2015, ജൂലൈ 14, ചൊവ്വാഴ്ച

കെട്ടുകൾ

അഴിക്കാനാകുമായിരുന്നു.
അത്രക്കു  എളുപ്പമായിരുന്നു..
പക്ഷെ അഴിക്കാൻ തോന്നാതിരുന്നതുകൊണ്ടു
അത്ര എളുപ്പവുമല്ലായിരുന്നു.

എല്ലാ കെട്ടുകളും കെട്ടുപാടല്ലാ
എങ്കിലും കെട്ടിക്കഴിഞ്ഞപ്പൊൾ
അങ്ങനെ തോന്നുമായിരുന്നില്ല.
ഞാനീ കെട്ടഴിക്കാൻ കുറെ ആയി നോക്കുന്നു.


അഴിക്കാൻ നോക്കിയിട്ട് പറ്റാതിരുന്നു,
ആ കെട്ടുകളെ ഇഷ്ടപ്പെട്ടവരും,
ഒരു താലിച്ചരടിന്റെ അറ്റത്തു ബന്ധിക്കപ്പെട്ടവരും,
കൂച്ചുവിലങ്ങിൽ പെട്ടുപോയവരും,
അഴിക്കാനവാതെ സ്വന്തം കഴുത്തിലിട്ട കുരുക്കിൽ
തീർന്നു പോയവരും
ഒരു കെട്ടു തീർക്കാൻ നൂറു വേറെകെട്ടിയവരും.
മാത്രമല്ല,
ചിന്തിച്ചാൽ കെട്ടുകളില്ലാത്ത ആരുമില്ല.

എളുപ്പത്തിൽ കെട്ടി പിന്നെ അഴിക്കാൻ പറ്റാതെ മുറുകിപ്പോയതും.
കഷപ്പെട്ടു ഇനിയഴിക്കാനാകാത്ത വിധം കെട്ടിയതും
ആരൊക്കെയോ കെട്ടിയത് ചുമന്നു നടക്കുന്നതും
ഇനിയും മുറുകാത്ത, അഴിക്കാൻ തോന്നാത്ത കെട്ടുകളും

കെട്ടുകളില്ലാത്ത എന്തുണ്ടിവിടെ..
പറന്നു പോകുന്ന പറവകളും രാവെത്തും മുന്നേ,
തിരിച്ചു കൂടണയുന്നതു ആരും കാണാത്ത
അഴിക്കാനാകാത്ത ഒരു കെട്ടു എത്ര ഉയരത്തിലും,
എത്ര ദൂരത്തിലും പറന്നാലും പിന്തുടരുന്നതിനാലാണ്.


ഒരു പക്ഷെ കെട്ടുകളില്ലാതെ പറ്റില്ലായിരിക്കും,
നൂലറ്റാൽ താഴെ വീഴുന്ന പട്ടം പോലെ.
പവകളിക്കാരന്റെ പാവ പോലെ.
പക്ഷേ , പട്ടവും പാവയും പോലെയാണോ നമ്മളും
  നമുക്ക് നമ്മുടെ വഴിയില്ലേ..
അതോ, പട്ടം പോലെ പാവ പോലെ, വേറെ ആരുടെയോ
വഴിയിലാണോ നാം പോകേണ്ടത് ?
അതോ കടവത്തു നിന്ന് കെട്ടഴിഞ്ഞു പോയ
വഞ്ചി പോലെ , എങ്ങോട്ടെന്നറിയാതെ എങ്ങോട്ടോ പോവണോ?

ഓരോ കെട്ടിലും അതിന്റെ നിയോഗമുണ്ടെങ്കിൽ
ഓരോ നിയോഗത്തിനും അതിന്റെതായ കെട്ടുണ്ടെങ്കിൽ.
ഒരു കെ ട്ടുമാറ്റി മറ്റൊരു കെട്ടിലെത്താൻ
നമ്മെ തടയുന്ന കെട്ടുകളെ എന്ത് വിളിക്കും,

ഭൂമിയോട് നമ്മളും,
സൂര്യനോട് ഭൂമിയും,
ആകാശത്തു ശൂന്യതയിൽ കാണാമറയത്തും,
എന്തിനു... എന്ന്റെ അസ്തികൾ തമ്മിലും,
എന്റെ കോശങ്ങൾ തമ്മിലും,
അതിനുള്ളിലും , ഡി എൻ എ യിൽ പോലും
 പരസ്പരം, കാണാത്ത കെട്ടുകളുള്ളപ്പോൾ,
എന്റെ കെട്ടുകളെ പൊട്ടിച്ചെറിയാൻ
എനിക്ക് പറ്റാത്തതിനും കാരണമുണ്ടെങ്കിലൊ!

ആയിരം കെട്ടുകളും അതിലേക്കുള്ള വഴികളും തേടി
ഓരോ പ്രഭാതത്തിലും കണ്‍ തുറക്കുന്പോൾ
നടക്കുന്ന ഓരോ വഴിയിലും പുതിയ കുരുക്കുകൾ
കാത്തിരിക്കുന്പോളും കെട്ടുകളെ പറ്റി ചിന്തിക്കാതെ
കെട്ടുകളിൽ മറ്റൊരു കെട്ടായത്രെ നാം മുന്നോട്ട് പോകുന്നത്.

അഴിക്കാനാകുമെന്നു തോന്നിയതാണ്
വെറുതെ ആശിച്ചതാണ്.

കെട്ടുകളോട് ഞാൻ  അത്ര മാത്രം ചേർന്ന് പോയിരിക്കുന്നു





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.