2018, ഒക്‌ടോബർ 14, ഞായറാഴ്‌ച

പ്രതികാരം

പെയ്തുകൊണ്ടിരുന്ന മഴക്കിടയിലൂടെ ആണ് മിന്നൽചാടി വീണത്‌ .വെട്ടവും ഒച്ചയും ഒരുമിച്ചായിരുന്നു. കാറ്റൊരു നിമിഷം ഞെട്ടി  നിന്നു, ഒഴുകിപ്പോയ മഴത്തുള്ളികളും ആ വെളിച്ചം കണ്ടു തെല്ലൊന്നു തിരിഞ്ഞു നോക്കി.

ആ വെളിച്ചത്തിലാണ് നമ്മൾ ഒരു റെയിൽ പാളത്തിനു അരികിലൂടെ ആണ് കടന്നു പോകുന്നതെന്ന് അറിയാൻ കഴിഞ്ഞത്. മിന്നലിന്റെ വെളിച്ചത്തിൽ നീണ്ടു പോകുന്ന വെള്ളിവരകൾ പോലെ പാളങ്ങൾ,  അടുത്ത നിമിഷത്തിലെ അന്ധകാരത്തിലും കണ്ണിൽ നിന്ന് മായാതെ തിളങ്ങി നിന്നു.

ചില കാഴ്ചകൾ അങ്ങനാണ്,  കരന്റ്  പോയാലും തിളങ്ങി നിൽക്കുന്ന ടെലിവിഷൻ പോലെ.

അതിനിടയിൽ നമ്മൾ കാണാതിരുന്ന ഒരു കാര്യമുണ്ട്. നമുക്കു മുന്നിലൂടെ നടന്നു പോയിരുന്ന ആ ചെറുപ്പക്കാരൻ എങ്ങോട്ടു തിരിഞ്ഞു എന്ന്.  നമുക്ക് മുന്നോട്ടു പോകാം അയാളെ വിട്ടു പോകാൻ ആവില്ലല്ലോ.

വാർ ചെരുപ്പടിച്ചടിച്ചു അയാൾ നടക്കുന്ന ശബ്ദം തെല്ലടുത്തു നിന്ന് തന്നെ കേൾക്കാം. വലത്തോട്ട് തിരിഞ്ഞെന്നു തോന്നുന്നു. ഒരു കുട പോലും ചൂടാതെ, മഴയെ തെല്ലും വക വെക്കാതെ, ഉറച്ച കാലടികളുമായി.


ദൂരെ മങ്ങിയ വെളിച്ചത്തിൽ ഒരു വീട് കാണുന്നുണ്ട്,

അടുത്തേക്കു  ചെല്ലുന്തോറും, കൂടുതൽ വ്യക്തമായി വരുന്നു.  അതൊരു വീടായിരുന്നില്ല,  പാടവരമ്പത്തു നോട്ടത്തിനു കെട്ടും പോലുള്ള ചെറിയ ഒരു ഏറുമാടം. ഒറ്റ റാന്തൽ വെളിച്ചത്തിൽ അതിനകം പ്രകാശമാനമായിരുന്നു. അടുത്തെങ്ങും മറ്റു വെളിച്ചങ്ങൾ ഉണ്ടായിരുന്നില്ല,  ഇരുൾ കൊണ്ട് വേലി കെട്ടയ ഒരു വലിയ പുരയിടം പോലെ തോന്നിച്ചു അതിപ്പോൾ.

അയാൾ അതിലേക്കു വലിഞ്ഞു കയറി. കാൽ പുറത്തേക്കു നീട്ടി ഇരുന്നു. റാന്തൽ വിളക്കിന്റെ തിരി തിരിച്ചു കുറച്ചു കൂടി താഴ്ത്തി. ചുറ്റുമുള്ള ഇരുൾ വേലി അനുസരണയോടെ കുറേകൂടി അരികിലേക്ക് വന്നു നിന്നു. റാന്തലിൽ നിന്ന് കൈ എടുക്കുമ്ബോൾ അയാൾ കയ്യിലേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ രണ്ടു കയ്യും ചേർത്ത് വച്ച്  അതിൽ മുഖം  ചേർത്ത് ഇരുന്നു.

അരൂപികളായ നമുക്ക് അത് കണ്ടു നിൽക്കാനേ കഴിയുമായിരുന്നുള്ളൂ.
വരട്ടെ,
ഇനി നമുക്കൊന്നു തിരിച്ചു പോകാം വന്ന വഴിയേ അല്ല, പിന്നിട്ട സമയത്തിലേക്ക്.

(തുടരും)




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ