2014 ഒക്‌ടോബർ 7, ചൊവ്വാഴ്ച

മരിക്കുന്ന കവികൾ.


ഞാൻ സ്വയം കവി എന്ന് വിളിച്ച അന്ന് മുതൽക്കാണ് എന്നിലെ കവി നശിച്ചു തുടങ്ങിയത്,

ക്ഷയം പിടിച്ചും ചുമച്ചും ഒരു വാക്ക് പോലും പറയാനാകാതെ മരിക്കാൻ കിടക്കുന്ന ഒരു കവിയെ കാണുന്നുണ്ട് ഞാൻ ഓരോ ദിവസവും.

കവി അല്ലാതിരുന്ന എന്നെ കവി എന്ന് വിളിച്ചതുകൊണ്ട് കവി അല്ലാതിരുന്ന ഞാൻ എന്നിലേക്ക്  കവിത എന്ന മരുന്ന് അളവ് കൂട്ടി കുത്തിവച്ച് കൊല്ലാൻ ശ്രമിച്ചു എന്നൊരു പക്ഷം.

കവിയെന്നു സ്വയം തെറ്റിദ്ധരിച്ച  ഞാൻ കവിത ഉണ്ടാക്കുവാൻ തേടി പോയ ലഹരിയുടെ കാടുകൾ കവിതയുടെ പൂങ്കാവനമായ തലച്ചോറിലെ ഞരമ്പുകളെ കാർന്നു തിന്നിരിക്കാം

കവിയെന്നു കേട്ട് അഹങ്കരിച്ച എന്നിലെ കവി വലിയ  കവികളെ പോലും പുഛി ച്ചിരിക്കാം

ആരും നടക്കാത്ത വഴികൾ തേടി , അത് കിട്ടാതെ, പിന്നെ  അധികമാരും നടക്കാത്ത വഴി തേടി, പിന്നെ ഇതൊന്നുമല്ലാ അടച്ചിട്ട മുറിയിലാണ് കവിത എന്നുറച്ച് എല്ലാ വാതിലുകളും ജനലുകളും അടച്ചു സ്വയം ശ്വാസം മുട്ടിച്ചതാവാനും മതി.

ഇടയിലൊരിക്കൽ കവിത തേടി സമൂഹത്തിന്റെ അടിവേരുകൾ തേടി ചുവന്ന വെളിച്ചങ്ങളുടെ അഴുക്കു ചാലുകളിൽ.. ഹോ ഓർക്കാനും വയ്യ.. കാമം തുളുമ്പിയ കവിത അവിടെ ഉണ്ടായിരുന്നില്ല.

ഒരു മോശം കവിത പോലും എഴുതാനാകാതെ, ചുമച്ചു ചുമച്ചു കഫം നാറുന്ന ആശുപത്രി മുറികളിൽ ഞരമ്പിലേക്കു വീണ്ടും വീണ്ടും കവിത കുത്തിവയ്ക്കുകയാണ്.

അവിടെ എന്നിലെ കവി ഒറ്റക്കായിരുന്നില്ല, കവിയാകുവാൻ വേണ്ടി മാത്രം എഴുതാൻ പഠിച്ചവരും, പാടാൻ പഠിച്ചവരും  ഓരോ മുറികളിൽ അടുത്ത മുറികളിലേക്ക് കാതു  കൂർപ്പിച്ചു കിടക്കുന്നുണ്ടായിരുന്നു. എവിടെയെങ്കിലും ഒരു പുതിയ കവിത ജനിച്ചു വീണു കരയുന്നത് കേൾക്കാൻ..

ഒരു പുതു കവിതയ്ക്കുണ്ണാൻ നിറഞ്ഞു തുളുമ്പുന്ന മാറിടവുമായത്രേ, ഓരോ കവികളും ഓരോരുത്തരിലും മരിക്കാൻ കിടക്കുന്നത് !








 ഇടവേളയിൽ .. idavelayil

2014 ഓഗസ്റ്റ് 26, ചൊവ്വാഴ്ച

വ്യത്യാസം

നീയും ഞാനും തമ്മിൽ ഒരുപാടു വ്യത്യാസങ്ങൾ ഉണ്ട്,
നിനക്കറിയാവുന്നതും,എനിക്കറിയാത്തതും പിന്നെ,
എനിക്കറിയാവുന്നതും നിനക്കറിയാത്തതും അങ്ങനെ,
നമുക്കിരുപേർക്കും അറിയാവുന്നതും അറിയാത്തതുമായി
കണ്ടാലറിയുന്ന എന്നാൽ പറയാനറിയാത്ത കുറേയെണ്ണം.
കണ്ടാലും അറിയുമെന്ന് തോന്നുന്നില്ല, ഇല്ല. അല്ലെങ്കിൽ
അത് പണ്ടേ കണ്ടപ്പോൾ അറിയേണ്ടതായിരുന്നല്ലോ.

പണ്ടു കണ്ടിരുന്നില്ലെങ്കിൽ അത് പിന്നീടുണ്ടായാതാവും
തൊടിയിലൊരു ചെടിയിലെ പൂവു പോലെ,
അല്ലെങ്കിൽ അതുണ്ടായിട്ടും കാണാതിരുന്നതാവും
ചുറ്റും മിണ്ടാതെ നില്ക്കുന്ന കാറ്റു പോലെ,
അറിയാതിരുന്നതാണ്, തിരിച്ചറിയാൻ വയ്കിയതാണ്‌,
നമുക്കിടയിൽ ഈ വ്യത്യാസം ഉണ്ടാക്കിയത് തിരിച്ചറിവായിരിക്കും.

കടലിലും മഞ്ഞിലും മേഘത്തിലും വേറെപോലെ കണ്ടാലു-
മെല്ലാം തെളിഞ്ഞ നീരു തന്നെ,  നിനച്ചിരിക്കാതെ
പിന്നതു രൂപം മാറും ഒന്നാകുമൊരുപോലെയാകും
അവർക്കുമുണ്ടു  വ്യത്യാസങ്ങൾ എന്നാലാറി തണുത്ത-
വരെ ചേർത്തു വക്കാൻ, തിരിച്ചറിവിനും മേലെയൊറിവായി.

തിരിച്ചു മാറ്റിയാലും പിരിച്ചടർത്തിയാലും
ഇടയിലാഴത്തിൽ മുറിച്ചെടുത്താലും
വ്യത്യാസങ്ങൾക്കുമതീതമായി നാം ചേർന്നിരിക്കുന്നല്ലോ,
ചേർത്തടച്ച രണ്ടുപാളി കതകിനെ പോലെ വിടവില്ലാതെ,
താക്കോലും പഴുതും ഒന്നിനൊന്നു ചേരാനുള്ളതാണല്ലോ,
ഒരുപോലിരുന്നെങ്കിൽ എങ്ങിനെ ചേർന്നേനെ?
അവയെ ചേർത്ത് വയ്ക്കുന്നത് വ്യത്യസമാണല്ലോ!






 ഇടവേളയിൽ .. idavelayil

2014 ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

പൂണൂൽ

ചെയ്യണ്ടകാര്യവും ചെയ്യരുതാത്തതും
തൊടാതിരിക്കാനും തൊട്ടാൽ കുളിക്കാനും
കുളിച്ചു കയറിയാലുമീറനുണങ്ങാതെ
ഓർമ്മ  തൊട്ടോർമ്മപെടുത്തുവാനും
പൊട്ടിച്ചെറിഞ്ഞ പൂണൂലുണ്ടായിരുന്നു.

ജന്മപുണ്യത്തിന്റെ മേദസ്സിൻ കുറുകെ
കെട്ടിമുറുക്കിയ  താക്കോലെത്ര ചുമന്നതാണ്,
കാണും മുന്നേ ഒരുപാടു വാതിൽ തുറന്നതാണ്,
വിരലിൽ കോർത്തോതിയുറച്ചെത്ര മന്ത്രം ജപിച്ചതാണ്,
പ്രാണനിലിഴ ചേർന്ന് പ്രണവത്തിലൂടെത്ര-
                      നാളൊഴുകിയിവിടെ പതിച്ചതാണ്
എങ്കിലുമുത്തരം കിട്ടാത്ത ചോദ്യങ്ങൾക്കൊടുവി-
                      ലതു ഞാൻ തന്നെ പൊട്ടിച്ചെറിഞ്ഞതാണ്.
പുതിയൊരു ലോകത്തിനായെന്റെ വിഹിതമെ-
                  ന്നോതി, ഞാൻ തന്നെ പൊട്ടിച്ചെറിഞ്ഞതാണ്.

മൂന്നായ്‌ പിരിഞ്ഞ, മൂന്നു വഴികളിൽ ചേർന്ന
മൂന്നു കാലത്തിന്റെ മൂന്നുനൂലും,
വേദനയില്ലാതറുത്ത  സൃഷ്ടിയുടെ  കൊടുവാളു
പണ്ടെന്റെ പൊക്കിൾ കൊടിയിലും പതിച്ചതാണല്ലോ.
ഒട്ടും മുറിയാതെ എന്നേക്കുമായാർക്കുമൊരു ബന്ധമില്ലല്ലോ.

ആളി നീറി ജ്വലിക്കുന്ന ഹോമകുണ്ഡങ്ങൾക്കുമ -
നന്യനായ് ദൂരെ, സ്വപ്നങ്ങളിൽ പോലുമാരെയും
തീണ്ടാതെ ആരാലുമോർക്കപ്പെടാതെ നടക്കവേ.
ഉള്ളിലാഴത്തിൽ വേരോടിയ, കർമ്മവൃക്ഷത്തിൻറെ,
ചോലയിൽ.... ജീവന്റെ നന്തുണിപ്പാട്ടിൽ..
ഞാൻ ജയിച്ചേറെ തെളിഞ്ഞ വഴികളിൽ
നഷ്ടപ്പെടുത്തിയ പൈതൃക പെരുമയീ
പൂണൂൽ! പിറകിലേക്കേന്നെ വിളിച്ചിരുന്നു!
കണ്ണീർ തുളുമ്പി നിന്നെന്നെ പ്രതീക്ഷിച്ചു നിന്നിരുന്നു!

പല രാത്രികൊണ്ടു മുകിലിറുകിപുണർന്ന മഴ
അറിയാതെ പെയ്തു പിരിയുമ്പോൾ..
ഇടറിക്കരഞ്ഞു ചുടു മിന്നൽ വളക്കൈകൾ
പിറകെയണയുന്ന നേരം ..
ആറി തണുത്തഗ്നി, നീറിതിളച്ചാപമിരുളി -
ലെവിടെയോ കൂടിയിണ  ചേർന്നു..



----(






 ഇടവേളയിൽ .. idavelayil