2018, ഡിസംബർ 31, തിങ്കളാഴ്‌ച

(എന്റെ) കവിത

നിന്നിലൂടെ ഒഴുകിയ പുഴയാണ് എന്റെ കവിത,
ഏതോ നിമ്നോന്നതങ്ങളിൽ വഴുതിവീണ,
അവിടെവിടെയോ സ്വർഗത്തെ അറിഞ്ഞ,
ശ്വാസം എടുക്കാൻ പോലും മറന്നുപോയ,
ചിന്നി ചിതറി തെറിക്കുമ്പോഴും, മുത്തുകൾ-
പോലെ തിളങ്ങി ചിരിക്കുന്ന കവിത

അക്ഷരങ്ങൾ കോർത്തെടുത്തു എഴുതി അവസാനിക്കുമ്പോൾ അതിലിനിയും എന്തോ കൂടി എഴുതാനുണ്ടെന്നു കൊതിക്കുന്ന, ദാഹിക്കുന്ന,  ഓരോ കവിതയിലും എവിടെയെങ്കിലും നീ ഇല്ലാതിരിക്കില്ലല്ലോ.

ഉണങ്ങി വരണ്ട ഓരോ തൂലികയിലും ഇടക്കൊരിക്കൽ മഷി കോരി നിറച്ചു എഴുതാനിരിക്കുമ്പോൾ , എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് എന്റെ അത്ര നാളെത്തെ കവിതകളെയും കൊണ്ട് നീ എത്ര തവണ നടന്നകലുന്നു.

അത് കണ്ടു എഴുതാനൊന്നുമില്ലാതെ എന്തിനെന്നറിയാതെ എന്തൊക്കെയോ എഴുതിക്കൂട്ടി ഞാൻ ഇരിക്കുന്നു.

പിന്നീടെപ്പോഴോക്കെയോ,  ഡ്രൈവ് ചെയ്യുമ്പോഴും, കൂട്ടുകാരോടൊത്തിരിക്കുമ്പോഴും ഒറ്റയ്ക്ക് വാ ഒരു കവിത തരാം പോരുന്നോ എന്ന് ചോദിച്ചു കാട്ടി കൊതിപ്പിച്ചു.

പിന്നീടേതോ മരീചികയിലെ പ്രതിബിംബം  പോലെ ഒക്കെയും മാഞ്ഞു പോയി.

വഴിയറിയാതെ. പിന്നിലേക്ക് നോക്കി മുന്നിലേക്ക് നടക്കുകയാണിപ്പോൾ.

ഒരു മായാ വലയത്തിന്റെ ലഹരിയിൽ എങ്ങോട്ടോ പോകുകയാണ്;

കവിതകൾ എനിക്കുള്ളതല്ല  എന്ന് അറിഞ്ഞിട്ടും സമ്മതിക്കാൻ ഒട്ടും  മനസ്സില്ലാതെ.

(ഒരാണ്ട് കടക്കാൻ ഇച്ചിരി നേരം മാത്രമുള്ളപ്പോൾ (2018  ഡിസംബർ 31  രാത്രി  10 :56 ) )





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ