2020 ഏപ്രിൽ 25, ശനിയാഴ്‌ച

കൊറോണ ഭ്രാന്തുകൾ


***
ഒഴിഞ്ഞുകിടക്കുന്ന വഴികളുണ്ട് നമുക്കിടയിൽ
എന്നാൽ അനിശ്ചിതമായി അടഞ്ഞു കിടക്കുന്നവ.

***
പ്രണയത്തിൻറെ  ഇൻകുബേഷൻ പീരീഡ് എത്രയാണ്.

***
ഹൃദയത്തിൽ ഹൃദയം ഒട്ടി നിൽക്കുമ്പോഴും
നമ്മൾ തമ്മിലുള്ള അകലം  മീറ്ററുകളാണ്.

***

ജാതി, മതം?
നാട്ടിൽ ഇനി രണ്ടേ രണ്ടു ജാതിയേയുള്ളൂ.
കൊറോണ വന്നവരും ഇനി വരാനിരിക്കുന്നവരും.

***

സ്വാതന്ത്ര്യം? എന്തൊരഴകാണതിന്.

***

ചുവരുകളിൽ നിറയെ ചിത്രങ്ങൾ വയ്ക്കണം.
ഈ സമയത്തെ അടയാളപ്പെടുത്താൻ.
അതിനെക്കാളുപരി,
പുറത്തു കണ്ടതൊന്നും മറന്നുപോകാതിരിക്കാൻ.

***
ഓൺലൈൻ മടുത്തു തുടങ്ങി, ഓടി നടക്കാൻ കൊതികൊണ്ട്



2020 ഏപ്രിൽ 12, ഞായറാഴ്‌ച

കൊറോണക്കാലം

നാളെ എന്തെന്നറിയാത്ത, ഇന്ന് എന്തെന്നറിയാത്ത ഒരു കാലം. മനുഷ്യർ  ഇയാംപാറ്റകൾ പോലെ മരിച്ചു വീഴുന്നു.
എവിടെയൊക്കെയോ ആരൊക്കെ അവസാന ശ്വാസത്തിനായി കഷ്ടപ്പെടുന്നു. കുറെ പേർ അവർക്കു ചുറ്റും കിടന്നോടുന്നു. അവരെക്കുറിച്ച് ചിന്തിക്കുമ്പൊൾ പോലും ചുറ്റും നിശ്ശബ്ദത കൊണ്ടു നിറയുന്നു. അടുത്തെവിടെയോ മരണത്തിന്റെ തണുപ്പും, ജീവന്റെ തുടിപ്പും തമ്മിൽ പോരടിക്കുന്നു.
ഈ നിർവികാരതയുടെ നടുവിൽ പോയകാലത്തിന്റെ ഓർമ്മകളോടൊത്തിരിക്കാതെ വേറെന്തു ചെയ്യും.
മരണത്തിന്റെ തണുപ്പിനെക്കാൾ അസ്വസ്ഥമാക്കുന്നത്, ഓർമ്മസർപ്പങ്ങൾ ശരീരത്തിലൂടെ അരിച്ചിറങ്ങുന്നതാണെങ്കിൽക്കൂടി.