ഒറ്റയ്ക്ക് ഞാൻ നിന്ന് പോയി,
സ്നേഹമിറ്റിറ്റു പെയ്യുന്ന രാവിൽ ...
കൈകുമ്പിളിൽ ചേർത്തുവച്ചു
നാളെക്കു കാത്തു ഞാൻ നിന്നു
എന്നാശാ തീരമേ..
ഓളങ്ങളെ വാരി നീ തട്ടമണിയിലും
നിൻ ചിരി ഞാനെത്ര കണ്ടൂ...
എന്നാശാ തീരമേ..
ഒറ്റക്കിരിക്കുമ്പോഴെന്നടുത്തേക്കൊരു
തെന്നലിൻ തോളേറിയെത്തും
കൂടെയുണ്ടെന്നെന്റെ കാതിലായോതിയെ-
ന്നെ പൊതിഞ്ഞു നില്കും..
എന്നാശാ തീരമേ...
നീയൊരു കാടിനെ പുൽകി നിന്നാ പഴം-
കാലമെന്നേ മാഞ്ഞുപോയീ
തെല്ലും പരിഭവമില്ലാതെ നീയിന്നും
പുഞ്ചിരി തൂകി നിൽപ്പൂ...
ഓളങ്ങൾ ഞൊറിയിട്ട തട്ടമിട്ടെൻ പുതു-
പെണ്ണിന്റെ ചേലോടെ...
എന്നാശാ തീരമേ...
നിൻ ചിരി പോലൊരായിരം പൂക്കൾ
എനിക്കായ് കൺവിടർത്തും
നറുമണം തൂകി നീയെന്നുമെന്നുമെൻ
ഓർമ്മകൾ ആഘോഷമാക്കും
എന്നാശാ തീരമേ ....
എൻറെ കാടിനെ എനിക്കു പുൽകണം !
വേരുകൾ നനുനനുത്ത മണ്ണിലേക്ക് ഇറക്കണം
സൂര്യനെ കാണുമാറു വളർന്നു ഒടുവിൽ,
ആ ചൂടനോട് പരിഭവിച്ച് ഇലകളെല്ലാം പൊഴിക്കണം
ഒടുവിൽ അവനാ പരിഭവം തീർക്കുമ്പോൾ,
ഉടലാകെ കോൾമയിർ പോലെ മഞ്ഞപ്പൂക്കൾ നിറയ്ക്കണം.
വെയിൽ നന്നായി പരന്നിട്ടുണ്ട്..
വസന്തം നാടെങ്ങും പൂക്കൾ വിരിച്ചിട്ടുണ്ട്.
പക്ഷേ ഒരു ചെടിച്ചട്ടിയിൽ വെള്ളമില്ലാതെ
പെട്ടുപോയ ഞാനെങ്ങനെ പൂവണിയും...