2014, ഏപ്രിൽ 21, തിങ്കളാഴ്‌ച

ഞാനും കൊല്ലപ്പെടുകയാണ്!

ഞാൻ  മരിക്കുകയാണ്,
സിനിമകളിൽ കാണും വിധമുള്ള ഒരുപാടു എഫെകടുകൾ ഞാനും പ്രതീക്ഷിച്ചതാണ്.
അവയൊന്നും ഇല്ലാതെ പക്ഷെ ഞാനും മരിക്കുകയാണ്. ഒരിക്കൽ മാത്രം കിട്ടുന്ന ഒരു ഫാന്റസി ആയിരുന്നു മരണം. പക്ഷേ എന്റെ മരണം ഇത്ര നിസ്സാരമായല്ലോ.

ഒരു പാട് ആളുകൾ എനിക്ക് ചുറ്റും ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ആരുമില്ല, പക്ഷെ ഈ ലാളിത്യം എനിക്കിഷ്ടമായി. മുസിയത്തിൽ വച്ച എന്തോ പാഴ് വസ്തു പോലെ മൂക്കിൽ  വിരൽ  വച്ചുകൊണ്ട് നോക്കി നില്കാൻ ഒരു നൂറു പേര് ഇല്ലാത്തതു തന്നെ നല്ല കാര്യം. 

ഞാൻ ചെവി വട്ടം പിടിച്ചു നോക്കി.. നേർത്ത് നേർത്ത് ഇല്ലാതായി വരുന്ന ശബ്ദങ്ങളൊന്നും  കേട്ടില്ല. എല്ലാം നിശബ്ദമായിരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കത്തിൽ ആരും അറിയാതെ മരിച്ച സുകൃതശാലികളുടെ കഥകൾ വീട്ടിലെ കൊച്ചു വർത്തമാനങ്ങളിൽ കേൾക്കാറുണ്ട്. "കിടന്നു കഷ്ടപ്പെടാതെ പോയല്ലോ എന്ന്". 

ഞാനും ഉറങ്ങുകയായിരുന്നു. ഞാൻ മരിച്ചത് ഞാൻ അറിയാതിരുന്നെങ്കിൽ എന്ന് ഞാൻ പോലും അറിയാതെ ഞാൻ കൊതിച്ചു പോകുന്നുണ്ടോ ? ഇത് ഒരു അറുബോറൻ അവസരവാദം ആയിരിക്കാം, കാരണം കാത്തിരുന്ന മരണത്തോട് ഇത്ര നിസ്സന്ഗത പ്രകടിപ്പിക്കുന്നത് അവസരവാദം അല്ലാതെ എന്താണ്. 

ഇത് സത്യമാണ് , എന്റെ മരണം. ബാക്കിയെല്ലാം തോന്നലുകളാവം.

ആരും അറിയുന്നില്ല, എങ്കിലും ഞാനത് അറിയുന്നു ഇതൊരു നീണ്ട കാത്തിരിപ്പാണ്. അതോ ആ കാത്തിരിപ്പിന്റെ അന്ത്യമാണോ?

ഞാൻ കുഞ്ഞായിരുന്നപ്പോൾ ലോകം വളരെ ചെറുതായിരുന്നു, പിന്നതെപ്പോളോ ഒരുപാട് വളർന്നു. എന്റെ ലോകം വലുതായതു കണ്ടു ഞാൻ ഒരുപാട് സന്തോഷിച്ചു. ഞാൻ പഠിച്ചതും കണ്ടെത്തിയതും ഒരുപാടുണ്ടായിരുന്നു. ഒരു വലിയ ലോകം.ഇപ്പൊ ഇതാ അതെല്ലാം ചെറുതായി വീണ്ടും ചെറിയ ലോകം ആയിരിക്കുന്നു. ചുറ്റും ഇരുൾ മൂടി ഞാൻ മാത്രമുള്ള ഒരു ചെറിയ ലോകം. അല്ല,  ഞാൻ പോലുമില്ലാത്ത എന്നേക്കാൾ ചെറിയതാണ് ഇപ്പോ എന്റെ ലോകം.

കണ്ണടച്ചാലും തുറന്നാലും ചുറ്റും ഇരുട്ടുതന്നെ, ചെവികളിൽ നിശ്ശബ്ദത മൂളുന്നുണ്ടായിരുന്നു. ദൂരദർശനിൽ സിഗ്നൽ പോകുമ്പോൾ കാണിച്ചിരുന്ന മഴവിൽ വർണ്ണങ്ങളും മൂളലും ഓർമ വരുന്നു. ഏകാന്തമായ ശൂന്യതയിൽ എന്തെങ്കിലുമാവൻ ആ മുഷിപ്പൻ ചിത്രത്തിനായിരുന്നിരിക്കണം.

'ഞാൻ' എന്ന വാക്ക് പലപ്പോഴും അഹങ്കാരവും ദൈന്യതയും ഒക്കെ ആയിരുന്നു,  ആ വാക്കിന് തന്നെ ഇനി എന്തർത്ഥമാണുള്ളത്‌. ആകാരം നിർവചിക്കാനാകാത്ത  പുക ചുരുളുകൾ പോലെ അതും മാഞ്ഞു പോകയോ?.

എന്നെ[ഇനി ഇങ്ങനെ പറയുന്നത് എന്നെ തന്നെ ആണോ?] കാണാൻ മുമ്പെങ്ങുമില്ലാത്ത താൽപര്യത്തോടെ ഒരുപാടു പേര് വരുമായിരിക്കും ഔദ്യോദികബഹുമതികളില്ലാത്ത മറ്റൊരു സാധാരണക്കാരനായി ഞാൻ അരങ്ങൊഴിയുമായിരിക്കാം. ജീവിതത്തിൽ[ഒരു ദിവസം കൂടി ഞാൻ അതിൽ ചേർക്കട്ടെ ] ആദ്യമായി പത്രത്താളുകളിൽ വാർത്ത ആയേക്കാം.
മരിക്കുമ്പോഴും ഞാൻ 'നാളെ'  എന്ന , എന്നെ ഇത്രനാൾ ജീവിപ്പിച്ച അത്ഭുതത്തെപ്പറ്റി ചിന്തിക്കുന്നു.

'നാളെ' എന്നത് പ്രതീക്ഷയുടെ ഉത്സവകാലം ആണ്. മരിക്കുമ്പോൾ നാളെകൾ ഇല്ലാതാവുകയാണോ. ഇതിനു മുന്നേ ഇന്നലെകളിലേക്ക് മരിച്ചു വീണവർ. അവരുടെ നാളെ  കളല്ലേ  നമ്മുടെ ഇന്നുകളും ഇന്നലെകളും. ഇനി എന്റെ നാളെകളും തിരി താഴ്ത്തുകയാണോ? എന്റെ പ്രതീക്ഷകൾ നശിച്ച സമയം തന്നെ ഞാൻ ഒരുപാട് മരിച്ചതാണ്. നാളെ എന്ന ഒറ്റ പ്രതീക്ഷ ആണ് എന്നെ ഇന്ന് വരെ എത്തിച്ചത്.

എന്റെ നാളെകൾ ഇതാ ഞാൻ നിങ്ങൾക്ക്  നല്കുന്നു, നിൽക്കു ,അങ്ങനെ പറയാൻ എനിക്കാവില്ല, കാരണം, മറ്റെല്ലാം പോലെ ഇതും എന്നിൽ നിന്ന് പിടിച്ചു പറിക്കപ്പെടുകയാണ്.
ശെരിയാണ്‌, അല്ലെങ്കിൽ ഇത് ഞാൻ ആര്ക്കും കൊടുക്കില്ലല്ലോ. ഓഹോ, എന്റെ നാളെകൾ തട്ടിയെടുക്കാനായി എന്നെ കൊല്ലുകയാണല്ലേ ? അപ്പൊ, ഇതുവരെ ഞാൻ കണ്ട എല്ലാ മരണവും കൊലപാതകങ്ങൾ ആയിരുന്നു. കൊലപാതകങ്ങൾ !!!

അവരെ കൊന്നു അവരുടെ നാളെകൾ തട്ടിയെടുത്തു നാo ഓടി. ഇന്നിപ്പോ ഇതാ ഓടിത്തളർന്ന എന്റെ കയ്യിൽനിന്നും ആരൊക്കെയോ ഇത് വീണ്ടും തെട്ടിയെടുക്കുന്നു. എന്നെന്നേക്കും എന്ന് കരുതി കുറച്ചു നാളേക്കു മാത്രം.

ഇവിടെ, ഇപ്പോൾ ഞാനും കൊല്ലപ്പെടുകയാണ്.






 ഇടവേളയിൽ .. idavelayil

2014, ഏപ്രിൽ 9, ബുധനാഴ്‌ച

എന്റെ വിഷു..

എൻറെ വിഷുവിനു മഞ്ഞ നിറമാണ്!!! രാഷ്ട്രീയക്കാരും മതനിരപേക്ഷമെന്നു വാദിക്കുന്ന ജാതി സംഘടനകളും ക്ഷമിക്കുക, ഇത് എന്റെ വിഷു ആണ്.
ഞാൻ അനുഭവിച്ചതും ഓർമയിൽ സൂക്ഷിക്കുന്നതുമായ എന്റെ മാത്രം  വിഷു.



മീനമാസo  തൊട്ടേ വിഷുവിന്റെ വരവറിയിച്ചു കൊണ്ട് ഓരോ കൊന്ന മരവും കണ്ണന്റെ ചേങ്ങില പോലെ ഒരായിരം മഞ്ഞ പൂക്കളേന്തി നില്ക്കും.
കണിവെള്ളരി ഓരോ പീടികയിലും നിരന്നിരിക്കും, പൊന്നിന്റെ മഞ്ഞനിറം.

അമ്പലപ്പറമ്പിലെ കൊന്നമരത്തിനോട് പലപ്പോഴും നീരസം തോന്നും, സംക്രാന്തി ദിവസം നോക്കിയാൽ ഒറ്റ പൂവ് കാണില്ല. എല്ലാം മുന്നേ പൂത്തു  കൊഴിഞ്ഞിരിക്കും. പിന്നെ നാട്ടിലെ മറ്റു  മരങ്ങൾ തേടി  നടക്കണം. കൊന്നപൂക്കച്ചവടം, പടക്ക കച്ചവടം പോലെ തന്നെ എല്ലാരും ഏറ്റെടുക്കും, ഒരു കുല പൂവ് കിട്ടാൻ മത്സരമാണ്. കണ്ണിൽക്കണ്ട പറമ്പിലെ മരത്തിന്റെ തുഞ്ചത്ത് കേറണം,പൂ പറിക്കാൻ. അവിടുത്തെ അയൽക്കാർ മുതൽ, പോരുന്ന വഴി\യിൽ  കാണുന്നവരൊക്കെ രണ്ടു കുല പൂവ് ചോദിക്കും, അവര്ക്കും കൊടുക്കണം. തരില്ല എന്നൊക്കെ പറഞ്ഞു നോക്കും. പക്ഷെ, കൊടുക്കാതിരിക്കാൻ തക്ക മനസ്സുറപ്പൊന്നും  ഇല്ലായിരുന്നു, എന്നാലും  രണ്ടോ മൂന്നോ മാത്രമേ കൊടുക്കൂ,  വീടെത്തിയാൽ, അമ്മയുടെ വക ദാനം വേറെയും, അയൽക്കാർക്കും, പിന്നെ ചോദിയ്ക്കാൻ മടി ഇല്ലാത്ത ആര്ക്കും.

അമ്മയുടെ പഴയ ഒരു മഞ്ഞ സാരിയാണ് ഇന്നോളം എന്റെ വിഷുക്കണിക്ക് പശ്ചാത്തലം ഒരുക്കിയിട്ടുള്ളത്. എന്നേക്കാൾ പഴക്കമുണ്ട് അതിന്. എന്റെ വിഷുവിനു നിറം പകർന്നതിൽ ആ സാരിയുടെ പങ്കു ചെറുതല്ല.

ഓട്ടുരുളിയിലൊന്നുമല്ല എന്റെകണി എന്നും സ്റ്റീൽ പാത്രത്തിൽ ആയിരുന്നു. ആദ്യം ഒരു സ്റ്റീൽ താലത്തിലും പിന്നീടു അത് സ്റ്റീൽ ഉരുളിയിലെക്കും മാറി. ഇതുവരെ മഞ്ഞനിറം പാത്രത്തിലേക്ക് എത്തിയിട്ടില്ല.

നിലവിളക്കും അതിന്റെ വെളിച്ചവും മഞ്ഞ നിറം തന്നെ ആയിരുന്നു.

വീട്ടിലെ സ്വർണാഭരണം കണ്ണനെ അണിയിയിക്കുമായിരുന്നു. ഒരുപാടൊന്നും ഇല്ലെങ്കിലും ആ മഞ്ഞനിറവും വിഷു ഓർമകൾക്ക് നിറo  പകരാൻ ഒപ്പമുണ്ടായിരുന്നു.

ഒരുപാടു മഞ്ഞ നിറം വേറെയും ഉണ്ടായിരുന്നു. വാഴപ്പഴം, കശുമാങ്ങ മാമ്പഴം അങ്ങനെ പഴങ്ങളും
കൂടെ  സൈക്കിൾ ബ്രാൻഡ്‌ ചന്ദനത്തിരിയും.. കണിയിൽ വച്ചില്ലെങ്കിലും അടുത്തെവിടെയെങ്കിലും അതും കാണും.

പടക്കത്തിന്റെ മണവും ശബ്ദവും വിഷുവിന്റെ മറക്കാനാവാത്ത സാഹസികതയെ ഓർമിപ്പിക്കുന്നു.

അവധിക്കാലത്തിന്റെ സ്വാതന്ത്ര്യത്തിലും, മടിയിലും, ശൂന്യതയിലും  പലപ്പോഴും വിഷു ഒരുപാടെന്തോക്കെയോ ചെയ്യാനുള്ള സമയം ആയിരുന്നു..

ഇന്നിപ്പോ ഒരു അവധി പോലും തരാതെ  വിഷു എന്നോട് "നീ വളർന്നു  പോയി " എന്നോർമ്മിപ്പിക്കുമ്പോൾ, മുറുകെ പിടിക്കുന്തോറും  കയ്യിൽ നിന്ന് ചോർന്നു പോകുന്ന ഒരു പിടി മണൽ തരികൾ പോലെ.. ഓർമകളും മാഞ്ഞു പോവുകയാണല്ലോ.






 ഇടവേളയിൽ .. idavelayil

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

മുത്തശ്ശി



ഇടിമുഴക്കം കേട്ടു ദൂരെ, യെങ്ങോ പെയ്ത മഴയുടെ കുളി-
രുമായിളം കാറ്റിക്കിളികൂട്ടി തഴുകവേ മെല്ലെയാ-
ടിക്കളിക്കും നിലവിളക്കിൻ തിരിയോന്നണഞ്ഞു കിട്ടാനി -
രുളെന്റെയുമ്മറത്തോരുകോണിലെത്തി നില്ക്കുന്നു!

നീട്ടിപ്പിടിച്ച കൈ ചെമ്മേ ചരിച്ചാ കാറ്റെ തടുത്തിരുന്നൊ -
റ്റക്കു ചുണ്ടിലെ ഹരിനാമകീർതനമൊട്ടുമീണം വിടാതെ-
ചൊല്ലിക്കൊണ്ടു സന്ധ്യതൻ ദീപ്തമാമനുഭൂതിയായെന്റെ -
ബാല്യകാലസ്സുകൃതമായോർമ തൻ പൂമുഖത്തെൻ  മുത്തശ്ശി !!

പുല്ലിൽ കുരുത്ത, ചെറു പൂവിൽ തുളുമ്പി നിറ മഞ്ഞിന്റെ നൈർമല്ല്യ-
മേറുന്ന തുള്ളികളിലെങ്ങും പടർന്നോഴുകുമേഴു വർണങ്ങളാ-
യെന്റെ  ചേതസിൻ ഗതികളിൽ കഥകളായ് പിന്നെ വഴികാട്ടിയാ-
യണഞ്ഞ മൃദുഹസ്തങ്ങളേതുകാറ്റിനും കനിവിന്റെ പാഠമാകും!






 ഇടവേളയിൽ .. idavelayil

പിടി തരാത്ത മോഹങ്ങൾ ...




"ആകാശം അത്ര മേലെയോന്ന്വല്ല, വടക്കേലെ പ്ലാവിന്റെ തുഞ്ചത്തു കേറിയാൽ അങ്ങ് തൊടാവുന്നതെയുള്ളൂ, പക്ഷെ ആ അമ്മച്ചിപ്ലാവിൽ കേറണതാ കഷ്ടം. ഞാൻ ഇച്ചിരി കൂടെ വല്താവട്ടെ, അങ്ങു തൊട്ടിട്ടു തന്നെ കാര്യം! "
രണ്ടാം ക്ലാസ്സിലെ എന്റെ പഴയ നോട്ടു പുസ്തകത്തിൽ ഒരുപാട് അക്ഷരതെറ്റുകളോടെ എപ്പോഴോ കുറിച്ചിട്ട മോഹം, അന്നെനിക്കറിയില്ലായിരുന്നു ഞാൻ വളരുമ്പോൾ, ആകാശം അങ്ങു നോക്കെത്താ ദൂരത്തേക്കു ഉയർന്നു പോകുമെന്ന്....





മൗനമാകുന്ന തീരത്തു പണ്ട് ഞാൻ,
പിച്ച വച്ചു നടന്ന കാലം തൊട്ടേ
എത്രയെത്ര മോഹങ്ങളീ മണ്ണിൽ,
പെയ്തൊഴിഞ്ഞു വറ്റി വരണ്ടു പോയ്‌...

പോയ കാലത്തിൻറെ മോഹങ്ങളും പേറി,
കാറ്റിലങ്ങോട്ടുമിങ്ങോട്ടുമെത്ര നാൾ
എങ്ങുമെത്താത്ത മറ്റൊരു മോഹമായ്,
പെയ്തൊഴിഞ്ഞു വറ്റി വരണ്ടു പോയ്‌...







 ഇടവേളയിൽ .. idavelayil


2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

നുറുങ്ങു കവിതകൾ..


1.
വെറുതെയാവില്ലൊരു വാക്കുപോലും,
വെറുതെയാവല്ലേ ഒരു നീക്ക് പോലും.
വെറുതെയാവട്ടെയൊന്നൊഴിയാതെയൊന്നായ് 
വെറുപ്പുളവാക്കുന്ന ചെയ്തിയെല്ലാം....


 2.

പലവഴി ചെന്നൊരുദിക്കിലെത്തുകിൽ,
ശരിയായ ദിക്കിന്നു വഴിയൊക്കെയൊന്നുപോൽ ..
എന്നാലുമേറെ ചരിച്ച വഴി , വിട്ടു മറ്റൊന്നു,
പൂകുകിൽ, വഴിക്കല്ല നഷ്ടം! നമുക്കെന്നു മാത്രം!

3.
ഓർമകളുടെ പുസ്തകത്താളുകളിൽ
ആകാശം കാണാതെ, 
മയിൽ പീലികൾ ഇനിയും കാത്തിരുപ്പുണ്ട്...
വീടിന്നകത്തളങ്ങളിൽ, പ്രസവിക്കാൻ മാത്രം 
വിധിക്കപ്പെട്ട പെണ്‍കൊടികളെപ്പോലെ!

4
നിലാവ് കരയുകയായിരിക്കുമല്ലേ?
ഇന്നവളുടെ  കയ്കളരിയുമല്ലേ?
പണ്ടവൾ  മണ്ണിലെഴുതിയ ചിത്രങ്ങളിലൊ- 
ന്നിന്നിവിടുത്തെ ദൈവത്തിന്റേതത്രേ!
[je suis charlie]

5
ചിരിക്കുള്ളിലൊതുക്കിയ ചതി,
ചതിക്കുള്ളിലൊതുക്കിയ ചിരി,
ഒന്നുള്ളിലോട്ടുകാണാനിച്ചിരി,
ഉൾക്കാഴ്ച വേണമായിരുന്നു!

6.
ഇറ്റു വീഴും നിണം, കനിഞ്ഞില്ലം നിറഞ്ഞു.
ഇനിയൊരു പതിനാറുകോലയിത്തമാവാം.
#menstruation






 ഇടവേളയിൽ .. idavelayil

സ്വർഗം .. ഒരെളിയ നിർവചനം!!!

കണ്ണ് തുറന്നു പോയി..

ചൂടല്ല... ഇത് ഉഷ്ണമാണ്‌.
ചൂടുള്ള ഈർപ്പം പൊതിഞ്ഞ നനവുള്ള ഉഷ്ണം.

ഹൃദയം മിടിക്കുന്ന ശബ്ദവും,നിശ്വാസത്തിന്റെ ശബ്ദവും മുൻപത്തെക്കാളേറെ ഉച്ചതിലെന്നു തോന്നിക്കും വിധം ചുറ്റിലും കറുത്ത മൗനം തങ്ങി നില്ക്കുന്നുണ്ടായിരുന്നു. കഴുത്തിന്‌ ചുറ്റും പുറത്തു ചൂടുള്ള വഴുവഴുത്ത പുഴുക്കൾ നുരക്കുന്നത് പോലെയും, അകത്തു  തൊണ്ട വരളുന്നത്‌ പോലെയും തോന്നുന്നുണ്ടായിരുന്നു. ഓരോ രോമകൂപത്തിലും പൊടിഞ്ഞ വിയർപ്പുകണങ്ങൾ ഒത്തുചേർന്നു നീങ്ങി തൊലിപ്പുറത്ത് ഈര്ഷയുളവാക്കിക്കൊണ്ടിരുന്നു.. എന്തെന്നറിയാത്ത ഭയo കാലുകളിൽ നിന്നിരച്ചു മുകളിലേക്ക് കയറിക്കൊണ്ടിരുന്നു..

ഹാവൂ! കരണ്ട് വന്നു!!!

ഫാൻ കറക്കം തുടങ്ങി..
ഭൂമിയിൽ വേറെ എവിടെയാണിനി സ്വർഗം!!







 ഇടവേളയിൽ .. idavelayil

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

[ചളി ചളി ചളി ]



രാത്രി രണ്ടെണ്ണം അടിച്ചു  ഉറങ്ങാൻ കിടന്ന കൊവാലനെ ഭാര്യ മുറിയിൽ പൂട്ടിയിട്ടു. കെട്ട്  വിട്ടു ഞെട്ടി ഉണർന്ന കോവാലന്റെ  കയ്യിൽ  പൂട്ട്‌ തുറക്കാൻ ഉള്ള കീ ഇല്ലായിരുന്നു. ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായി നിന്ന ഗോപാലൻ കരഞ്ഞു ചോദിച്ചിട്ടും ഫാര്യ കീ കൊടുത്തില്ല.
വെളിച്ചമില്ലാത്ത ഇരുട്ട് മുറിയിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരയുന്ന സമയത്താണ് കട്ടിലിനടിയിൽ നിന്നും ഒരു എലി കീ കീ എന്ന് കരഞ്ഞത്.

കോവാലൻ ആ കീ എടുത്തു വാതിൽ  തുറന്നു ഭാര്യക്കിട്ട് ഒരു ചവിട്ടും കൊടുത്തു പുറത്തേക്കിറങ്ങി. സമയം രാവിലെ അഞ്ചു മണി.

കോവാലൻ കോടാലിയുമായി കിഴക്കോട്ടു വച്ച് പിടിച്ചു..  കിഴക്ക് വെള്ള കീറിയിട്ട് വേണം വല്ലതും കഴിക്കാൻ.

കുട്ടൻ നായരുടെ ചായക്കടയിൽ കയറി കോവാലൻ ഓർഡർ ചെയ്ത ദോശ പ്ലേറ്റിൽ ഇട്ടതും പറന്നുയർന്നു ഗൾഫിലേക്ക് പോയി. ഇനി മേലാൽ "പ്ലെയിൻ" ദോശ ഓർഡർ ചെയ്യില്ല എന്ന് കൊവലാൻ ഉറപ്പിച്ചു.

പകരം ചപ്പാത്തി ഓർഡർ ചെയ്തു.

ചായക്കടയിലെ പഴഞ്ചൻ റേഡിയോ യേശുദാസിന്റെ ഗാനങ്ങൾ വച്ച് കീച്ചുന്നുണ്ടായിരുന്നു. ചുമരിൽ കണ്ട ബോർഡ് കണ്ടു കോവാലന് സങ്കടം വന്നു. പാവം പുകവലി! യേശുദാസിനെ പോലെ പാടാൻ അതിനു പറ്റില്ലല്ലോ. അല്ലെങ്കിൽ അതിങ്ങനെ ബോർഡിൽ എഴുതി വക്കുമോ ? "പുകവലി പാടില്ല" എന്ന്.

കുട്ടൻ കൊണ്ടുവന്ന  ചപ്പാത്തിയുടെ കട്ടി കണ്ട് കുട്ടനോട് ചോദിച്ചു, ഇത് എന്തുവാ ചപ്പാത്തി ആണോ ചിക്കൻ ഗുനിയ ആണോ? കണ്ടിട്ട് കൊതുക് പരത്തിയത് പോലെ ഉണ്ടല്ലോ.

കുട്ടൻ തിരിച്ചടിച്ചു , എന്നാൽ ഒരു ചിക്കൻ ഫ്രൈ യുടെ കാശു നന്നിട്ടു പോയാൽ മതി.
അത് കേട്ടതും കോവാലൻ അഞ്ചു രൂപ കൊടുത്തു ഒരു കോഴിമുട്ട വാങ്ങി അതിൽ മുട്ട അവിടെ വച്ച് കോഴിയെ എടുത്ത് കുട്ടന് കൊടുത്തു. കുട്ടൻ ഹാപ്പി.

ആ സമയത്ത് ഒരു വിദേശി അവിടെ എത്തി. ഞാൻ സഞ്ചാരം പിടിക്കാൻ വന്ന സങ്കട്ട് തോട്ടുങ്കര ആണ് ഇവിടെ അടുത്ത് താമസിക്കാൻ ഒരു മുറി  കിട്ടോ?

ഒരു മുറി ഇല്ല , രണ്ടു മുറി  വേണേൽ തരാം ഇല്ലേ കോവാലെട്ടാ,

രണ്ടു മുറി മതി. രണ്ടു മുറി മതി ....

കൊവലേട്ടൻ കിഴക്ക് വെള്ളകീറിയ തന്റെ കോടാലി എടുത്തു അടുത്ത് കണ്ട മരത്തിൽ ആഞ്ഞു ഒരു വെട്ടു വെട്ടി.   "വെട്ടൊന്ന് മുറി രണ്ട്" തോട്ടുങ്കര ഹാപ്പി ഹാപ്പി.

എന്തൊരു ചൂട്  കുട്ടാ നീയാ  ഫാനിന്റെ സ്വിച്ച് ഇടു.

കുട്ടൻ ഫാനിന്റെ സ്വിച്ചിട്ടതും  ദേ   വരണ്  ഓലക്കുട ഒക്കെ പിടിച്ചു മാവേലി.
കോവാലൻ  ചോദിച്ചു,  എന്തേ മാവേലി ഇപ്പൊ ഈ വഴി?

അതിപ്പോ ഇവിടെ ആരാ സ്വിച്ചിട്ടെ , സ്വിച്ച് ഇട്ടപ്പോ  ഫാൻ ഓണായില്ലേ ?
ഓണായാൽ മാവേലി വരാണ്ടെ പറ്റോ ?




[തുടരും]

[കടപ്പാട് : പേരറിയാത്ത ആരൊക്കെയോ]









 ഇടവേളയിൽ .. idavelayil