2016, നവംബർ 9, ബുധനാഴ്‌ച

ഭ്രാന്തൻ ചിന്തകൾ.(പ്രണയം )


ആത്മാവു പണയം വച്ചിട്ടു ഒരു യാത്ര പോകണം.
നാളെയൊരു ഓസ്യത്ത് എഴുതാൻ ഒന്നും ബാക്കിയുണ്ടാവരുത്.
***

എല്ലാരേം ഓടിനടന്നു ക്ഷണിക്കുന്ന കൂട്ടത്തിൽ എന്നേം ക്ഷണിച്ചു...
"എന്റെ കല്ല്യാണക്കുറി"

***


പ്രണയത്തിന്റെ വടക്കു കിഴക്കൻ ആകാശത്തു വന്നുദിക്കുന്ന നക്ഷത്രമാകണം.
"മരണശേഷം"

***

വായിച്ചതും പഠിച്ചതുമായ എല്ലാ പുസ്തകങ്ങളിലും പ്രണയമായിരുന്നു...
ഒടുവിൽ സ്വന്തം പ്രണയം തേടി കണ്ടുപിടിച്ചപ്പോൾ എല്ലാരും വിളിച്ചു
"വിവരദോഷി"
***

അകലങ്ങളിൽ നിന്നടുത്തുവന്നു ഒന്നായി, പിന്നെ അകന്നകന്നു പോകണം,
വീണ്ടുമൊന്നിക്കാൻ, വാക്കു പറയാതെ, രാത്രിയും പകലും പോലെ.
"എന്നും!"
***
ഹൃദയത്തിലിപ്പോൾ പൂ കൊഴിഞ്ഞ തണ്ടുകളിൽ
വ്രണങ്ങളാണ്..
അതിൽ പഴുത്തൊലിക്കുന്നതും ഞാൻ മാത്രമാണ്. (നീ?)

***
അനുരാഗമായിരുന്നു അടങ്ങാത്ത അനുരാഗം
അറിവിനോടും അറിഞ്ഞതിനോടും
കണ്ടറിഞ്ഞപ്പോൾ നിന്നോടും.

***
ഉണർവിന്റെ സംഗീതമാണ്
പക്ഷെ ആത്മാവ് നിന്നിൽ അലിഞ്ഞു ചേർന്ന് ഉറങ്ങുകയായിരുന്നു
ഞാൻ പ്രണയിക്കുകയായിരുന്നു
ആദ്യമായി
***

നാം തമ്മിൽ ചേർന്നിട്ടും പൂർണമാകാത്ത
പ്രണയത്തിന്റെ ആർത്തി തീർന്നതു വിരഹം കൊണ്ടാണ് .



2016, സെപ്റ്റംബർ 14, ബുധനാഴ്‌ച

ഓണപ്പാട്ട്

ആവണി പൊന്നോണമായി, പൂവിറുക്കാൻ കാലമായി,
കൂട്ടിനു നീ പൂത്തുമ്പീ ചാരെ വരാമോ,
കൂടെ നൂറു തുന്പമലർ കൊണ്ടു വരാമോ..

തെയ് തകതെയ്  തെയ് തകതെയ് തെയ് തകതെയ് തെയ്  തെയ് (2 )


ഊയലാടാൻ കൂട്ടരൊത്തു മാവിലൊരൂഞ്ഞാലുകെട്ടാം,
ഓല മയിൽ പീലി ചാർത്തി ആർപ്പുവിളിക്കാം.
പൂത്തനൊരു കോടി ചൂറ്റി പുലിയിറങ്ങും കാവിലെത്താം
പാണ്ടി പഞ്ചാരി മേളത്തിന്നു താളമടിക്കാം
ആഴിമാരോടൊത്തു ചേർന്നൊരോണപ്പാട്ടും പാടി ക്കൊണ്ടു
ഓണവില്ലും കൊണ്ടു, കേളി ആയിരമാടാം
തെയ് തകതെയ്  തെയ് തകതെയ് തെയ് തകതെയ് തെയ്  തെയ് (2 )


ആവണി പൊന്നോണമായി, പൂവിറുക്കാൻ കാലമായി,
കൂട്ടിനു നീ പൂത്തുമ്പീ ചാരെ വരാമോ,
കൂടെ നൂറു തുന്പമലർ കൊണ്ടു വരാമോ..


തെയ് തകതെയ്  തെയ് തകതെയ് തെയ് തകതെയ് തെയ്  തെയ് (2 )




tbc



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2016, ജൂലൈ 6, ബുധനാഴ്‌ച

എ കോക്കനട്ട്‌ ഫ്രൂട് പഞ്ച്!!!




"ഡാ, നിയ്യെന്റെ പെണ്ണ് കാണൽ ബ്ലോഗാക്കണം"
ആദ്യമായി പെണ്ണു കാണാൻ പോയി , എല്ലാം ഉറപ്പിക്കാറായപ്പോ, എല്ലാരേം തേച്ചു മണലിൽ ഒട്ടിച്ചിട്ടു പെണ്ണ് ഒളിച്ചോടിപ്പോയതിന്റെ കൈപ്പു നീരു കുടിച്ചു വറ്റിക്കുന്പോൾ ആണ് ഉറ്റ ചങ്ങായി ദാസപ്പൻ എന്നോടിത് പറഞ്ഞതു,കൂടെ ഒരു ഗ്ളാസ്സ്‌  കൈപ്പുനീര് കൂടി  നീട്ടി.

ഏതു, അവന്റെ കാര്യം അറിഞ്ഞിട്ടു കടം വാങ്ങി ഞ്ഞാൻ തന്നെ കൊണ്ടന്ന 'പഴയ സന്യാസി'.

അവന്റെ വിഷമത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രണ്ടു ഫുള്ളും അതു തീർക്കാൻ വേണ്ടും ആളും ദാസപ്പന്റെ ഫ്ലാറ്റിന്റെ ടെറസ്സിൽ കൂടീട്ടുണ്ടായിരുന്നു,  മാസം തികയാതെ സീരിയസ് കണ്ടിഷനിൽ ജനിച്ചിട്ടു  അതിന്റെ ഗൗരവം മുപ്പതു വയസ്സായിട്ടും വിട്ടു മാറാത്ത ഷെമീർ, ഞങ്ങക്കു അവൻ കാക്ക. പിന്നെ വെള്ളമടിക്കാൻ ഒരു കാരണവും ഇല്ല എന്ന കാരണം പറഞ്ഞു വെള്ളമടിക്കുന്ന, ഒട്ടും ശാന്തനല്ലാത്ത ശാന്തൻ, ടാങ്ക്!  ടാങ്ക് എന്നു പറഞ്ഞാലേ അവന്റെ വീട്ടിൽ പോലും അവനെ തിരിച്ചറിയൂ. ഒരു ഫ്രീക്കനില്ലാതെ നമുക്കെന്താഘോഷം.  ഒരു നായരായതിന്റെ  ഒരു കുറവും കുണവും കാണിക്കാത്ത മഹേഷ് നായർ, അവൻ സ്വയം അവനെ മാഷ് പോപ്പിൻസ് എന്നാണ് വിളിക്കുന്നതെങ്കിലും, പിപ്പിരി മുടിയും ഊശാൻ താടിയും ഉള്ള അവനാണ് , ഞങ്ങളുടെ സ്വന്തം  ആട്, ഒരു ചെറിയ ഫീകര ജീവി.   കൂടെ  ദാസപ്പനും പിന്നെ ഞാനും.

'ഓളെ ഞാൻ ഒരുപാട് സ്വപ്നം കണ്ടെടാ..,ഞങ്ങളെ കണ്ടാൽ ദുൽഖർ സൽമാനും നിത്യാമേനോനും പോലെ ആണെന്നാ അവൾടെ അച്ഛൻ കാർന്നോരു പറഞ്ഞേ, ന്നിട്ടാ...'

"ഭ!!",

സൈഡിൽ മിണ്ടാതെ ഇരുന്നു മോന്തി ഇരുന്ന ഷെമീർന്റെ കയ്യിന്നു ഗ്ലാസ്സ് താഴെ വീണു. സാധാരണ ഒരക്ഷരം മിണ്ടാതെ ഇരുന്നു മോന്തുന്ന ഷെമീർ, അലറി.

"അന്റെ, ബേഷമൊന്നും ഞമ്മളോർക്കൂല്ല, ഇയ്യിമ്മാതിരി ഡയലോഗ് ഇറക്കിയാ അള്ളാണെ, ഞമ്മളീ പണിക്കില്ല"  ദാസപ്പനെ സമാധാനിപ്പിക്കാൻ കൂടിയ ഞങ്ങളു   ഷെമീറിനെ കൂൾ ആക്കാൻ പാടു പെട്ടു. ഒടുവിൽ കാക്ക അടങ്ങി, ആടും  ടാങ്കും കൂടി  പുതിയ ഒരു ഗ്ലാസ്സ് നിറച്ചു കൊടുത്തു സൈഡ് ആക്കി,

കാര്യങ്ങൾ വീണ്ടും പഴയപോലെ ആയി,

"ഡാ ,  നീ എഴുതുവോ ?"

"അതിപ്പോ,  ഇതു ഒരുപാട് ഓടിയ ത്രെഡ് അല്ലേടാ.. നിനക്കാദ്യാന്നു വച്ചു..."

പിന്നെ കേട്ടത് ദാസന്റെ അലർച്ച ആണ് ,, ചെക്കൻ ഇമോഷണൽ ആയി...

"നിനക്കറിയൂല്ല പട്ടി,  നീ എഴുതണ്ടടാ..  അവള് അനുഭവിച്ചോളും, സത്യോള്ള കള്ളിന്റെ പൊറത്താ ഞ്ഞാനീ  പറയണേ..."

ആ അടി കഴിഞ്ഞു, പിന്നേം പല തവണ അതേ ടെറസ്സിൽ പല പല കുപ്പീം കൊണ്ട് അടിച്ചു ... ഇപ്പറഞ്ഞ ഈ പ്രാക്കു എന്നും ക്ലോസിങ് പഞ്ച് ആയിരുന്നു.

"അവള് അനുഭവിച്ചോളും"      വികാര നൗക.. ആഹഹഹ

അനുഭവിച്ചത്‌ പക്ഷെ ഞാൻ ആയിരുന്നു - കുറെ കാലത്തിനു ശേഷമാണെങ്കിൽ കൂടി. അതുകൊണ്ടു തന്നെ മ്മടെ ദാസപ്പന് വേണ്ടി, എനിക്കു വേണ്ടി ഞാൻ ഇപ്പൊ എഴുതുവാ.. ദാസപ്പന്റെ അല്ല.. എന്റെ ലേറ്റസ്റ് പെണ്ണുകാണൽ....

2016, ജൂൺ 6, തിങ്കളാഴ്‌ച

വിരഹം

നീലക്കടലിൽ നിന്നിത്തിരി പൊക്കത്തി -
ലൊത്തിരി പേർ ചേർന്നു വാഴുമീ ഭൂമിയിൽ,
ഒരു വേള നാം തമ്മിലറിയാതിരുന്നെങ്കിൽ..
ആയിരം വഴികളെ തേടി പറന്നെങ്കിൽ!

ആകാശ നീലിമയിലോരോ കിനാവിന്റെ
ചിറകേറി നീങ്ങുന്ന മുകിൽ പോലെ നമ്മളും
എവിടെയോ പെയ്തു തീർന്നുയിർ വെടിഞ്ഞെങ്കിൽ..
നിൻ കണ്ണിലെന്നെ ഞാൻ കാണാതിരുന്നെങ്കിൽ!

മേടക്കണിക്കൊന്ന പൂത്തു നിൽക്കേ പുലർ-
കാലത്തു കാവിലെക്കൽപ്പടവിങ്കൽ  നിൻ-
പാദങ്ങൾ പുൽകും പൊഴിഞ്ഞ സുമങ്ങളിൽ
എൻ ദേഹിയെന്നെ വിട്ടലിയാതിരുന്നെങ്കിൽ!

ഒരു വേള നാം തമ്മിലറിയാതിരുന്നെങ്കിൽ..
ആയിരം വഴികളെ തേടി പറന്നെങ്കിൽ!


ജീവന്റെയോളങ്ങളിൽ നീങ്ങുമൊരു പൊങ്ങു തടി -
പോലെയെവിടെയോ മരണ തീരത്തടിഞ്ഞിരിക്കാം..
ജീവിച്ചിരിക്കിലും മൃതിയടഞ്ഞുടലിന്റെ തടവറയി-
ലെന്തിനെന്നറിയാതെ സ്വപ്നങ്ങളില്ലാതെ പിടഞ്ഞിരിക്കാം..

അല്ലെങ്കിലോരുവേള യവനപുഷ്പത്തിലുന്മാദ-
മടരാതെ മധു നുകർന്നാമോദമുല്ലസിക്കും-
ഭ്രമരമായേതോ  മുളന്തണ്ടിലീണം പകർന്നൊടു -
വിലാ ശ്രുതിയിലെന്നെ   മറന്നലിഞ്ഞിരിക്കാം

അന്തമില്ലാതെ നീളുമീ സമയധാരയിൽ
തിരിഞ്ഞു നോക്കും നേരമിനിയും മരിക്കാതെ -
യോർമയായ്‌ നീയെന്നിലിന്നു നിറയവേ,  രണ്ടിറ്റു-
മിഴി നീരു കൊണ്ട് ഞാൻ നിന്നെ വരവേൽക്കവേ,
പ്രണയത്തിലും പിന്നെ വിരഹത്തിലും,
നീ മാത്രമാണെന്റെ സ്വർഗം.






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2016, ജൂൺ 5, ഞായറാഴ്‌ച

ഉറക്കം


ഉറങ്ങ്വേ ???
അതൊരു യാത്രയല്ലേ,
ഓരോ രാത്രിയും, കിനാക്കളുടെ ടിക്കറ്റ്‌ എടുത്തല്ലേ ഉറങ്ങാൻ പോണേ...
കാക്കത്തൊള്ളായിരം കിനാക്കള്..

എന്നലോന്നും മുഴോനോട്ടു കാണാനും പറ്റുല്ലാ..
ആ ചരട് പൊട്ടിച്ചിട്ടാവും എപ്പളും ഉണരാ..

എന്നാ ഒരിക്കലു, മ്മക്ക് ഒരു കിനാവ്‌ മുഴോനും കാണാൻ പറ്റും.
ചരട് പൊട്ടാതെ.. പിന്നൊരിക്കലും ഉണരാതെ...............




2016, മേയ് 25, ബുധനാഴ്‌ച

മറവി

യാത്രയയച്ചു കാണാമറയത്തു   അകലും വരെ,
അല്ലെങ്കിൽ ചിത കത്തി അണയും വരെ,
പിന്നെ പതിയെ പണ്ട് പറഞ്ഞ വാക്കുകൾ മങ്ങും
നീ യില്ലാതെ ഞാനില്ല, നിന്നിൽ ഞാൻ അലിഞ്ഞു പോയി....

നല്ലതാണ്,  എന്നും കരയെണ്ടല്ലോ.  ഒരു ചെറിയ നീറ്റലായി ഓരോ മുറിവും മറയും
മറവി ഒരു അനുഗ്രഹം.

ചീത്തയാണ്‌,  മനസ്സിന്റെ സ്വാർത്ഥത കണ്ടെത്തിയ ഒരു ഒഴിവുകഴിവ്..ഒരു ഒളിച്ചോട്ടം
മറവി ഒരു ഭീരുവാണ്,

2016, മേയ് 13, വെള്ളിയാഴ്‌ച

നിശീഥിനി

നിറവിന്റെ പകൽ  വിരിഞ്ഞു കൊഴിഞ്ഞു തീർന്ന രാത്രി,
ഒരു മഴച്ചാറ്റിലിൽ ചോർന്നൊലിക്കുന്ന നിലാവിന്റെ രാത്രി..
മുല്ലപ്പൂ മണം കവർന്നെടുത്ത മഴ വിളിക്കാതിരുന്നിട്ടും
ഇലകൾ നിന്ന് പെയ്ത പ്രണയാതുരമായ രാത്രി

കറുത്തിരുണ്ട രാത്രിക്കും എത്ര നിറങ്ങളാണ്
എത്ര ഭാവങ്ങളാണ്

അറിയാത്ത ഭാവിയിലെക്കുറ്റു നോക്കുംമ്പോൾ പലപ്പോഴും
രാത്രിയെ  കാണാറില്ല പകലിന്റെ വെളിച്ചത്തിനു മങ്ങിയ രാത്രികൾ
ഒളിച്ചിരിക്കുകയാണ് പതിവ്.

രാത്രിയുടെ ക്യാൻവാസിലാണ് കിനാക്കളുടെ പൊലിമ നിറഞ്ഞു നിന്നത്‌


ഹൃദയത്തിനുള്ളിലെ നീരുറവ പോലെ
ആരും കാണാതെ ഒളിച്ചിരിക്കുന്ന രാത്രിയുടെ ആത്മാവിനെ
കുടമുല്ല പൂക്കളെങ്കിലും തിരിച്ചറിയുന്നുണ്ടല്ലോ

ഒരായിരം കല്യാണ സൌഗന്ധികങ്ങളെ തോല്പ്പിക്കുമാറ്
ഓരോ രാത്രിയും ഉയിർതെനീക്കുന്പോൾ  പകലിനെക്കാൾ ഏറെ
നമ്മൾ കാത്തിരുന്നതും ഈ രാത്ര്ക്ക് വേണ്ടി യല്ലേ

പടി വാതിൽക്കൽ നില്ക്കുന്ന ഉറക്കത്തേയും നോക്കിക്കൊണ്ടു
കെട്ടിപ്പിടിച്ചു കിടന്നതും ഈ രാത്രിയെ തന്നെ..

നീല നിശീഥിനീ നീ ഒരു അത്ഭുതമാണ്
ഇരുളുന്തോരും അഴകേറുന്ന അത്ഭുതം


2016, മാർച്ച് 29, ചൊവ്വാഴ്ച

ലോകം സുന്ദരമാക്കുന്നവർ



ഹോളി , ഹാപ്പി ഹോളി ....


ഇന്ത്യ കിക്കെറ്റ് ജയിച്ചതിനൊപ്പം ഒരുപാടു നിറങ്ങളും ചേർത്ത ഹോളി, ചുറ്റും നിറങ്ങളുടെ പുകയും, തെരുവുകളിൽ പുലർച്ചെ (എന്റെ നേരം ഇന്നുംപത്തു മണിക്കാണ് വെളുത്തത്) നിറങ്ങൾ വാരി എറിഞ്ഞ പാടുകളും പ്രതീക്ഷിച്ചാണ് ഞാൻ പുറത്തിറങ്ങിയത്, ആദ്യം കണ്ടത് പക്ഷെ കറുത്ത നിറത്തിൽ പൊതിഞ്ഞു നിൽക്കുന്ന ചില മനുഷ്യരെ ആണ്, വഴിയരികിലെ കനാൽ വൃത്തിയാക്കാൻ വന്നവരായിരുന്നു.

ദേഹം മുഴുവൻ കറുത്ത അഴുക്കിൽ പൊതിഞ്ഞു വൃത്തിയാക്കുന്നവർ.

പണ്ടു ഫേസ് ബുക്കിൽ വായിച്ചതാണ് വൃത്തിയാക്കുന്നവരെ കാണാൻ ഒരു വൃത്തീം ഉണ്ടാവില്ല എന്നു, അബ്ബാസിനെ കാണാൻ നല്ല വൃത്തിയാണല്ലോ എന്നാ കമെന്റും ഉണ്ടായിരുന്നു, പക്ഷെ ജീവിതത്തിൽ ആ കമെന്റിനു ഒരു പ്രസക്തിയും ഇല്ലല്ലോ,

അന്ന്യന്റെ അഴുക്കു മാറ്റാൻ സ്വയം അഴുക്കാകുന്നവർ, മൂക്ക് പൊത്തിക്കൊണ്ട് നമ്മൾ നോക്കുന്പോൾ അഴുക്കില്ലാത്ത ചിരി തരുന്നവർ, വിദ്യാഭ്യാസം ഉള്ളവൻ വലിച്ചെറിയുന്ന മാലിന്യം എടുത്തു കുപ്പ നിറക്കുന്ന പള്ളിക്കൂടം പടി കാണാത്തവർ. 

നമുക്കിടയിൽ ഒട്ടും ശ്രദ്ധ കിട്ടാതെ അവർ എന്നുമുണ്ടായിരുന്നു.


അവർക്കുള്ളതാവട്ടെ ഈ ഹോളി, വൃത്തികേടാക്കുന്ന നമുക്ക് വേണ്ടി വൃത്തികേടാവുന്നവർക്ക് . ലോകം സുന്ദരമാക്കുന്നവർക്ക്


2016, ജനുവരി 28, വ്യാഴാഴ്‌ച

പൊടിപ്പും തൊങ്ങലും..

മഴക്കു  മീതെ പറക്കണം. മേഘങ്ങള്ക്കും മേലെ.. ചിറകു നനയാതെ
ഒറ്റക്കും പെട്ടക്കും തെറ്റക്കും പറക്കണം
ഒടുവിൽ ..ഒറ്റക്കാകുന്പോ  ചിറകു കുഴയും വരെ മേലോട്ട് പറന്നു പറന്നു പോണം
തളർന്നു വീഴുന്പോ മനസ്സ് നിറഞ്ഞിരിക്കണം..

മരണത്തിലേക്കുള്ള ആ വീഴ്ചക്കു  ഒരു ലഹരിക്കും തരാനാവാത്ത സുഖം ഉണ്ടാവും.


****

ഒരു ചിത്രകാരനായിരുന്നെങ്കിൽ എനിക്ക് മൌനത്തിന്റെ ചിത്രം വരക്കണം
എല്ലാം ഉള്ളിലൊതുക്കുന്ന ശൂന്യതയുടെ.
ആത്മാവ് വിരലുകളിൽ വന്നു ചായങ്ങളിൽ നൃത്തം ചെയ്യട്ടെ..
ഒടുവിൽ  ആ ചായങ്ങളിൽ അലിഞ്ഞു ചേർന്ന് മൌനത്തിന്റെ ആ ചിത്രത്തിനുള്ളിൽ കയറി ഒളിക്കണം.
ആരും ഒരിക്കലും കേൾക്കാതെ ഉള്ളിലൊളിപ്പിച്ച തേങ്ങലുകൾ അപ്പൊ പുറത്തു വിടാമല്ലോ..ഉറക്കെ...
മൌനം അതെല്ലാം ആവാഹിച്ചെടുക്കുമല്ലോ..
എന്നിൽ ഞാൻ അലിഞ്ഞു ചേർന്നുണ്ടായ എന്റെ മൌനത്തിന്റെ തേങ്ങലുകൾ...
ഹാ.. എത്ര മനോഹരമായ ചിത്രം.

****
എന്നിൽ നിന്നു നിന്നിലേക്കുള്ള ദൂരമല്ല,
നിന്നിൽ നിന്നെന്നിലേക്കുള്ള ദൂരം.

****

ഒഴുകുന്ന പുഴ പോലെ ആണ് ചിലപ്പോ, എന്തിനാ ഏതിനാ എന്നൊന്നും ഇല്ല അങ്ങോടു ഒഴുകിക്കൊണ്ടേ ഇരിക്കണം. ആരോ പണ്ട് പറഞ്ഞ കടൽ  ആണ് ലക്ഷ്യം, കടൽ ഇപ്പോഴും അവിടെ ഉണ്ടോ എന്ന് പോലും അറിയില്ല. വെള്ളം നിറഞ്ഞു കവിയുന്പോ ഉള്ളിൽ നിന്നൊരു വിളി. പിന്നെ മുന്നിൽ കാണുന്നതെല്ലാം വഴി ആണ്. പറഞ്ഞു കേട്ട, മനസ്സില് കണ്ട ലക്ഷ്യത്തിലേക്ക്.

എഴുതാൻ ഇരുന്നപ്പോൾ, ഒരു പാട് വാക്കുകൾ  മനസ്സിൽ  നിറഞ്ഞതാണ്,  പുഴ ആണ് മനസ്സിൽ  കണ്ടതും പക്ഷെ,
എവിടെയോ വച്ച് എല്ലാം മുറിഞ്ഞു പോയി, മാഞ്ഞു പോയി, നിള  പോലെ. വരണ്ടു പോയി
അക്ഷരങ്ങലെല്ല്ലാം എങ്ങോ മറഞ്ഞു  പോയി.

ഒരിക്കൽ കൂടി മനസ്സിൽ മഴ പെയ്തിരുന്നെങ്കിൽ.. ആർദ്രമായ ഒരു പിടി വാക്കുകൾ ചൊരിഞ്ഞിരുന്നെങ്കിൽ.. പോകും മുന്നേ നാല് വരികൂടി..





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

എന്റെ കൊച്ചു തട്ടക്കാരി...

വാതിലിൽ മറ ചേർന്നൊളിച്ചു നീ നിന്നപ്പോളെൻ-
ഒളികണ്ണു കവർന്ന നിൻ കസവിന്റെ തട്ടം 
പൌർണമി ചന്ദ്രന്റെ നിലാവെളിച്ചം(പാലൊളി ) പൂണ്ട
നിൻമുഖ കാന്തിക്കൊപ്പം താരകങ്ങൾ പോലെ,

ഗസലിൻ ഇശലായ് നിൻ മണിക്കൊഞ്ചൽ പാട്ടുമായെൻ  
അരികത്തണയു നീ,   കൊച്ചു തട്ടക്കാരി

എന്റെ കൊച്ചു തട്ടക്കാരി...  എന്റെ കൊച്ചുതട്ടക്കാരീ..

എന്റെ കനവിന്റെ കൂട്ടുകാരി കൊച്ചു തട്ടക്കാരീ..





കനവിൽ നീയെന്റെ നൂർജഹാനായി...
ഖൽബായ പൂവതിൽ തേൻമാരി ചൊരിയുന്ന കവിതയായീ....


മൊഹബത്തിൻ ഈണം മൂളും മരന്ദമായി, ഞാൻ 
നീയതിൽ തേൻ തുള്ളിയായീ...


ഗസലിൻ ഇശലായ് നിൻ മണിക്കൊഞ്ചൽ പാട്ടുമായെൻ  
അരികത്തണയു നീ,   കൊച്ചു തട്ടക്കാരി

എന്റെ കൊച്ചു തട്ടക്കാരി...  എന്റെ കൊച്ചുതട്ടക്കാരീ..

എന്റെ കനവിന്റെ കൂട്ടുകാരി കൊച്ചു തട്ടക്കാരീ..








 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.