2021, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ആൾദൈവം

 ജനിച്ചുർവ്വിയിൽ മനുഷ്യനായ് നാം

ചെയ്തൂ സമാധിയുമതേ കണക്കെ.

പരമ പൊരുളിൻ വഴിക്കു ചൂണ്ടി

കാവ്യങ്ങളൊക്കെ ചമച്ചു വച്ചൂ,


വഴിക്കു ചൂണ്ടുന്ന കൈ വഴിയെന്നു വച്ചാ

കൈയ്യെ തൊഴുന്നൊരു കൂട്ടമിന്നെൻ

തലക്കു പിന്നിൽ ഒളിപാറുമാറെ

വിളക്കു നാട്ടി സ്തുതി ജപിച്ചിടുന്നൂ.


2021, മേയ് 6, വ്യാഴാഴ്‌ച

ടേസ്റ്റ് ട്രാവൽ ആൻഡ് ലോൻലിനെസ് ബൈ ശത്രുഘ്‌നൻ ഡി(പ്ലീസ് സബ്സ്ക്രൈബ്)

 ഹായ് ഗുയ്സ്..

വെൽക്കം ടു  മൈ യൂട്യൂബ്  ചാനൽ.  ടേസ്റ്റ് ട്രാവൽ ആൻഡ് ലോൻലിനെസ്  ബൈ ശത്രുഘ്‌നൻ ഡി

 ദിസ് ഈസ് യുവർ  ശത്രു.

ശത്രു പവലിയൻ ഏൻഡ്  ആൾവേയ്സ് സബ്സ്റ്റിറ്റ്യൂട്ട്.

ഘടാഘടിയൻമാരായ ഏട്ടന്മാരുടെ ഒരേയൊരു അനിയൻ. ഫേമസ് ആയ ഒരു ഫാമിലിയിലെ തികച്ചും ഇൻഫെയിംസ്  ആയ ഒരു വാലറ്റം..

ഒരു ഫാമിലി പ്ലാനിങ് പരാജയമോ , നാട്ടിൽ  ഫെർട്ടിലിറ്റി ക്ളീനിക്  ഓണം മെഗാ ഓഫർ കൊടുത്തോ ആണ് എന്റെ ജനനം എന്ന് നാട്ടിലെ ചില തെണ്ടികൾ  മയത്തിലും താളത്തിലും പറയുന്നുണ്ട് ..(അവർക്കു  ബാബുരാജ് ജെപെഗ് ) 

ഫാമിലി ഫോട്ടോയോ, മറ്റോ കാണുമ്പോൾ ഇതാരാ  എന്ന ചോദ്യം കേൾക്കുമ്പോൾ ചൊറിഞ്ഞു  കേറും..

ഞങ്ങളുടെ ഫാമിലി സ്റ്റോറി സിനിമ ആയിരം കോടി ബഡ്ജറ്റിൽ ഉണ്ടാക്കിയാലും, സ്വന്തം റോൾ ഒരു ജൂനിയർ ആര്ടിസ്റ് ചെയ്യുമ്പോഴുള്ള അവഗണന.  

ചുമ്മാ നിർത്തിയങ്ങു  അപമാനിക്കുവാന്നെ !

ഇൻസൾട് ശെരിക്കും ഇൻവെസ്റ്റ്മെന്റ് ആയിരുന്നേൽ...

ഒരു പേരിലൊക്കെ എന്തോ  ഉണ്ടെന്നു പറയുന്ന പ്രാഞ്ചിയേട്ടൻ എന്നെ ഒന്ന് വിളിക്കണം, ഞാൻ പറഞ്ഞു കൊടുക്കാം, ഒരു ഘടാഘടിയൻ പേരുണ്ടായിട്ടും,  ആരുമറിയാതെ , ഒന്നും ആവാതെ പോയവരുടെ  വേദന.

ബി ടെക് വാഷ് ഔട്ട് ആയവനെ പോലെ. .  !

ഐ  അഗ്രി എന്ന് പറഞ്ഞു വായിക്കാതെ തള്ളുന്ന യൂസർ എഗ്രിമെന്റ് പോലെ.. !

എന്തിനോ വേണ്ടി...

എന്തിനേറെ പാസ്പോര്ട്ട് എടുത്തു വച്ചിട്ട് അതിൽ ആകെ വീഴുന്നത്  പുതുക്കുന്നതിന് തൊട്ടുമുന്നെ ഉള്ള ക്യാന്സല്ഡ്  എന്ന സീൽ ആയിരുന്നു.

ഒരു യുദ്ധത്തിന് പോയിട്ട്, നാട്ടിലെ റേഷൻ കടയിൽ കിറ്റ്  വാങ്ങാൻ ഞാൻ പോയ കാര്യം പോലും  ഒരു പാണനും പാടി നടക്കുന്നില്ല.. പിന്നല്ലേ ദി ഗ്രേറ്റ് ആദി മഹാ കവി.. 

ഏതു പോലീസ്‌കാരനും ലൈം ലൈറ്റ് ഇൽ വരാൻ കിട്ടുന്ന അവസരം  സ്വന്തം കല്യാണം ആണല്ലോ,.. പ്രീ-വെഡിംങ് ഷൂട്ട് നോക്കി ഇരുന്ന എന്നെ.. പെനാൽറ്റി ഷൂട്ട് ഔട്ട് പോലെ ആണ് കെട്ടിച്ചത് അതും ഒരു സോളോ ഫോട്ടോ പോലും എടുക്കാതെ. അമ്മായി അപ്പന്റെ ചെലവ് ചുരുക്കൽ സമൂഹ വിവാഹം.

രെജിസ്ട്രേഷനുള്ള കല്യാണ ഫോട്ടോ പോലും ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് വെട്ടി എടുത്താണ് ഞാൻ മുനിസിപ്പാലിറ്റിയിൽ കൊണ്ട് കൊടുത്തത്.

എങ്ങും എവിടെയും അവഗണന, ... മടുത്തു ഈ അപഹർഷജീവിതം


അവസാന അത്താണി ആയി ആണ് ഈ  യുട്യൂബ് ചാനൽതുടങ്ങിയത്..  കുടുംബത്തിൽ ബാക്കി ഉള്ളവർക്കു, കോടാലി പോയ മരം വെട്ടുകാരനെ പോലെ, ഗോൾഡും സിൽവറും പ്ലേ ബട്ടൺ കിട്ടി. 

എന്റെ ചാനലിപ്പോഴും മോണിറ്റൈസ്ഡ് ആയിട്ടില്ല.

ഗുയ്സ് ..

ലോക്ക്ഡൗണിൽ ബീഫ് ഇല്ലാത്ത ബീഫ് ഫ്രൈയും,,  ചക്കക്കുരു ഷെയ്ക്കുമായി ഞാൻ വരും.. 

എല്ലാരും ഒന്നും ആഞ്ഞു പിടിച്ചു സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ പ്രസ് ചെയ്യണേ..

സബ്സ്ക്രൈബ് ബട്ടൺ  അടിച്ചു പൊട്ടിക്കണം ഗുയ്സ്, അവഗണിക്കപ്പെടുന്ന ഓരോരുത്തർക്കും വേണ്ടി..



2021, ഏപ്രിൽ 18, ഞായറാഴ്‌ച

ഒറ്റയ്ക്ക് ഞാൻ നിന്ന് പോയി,

സ്നേഹമിറ്റിറ്റു പെയ്യുന്ന രാവിൽ ...

കൈകുമ്പിളിൽ ചേർത്തുവച്ചു 

നാളെക്കു കാത്തു ഞാൻ  നിന്നു 

എന്നാശാ തീരം

 

എന്നാശാ തീരമേ..

ഓളങ്ങളെ വാരി നീ തട്ടമണിയിലും 

നിൻ ചിരി ഞാനെത്ര കണ്ടൂ...

എന്നാശാ തീരമേ..


 ഒറ്റക്കിരിക്കുമ്പോഴെന്നടുത്തേക്കൊരു 

 തെന്നലിൻ തോളേറിയെത്തും 

കൂടെയുണ്ടെന്നെന്റെ കാതിലായോതിയെ- 

ന്നെ പൊതിഞ്ഞു നില്കും..

എന്നാശാ തീരമേ...


നീയൊരു കാടിനെ പുൽകി നിന്നാ പഴം- 

കാലമെന്നേ മാഞ്ഞുപോയീ

തെല്ലും പരിഭവമില്ലാതെ നീയിന്നും 

പുഞ്ചിരി തൂകി നിൽപ്പൂ...

ഓളങ്ങൾ ഞൊറിയിട്ട തട്ടമിട്ടെൻ പുതു-

പെണ്ണിന്റെ ചേലോടെ...

എന്നാശാ  തീരമേ...  


നിൻ ചിരി പോലൊരായിരം പൂക്കൾ

എനിക്കായ് കൺവിടർത്തും  

നറുമണം തൂകി നീയെന്നുമെന്നുമെൻ 

ഓർമ്മകൾ ആഘോഷമാക്കും 

എന്നാശാ തീരമേ ....






2021, ഏപ്രിൽ 13, ചൊവ്വാഴ്ച

കണിക്കൊന്ന

എൻറെ കാടിനെ എനിക്കു പുൽകണം !

വേരുകൾ നനുനനുത്ത മണ്ണിലേക്ക് ഇറക്കണം

സൂര്യനെ കാണുമാറു വളർന്നു  ഒടുവിൽ,

ആ ചൂടനോട് പരിഭവിച്ച് ഇലകളെല്ലാം പൊഴിക്കണം

ഒടുവിൽ അവനാ പരിഭവം തീർക്കുമ്പോൾ, 

ഉടലാകെ കോൾമയിർ പോലെ മഞ്ഞപ്പൂക്കൾ നിറയ്ക്കണം.


വെയിൽ നന്നായി പരന്നിട്ടുണ്ട്..

വസന്തം നാടെങ്ങും പൂക്കൾ വിരിച്ചിട്ടുണ്ട്.

പക്ഷേ ഒരു ചെടിച്ചട്ടിയിൽ വെള്ളമില്ലാതെ 

പെട്ടുപോയ ഞാനെങ്ങനെ പൂവണിയും...