളങ്ങളോടോത്തു തുഴഞ്ഞും............

കാലങ്ങളൊരുപാടു പിന്നിലേക്കോ-
   ടിയെൻ കൗമാരകാലത്തിലെത്തി...


കർക്കിടകത്തിൻറെ പച്ചക്കുറിക്കറ-
      പാതിയുമാടയിൽ വീഴ്ത്തി ,
കൊച്ചുമഴച്ചാറ്റിലീറനണിഞ്ഞവൾ-
       അമ്പലമുറ്റത്തു കാത്തുനിൽക്കെ,
കാണാത്ത മട്ടിലാ കുട്ടിക്കുറുമ്പിനെ-
       മെല്ലെ ചൊടിപ്പിച്ചതെല്ലാം,
ഏറെ തുഴഞ്ഞു നാമീ  കളി വഞ്ചി-
      യിൽ തീർത്ത പിണക്കങ്ങളെല്ലാം,

കുളിർമഴ വീശിയ കാറ്റിനോടൊത്തെൻറെ-
      യോർമ തൻ കടലാസുതോണി....

പൂക്കളിറുക്കുവാനാഴിമാരൊത്തു നീ,
      ഉത്രാട സന്ധ്യക്ക് പോകുമ്പോൾ,
ഉപ്പേരിക്കയ്യുമായോടിയണഞ്ഞു ഞാൻ
      ഉമ്മറത്തിണ്ണയിൽ നോക്കിനിൽക്കെ,
കള്ളക്കണ്ണേറിനാൽ കാണാതെ കണ്ടു നീ,
      മിണ്ടാതെ മിണ്ടിയതെല്ലാം
ഏറെ തുഴഞ്ഞു നാമീ  കളി വഞ്ചി-
      യിൽ കോർത്ത കിനാ..വുകളെല്ലാം,

കുളിർമഴ വീശിയ കാറ്റിനോടൊത്തെൻറെ-
      യോർമ തൻ കടലാസുതോണി....

------






 ഇടവേളയിൽ .. idavelayil

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ