മ്മടെ ജിത്തപ്പന്റെ വീടിന്റെ അടുത്ത്, ആളൊഴിഞ്ഞ വഴിവക്കിൽ, വേലി പത്തലിൽ ഒരു ഗ്ലാസ് കമിഴ്ത്തി വച്ചിട്ടുണ്ട്,
ആര് അവിടെ വന്നാലും എടുക്കാൻ പാകത്തിനു,
കുപ്പിയുമായി വരുന്ന ആർക്കും എടുക്കാം കുടിക്കാം തിരിച്ചു വയ്ക്കാം
ജവാൻ മുതൽ ജാക്ക് ഡാനിയേൽ വരെ ഒഴിച്ചാലും കൂടി നില്കുന്നവർക് വലിപ്പച്ചെറുപ്പം ഇല്ലാതെ മാറി മാറി ഓരോ നില്പൻ വലിക്കാൻ ഉള്ള ഗ്ലാസ്.
ലാലേട്ടൻ പറയും പോലെ `ഇതിൽ എന്തും പോവും`.
ആ ഗ്ലാസിന് ചുറ്റും കൂടാൻ വരുന്നവർ വലിയ പ്ലാനിങ് ഇല്ലാത്തവാരാണ്..
ഒരു ഒന്നാം തിയതിക്ക് പോലും തെറ്റിക്കാൻ പറ്റുന്ന പ്ലാനിങ് മാത്രം ഉള്ളവർ. ബീവറേജ് ഒഴിവാണെന്നു തിരിച്ചറിയുമ്പോൾ ഒരു ഫുള്ളിന് വേണ്ടി അവിടെ നിന്ന് പ്ലാൻ ഉണ്ടാക്കുന്നവർ. അങ്ങനെ ആ ഒന്നാം തിയതിയെ അവിടെ നിന്ന് തോല്പിക്കുന്നവർ.
അതും ഒരു ഗെറ്റ് ടുഗെതർ ആണ്
അവിടെ എല്ലാവരുടെയും കഥകൾക്കു വില ഉണ്ടാവും
പഴയ കഥകൾ.. തടസങ്ങളില്ലാതെ, ഊഴമിട്ടു കേഴ്‌വിക്കാരുമായി.
കേൾക്കാൻ ആളുണ്ടെങ്കിലും ഓർമ്മിക്കാൻ ആളുണ്ടാവില്ലെന്ന വിശ്വാസത്തോടെ, മനസ്സിന്റെ അടിവേരുകൾ ചികഞ്ഞെടുക്കുന്നവർ.
ജയിച്ചവരും തോറ്റവരും ഇല്ല
ഉള്ളവരും ഇല്ലാത്തവരും ഇല്ല
എന്തിനും ഏതിനും ധൈര്യവുമായി,
വലുപ്പ ചെറുപ്പമില്ലാതെ ഒരുപോലെ ഷെയർ ഇട്ടവർ മാത്രം
ഒരേ ഗ്ലാസിൽ നിന്നും ഒരേ ലഹരി നുകരുന്ന
സാധാരണ മനുഷ്യർ...
വിളിക്കാതെ തന്നെ ആർക്കും കേറിവരാൻ തോന്നുന്ന, എന്റേതാണെന്നു തോന്നുന്ന വലുതും ചെറുതും, ജീവിത വിജയങ്ങളുടെ മോട്ടിവേഷൻ ക്ലാസും ഒന്നും ഇല്ലാത്ത ഒരു നമ്മളിടം.. നമ്മളിടങ്ങളിലെ ഒരു ഗെറ്റ് ടുഗെതർ.
വേറെയും ഉണ്ടല്ലോ ഗെറ്റ്ടുഗെതർ അതിങ്ങനെ ആവാത്തതുകൊണ്ടാണ് ചിലപ്പോഴെങ്കിലും ഗെറ്റ് ടുഗെതർ എന്ന് കേൾക്കുമ്പോൾ വഴി മാറി പോകുന്നത്,
പഴയ ജോലിസ്ഥലത്തെ, കോളേജിലെ, സ്കൂളിലെ, അങ്കണവാടിയിലെ!
ജയിച്ചവരുടെ കഥകൾക്കു കാതാവാൻ ആർക്കാണിഷ്ടം,പ്രത്യേകിച്ച് അവ നമ്മുടെ കഥകളോടൊപ്പം തന്നെ സഞ്ചരിക്കുമ്പോൾ. ആരാണ് അത്രമേൽ അപഹർഷരല്ലാത്തവർ.
ഓരോരുത്തർക്കും ഇല്ലേ ഒരു കഥ, എന്തിനാണൊരോ ഗെറ്റ് റ്റുഗെതർ ഉം കഥകളുടെ റിലേറ്റിവിറ്റി തിയറി പയറ്റുന്നത്. കയ്യടികളിൽ വേദന കൂടി കലരുന്നുണ്ടല്ലോ, പുറത്തു കേൾക്കാത്ത, ഒതുക്കിയ ചിരികൾക്കു പിന്നിൽ നേർത്ത ഞരക്കങ്ങൾ ഹൃദയത്തിൽ ആരോ താഴേക്ക് പിടിച്ചു വലിക്കും പോലെ.
അവ മാത്രം മതിയോ.
ജീവിതത്തിനു രണ്ടറ്റം ഉണ്ടെന്നും അത് കൂട്ടിമുട്ടിക്കൽ ആണ് നമ്മുടെ ജീവിത വിജയം എന്നും, പലപ്പോഴും ആ അറ്റങ്ങൾ കയ്യെത്താത്ത വിധം ദൂരെ ആണെന്ന് പറയുന്നവരുടെ കഥ കേൾക്കണ്ടേ, മറ്റു കഥകളുടെ കുത്തൊഴുക്കിൽ പെട്ട് അത് ഒലിച്ചു പോവാതിരിക്കണ്ടേ! അവ നമ്മളും മനസ്സിലാക്കണ്ടേ, അവ കേൾക്കാനും ആളുണ്ടെന്ന് അവർക്കു കൂടി തോന്നണ്ടേ.
അങ്ങനെ ഏതൊരു ഗെറ്റ് ടുഗെതറും, മടിക്കാതെ ആർക്കും വരാവുന്ന ഇടം ആവണ്ടേ. അങ്ങനെ ആയാൽ പിന്നെ അതിനു എന്തിനാണ് പ്ലാനിങ്? ഏതു ആൽത്തറയിലും , കടൽത്തീരത്തും അത് നടത്താമല്ലോ. ബാക്കി അപ്പൊ കാണാം എന്ന് ഓരോരുത്തർക്കും പറയാമല്ലോ, വിശ്വസിക്കാമല്ലോ.
അങ്ങനെ ഓർത്തുവെക്കാൻ ഓരോ കഥകൾക്കായി അല്ല, ഗെറ്റ് ടുഗെതർ,
എല്ലാ കഥകളും മറന്നു പഴയ കാലത്തേക്ക് തിരിച്ചു പോവാൻ മാത്രമായി വേണം.
---
മദ്യം തെറ്റാണ്, മദ്യത്തിന് വേണ്ടി ആവരുത് ജീവിതം എന്ന മുന്നറിയിപ്പോടെ മാത്രം
......