"ഡാ, നിയ്യെന്റെ പെണ്ണ് കാണൽ ബ്ലോഗാക്കണം"
ആദ്യമായി പെണ്ണു കാണാൻ പോയി , എല്ലാം ഉറപ്പിക്കാറായപ്പോ, എല്ലാരേം തേച്ചു മണലിൽ ഒട്ടിച്ചിട്ടു പെണ്ണ് ഒളിച്ചോടിപ്പോയതിന്റെ കൈപ്പു നീരു കുടിച്ചു വറ്റിക്കുന്പോൾ ആണ് ഉറ്റ ചങ്ങായി ദാസപ്പൻ എന്നോടിത് പറഞ്ഞതു,കൂടെ ഒരു ഗ്ളാസ്സ് കൈപ്പുനീര് കൂടി നീട്ടി.
ഏതു, അവന്റെ കാര്യം അറിഞ്ഞിട്ടു കടം വാങ്ങി ഞ്ഞാൻ തന്നെ കൊണ്ടന്ന 'പഴയ സന്യാസി'.
അവന്റെ വിഷമത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രണ്ടു ഫുള്ളും അതു തീർക്കാൻ വേണ്ടും ആളും ദാസപ്പന്റെ ഫ്ലാറ്റിന്റെ ടെറസ്സിൽ കൂടീട്ടുണ്ടായിരുന്നു, മാസം തികയാതെ സീരിയസ് കണ്ടിഷനിൽ ജനിച്ചിട്ടു അതിന്റെ ഗൗരവം മുപ്പതു വയസ്സായിട്ടും വിട്ടു മാറാത്ത ഷെമീർ, ഞങ്ങക്കു അവൻ കാക്ക. പിന്നെ വെള്ളമടിക്കാൻ ഒരു കാരണവും ഇല്ല എന്ന കാരണം പറഞ്ഞു വെള്ളമടിക്കുന്ന, ഒട്ടും ശാന്തനല്ലാത്ത ശാന്തൻ, ടാങ്ക്! ടാങ്ക് എന്നു പറഞ്ഞാലേ അവന്റെ വീട്ടിൽ പോലും അവനെ തിരിച്ചറിയൂ. ഒരു ഫ്രീക്കനില്ലാതെ നമുക്കെന്താഘോഷം. ഒരു നായരായതിന്റെ ഒരു കുറവും കുണവും കാണിക്കാത്ത മഹേഷ് നായർ, അവൻ സ്വയം അവനെ മാഷ് പോപ്പിൻസ് എന്നാണ് വിളിക്കുന്നതെങ്കിലും, പിപ്പിരി മുടിയും ഊശാൻ താടിയും ഉള്ള അവനാണ് , ഞങ്ങളുടെ സ്വന്തം ആട്, ഒരു ചെറിയ ഫീകര ജീവി. കൂടെ ദാസപ്പനും പിന്നെ ഞാനും.
'ഓളെ ഞാൻ ഒരുപാട് സ്വപ്നം കണ്ടെടാ..,ഞങ്ങളെ കണ്ടാൽ ദുൽഖർ സൽമാനും നിത്യാമേനോനും പോലെ ആണെന്നാ അവൾടെ അച്ഛൻ കാർന്നോരു പറഞ്ഞേ, ന്നിട്ടാ...'
"ഭ!!",
സൈഡിൽ മിണ്ടാതെ ഇരുന്നു മോന്തി ഇരുന്ന ഷെമീർന്റെ കയ്യിന്നു ഗ്ലാസ്സ് താഴെ വീണു. സാധാരണ ഒരക്ഷരം മിണ്ടാതെ ഇരുന്നു മോന്തുന്ന ഷെമീർ, അലറി.
"അന്റെ, ബേഷമൊന്നും ഞമ്മളോർക്കൂല്ല, ഇയ്യിമ്മാതിരി ഡയലോഗ് ഇറക്കിയാ അള്ളാണെ, ഞമ്മളീ പണിക്കില്ല" ദാസപ്പനെ സമാധാനിപ്പിക്കാൻ കൂടിയ ഞങ്ങളു ഷെമീറിനെ കൂൾ ആക്കാൻ പാടു പെട്ടു. ഒടുവിൽ കാക്ക അടങ്ങി, ആടും ടാങ്കും കൂടി പുതിയ ഒരു ഗ്ലാസ്സ് നിറച്ചു കൊടുത്തു സൈഡ് ആക്കി,
കാര്യങ്ങൾ വീണ്ടും പഴയപോലെ ആയി,
"ഡാ , നീ എഴുതുവോ ?"
"അതിപ്പോ, ഇതു ഒരുപാട് ഓടിയ ത്രെഡ് അല്ലേടാ.. നിനക്കാദ്യാന്നു വച്ചു..."
പിന്നെ കേട്ടത് ദാസന്റെ അലർച്ച ആണ് ,, ചെക്കൻ ഇമോഷണൽ ആയി...
"നിനക്കറിയൂല്ല പട്ടി, നീ എഴുതണ്ടടാ.. അവള് അനുഭവിച്ചോളും, സത്യോള്ള കള്ളിന്റെ പൊറത്താ ഞ്ഞാനീ പറയണേ..."
ആ അടി കഴിഞ്ഞു, പിന്നേം പല തവണ അതേ ടെറസ്സിൽ പല പല കുപ്പീം കൊണ്ട് അടിച്ചു ... ഇപ്പറഞ്ഞ ഈ പ്രാക്കു എന്നും ക്ലോസിങ് പഞ്ച് ആയിരുന്നു.
"അവള് അനുഭവിച്ചോളും" വികാര നൗക.. ആഹഹഹ
അനുഭവിച്ചത് പക്ഷെ ഞാൻ ആയിരുന്നു - കുറെ കാലത്തിനു ശേഷമാണെങ്കിൽ കൂടി. അതുകൊണ്ടു തന്നെ മ്മടെ ദാസപ്പന് വേണ്ടി, എനിക്കു വേണ്ടി ഞാൻ ഇപ്പൊ എഴുതുവാ.. ദാസപ്പന്റെ അല്ല.. എന്റെ ലേറ്റസ്റ് പെണ്ണുകാണൽ....