2014, ജൂൺ 9, തിങ്കളാഴ്‌ച

ഒരു ജൂണ്‍ മാസം .



മഴ ഇല്ല്യാണ്ടെങ്ങനാ....? ന്നാലും വേണ്ടീല്ല്യ!!!

ഉസ്കൂള് തൊറനിര്ക്കണു....


....മഴ നനച്ച ചോക്ക് കൊണ്ടെഴുതിയ പോലെ മായാത്ത ഒരു നൂറു ഓര്‍മകളുടെ കുട്ടിക്കാലം.ഞാന്‍ ഇരുന്നു പഠിച്ച ആ ബെഞ്ചില്‍ ഇനി വേറെ ആരോ..എന്നെ അറിയാത്ത, ഞാന്‍ അറിയാത്ത ആരോ..


ഒന്ന് കൂടി അവിടേക്ക് കയറിച്ചെല്ലാന്‍ മനസ്സ് കൊതിക്കുന്നുണ്ട് ഇപ്പോഴും..പക്ഷെ പണ്ടെനിക്ക് സ്വന്തമായിരുന്നതെല്ലാം ഇന്ന് മറ്റാരുടെയോ ആണല്ലോ...അതാണല്ലോ ജീവിതം...!

ഒന്ന് നോക്കി ചിരിക്കണം എന്നുണ്ട് , ആരെന്നറിയില്ലെങ്കിലും , അഥവാ ഇനി അറിഞ്ഞാലും ഒരു ചിരി തിരികെ കിട്ടും, അതിനു പലിശ വേണ്ടല്ലോ, അതോ പുരികം ചുളിച്ച ഒരു നോട്ടമാകുമോ ?

അല്പം വൈകി ആണെങ്കിലും മഴ എത്തി, പറന്നു പൊങ്ങിയ മുഴുവൻ ഈയാൻ പാറ്റകളെയും തോൽപിക്കാനെന്ന മട്ടിൽ സന്ധ്യക്ക്‌ വീണ്ടും മഴ പെയ്തു.

'ടാ , എർക്കായില് നിന്ന് കളിക്കാണ്ടേ, എറേത്ത് കേറി നിക്ക്.

മഴ പെയ്യാ , വെല്ല എഴേന്തുക്കളും കേറി വരും.'

കാലം വല്ലാണ്ട് മാറിപ്പോയിരിക്കുന്നു , മഴ ആരും കാണുന്നില്ല. പുറത്തു മഴപെയ്യുംമ്പോഴും അത് കാണാതെ റ്റീവിയിലെ വാർത്ത‍ കേൾക്കുകയായിരുന്നു.

ഞായറാഴ്ച സിനിമക്കിടയിൽ 2 മിനിറ്റു വാർത്ത‍ വരുമ്പോ അത് രസിക്കാതെ പുറത്തു പോയിരുന്ന ഞാൻ ഇപ്പൊ ഒരക്ഷരം വിടാതെ വാർത്ത‍ കേൾക്കുന്നു. എന്റെ കാലം! അത് ഒരുപാട് മാറിപ്പോയിരിക്കുന്നു.

മരത്തിന്റെ ജനൽ പാളിയേക്കാൾ കൂടുതൽ മനോഹരമായ മഴ ജനല ചില്ലിലൂടെ കാണാം എങ്കിലും ഇത് വരെ അതു ശ്രദ്ധിച്ചിട്ടില്ല, അതുകൊണ്ടായിരിക്കാം ഈർപ്പം കെട്ടിനിന്ന ആ പഴയ മഴക്കാഴ്ച്ചയുടെ സൌന്ദര്യം മനസ് മറക്കാത്തത്.


മൗനം നിറഞ്ഞ പവർ കടിനിടയിൽ , ഉമ്മറത്തെ നിലവിളക്കിനരികിൽ അര മണിക്കൂർ ഇരുന്നപ്പോളാണ് വീട്ടിൽ എല്ലാവരുടെയും മനസൊന്നു കാണുന്നത്. മഴ പോലെ മനോഹരം.

ആ തണുത്ത കാറ്റിന് വേണ്ടി, മുറിയിലെ ജനല്പാളികളെല്ലാം തുറന്നിട്ടു, ഒപ്പം മനസ്സിന്റെയും.


'നശിച്ച മഴ, ന്റെ റോസചെട്യെല്ലാം നശിപ്പിച്ചു, നേർയെ മോട്ടിട്ടേർന്നു.'


മുറ്റമടി, വൃത്തിയാക്കലിനെക്കാളുപരി ഒരു കണക്കെടുപ്പായിരുന്നു.


അതിനൊപ്പം ഞാനും നടന്നിരുന്നു.


'ടാ , നിയ്യാ ചെരുപ്പിടണ്‍ണ്ടോ ? കാലൊക്കെ വളം കടിക്ക്വേ'


തൊടിയിലെ മരത്തിൽ നിന്നും കിളിക്കൂട്‌ താഴെ വീണതും പിന്നതു തിരികെ മുകളിൽ വച്ചതും, മാമ്പഴമെല്ലാം തീർന്ന മാഞ്ചോട്ടിൽ നിന്നു വീണ്ടും ഒരു മാങ്ങ കിട്ടിയതും. കോഴിക്കൂട് തുറന്നു കോഴിയെ എണ്ണുന്നതും. ഈയലുകൽ പറന്നു പൊങ്ങിയ കുഴികൾ കുഴിച്ചു അറ്റം കണ്ടുപിടിക്കലും, കെട്ടികിടക്കുന്ന വെള്ളത്തിൽ തുള്ളി കളിക്കലും,

പിന്നെ എല്ലാം കഴിഞ്ഞു വളം കടിക്കുമ്പോ അമ്മയെക്കൊണ്ട് വെളിച്ചെണ്ണയും ഉപ്പും ചേർത്ത് പുരട്ടിക്കുന്നതും.


അപ്പോളും നേരം വെളുക്കുന്നേ ഉണ്ടാവു.


ഇപ്പൊ രാവിലെ 10 മണി കഴിഞ്ഞു അലാറം കേട്ടു ഉണർന്നു വരുമ്പോ..നേരം ശെരിക്കു വെളുത്തിട്ടുണ്ടാവും... കാഴ്ച്ച പക്ഷേ മങ്ങി വരികയാണു,


ശരിയാണ് കാലം അല്ല,

ഞാൻ തന്നെ ആണ് ഒരുപാടങ്ങ്‌ മാറിപ്പോയത്.


ഈ മാറ്റത്തിനാണല്ലോ, ഞാനും സ്കൂളിൽ പോയത്.


പഠിച്ചു വല്ല്യാളായത്.


അതിനാണല്ലോ ഇപ്പൊ സ്കൂള് തുറന്നതും!!






 ഇടവേളയിൽ .. idavelayil


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ