ഞാൻ സ്വയം കവി എന്ന് വിളിച്ച അന്ന് മുതൽക്കാണ് എന്നിലെ കവി നശിച്ചു തുടങ്ങിയത്,
ക്ഷയം പിടിച്ചും ചുമച്ചും ഒരു വാക്ക് പോലും പറയാനാകാതെ മരിക്കാൻ കിടക്കുന്ന ഒരു കവിയെ കാണുന്നുണ്ട് ഞാൻ ഓരോ ദിവസവും.
കവി അല്ലാതിരുന്ന എന്നെ കവി എന്ന് വിളിച്ചതുകൊണ്ട് കവി അല്ലാതിരുന്ന ഞാൻ എന്നിലേക്ക് കവിത എന്ന മരുന്ന് അളവ് കൂട്ടി കുത്തിവച്ച് കൊല്ലാൻ ശ്രമിച്ചു എന്നൊരു പക്ഷം.
കവിയെന്നു സ്വയം തെറ്റിദ്ധരിച്ച ഞാൻ കവിത ഉണ്ടാക്കുവാൻ തേടി പോയ ലഹരിയുടെ കാടുകൾ കവിതയുടെ പൂങ്കാവനമായ തലച്ചോറിലെ ഞരമ്പുകളെ കാർന്നു തിന്നിരിക്കാം
കവിയെന്നു കേട്ട് അഹങ്കരിച്ച എന്നിലെ കവി വലിയ കവികളെ പോലും പുഛി ച്ചിരിക്കാം
ആരും നടക്കാത്ത വഴികൾ തേടി , അത് കിട്ടാതെ, പിന്നെ അധികമാരും നടക്കാത്ത വഴി തേടി, പിന്നെ ഇതൊന്നുമല്ലാ അടച്ചിട്ട മുറിയിലാണ് കവിത എന്നുറച്ച് എല്ലാ വാതിലുകളും ജനലുകളും അടച്ചു സ്വയം ശ്വാസം മുട്ടിച്ചതാവാനും മതി.
ഇടയിലൊരിക്കൽ കവിത തേടി സമൂഹത്തിന്റെ അടിവേരുകൾ തേടി ചുവന്ന വെളിച്ചങ്ങളുടെ അഴുക്കു ചാലുകളിൽ.. ഹോ ഓർക്കാനും വയ്യ.. കാമം തുളുമ്പിയ കവിത അവിടെ ഉണ്ടായിരുന്നില്ല.
ഒരു മോശം കവിത പോലും എഴുതാനാകാതെ, ചുമച്ചു ചുമച്ചു കഫം നാറുന്ന ആശുപത്രി മുറികളിൽ ഞരമ്പിലേക്കു വീണ്ടും വീണ്ടും കവിത കുത്തിവയ്ക്കുകയാണ്.
അവിടെ എന്നിലെ കവി ഒറ്റക്കായിരുന്നില്ല, കവിയാകുവാൻ വേണ്ടി മാത്രം എഴുതാൻ പഠിച്ചവരും, പാടാൻ പഠിച്ചവരും ഓരോ മുറികളിൽ അടുത്ത മുറികളിലേക്ക് കാതു കൂർപ്പിച്ചു കിടക്കുന്നുണ്ടായിരുന്നു. എവിടെയെങ്കിലും ഒരു പുതിയ കവിത ജനിച്ചു വീണു കരയുന്നത് കേൾക്കാൻ..
ഒരു പുതു കവിതയ്ക്കുണ്ണാൻ നിറഞ്ഞു തുളുമ്പുന്ന മാറിടവുമായത്രേ, ഓരോ കവികളും ഓരോരുത്തരിലും മരിക്കാൻ കിടക്കുന്നത് !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ