ഒരു എമർജെൻസി സിറ്റുവേഷൻ വരുമ്പോൾ പലപ്പോഴും അത് വേണ്ടരീതിയിൽ കൈകാര്യം ചെയ്യാൻ പറ്റാത്തതിന്റെ ഒരു കാരണം, ആ എമർജെൻസിയുടെ ആഴവും , ഗൗരവവും മനസ്സിലാവാത്തതാണ്. അത്തരം ഒന്നു ആദ്യമായി ആവും കാണുന്നത് , ഈ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിശീലനം ഇല്ലാത്തതും മറ്റൊരു കാരണമാണ്.
IFTTT (if this then that) രീതിയിലുള്ള ഒരു പ്രതികരണം, പറയാൻ എളുപ്പമാണെങ്കിലും, ഒരു അടിയന്തിര ഘട്ടത്തിൽ എടുത്തു പ്രയോഗിക്കണമെങ്കിൽ, അതിനു അത്യാവശ്യം പരിചയം ആവശ്യമാണ്, അല്ലെങ്കിൽ ഒരു റൂൾബുക്ക് ഉണ്ടാവണം. തീ പിടുത്തം ഉണ്ടാവുമ്പോൾ നിർദ്ദേശിക്കപ്പെടാതെ ലിഫ്റ്റ് ഉപയോഗിക്കരുത് എന്ന് പഠിക്കും പോലെ.
അല്ലാത്തപക്ഷം ഒരു അടിയന്തിര സാഹചര്യത്തിൽ ആദ്യം വരുന്നത് കനത്ത ഒരു നിസ്സംഗതയാണ്. എടുത്തു ചാടാതെ, വരും വരായ്കകളെ പറ്റി ചിന്തിച്ചു സേഫ് സോണിൽ ഇരിക്കാനുള്ള ഒരു എഡ്യൂക്കേറ്റഡ് ഡിസിഷൾ.
പിന്നെ ഉള്ളത് എടുത്തു ചാട്ടമാണ് അല്ലെങ്കിൽ മാറി നിൽക്കാൻ പറ്റാത്ത അവസ്ഥ,നമ്മൾ അതിലേക്കിറങ്ങാറുണ്ട്, മുൻപിൻ നോക്കാതെ, ഭാഗ്യം കൊണ്ടു മാത്രം മറുപുറം കണ്ട, നമ്മുടെ അറിവില്ലായ്മയും കഴിവും കേടും സ്വയം നന്നായി അറിയുന്ന നിമിഷങ്ങൾ. നമ്മുടെ ഒരാളുടെ തെറ്റായ ഇടപെടൽ കൊണ്ടു മാത്രം വഷളാവേണ്ടിയിരുന്ന സ്ഥിതി, ഭാഗ്യം കൊണ്ടു മാത്രം ശരിയാവുന്നതും.
ഒരു അനുഭവം പറയാം,
പത്തിലോ മറ്റോ പഠിക്കുന്ന സമയം, ഞാൻ അയൽപക്കത്തെ വീട്ടിൽ ഇരിക്കുമ്പോൾ എന്റെ വീട്ടിൽ നിന്നും അമ്മയുടെ കരച്ചിൽ കേൾക്കുന്നു. ആദ്യം പരിഭ്രമിച്ചെങ്കിലും സർവ്വശക്തിയുമെടുത്ത് അങ്ങോട്ടോടി ചെല്ലുമ്പോൾ കാണുന്നത് മുറ്റത്ത് നാക്ക് കടിച്ചു പിടിച്ചു ബോധം കെട്ടു കിടക്കുന്ന അച്ഛനെ താങ്ങി പീടിച്ചു കരയുന്ന അമ്മയെ ആണ്. നാട്ടുകാർ കുറേ പേരും ഓടി വന്നിട്ടുണ്ട്. എന്താണെന്നു മനസ്സിലായില്ല, ഉടൻ ആശുപത്രിയിൽ എത്തിക്കണം.
അന്നു വീട് ഇരിക്കുന്ന സ്ട്രീറ്റിൽ ഓട്ടോ റിക്ഷ മാത്രമേ കയറൂ. ഓടിക്കൂടിയ ആൾകൂട്ടത്തിൽ ആരോ ഒരാൾ എന്നെ നോക്കി ഓട്ടോ വിളക്കു മോനേ എന്നു പറഞ്ഞു. വീട്ടിൽ ഫോൺ ഇല്ല,പോയി ഓട്ടോ കണ്ടു പിടിക്കണം. ജങ്ഷൻ വരെ പോയാൽ കിട്ടേണ്ടതാണ്. ഞാൻ ഓടി അച്ഛന്റെ ബൈക്കും എടുത്തു ജങ്ഷനിലേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോൾ ഓട്ടോ ഇല്ല, ടൗണിലേക്ക് പോണം, ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചു വരുന്നതേയുള്ളൂ. എടുത്തു ചാടി വന്നതാണ്. ഓട്ടോ കിട്ടാതിരിക്കൽ ഒരു ഓപ്ഷനേയല്ല. ആകെ ഒരു തരിപ്പാണ്, വീട്ടിലെ അവസ്ഥ ആലോചിക്കുമ്പോൾ . 3 കിലോമീറ്റർ കൂടി ഓടിച്ചു ടൗണിലെത്തി ഞാൻ. വീഴാതെ പതുക്കെ ശ്രദ്ധിച്ചാണ് പോയത്. ഒടുവിൽ ഒരു ഓട്ടോ കിട്ടി. പ്രായമായ ഒരു അമ്മാവൻ ഓടിക്കുന്ന ഓട്ടോ. ഞാൻ മുന്നില് ബൈക്കിലും അമ്മാവൻ ഓട്ടോ ഓടിച്ചു പിന്നിലും,. വീടെത്തിയപ്പോൾ അര മണിക്കൂറോളം കഴിഞ്ഞിരുന്നു. വീട്ടു പടിക്കൽ രണ്ടു ഓട്ടോറിക്ഷ കിടപ്പുണ്ടായി, ആരോ ഫോൺ വിളിച്ച് വരുത്തിയതാണ്.. എല്ലാവരും എന്നെ കണാതെ കാത്തിരിക്കുന്നു, ആശുപത്രിയിൽ പോകാൻ, ആച്ഛനു ബോധം ചെറുതായി തെളിഞ്ഞിരുന്നു. ഞാൻ വിളിച്ചുകൊണ്ടു വന്നതിനാൽ ബാക്കിരണ്ടു ഓട്ടോ വിട്ടു ഇതിൽ തന്നെ കയറി ആശുപത്രിയിൽ പോയി, ആ അമ്മാവൻ ആണെങ്കിൽ ഒച്ചിഴയുന്ന വേഗത്തിലേ വണ്ടി ഓടിക്കൂ. ആശുപത്രിയിൽ എത്താൻ വീണ്ടും അരമണിക്കൂറിൽ കൂടുതൽ എടുത്തു.
ഓട്ടോയിൽ വച്ചു കരഞ്ഞുകൊണ്ട് അമ്മയാണ് പറഞ്ഞത്, " നീ ബൈക്ക് എടുത്തു പോവേണ്ട ആവശ്യം ഇല്ലായിരുന്നു. വണ്ടി ആരെങ്കിലും കൊണ്ടു വന്നേനെ. നീ പോയില്ല എങ്കിൽ കുറച്ചുകൂടി നേരത്തെ ഇറങ്ങാമായിരുന്നു. ബൈക്ക് ഓടിക്കാൻ അറിയാതെ, നിനക്കു വല്ലതും പറ്റിയിരുന്നെങ്കിലോ. വീട്ടിൽ നിന്റെ ആവശ്യം ഉണ്ടായിരുന്നു. അലമാരയിൽ നിന്ന് പൈസ എടുക്കാൻ, അച്ഛനെ താങ്ങാൻ, ഇത്തിരി വെള്ളം കൊടുക്കാൻ. ഞാൻ പേടിച്ചു പോയി, നിന്നോടു പോവല്ലേ എന്നു വിളിച്ചു പറഞ്ഞിട്ടും നീ കേട്ടില്ല."
എല്ലാത്തിലുമുപരി, എന്നെ കാത്തിരുന്നു എന്ന ഒറ്റക്കാരണം കൊണ്ടു അച്ഛനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി.. സുവർണ്ണ നിമിഷങ്ങളെ ആണ് നഷ്ടപ്പെട്ടത്. ഭാഗ്യംകൊണ്ടു മാത്രമാണ് സ്ഥിതി വഷളാവാതിരുന്നത്.
അച്ഛനു സോഡിയം ലെവൽ താഴ്ന്നതായിരുന്നു. ചികിത്സ യിലൂടെ പെട്ടെന്നു തന്നെ നോർമൽ ആയി.
എങ്കിലും ഞാൻ ധീരമായി എടുത്തു ചാടി ചെയ്ത കാര്യം സിറ്റുവേഷനിൽ ഒരു തരത്തിലും സഹായകരമല്ലായിരുന്നു.
ഒരു എമർജൻസി സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ പറ്റിയില്ല അതുകൊണ്ട് മാത്രം ഒരാൾ പ്രതിയാക്കപ്പെടരുത്. മുരളി തുമ്മാരുകുടി ചേട്ടൻ പറയുന്നതുപോലെ വേണ്ടത്ര പരിശീലനം ഇല്ലാതെ എടുത്തു ചാടുന്നത് അത് പലപ്പോഴും കൂടുതൽ അപകടം ഉണ്ടാക്കും. പരിശീലനവും റൂൾബുക്കും ഉണ്ടായിട്ടും വേണ്ടത് ചെയ്യാതിരിക്കുന്നത് തീർച്ചയായും കൃത്യവിലോപം ആണ്. അല്ലാത്തിടത്ത് അങ്ങനെ ചെയ്യണമായിരുന്നു, ഇങ്ങനെ ചെയ്യണമായിരുന്നു, എന്നൊരു പോസ്റ്റ് ഇവൻറ് കുറ്റപ്പെടുത്തലിന് പ്രസക്തിയില്ല.
ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.