2016, ജൂലൈ 6, ബുധനാഴ്‌ച

എ കോക്കനട്ട്‌ ഫ്രൂട് പഞ്ച്!!!




"ഡാ, നിയ്യെന്റെ പെണ്ണ് കാണൽ ബ്ലോഗാക്കണം"
ആദ്യമായി പെണ്ണു കാണാൻ പോയി , എല്ലാം ഉറപ്പിക്കാറായപ്പോ, എല്ലാരേം തേച്ചു മണലിൽ ഒട്ടിച്ചിട്ടു പെണ്ണ് ഒളിച്ചോടിപ്പോയതിന്റെ കൈപ്പു നീരു കുടിച്ചു വറ്റിക്കുന്പോൾ ആണ് ഉറ്റ ചങ്ങായി ദാസപ്പൻ എന്നോടിത് പറഞ്ഞതു,കൂടെ ഒരു ഗ്ളാസ്സ്‌  കൈപ്പുനീര് കൂടി  നീട്ടി.

ഏതു, അവന്റെ കാര്യം അറിഞ്ഞിട്ടു കടം വാങ്ങി ഞ്ഞാൻ തന്നെ കൊണ്ടന്ന 'പഴയ സന്യാസി'.

അവന്റെ വിഷമത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രണ്ടു ഫുള്ളും അതു തീർക്കാൻ വേണ്ടും ആളും ദാസപ്പന്റെ ഫ്ലാറ്റിന്റെ ടെറസ്സിൽ കൂടീട്ടുണ്ടായിരുന്നു,  മാസം തികയാതെ സീരിയസ് കണ്ടിഷനിൽ ജനിച്ചിട്ടു  അതിന്റെ ഗൗരവം മുപ്പതു വയസ്സായിട്ടും വിട്ടു മാറാത്ത ഷെമീർ, ഞങ്ങക്കു അവൻ കാക്ക. പിന്നെ വെള്ളമടിക്കാൻ ഒരു കാരണവും ഇല്ല എന്ന കാരണം പറഞ്ഞു വെള്ളമടിക്കുന്ന, ഒട്ടും ശാന്തനല്ലാത്ത ശാന്തൻ, ടാങ്ക്!  ടാങ്ക് എന്നു പറഞ്ഞാലേ അവന്റെ വീട്ടിൽ പോലും അവനെ തിരിച്ചറിയൂ. ഒരു ഫ്രീക്കനില്ലാതെ നമുക്കെന്താഘോഷം.  ഒരു നായരായതിന്റെ  ഒരു കുറവും കുണവും കാണിക്കാത്ത മഹേഷ് നായർ, അവൻ സ്വയം അവനെ മാഷ് പോപ്പിൻസ് എന്നാണ് വിളിക്കുന്നതെങ്കിലും, പിപ്പിരി മുടിയും ഊശാൻ താടിയും ഉള്ള അവനാണ് , ഞങ്ങളുടെ സ്വന്തം  ആട്, ഒരു ചെറിയ ഫീകര ജീവി.   കൂടെ  ദാസപ്പനും പിന്നെ ഞാനും.

'ഓളെ ഞാൻ ഒരുപാട് സ്വപ്നം കണ്ടെടാ..,ഞങ്ങളെ കണ്ടാൽ ദുൽഖർ സൽമാനും നിത്യാമേനോനും പോലെ ആണെന്നാ അവൾടെ അച്ഛൻ കാർന്നോരു പറഞ്ഞേ, ന്നിട്ടാ...'

"ഭ!!",

സൈഡിൽ മിണ്ടാതെ ഇരുന്നു മോന്തി ഇരുന്ന ഷെമീർന്റെ കയ്യിന്നു ഗ്ലാസ്സ് താഴെ വീണു. സാധാരണ ഒരക്ഷരം മിണ്ടാതെ ഇരുന്നു മോന്തുന്ന ഷെമീർ, അലറി.

"അന്റെ, ബേഷമൊന്നും ഞമ്മളോർക്കൂല്ല, ഇയ്യിമ്മാതിരി ഡയലോഗ് ഇറക്കിയാ അള്ളാണെ, ഞമ്മളീ പണിക്കില്ല"  ദാസപ്പനെ സമാധാനിപ്പിക്കാൻ കൂടിയ ഞങ്ങളു   ഷെമീറിനെ കൂൾ ആക്കാൻ പാടു പെട്ടു. ഒടുവിൽ കാക്ക അടങ്ങി, ആടും  ടാങ്കും കൂടി  പുതിയ ഒരു ഗ്ലാസ്സ് നിറച്ചു കൊടുത്തു സൈഡ് ആക്കി,

കാര്യങ്ങൾ വീണ്ടും പഴയപോലെ ആയി,

"ഡാ ,  നീ എഴുതുവോ ?"

"അതിപ്പോ,  ഇതു ഒരുപാട് ഓടിയ ത്രെഡ് അല്ലേടാ.. നിനക്കാദ്യാന്നു വച്ചു..."

പിന്നെ കേട്ടത് ദാസന്റെ അലർച്ച ആണ് ,, ചെക്കൻ ഇമോഷണൽ ആയി...

"നിനക്കറിയൂല്ല പട്ടി,  നീ എഴുതണ്ടടാ..  അവള് അനുഭവിച്ചോളും, സത്യോള്ള കള്ളിന്റെ പൊറത്താ ഞ്ഞാനീ  പറയണേ..."

ആ അടി കഴിഞ്ഞു, പിന്നേം പല തവണ അതേ ടെറസ്സിൽ പല പല കുപ്പീം കൊണ്ട് അടിച്ചു ... ഇപ്പറഞ്ഞ ഈ പ്രാക്കു എന്നും ക്ലോസിങ് പഞ്ച് ആയിരുന്നു.

"അവള് അനുഭവിച്ചോളും"      വികാര നൗക.. ആഹഹഹ

അനുഭവിച്ചത്‌ പക്ഷെ ഞാൻ ആയിരുന്നു - കുറെ കാലത്തിനു ശേഷമാണെങ്കിൽ കൂടി. അതുകൊണ്ടു തന്നെ മ്മടെ ദാസപ്പന് വേണ്ടി, എനിക്കു വേണ്ടി ഞാൻ ഇപ്പൊ എഴുതുവാ.. ദാസപ്പന്റെ അല്ല.. എന്റെ ലേറ്റസ്റ് പെണ്ണുകാണൽ....



ഒരിക്കലും ഒരു പെണ്ണുകാണൽ ചടങ്ങില്ലാത്ത ഒരു മനോഹരമായ ജീവിതം എനിക്കു വാഗ്ദാനം ചെയ്തവളായിരുന്നു കൗസു. ബുദ്ധിയില്ലാത്ത പ്രായത്തിൽ ചുമ്മാ ചെറിയ കണ്ണിമാങ്ങേ൦, കാരക്കേം കൊണ്ടത്തന്നു എന്നെ കറക്കിയെടുത്ത എന്റെ കൗസു.

 കൗസു അവളെ ആദ്യമായിട്ട് പെണ്ണുകാണാൻ വന്ന ഗൾഫുകാരനെ കെട്ടി എനിക്കിട്ടു പണിഞ്ഞപ്പോ,  പീറ്റർ ഇംഗണ്ടിന്റെ ഒരു ജോഡി ഫോർമൽ ഡ്രെസ്സും വാങ്ങി ഞാനും ഇറങ്ങി... ഗേൾ വാച്ചിങ്ങിനു.  അതു ആഴ്ച തോറും, മാസങ്ങൾ നീണ്ടു.. ഞാൻ അനുഭവിച്ചു.

ഒന്നും അങ്ങോട്ടു ശെരിയാവാതെ നിരങ്ങി നീങ്ങുന്ന ടൈം ,

ബസിൽ കയറും പാടെ കണ്ടക്ടർമാർ ഡ്രെസ്സ്  കണ്ടു, ഇന്നെവിടാ ചായകുടി എന്നു തിരക്കി ..
വീട്ടിൽ, ഏട്ടന്റെ കെട്ടു കഴിഞ്ഞിട്ടു കെട്ടാൻ പറ്റുവോ എന്നു അനിയനും ചോദിച്ചു തുടങ്ങി. ചെറ്റകളായ ടാങ്കും ദാസനും ആൽത്തറയിലോ ബസ്റ്റോപ്പിലോ  നിന്നു വിളിച്ചു ചോദിക്കും. നീ ആദ്യം കണ്ട പെണ്ണിന്റെ കൊച്ചിന് കല്യാണപ്രായം ആയല്ലോടാ...
ഹാവു
ആകപ്പാടെ സെന്റി ലൈൻ.

ബ്രോക്കർമാർക്ക്  കൊടുത്ത കാശിന്റെ കടം വീട്ടാൻ കുടുംബസ്വത്തായി കിട്ടിയ പാടം വിറ്റു അച്ഛൻ കട്ടക്ക് കൂടെ നിന്നു.

അന്നൊരു ഞായറാഴ്‌ച ആയിരുന്നു,  ഡ്രെസ്സിന്റെ ഭാഗ്യം നോക്കാൻ പുതിയ ജോഡി ഡ്രെസ്സ് വാങ്ങിയ ശേഷമുള്ള ആദ്യത്തെ പെണ്ണ് കാണൽ.

"ഇതു നടക്കും, ഇതു നടന്നില്ലേൽ താനിനി 5 വർഷത്തേക്കു നോക്കണ്ട."

സോമൻ പണിക്കര് രണ്ടു ജാതകവും ഒത്തുനോക്കി നിരാശ പുറത്തു കാണിക്കാതെ പറഞ്ഞു. ഒരു സ്ഥിരവരുമാനം നിലക്കാൻ പോകുന്ന വിഷമം ആ മുഖത്തു കാണാമായിരുന്നു. കുറെ കാലമായി, നോക്കി നോക്കി എഞ്ചുവടി പോലെ കാണാപാഠം ആയ എന്റെ ജാതകം തുറന്നു പോലും നോക്കാതെ ആണ് പണിക്കര് പൊരുത്തം നോക്കാറ്, ഇന്ന് പക്ഷെ തിരിച്ചും മറിച്ചും പണിക്കര് നോക്കി, പിരിച്ചു വിടപ്പെട്ട സർക്കാർ ജോലിക്കാരന്റെ, അതേ  എസ്പ്രഷൻ...

കുറ്റം പറയാൻ പറ്റൂല്ല , അച്ഛൻ വിറ്റ പാടത്തിന്റെ നല്ലൊരു ഭാഗം പണിക്കർക്കാണ് ഉപകാരപ്പെട്ടേ.. സ്വന്തം മോള് ജാതകം നോക്കാൻ നിക്കാതെ ഓട്ടോക്കാരൻ  ജബ്ബാറിനൊപ്പം ഒളിച്ചോടി പോയിട്ടും പതറാത്ത പ്രഭാവം.

പോട്ടെ അതല്ലാലോ നമ്മുടെ കാര്യം,

അപ്പൊ ഇതാണ് ലാസ്റ്  ചാൻസ്.  ഒരു 'യെസ്' ജീവിതം മാറ്റി മറിക്കാൻ പോകുന്ന ലാസ്റ് ചാൻസ്.

രാവിലെ തന്നെ ജങ്ഷനിൽ 'മൂന്നാൻ' കുട്ടൻ നായർ  എത്തും, കാര്യങ്ങളുടെ ഗൗരവം കൂട്ടാൻ കാക്ക വരാന്ന്  പറഞ്ഞിട്ടുണ്ട്, പിന്നെ  മൂന്നാളാക്കാതിരിക്കാൻ  ഒരു കാര്യോമില്ലാണ്ട് ദാസപ്പനോടും പറഞ്ഞു. ദാസപ്പന്റെ അമ്മ വീട്ടിൽ വകേലെ ബന്ധത്തിൽ ആരുടെയോ കല്യാണത്തിന്റെ കൂടൽ ആരുന്നു തലേന്ന്, തല പൊന്ത്യാ വരാന്നു പാതി സമ്മതേ ഇഷ്ടൻ മൂളിയുള്ളൂ. ഇങ്ങനൊരു കാര്യത്തിന് ആടിനെ ഇറക്കാൻ പറ്റൂല്ല.. പോരാത്തതിന് ഇതു ഈ സീസൺ ഫിനാലെ ആണ് .
ടാങ്കിനെ കൂടെ കണ്ടാൽ പെൺവീട്ടുകാർ പട്ടിയെ അഴിച്ചു വിടും,  അത്രക്കുണ്ട് അന്യനാട്ടിൽ പോലും ചങ്ങാതിക്ക് ഖ്യാതി.. ആ കഥ പിന്നെ പറയാം.

അങ്ങനെ നേരം വെളുത്തു.. പതിവിലും നേരത്തെ...
ഇറങ്ങും മുന്നേ ദാസപ്പനെ വിളിച്ചു, പഷ്ട്.. സ്വിച്ച് ഓഫ്. വിചാരിച്ച പോലെ തന്നെ.  ഇനീപ്പോ കാക്കയോടും വരണ്ടാന്നു പറയാം  മൂന്നാളാക്കണ്ട.

കാക്ക കേട്ടപാതി താങ്ക്സ് പറഞ്ഞു. അളിയന് അല്ലേലും ചായ ബല്യ താല്പര്യമില്ല. മാത്രല്ല എന്തോ ചുറ്റിക്കളികളിൽ പെട്ടു കറങ്ങുന്ന ആൾക്ക്, മ്മളു ഒഴിവാക്കി വിട്ടാൽ, പെരുത്തു ഖുഷി ആണ്, പഴയ പോലെ ദേഷ്യം ഒന്നും ഇല്ല.(ആ ചുറ്റിക്കളി മനസ്സിലാക്കീട്ടു വേണം  ചാങ്ങായെ ഒന്നു സ്റ്റാർ ആക്കാൻ ).

ജങ്ഷനിൽ എത്തി കുട്ടൻ നായരെ കണ്ടില്ല, വിളിച്ചിട്ടും കിട്ടണില്ല, ലത് പോയ അണ്ണാനെ പോലെ ഞാൻ പ്ലിങ്ങി, ഇനി കാക്കയെ വിളിച്ചാൽ തെറി കേൾക്കും,  വീണ്ടും വീണ്ടും കുട്ടൻ  നായരെ  തന്നെ വിളിച്ചു മനസ്സിൽ അയാൾടെ  പിതാമഹന്മാരെയും ആരാധിച്ചു. ക്ലിക്ക്... കുട്ടൻ നായർ ഫോണെടുത്തു.

പുള്ളി നൈസ് ആയിട്ടു വലിഞ്ഞതാണ്, നടക്കും എന്നു ഉറപ്പുള്ള വേറെ ഒരു കാര്യംണ്ട്, അതോണ്ട് എന്നോട് ക്യാരി ഒൺന്നു, എല്ലാം പറഞ്ഞു റെഡി ആക്കീട്ട്ണ്ട് ങ്ങള് ചെല്ലീ  ന്നു.. റൂട്ടും പറഞ്ഞു തന്ന്, ചോയിച്ചു ചോയിച്ചു പോവാൻ.

ബെസ്റ്!

കാര്യം, പെണ്ണു കാണലിൽ കുട്ടനോളം തന്നെ എസ്‌പീരിയൻസ് എനിക്കുണ്ടേലും, ഇതു വരേം ഒറ്റക്കു ഞാൻ പോയിട്ടില്ല.  ഞാൻ വിയർത്തു, പട്ടാളത്തീന്നു വന്ന അമ്മാവനെ വിളിച്ചോണ്ടു പോണോ, അതോ അച്ഛനെ തന്നെ വിളിക്കണോ ആകെ ടെന്ഷന്.

തിരിച്ചു പോവാൻ വയ്യാത്ത അവസ്ഥ. പണിക്കര് പറഞ്ഞതോർത്താ, പോവാതെ വയ്യ.

ഇനീപ്പോ ഒറ്റക്കു പോവ്വാ തന്നെ,   രമണൻ ഗോദായിലേക്കു ഇറങ്ങുന്നു..

ബസ് വന്നു,  കേറി ഇരുന്ന പാടെ കണ്ടക്റ്റർ സിജു ചോയിച്ചു,

"ഇന്നെവിട്യാ ഗഡി ചായകുടി"  കാലത്തെ മൂടലന്പാണ്,  വീണ്ടും ചൊറിയാൻ വരുവാ.

"ഹാ, പറയ് ഗഡിയെ, മ്മളു ചങ്ങായിമാരല്ലേ".

"ന്നാ , ഇന്നിയാൾടെ വീട്ടിലേക്കു വാരാടോ" ആരോടൊക്കെ ഉള്ള കലിപ്പ് അണപൊട്ടി.  സിജു നോട് എനിക്കു മാത്രമല്ലാ കലിപ്പ് അന്ന് എനിക്കു മനസ്സിലായി, എന്റെ മുന്നിലത്തെ സീറ്റിൽ ഇരുന്ന അപ്പാപ്പൻ ഫസ്റ് കമന്റിട്ടു സീൻ സുപ്പെർ കോൺട്ര ആക്കി,
'ഹാ, സിജു നിന്റെ പെങ്ങൾക്ക് കെട്ടുപ്രായം ആയല്ലോ, ല്ലേ !!'
ഒരു ലൈക്ക് , രണ്ടു ലൈക്, ചറ പറ ലൈക്.
ഒരു ബസ് മുഴുവൻ ചിരി പരന്നു, അപ്രതീക്ഷിതമായ ആക്രമണത്തിൽ സിജു ചരിഞ്ഞു.

സിജു അപ്പാപ്പന്റെ ചിറിക്കിട്ടു തോണ്ടി, ചാൻസ് കിട്ടിയ പാടെ ബസിൽ ഇരുന്ന പേരറിയാത്ത കണ്ടാൽ ഗുസ്തിക്കാരനെ പോലെ ഇരിക്കുന്ന ഒരു സേട്ടൻ സിജുനിട്ടു രണ്ടു പൊട്ടിച്ചു.

വണ്ടി നിന്നു,  ഒരു യുദ്ധം ജയിക്കാൻ ടൈം ഇല്ലാത്തോണ്ട്  ഞാൻ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു. പുറകിൽ ബസ് നന്നായി കുലുങ്ങുന്നുണ്ടായിരുന്നു. ഒരു പൂരത്തിന് തിരി കൊളുത്തിട്ടു കൂളായി ഇറങ്ങ്യ ഞാൻ ധാരാവിലെ ചേരി ഒഴിപ്പിച്ച ജഗന്നാഥനെക്കാൾ ഹീറോ ആയിരുന്നു, എന്റെ മനസ്സിലെങ്കിലും... എല്ലാ മൂഡൗട്ടും മാറി.

പെണ്ണിന്റെ വീട്ടിലേക്കു ഗേറ്റ് തള്ളിത്തുറന്നു കേറിയതും ആ മൂഡിൽ തന്നെ ആയിരുന്നു, തള്ളൂ  ഐ  മീൻ, ഗേറ്റുമ്മേ  ഉള്ള തള്ള്  കൂടിപ്പോയി അതു സൈഡിൽ വച്ചിരുന്ന അലുമിനിയം ഷീറ്റിൽ പോയി ഇടിച്ചു....

ദ്ധുംഛആം... ഇടിമുഴക്കം

കൈ വിട്ടു പോയി, ശബ്ദം കേട്ടു മൂന്നു വീട് അപ്പുറം ഉള്ളവർ വരെ തല പുറത്തേക്കിട്ടു  എത്തിനോക്കി.

"ആരാടാ അത്"

ഞാൻ വന്ന  വീട്ടിനകത്തൂന്ന് പുരുഷ ശബ്ദത്തിൽ  മറ്റൊരു ഇടിമുഴക്കം.

എത്തിനോക്കിയവർ  ഉള്ളിലേക്കു വലിഞ്ഞു.

ഒടുവിൽ , എല്ലാറ്റിനും ഒടുവിൽ പൂമുഖ വാതിൽ തുറക്കപ്പെട്ടു,

കൈലി മാത്രം മടക്കി   കുത്തി  ഉടുത്ത ഒരു ഭീമാകാര രൂപം  പുറത്തു വന്നു, ആ നിപ്പിനുപിന്നിൽ  വാതില് ചെറുതായി തോന്നി.  സൂപ്പർ മാരിയോയിൽ രാജകുമാറിക്കു മുന്നിൽ നിൽക്കുന്ന വ്യാളിയെ  പോലെ..

വ്യാളി മറ്റൊരു തീ  തുപ്പി

 "ആരാ ?"

"ഞാൻ, ബ്രോക്കർ കുട്ടൻ പറഞ്ഞിട്ടു..."

"ചെറുക്കൻ ? "

വ്യാളി ചെറുതായി ചെറുതായി ഒരു മുയൽ കുട്ടി ആവും പോലെ തോന്നി ഒരു ചോദ്യത്തിലും.

"അതേ"

"കൂടെ?"

"ആരും ഇല്ല്യ, കുട്ടൻ നായർ വരാൻ ഇരുന്നത് ഇരുന്നതാ, എന്തോ അത്യാവശ്യം.. "

"അതു പറഞ്ഞിരുന്നു, കയറി വരൂ,"

എല്ലാം തണുത്തു , ഞാൻ വിജ്രംഭിച്ചു നിന്ന ഗെയിറ്റിലേക്കു നോക്കി.

"അതു സാരല്യ , അപ്പുറത്തു കളിക്കാൻ വരണ ചെക്കന്മാരെന്ന ഞാൻ കരുത്യേ..  ക്ഷമിക്ക്‌യൂട്ടോ,  ഞാൻ കുട്ടീടെ അച്ഛൻ"

കേറി ഇരുന്നു,  എതിരെ കുട്ടീടെ അച്ഛൻ ഇരുന്നു. എല്ലാടത്തും  പതിവുള്ള  അകത്തേക്ക് "നോക്കി ദാ അവരു വന്നു" വിളി ഉണ്ടായില്ല.

പക്ഷെ സംസാരം ഏറെക്കുറെ പതിവ് കാര്യങ്ങൾ തന്നെ ആയിരുന്നു,  എല്ലാ ചോദ്യവും ഉത്തരവും കൃത്യമായി പഠിച്ചു പറയുന്ന ന്റെ ലൈഫിലെ ഏക വൈവ ആണ് ഇതു. അതു അതിവുപോലെ നടന്നു ,  പെണ്ണിന്റെ അമ്മ വന്നില്ല, അകത്തെ മുറിയിൽ അനക്കം കേട്ടില്ല, പലഹാരങ്ങളും വന്നില്ല. അല്പം കൂടി കഴിഞ്ഞപ്പോ ഞാൻ വീണ്ടും കംഫോര്ട് സോണിൽ നിന്നു പുറത്തായി. ആകാശ ഗംഗ സിൽമയിൽ കല്യാണമാലോചിക്കാൻ പ്രേതവീട്ടിൽ ചെല്ലുന്ന സീൻ മനസ്സിലൂടെ ഓടിപ്പോയി,  കാർന്നോരുടെ ആ ചിരി.

എന്റെ ഭാവമാറ്റം കണ്ടിട്ടാവണം,  അച്ഛൻ പറഞ്ഞു,

"കുട്ടി ഇവിടില്ല, കുട്ടൻ നായരു വിളിച്ചു സംശയം പറഞ്ഞു ഇന്ന് വന്നേക്കില്യന്നു,  അതോണ്ട് അവള് ജോലിക്കു പോയി , ഇവിടടുത്താ,  ഞാൻ അവളെ വിളിച്ചു പറയാം."

കാർന്നോർ ഫോൺ തപ്പി എടുത്തു എണീറ്റു.

 "മോനിരിക്കു, കുടിക്കാൻ നല്ല ഫ്രഷ് ഇളനീർ എടുക്കട്ടേ? ചായ മോളുവന്നിട്ടാവാം"

മറുപടിക്കു കാത്തുനിൽക്കാതെ കാർന്നോർ അകത്തേക്ക് പോയി, ഞാൻ ഒറ്റക്കു തീയറ്ററിൽ കൊഞ്ചുറിങ് കാണാൻ ഇരുന്നവനെപോലെ ആയി.

ഫോൺ എടുത്തു വെറുതെ കുത്തിക്കൊണ്ടിരുന്നു..

പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞാണ്  കഥയിലെ ട്വിസ്റ്,

വീടിനു പിന്നാമ്പുറത്തു നിന്നും 'പതക്കോ' ന്നു എന്തോ വീഴുന്ന ശബ്ദം കേട്ടു കൂടെ ഒരു അലർച്ചയും, കൂടെ കുറച്ചു കൂടി വലിയ എന്തോ വീഴുന്ന ശബ്ദവും.

ഇവിടെ വന്നു കേറിയപ്പോ മുതൽ സീൻ ഡോൾബി ഡിജിറ്റൽ ആണ്, സമുണ്ടുമ്മൽ ആണ് കളി.

ഞാൻ വീടിനു പുറകിലേക്ക് ഓടി,  ഇത്രനേരം കൂടെ സംസാരിച്ചോണ്ടിരുന്ന കാർന്നോരവിടെ  തെങ്ങിന്റെ ചോട്ടിൽ കിടക്കാണ്, ഒരു വലിയ തേങ്ങാ യും സൈഡിൽ ഒരു തോട്ടിയും കിടപ്പുണ്ടാരുന്നു. സെന്റി ആണെങ്കിലും രസമുള്ള ഒരു കാഴ്ച ആയിരുന്നു, നേരത്തെ ഉള്ള ആരാടാ അതു എന്നുള്ള ആ അലർച്ചയും ഈ കിടപ്പും.. എന്റെ പ്രതിശ്രുത ഫാദർ ഇൻ ലോ.

ഫ്രഷ് ഇളനീർ റെഡി ആക്കാൻ മുറ്റത്തു നിക്കണ കൊന്നത്തെങ്ങിൽ കരിക്കു തോട്ടികൊണ്ടു കുത്തി ഇടാൻ നോക്കീതാ,  കരിക്കു തലയിൽ വീണു,  വീണിതല്ലോ കിടക്കുന്നു ധരണിയിൽ ട്വിസ്റ്.

ഞാൻ ഓടിച്ചെന്നു. ഒറ്റക്കെനിക്കു പൊക്കാൻ പറ്റിയ മൊതൽ  ആയിരുന്നില്ല..

തെങ്ങിൻ ചുവട്ടിൽ ചെന്നു നിന്നു ഞാൻ കാർന്നോരുടെ തല പൊക്കാൻ വൃഥാ ശ്രമിച്ചു നോക്കി.

'ടിർണീം'  രണ്ടാമത്തെ ട്വിസ്റ്,   എന്റെ തലയിൽ മറ്റൊരു തേങ്ങയുടെ രൂപത്തിൽ വീണു.
.
.
.
.
.
കണ്ണു തുറക്കുന്പോൾ ഞാനും കാർന്നോരും നേരത്തെ ഇരുന്നിരുന്ന ആ മുറിയിൽ കിടക്കുവാണ്, ആരൊക്കെയോ ചുറ്റും കൂടി നിക്കണുണ്ട് നേരത്തെ ഗേറ്റിന്റെ ശബ്ദം കേട്ടു പുറത്തോട്ടു വന്ന തലകൾ പലതും ഉടലോടെ വന്നു നിപ്പുണ്ടാരുന്നു.

ഞാൻ കാർന്നോരെ നോക്കി, പുള്ളീം ജസ്റ് കണ്ണു തുറന്നെ ഉണ്ടാവുള്ളു.

എന്നെ കണ്ട പാടും പുള്ളി നിഷ്കളങ്കമായി ചിരിച്ചു, എന്റെ കിടപ്പെന്തിനാണ് മനസ്സിലാവാതെ അടുത്തു നിന്ന സുന്ദരിയായ പെൺകുട്ടിയെ നോക്കി.   ഞാനും ...


എന്റെ പെണ്ണ് കാണൽ..

ദേ ലവളാണ് ദിവൾ.  കാണാൻ വന്ന പെണ്ണ്.
ഒറ്റ നോട്ടത്തിൽ എനിക്ക് ബോധിച്ചു.. ഇത് വരെ കാണാൻ കൊതിച്ചിരുന്ന ഒരു മുഖം. ഐ ആം ഇമ്പ്രെസ്സ്ഡ്.

കയ്യിലിരുന്ന വെള്ളവുമായി എന്റടുത്തേക്കു വന്നു എനിക്കു നേരെ നീട്ടി,   ആരൊക്കെയോ എന്നെ പിടിച്ചെണീപ്പിച്ചു.  ഞാൻ കൈനീട്ടി വാങ്ങി കുടിച്ചു.

ഇളനീർ!!

തലയിൽ വീണ ഇളനീർ ആരൊ വെട്ടി വെള്ളം എടുത്തതാവും.


നാണത്തിനു സ്കോപ്പ് ഇല്ലാത്ത സീൻ ആയിരുന്നെങ്കിലും ഒരു ചിരി എന്റെ  ചുണ്ടിൽ വരിഞ്ഞു..

മറ്റൊരു ട്വിസ്റ് ഇല്ലാതെ കാര്യങ്ങൾ വിശദമായി, തെങ്ങിന് അധികം പൊക്കമില്ലാതിരുന്നതുകൊണ്ട് ഒന്നും പറ്റിയില്ല,  എന്നാലും അവിടന്നു ഹോസ്പിറ്റലിൽ പോയി.

എന്റെ വീട്ടിനു അച്ഛനും അനിയനും എത്തി.  എല്ലാം കഴിഞ്ഞപ്പോ കല്യാണ നിശ്ചയത്തിന് തിയതി കുറിച്ചാണ് ആശുപത്രീൽ നിന്നു ഇറങ്ങിയത്.


ഒരു നീണ്ട പെണ്ണു കാണൽ മെഗാ സീരിയലിന്റെ സഫലമായ അവസാനം.






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

1 അഭിപ്രായം:

  1. വൗ!!!നുണക്കഥ ആണെങ്കിലും നല്ല രസികൻ വായന നൽകിയ സുഖം.നർമ്മത്തിൽ അൽപം കൂടി ഉത്പ്രേക്ഷയും ഉപമയും കൂടി വാരിവിതറി അലങ്കരിച്ചിരുന്നെങ്കിൽ സംഭവം കിടിലലോത്ക്കിടിലം ആയേനേ!!!!

    മറുപടിഇല്ലാതാക്കൂ