2014, ഏപ്രിൽ 9, ബുധനാഴ്‌ച

എന്റെ വിഷു..

എൻറെ വിഷുവിനു മഞ്ഞ നിറമാണ്!!! രാഷ്ട്രീയക്കാരും മതനിരപേക്ഷമെന്നു വാദിക്കുന്ന ജാതി സംഘടനകളും ക്ഷമിക്കുക, ഇത് എന്റെ വിഷു ആണ്.
ഞാൻ അനുഭവിച്ചതും ഓർമയിൽ സൂക്ഷിക്കുന്നതുമായ എന്റെ മാത്രം  വിഷു.



മീനമാസo  തൊട്ടേ വിഷുവിന്റെ വരവറിയിച്ചു കൊണ്ട് ഓരോ കൊന്ന മരവും കണ്ണന്റെ ചേങ്ങില പോലെ ഒരായിരം മഞ്ഞ പൂക്കളേന്തി നില്ക്കും.
കണിവെള്ളരി ഓരോ പീടികയിലും നിരന്നിരിക്കും, പൊന്നിന്റെ മഞ്ഞനിറം.

അമ്പലപ്പറമ്പിലെ കൊന്നമരത്തിനോട് പലപ്പോഴും നീരസം തോന്നും, സംക്രാന്തി ദിവസം നോക്കിയാൽ ഒറ്റ പൂവ് കാണില്ല. എല്ലാം മുന്നേ പൂത്തു  കൊഴിഞ്ഞിരിക്കും. പിന്നെ നാട്ടിലെ മറ്റു  മരങ്ങൾ തേടി  നടക്കണം. കൊന്നപൂക്കച്ചവടം, പടക്ക കച്ചവടം പോലെ തന്നെ എല്ലാരും ഏറ്റെടുക്കും, ഒരു കുല പൂവ് കിട്ടാൻ മത്സരമാണ്. കണ്ണിൽക്കണ്ട പറമ്പിലെ മരത്തിന്റെ തുഞ്ചത്ത് കേറണം,പൂ പറിക്കാൻ. അവിടുത്തെ അയൽക്കാർ മുതൽ, പോരുന്ന വഴി\യിൽ  കാണുന്നവരൊക്കെ രണ്ടു കുല പൂവ് ചോദിക്കും, അവര്ക്കും കൊടുക്കണം. തരില്ല എന്നൊക്കെ പറഞ്ഞു നോക്കും. പക്ഷെ, കൊടുക്കാതിരിക്കാൻ തക്ക മനസ്സുറപ്പൊന്നും  ഇല്ലായിരുന്നു, എന്നാലും  രണ്ടോ മൂന്നോ മാത്രമേ കൊടുക്കൂ,  വീടെത്തിയാൽ, അമ്മയുടെ വക ദാനം വേറെയും, അയൽക്കാർക്കും, പിന്നെ ചോദിയ്ക്കാൻ മടി ഇല്ലാത്ത ആര്ക്കും.

അമ്മയുടെ പഴയ ഒരു മഞ്ഞ സാരിയാണ് ഇന്നോളം എന്റെ വിഷുക്കണിക്ക് പശ്ചാത്തലം ഒരുക്കിയിട്ടുള്ളത്. എന്നേക്കാൾ പഴക്കമുണ്ട് അതിന്. എന്റെ വിഷുവിനു നിറം പകർന്നതിൽ ആ സാരിയുടെ പങ്കു ചെറുതല്ല.

ഓട്ടുരുളിയിലൊന്നുമല്ല എന്റെകണി എന്നും സ്റ്റീൽ പാത്രത്തിൽ ആയിരുന്നു. ആദ്യം ഒരു സ്റ്റീൽ താലത്തിലും പിന്നീടു അത് സ്റ്റീൽ ഉരുളിയിലെക്കും മാറി. ഇതുവരെ മഞ്ഞനിറം പാത്രത്തിലേക്ക് എത്തിയിട്ടില്ല.

നിലവിളക്കും അതിന്റെ വെളിച്ചവും മഞ്ഞ നിറം തന്നെ ആയിരുന്നു.

വീട്ടിലെ സ്വർണാഭരണം കണ്ണനെ അണിയിയിക്കുമായിരുന്നു. ഒരുപാടൊന്നും ഇല്ലെങ്കിലും ആ മഞ്ഞനിറവും വിഷു ഓർമകൾക്ക് നിറo  പകരാൻ ഒപ്പമുണ്ടായിരുന്നു.

ഒരുപാടു മഞ്ഞ നിറം വേറെയും ഉണ്ടായിരുന്നു. വാഴപ്പഴം, കശുമാങ്ങ മാമ്പഴം അങ്ങനെ പഴങ്ങളും
കൂടെ  സൈക്കിൾ ബ്രാൻഡ്‌ ചന്ദനത്തിരിയും.. കണിയിൽ വച്ചില്ലെങ്കിലും അടുത്തെവിടെയെങ്കിലും അതും കാണും.

പടക്കത്തിന്റെ മണവും ശബ്ദവും വിഷുവിന്റെ മറക്കാനാവാത്ത സാഹസികതയെ ഓർമിപ്പിക്കുന്നു.

അവധിക്കാലത്തിന്റെ സ്വാതന്ത്ര്യത്തിലും, മടിയിലും, ശൂന്യതയിലും  പലപ്പോഴും വിഷു ഒരുപാടെന്തോക്കെയോ ചെയ്യാനുള്ള സമയം ആയിരുന്നു..

ഇന്നിപ്പോ ഒരു അവധി പോലും തരാതെ  വിഷു എന്നോട് "നീ വളർന്നു  പോയി " എന്നോർമ്മിപ്പിക്കുമ്പോൾ, മുറുകെ പിടിക്കുന്തോറും  കയ്യിൽ നിന്ന് ചോർന്നു പോകുന്ന ഒരു പിടി മണൽ തരികൾ പോലെ.. ഓർമകളും മാഞ്ഞു പോവുകയാണല്ലോ.






 ഇടവേളയിൽ .. idavelayil

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ