പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 ഏപ്രിൽ 18, ഞായറാഴ്‌ച

ഒറ്റയ്ക്ക് ഞാൻ നിന്ന് പോയി,

സ്നേഹമിറ്റിറ്റു പെയ്യുന്ന രാവിൽ ...

കൈകുമ്പിളിൽ ചേർത്തുവച്ചു 

നാളെക്കു കാത്തു ഞാൻ  നിന്നു 

2020 സെപ്റ്റംബർ 21, തിങ്കളാഴ്‌ച


എത്ര മേല്കൂരകളുണ്ടായിരുന്നു നമുക്ക് മേലെ!
മരണത്തിന്റെ ഉലച്ചിലുകളിൽ കെട്ടുകളഴിഞ്ഞു,കാലത്തിന്റെ പേമാരിയിൽ അവയൊന്നൊന്നായി ഒഴിഞ്ഞു പോകവേ,
ആകാശത്തിന്റെ ഇരുട്ടു കണ്ടെത്ര അരക്ഷിതരാവുന്നുണ്ട് നമ്മൾ!!

2020 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

ഒറ്റമഴ

ഒറ്റമഴക്കാറ്‌ ഒറ്റയ്ക്ക് നിന്നു പെയ്യുമ്പോഴാണ്, കണ്ണിലൊരുമഴയൊതുക്കി നിർത്തി നീ എന്നിലേക്കുള്ള വാതിലിൽ മുട്ടിയത്. മഴ പിന്നെയുമൊരുപാട് പെയ്തു. എന്നിൽ നീ ഉയിരിട്ട കാലത്തിൽ തന്നെ നിന്നിൽ ഞാൻ മരിക്കുകയും ചെയ്തിയുന്നു. അത് ഞാൻ വിരഹമെന്നു കരുതി.  പ്രണയത്തിന്റെ അന്ത്യത്തിൽ നീ ഉണർന്നതിനാലാവണം, ഞാൻ മരിച്ചത് നീ അറിയാതിരുന്നത്. നീ മരിച്ചു കളയുമെന്നു പറഞ്ഞപ്പൊളെന്തിനാണ് ജഡത്തിനുള്ളിലിരുന്നു ഞാൻ പിടഞ്ഞത്.
തോറ്റുകഴിഞ്ഞവർക്കു മുന്നിലൊരുപാടു വിജയത്തിന്റെ കഥ പറയുന്ന ജോലിയാണ് നിനക്ക്. എന്റെ കഥകൾ ആ വഴി വരില്ലെന്നുറപ്പാണ്. പക്ഷേ കേൾക്കാനിരിക്കുന്നവരിൽ ഞാനെന്നുമുണ്ടാവും.

ഒന്നുറക്കെ ചുമച്ചാൽ പോലും ചുവന്നു തുടുക്കുന്ന നിന്റെ കപോലങ്ങൾ എന്നേ കാണും മാത്രയിൽ ചുവന്നു പഴുക്കട്ടെ.. ഒറ്റ മഴ തോരാതിരിക്കാൻ

2020 ജൂലൈ 31, വെള്ളിയാഴ്‌ച

അവസാന യാത്ര

അവസാന യാത്രക്കൊരുങ്ങുമ്പോൾ നീ ഒരു നിമിഷം നിൽക്കണം.
ഞാൻ നിന്റെ പിറകെയില്ലെന്നു ഉറപ്പു വരുത്തണം
ഇനിയൊന്നും എടുക്കാനില്ലെന്നും
ഒന്നിനും വേണ്ടി ഇനി തിരികെയില്ലെന്നും ഓർമ്മിക്കണം.

എന്റെ നനുത്ത ചോര നിന്റെ കാൽപ്പാടുകളിൽ ഉണ്ടായിരിക്കും, അതു തുടച്ചു കളയാൻ ശ്രദ്ധിക്കണം

നിന്റെ മാറിൽ ഇനിയും ഉണങ്ങാത്ത എൻ്റെ ചുംബനങ്ങൾ കഴുകിക്കളയണം.

കുറഞ്ഞപക്ഷം നീ ഒന്നു പുല കുളിക്കണം..

2020 ജൂലൈ 5, ഞായറാഴ്‌ച

പരാജയപ്പെട്ട മറ്റൊരെഴുത്ത്

എന്താ പെണ്ണെ ഒന്നു തൊടുമ്പൊഴെക്കു കുളിരുകോരുന്നെ.

'ആകാശച്ചെരുവിലാരോ കുരുതിക്കിണ്ണം തട്ടിമറിച്ചു...'
 ഭാഷയുടെ അനന്ത വിഹായസിൽ അലഞ്ഞു നടക്കുന്ന മേഘങ്ങളേം, പക്ഷികളേം - ഏതു പക്ഷി എന്നി ചോയിക്കണ്ട, ഏതോ ഒരു പറവ -

പറഞ്ഞു വന്നത്,  വലിയ വലിയ കവികളെം കലാകാരൻമാരേം ഒക്കെ ആണ്, ആ ഏരിയൽ വിൻഡോ ഒന്നു എക്സ്‌പ്ലോർ ചെയ്‌തു ഒരു പക്കി എങ്കിലുമാവാൻ കരുതിക്കൂട്ടി തുറന്നതാനീ എഡിറ്റർ.

എന്തെങ്കിലും എഴുതണം,
ബാത് റൂമിൽ തുടങ്ങി, എവിടെ ഒറ്റയ്ക്ക് ഇരുന്നാലും കേറി വരുന്ന ലേറ്റസ്‌റ്റ്‌ തേപ്പു കഥ എഴുതാനുള്ള ചങ്കുറപ്പു ഇതുവരെ ആയിട്ടില്ല, പൊടീം തട്ടി ഓളു പോയപ്പൊ, കുറച്ചൊന്നു ഡൗണായതാണ്‌. ആ സ്‌റ്റോറി ചൂടാറാതെ പിറകെ വരൺണ്ട്‌.

ഇപ്പൊ ഓപ്പണിംങ്‌ പഞ്ചായി, ഓളോടു പറയാറുള്ള ആ ലൈൻ മാത്രം കിടക്കട്ടെ.  ഒരു നോൺ ലീനിയർ സ്‌റ്റോറി പറയുമ്പൊ, എവിടേലും കണെക്‌ട്‌ ആയിക്കൊളും.  ഇല്ലേലും അവിടെ കിടക്കട്ടെ, പുല്ല്.

എന്തെങ്കിലും എഴുതണം ആദ്യം പ്രണയത്തെപ്പറ്റി എഴുത്ത്. പ്രണയം കൊണ്ട് ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ട് എങ്കിൽ  അതു മിക്കവാറും എഴുത്തുകാരൻ മാത്രമായി. എഴുത്തുകാരന് പലപ്പോഴും  താൻ അനുഭവിച്ചിട്ടുള്ള തിനേക്കാൾ കൂടുതൽ ഒരു മായാപ്രപഞ്ചം ആണ് പ്രണയം. അതൊരുപാട് കളറുള്ള ഒരു സംഭവമാണെന്ന അന്ന് എഴുതിപ്പിടിപ്പിക്കാൻ പിന്നെ ഒരുപാടു വേദനയും വിരഹവും പിന്നെ എപ്പോഴും പറയാറുള്ള നൊമ്പരം ഒക്കെ ഉണ്ടെന്ന് എഴുതണം അങ്ങനെയാണ് പ്രണയം പ്രണയമായത്.  ഈ നൊമ്പരം എന്നു പറയുന്നത് പമ്പരം പോലെ എന്തോ ആണ്.

ഒറ്റയടിക്ക് ഒരു പ്രണയ കാവ്യം എഴുതി ഒന്നു famous ആവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതതിന്റെ ട്രെൻഡിനു ചേർന്ന രീതിയിൽ വരാത്തതിന്റെ പ്രശ്നമാണ്.


2020 ജൂലൈ 1, ബുധനാഴ്‌ച

ഹാപ്പി ഡോക്ടർസ് ഡേ


കുട്ടിക്കാലത്തു ഒരു  വിധം  എല്ലാരും കേൾക്കുന്ന അതേ ചോദ്യം,  വലുതാവുമ്പോൾ ആരാവണം?എനിക്ക് അത് ചിന്തിച്ചു ഉത്തരം പറയേണ്ട ഒരു ചോദ്യമേ ആയിരുന്നില്ല, വലുതാവുമ്പോൾ ഞാൻ ഡോക്ടർ ആവും എന്നത്  എന്നോടൊപ്പം തന്നെ വളർന്നു വന്ന ഒരു മോഹം ആയിരുന്നു.

നന്നേ ചെറുപ്പത്തിൽ ഒന്നിലോ രണ്ടിലോ പടിക്കുമ്പോൾ തന്നെ ആരോക്കെയോ എഞ്ചിനീയറിംഗ് ആണ് പഠിക്കുന്നത് എന്ന് അമ്മ പറഞ്ഞു കേട്ടപ്പോൾ ഞാൻ ഡോക്റ്ററിങ് പഠിക്കും എന്ന്  ഞാൻ വിളിച്ചു പറഞ്ഞത്‌ ഇപ്പോളും ഓര്മ ഉണ്ട്.(അങ്ങനൊരു വാക്കു ഉണ്ടോ എന്ന് പോലും ഇപ്പോഴും ഞാൻ നോക്കിയിട്ടില്ല സത്യം )

തികച്ചും സ്വഭാവുകമായി സംഭവിക്കേണ്ട ഒരു കാര്യമായി മാത്രമേ  ഞാൻ അതിനെ കണ്ടിരുന്നുള്ളു. 

അതുകൊണ്ട്‌  തന്നെ,  എട്ടിലോ ഒൻപത്തിലോ പഠിക്കുമ്പോൾ ഞങ്ങളുടെ കൂടെ ശബരിമലക്ക് വന്ന ഒരു സാർ എന്നോട് "ഡോക്ടർ ആവാൻ നല്ല പാടുണ്ട്,  എട്ടാം ക്‌ളാസ് മുതൽ പരിശീലനം തുടങ്ങുന്നവരെ എനിക്കറിയാം"  എന്ന് പറഞ്ഞപ്പോൾ പോലും എനിക്ക് പുച്ഛമാണ് വന്നത്. 

മനസ്സ് അന്ന് എത്രമാത്രം മഞ്ഞു മൂടി കിടക്കുകയായിരിന്നിരിക്കണം.

എന്റെ സ്കൂളിന് പുറത്തുള്ള ഒരു ലോകത്തെ പറ്റിയുള്ള അജ്ഞതയും,  പിന്നെ അല്പസ്വല്പം അഹങ്കാരവും, എന്തിനേറെ,  വൈദ്യപരമായ ജോലി ലഭിക്കും എന്ന് അപ്പുക്കുട്ടൻ ജോത്സ്യൻ എഴുതിവച്ച ജാതക പേജുകളും എന്നെ ഏറെക്കുറെ ചിന്തിപ്പിച്ചത്  സ്റ്റെതെസ്കോപ്പിനും എനിക്കും ഇടയിലുള്ള ദൂരം ഏതാനും വർഷങ്ങൾ മാത്രം ആണെന്നായിരുന്നു.
അല്ലാതെ അതിനു ഒരുപാട് പഠിക്കണമെന്നോ,  എൻട്രൻസ് എന്ന കടമ്പയുടെ വീതിയോ മനസ്സിലാക്കിയിരുന്നില്ല.

ഒരുപക്ഷെ ആദ്യമായി ഇടിത്തീപോലെ ആ മോഹത്തിലേക്കുള്ള യാത്ര കഷ്ടപ്പാടിന്റെതാണെന്നു മനസ്സിലായത് എൻട്രൻസ് കോച്ചിങ്ങിനു ചെന്ന് കേറിയപ്പോളാണ്. 

ജീവിത്തിനു ചിറകു മുളക്കുമ്പോഴേക്ക് അതിൽ കെട്ടുകൾ ഇടും പോലെ ആണ് എൻട്രൻസ് കോച്ചിങ്.  ഭാവിക്കു  വേണ്ടി ഉരുകി കഷ്ടപ്പെടാനുള്ള തീച്ചൂളകൾ ആണവ.  എന്റെ കാര്യത്തിൽ അവിടെയും കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടു പോയില്ല.

ഇംഗ്ലീഷ് അറിയാഞ്ഞതും,  പഠിക്കുന്ന വിഷയങ്ങൾക്ക് ആഴവും പരപ്പും ഏറിയതും അധ്യാപകരോടുള്ള അടുപ്പം കുറഞ്ഞതും ഒക്കെ  അതുവരെ ഉണ്ടാക്കി എടുത്ത അടിത്തറയിൽ ഇനി പഠിക്കാനുള്ളതിനെ കൊണ്ടുപോയി ചേർത്ത് വക്കാൻ  എളുപ്പമല്ലാതാക്കി.  നിലത്തു കാലുറപ്പിച്ചു നിൽക്കാതെ പഠിക്കുന്ന ഒരു ഫീൽ ആയിരുന്നു.

ജീവിതത്തിലെ ഇരുട്ട് മൂടിയ നശിച്ച  രണ്ടു വർഷങ്ങൾ ആയിരുന്നു  പ്ലസ് വൺ, പ്ലസ്‌ടു  പഠിച്ച വർഷങ്ങൾ. മനസ്സും ശരീരവും വെറുത്ത ദിനങ്ങൾ.

മോഹങ്ങളുടെ ഭാരവും, കിനാവുകളും മനസ്സിൽ നിറച്ചു ബുക്ക് നോക്കി ഇരുന്നു, യാതൊരു ലക്ഷ്യവുമില്ലാതെ എന്തൊക്കെയോ പഠിച്ചു, ഒരു പഠനമുറിയിൽ നിന്നു മറ്റൊന്നിലേക്കു ഓടി അതിനൊപ്പം സ്വയം എന്തൊക്കെയോ ആണെന്നുമുള്ള പ്രതീക്ഷക്കു മങ്ങൽ വരുമെന്ന് ഭയന്നു നടന്ന സമയം.

ഇംഗ്ലീഷ്‌  അറിയാത്തതിന്റെ പ്രശനം തീർക്കാൻ അച്ഛൻ രവി സാർ ന്റെ സ്പോകൺ  ഇംഗ്ലീഷിനു  കൊണ്ടുപോയി  ചേർത്ത് മാത്രം ആണെന്ന് തോന്നുന്നു  അന്ന് പോയ ക്‌ളാസുകളിൽ ശെരിക്കു ഉപകാരപ്പെട്ടത്.

എൻട്രൻസ് ക്‌ളാസിൽ  ചിലർ ഇത്തവണ കിട്ടിയില്ലെങ്കിൽ റിപീറ്റ്  ചെയ്യും എന്ന് നിശ്ചയദാർഢ്യത്തോടെ പറയുമ്പോൾ എന്റെ മനസ്സിൽ അത് ഏതോ വലിയ സംഖ്യയുടെ ചിത്രം ആണ് ഉണ്ടാക്കി വച്ചതു. കുറെ അധികം പണം ചിലവാകുമത്രേ റിപീറ്റ്  ചെയ്യാൻ, അന്പത്തിനായിരമോ മറ്റോ. 

എന്നാലും പഠിച്ചു  കഴിഞ്ഞതും  ഇനി പഠിക്കാനുള്ളതും തമ്മിലുള്ള അന്തരം  എന്നെ മനസ്സുകൊണ്ട് ഒരു റിപീറ്റർ ആകാൻ പ്രേരിപ്പിച്ചു,  ഞാൻ അടുത്ത വര്ഷം പഠിക്കാനുള്ള നോട്ടുകൾ ഉണ്ടാക്കി വച്ചു.

അങ്ങനെ എൻട്രൻസൊക്കെ കഴിഞ്ഞു റിസൾട് വന്നു, ഫിസിക്‌സും കെമിസ്ട്രയും  ചേർന്ന് എന്നെ ചതിച്ചു.  അവസാന സീറ്റു ലഭിക്കാനുള്ള റാങ്കിൽ നിന്ന് വിളിച്ചാൽ പോലും കേൾക്കാത്ത അത്ര ദൂരെ ഉള്ള ഒരു റാങ്ക്.

ഒരു തവണ റിപീറ്റ്  ചെയ്താൽ സീറ്റു കിട്ടും എന്ന് ഉറപ്പിച്ചു പറയാൻ ധൈര്യം ഇല്ലാത്തതുകൊണ്ടും, നീ പോയി റിപീറ്റ്  ചെയ്യ്  എന്ന് ഇങ്ങോട്ടു പറയാനുള്ള സാമ്പത്തിക സ്ഥിതി അച്ഛനു  ഇല്ലാത്തതു കൊണ്ടും വഴി മാറി നടക്കാൻ തീരുമാനിച്ച ദിനങ്ങൾ. 

ഇപ്പോഴും കൃത്യമായ ഓർമകളില്ലാതെ ഒളിച്ചിരിക്കുന്ന, അല്ലെങ്കിൽ  ഓർക്കാനിഷ്ടപ്പെടാതെ മനപ്പൂർവം മറന്നു കളഞ്ഞ ദിവസങ്ങൾ.

അങ്ങനെ സ്റ്റെതസ്കോപ്പിൽ നിന്നും വഴി മാറി നടന്നിട്ടു വർഷങ്ങൾ എത്രയോ കഴിഞ്ഞു, ലക്ഷ്യബോധം അർപ്പണം എന്നിവ ആഗ്രഹങ്ങളേക്കാൾ വലുതാണല്ലോ.. വെള്ളത്തിന് മുകളിൽ ഓരോ ഓളത്തിലും ചാഞ്ചാടി ഇപ്പൊ എങ്ങോട്ടൊക്കെയോ പോകുന്നു. 

ഇന്ന് എന്തൊക്കെയോ ആണെന്നുള്ളത്  വേറെ എന്തൊക്കെയോ ആവാതെ പോയതിനു പകരമാവുന്നില്ല ഒരിക്കലും.

ചില വിധികളെ പറഞ്ഞു മനസ്സിലാക്കിയാൽ പോലും മനസ്സ് അംഗീകരിക്കില്ല.. അതങ്ങനെ അവിടെ കിടന്നു നീറിക്കൊണ്ടിരിക്കും ചില കാറ്റ് വീശുമ്പോൾ അവ വീണ്ടും തിളങ്ങും ഒന്ന് കൂടി പൊള്ളിക്കും.

ഇന്നാ കാറ്റ് വീശിയപ്പോൾ എഴുതിയത്...

അപ്പൊ ഹാപ്പി ഡോക്ടർസ് ഡേ.



2020 മാർച്ച് 8, ഞായറാഴ്‌ച

ഒരു എമർജൻസി സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ പറ്റാത്തതുകൊണ്ടു മാത്രം ആരും പ്രതിയാക്കപ്പെടരുത്

ഒരു എമർജെൻസി സിറ്റുവേഷൻ വരുമ്പോൾ പലപ്പോഴും അത് വേണ്ടരീതിയിൽ കൈകാര്യം ചെയ്യാൻ പറ്റാത്തതിന്റെ ഒരു കാരണം,  ആ എമർജെൻസിയുടെ ആഴവും , ഗൗരവവും മനസ്സിലാവാത്തതാണ്. അത്തരം ഒന്നു ആദ്യമായി ആവും കാണുന്നത് , ഈ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിശീലനം ഇല്ലാത്തതും മറ്റൊരു കാരണമാണ്.

IFTTT (if this then that) രീതിയിലുള്ള ഒരു പ്രതികരണം, പറയാൻ എളുപ്പമാണെങ്കിലും, ഒരു അടിയന്തിര ഘട്ടത്തിൽ എടുത്തു പ്രയോഗിക്കണമെങ്കിൽ, അതിനു അത്യാവശ്യം പരിചയം ആവശ്യമാണ്, അല്ലെങ്കിൽ ഒരു റൂൾബുക്ക് ഉണ്ടാവണം. തീ പിടുത്തം ഉണ്ടാവുമ്പോൾ നിർദ്ദേശിക്കപ്പെടാതെ ലിഫ്റ്റ് ഉപയോഗിക്കരുത് എന്ന് പഠിക്കും പോലെ.

അല്ലാത്തപക്ഷം ഒരു അടിയന്തിര സാഹചര്യത്തിൽ ആദ്യം വരുന്നത് കനത്ത ഒരു നിസ്സംഗതയാണ്. എടുത്തു ചാടാതെ, വരും വരായ്കകളെ പറ്റി ചിന്തിച്ചു സേഫ് സോണിൽ ഇരിക്കാനുള്ള ഒരു എഡ്യൂക്കേറ്റഡ് ഡിസിഷൾ.

പിന്നെ ഉള്ളത് എടുത്തു ചാട്ടമാണ് അല്ലെങ്കിൽ മാറി നിൽക്കാൻ പറ്റാത്ത അവസ്ഥ,നമ്മൾ  അതിലേക്കിറങ്ങാറുണ്ട്, മുൻപിൻ നോക്കാതെ, ഭാഗ്യം കൊണ്ടു മാത്രം മറുപുറം കണ്ട, നമ്മുടെ അറിവില്ലായ്മയും കഴിവും കേടും സ്വയം നന്നായി അറിയുന്ന നിമിഷങ്ങൾ. നമ്മുടെ ഒരാളുടെ തെറ്റായ ഇടപെടൽ കൊണ്ടു മാത്രം വഷളാവേണ്ടിയിരുന്ന സ്ഥിതി, ഭാഗ്യം കൊണ്ടു മാത്രം ശരിയാവുന്നതും.

ഒരു അനുഭവം പറയാം,
 പത്തിലോ മറ്റോ പഠിക്കുന്ന സമയം, ഞാൻ അയൽപക്കത്തെ വീട്ടിൽ ഇരിക്കുമ്പോൾ എന്റെ വീട്ടിൽ നിന്നും അമ്മയുടെ കരച്ചിൽ കേൾക്കുന്നു. ആദ്യം പരിഭ്രമിച്ചെങ്കിലും സർവ്വശക്തിയുമെടുത്ത് അങ്ങോട്ടോടി ചെല്ലുമ്പോൾ കാണുന്നത് മുറ്റത്ത് നാക്ക് കടിച്ചു പിടിച്ചു ബോധം കെട്ടു കിടക്കുന്ന അച്ഛനെ താങ്ങി പീടിച്ചു കരയുന്ന അമ്മയെ ആണ്. നാട്ടുകാർ കുറേ പേരും ഓടി വന്നിട്ടുണ്ട്. എന്താണെന്നു മനസ്സിലായില്ല, ഉടൻ ആശുപത്രിയിൽ എത്തിക്കണം.

അന്നു വീട് ഇരിക്കുന്ന സ്ട്രീറ്റിൽ ഓട്ടോ റിക്ഷ മാത്രമേ കയറൂ. ഓടിക്കൂടിയ ആൾകൂട്ടത്തിൽ ആരോ ഒരാൾ എന്നെ നോക്കി ഓട്ടോ വിളക്കു മോനേ എന്നു പറഞ്ഞു. വീട്ടിൽ ഫോൺ ഇല്ല,പോയി ഓട്ടോ കണ്ടു പിടിക്കണം. ജങ്ഷൻ വരെ പോയാൽ കിട്ടേണ്ടതാണ്. ഞാൻ ഓടി അച്ഛന്റെ ബൈക്കും എടുത്തു ജങ്ഷനിലേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോൾ ഓട്ടോ ഇല്ല, ടൗണിലേക്ക് പോണം, ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചു വരുന്നതേയുള്ളൂ. എടുത്തു ചാടി വന്നതാണ്. ഓട്ടോ കിട്ടാതിരിക്കൽ ഒരു ഓപ്ഷനേയല്ല. ആകെ ഒരു തരിപ്പാണ്, വീട്ടിലെ അവസ്ഥ ആലോചിക്കുമ്പോൾ . 3 കിലോമീറ്റർ കൂടി ഓടിച്ചു ടൗണിലെത്തി ഞാൻ. വീഴാതെ പതുക്കെ ശ്രദ്ധിച്ചാണ് പോയത്. ഒടുവിൽ ഒരു ഓട്ടോ കിട്ടി. പ്രായമായ ഒരു അമ്മാവൻ ഓടിക്കുന്ന ഓട്ടോ. ഞാൻ മുന്നില് ബൈക്കിലും അമ്മാവൻ ഓട്ടോ ഓടിച്ചു പിന്നിലും,. വീടെത്തിയപ്പോൾ അര മണിക്കൂറോളം കഴിഞ്ഞിരുന്നു. വീട്ടു പടിക്കൽ രണ്ടു ഓട്ടോറിക്ഷ കിടപ്പുണ്ടായി, ആരോ ഫോൺ വിളിച്ച് വരുത്തിയതാണ്.. എല്ലാവരും എന്നെ കണാതെ കാത്തിരിക്കുന്നു, ആശുപത്രിയിൽ പോകാൻ, ആച്ഛനു ബോധം ചെറുതായി തെളിഞ്ഞിരുന്നു. ഞാൻ വിളിച്ചുകൊണ്ടു വന്നതിനാൽ ബാക്കിരണ്ടു ഓട്ടോ വിട്ടു ഇതിൽ തന്നെ കയറി ആശുപത്രിയിൽ പോയി, ആ അമ്മാവൻ ആണെങ്കിൽ ഒച്ചിഴയുന്ന വേഗത്തിലേ വണ്ടി ഓടിക്കൂ. ആശുപത്രിയിൽ എത്താൻ വീണ്ടും അരമണിക്കൂറിൽ കൂടുതൽ എടുത്തു.

ഓട്ടോയിൽ വച്ചു  കരഞ്ഞുകൊണ്ട് അമ്മയാണ്  പറഞ്ഞത്,  " നീ ബൈക്ക് എടുത്തു പോവേണ്ട ആവശ്യം ഇല്ലായിരുന്നു. വണ്ടി ആരെങ്കിലും കൊണ്ടു വന്നേനെ. നീ പോയില്ല എങ്കിൽ കുറച്ചുകൂടി നേരത്തെ ഇറങ്ങാമായിരുന്നു. ബൈക്ക് ഓടിക്കാൻ അറിയാതെ,  നിനക്കു വല്ലതും പറ്റിയിരുന്നെങ്കിലോ. വീട്ടിൽ നിന്റെ ആവശ്യം ഉണ്ടായിരുന്നു. അലമാരയിൽ നിന്ന് പൈസ എടുക്കാൻ, അച്ഛനെ താങ്ങാൻ, ഇത്തിരി വെള്ളം കൊടുക്കാൻ. ഞാൻ പേടിച്ചു പോയി, നിന്നോടു പോവല്ലേ എന്നു വിളിച്ചു പറഞ്ഞിട്ടും നീ കേട്ടില്ല."

എല്ലാത്തിലുമുപരി, എന്നെ കാത്തിരുന്നു എന്ന ഒറ്റക്കാരണം കൊണ്ടു അച്ഛനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി.. സുവർണ്ണ നിമിഷങ്ങളെ ആണ് നഷ്ടപ്പെട്ടത്.  ഭാഗ്യംകൊണ്ടു മാത്രമാണ് സ്ഥിതി വഷളാവാതിരുന്നത്.

അച്ഛനു സോഡിയം ലെവൽ താഴ്ന്നതായിരുന്നു.  ചികിത്സ യിലൂടെ പെട്ടെന്നു തന്നെ നോർമൽ ആയി.

എങ്കിലും ഞാൻ ധീരമായി എടുത്തു ചാടി ചെയ്ത കാര്യം സിറ്റുവേഷനിൽ ഒരു തരത്തിലും സഹായകരമല്ലായിരുന്നു.

ഒരു എമർജൻസി സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ പറ്റിയില്ല അതുകൊണ്ട് മാത്രം ഒരാൾ പ്രതിയാക്കപ്പെടരുത്. മുരളി തുമ്മാരുകുടി ചേട്ടൻ പറയുന്നതുപോലെ വേണ്ടത്ര പരിശീലനം ഇല്ലാതെ എടുത്തു ചാടുന്നത് അത് പലപ്പോഴും കൂടുതൽ അപകടം ഉണ്ടാക്കും. പരിശീലനവും  റൂൾബുക്കും ഉണ്ടായിട്ടും വേണ്ടത് ചെയ്യാതിരിക്കുന്നത് തീർച്ചയായും കൃത്യവിലോപം ആണ്. അല്ലാത്തിടത്ത്  അങ്ങനെ ചെയ്യണമായിരുന്നു, ഇങ്ങനെ ചെയ്യണമായിരുന്നു, എന്നൊരു പോസ്റ്റ് ഇവൻറ് കുറ്റപ്പെടുത്തലിന് പ്രസക്തിയില്ല.






 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

2019 മേയ് 20, തിങ്കളാഴ്‌ച

ശാരിക

നിലാവു  വരച്ചിട്ട ചിത്രങ്ങൾ നാലു പാടും ചിതറിക്കിടക്കുന്നത് കാണാതെ മുന്നോട്ട് ഓടിക്കൊണ്ടിരിക്കുമ്പോ മനസ്സിൽ പേടിയുണ്ടയിരുന്നില്ല സമയം എത്ര  ആയി എന്ന് അവൾ ചിന്തിച്ചിരുന്നില്ല. മനസ്സാണ് പേടി ഉണ്ടാക്കുന്നതും പേടിപ്പെടുത്തുന്നതും എല്ലാം.

ഒരു പക്ഷെ അവൾക്കു മനസ്സ് നഷ്ടപ്പെട്ടിരുന്നിരിക്കണം അല്ലെങ്കിൽ മനസ്സിന് അവളെ.

ഇവൾ രേവതി,  നമ്മൾ പലപ്പോഴായി വായിച്ചു മറന്ന കഥകളിലെ  ഒരു കഥാപാത്രം. ഇവൾക്ക് പറയാൻ പുതിയ കഥ ഒന്നും ഇല്ല. എല്ലാം പഴയത് തന്നെ, ചില കഥകൾ അങ്ങിനെയാണ്.. കഥാപാത്രങ്ങൾ മാറും,  പുതിയ മുഖങ്ങളിലൂടെ കഥകൾ പുനര്ജനിക്കും. അതിങ്ങനെ ആവര്ത്തിക്കും ... വിരസത ഏതുമില്ലാതെ.

രേവതിക്ക് ആറു വയസ്സായ ഒരു കുട്ടി ഉണ്ട്. ഒരു മാലാഖ കുട്ടി, അവളെ എല്ലാരും ശാരു എന്ന് വിളിക്കും പക്ഷെ എല്ലാരോടും അവൾ പറയും ഞാൻ ശാരു അല്ല,   ശാരിക,  ശാരിക ശരത്ത്.

പേരിലെപ്പോഴും കൂടെ കൊണ്ടുനടക്കുന്ന ശരത്തിനെ അവൾ കണ്ടിട്ടില്ല ഇതുവരെ. അവൾക്കു ശരത്  ഒരാളല്ല,  അവൾ തന്നെ ആണ്. ശരത് കൂടെ ഉണ്ടെങ്കിലെ സ്വന്തം  പേര് പൂർണമാവു  എന്നു ആ കുഞ്ഞു മനസ്സ് വിശ്വസിച്ചതാണ്, രേവതി അങ്ങനാണ് പഠിപ്പിച്ചതും.  `അച്ഛൻ അങ്ങ് പോയില്ലേ ദൂരേക്ക്‌, നമ്മളെ ഒറ്റക്കാക്കീട്ടു..`

[tbc]







 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

2019 മാർച്ച് 3, ഞായറാഴ്‌ച

കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു

ഭൂമി സൂര്യനെ ചുറ്റുന്നു എന്ന്  നമുക്കറിയാം,അതുപോലെ  ചന്ദ്രൻ ഭൂമിയെയും ചുറ്റുന്നുണ്ട്. എന്നാൽ ശെരിക്കും ചന്ദ്രനും ഭൂമിയും ഒക്കെ അവരുടെ പങ്കാളിയുമായുള്ള ഗുരുത്വ കേന്ദ്രത്തെ(സെന്റര് ഓഫ് മാസ്സ് ) ആണ് ചുറ്റുന്നത്. അതായതു സൂര്യനെയും ഭൂമിയെയും നോക്കിയാൽ അവ രണ്ടും ചേർന്നുണ്ടാകുന്ന ഗുരുത്വ കേന്ദ്രത്തെയാണ് ഭൂമി ചുറ്റുന്നത് . ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ കേന്ദ്രം സൂര്യന്റെ ഉപരിതലത്തിനു ഉള്ളിൽ, സൂര്യന്റെ കേന്ദ്രത്തിനോട് വളരെ അടുത്താണ്. അതുകൊണ്ടു സൂര്യനെ ഭൂമി ചുറ്റുന്നതായി നമുക്ക് തോന്നുന്നു.  ചന്ദ്രന്റെയും ഭൂമിയുടെയും കാര്യത്തിലും ഇത് തന്നെ ആണ് സംഭവിക്കുന്നത്. ഇവിടെ ഗുരുത്വ കേന്ദ്രം ഭൂമിക്കുള്ളിൽ ആണ് . അതുകൊണ്ടു ചന്ദ്രൻ ഭൂമിയെ ചുറ്റുന്നു.

ചന്രന്റെയും ഭൂമിയുടെയും ഗുരുത്വകേന്ദ്രം ഭൂമിയുടെ ഉപരിതലത്തിനു പുറത്തായിരുന്നെങ്കിൽ എന്താകുമായിരുന്നു. (അങ്ങനെ സംഭവിക്കണമെങ്കിൽ ആദ്യമേ ചന്ദ്രന് ഭൂമിക്കുള്ളിൽ നിന്നും ഗുരുത്വ കേന്ദ്രത്തെ പിടിച്ചു വെളിയിൽ ഇടാൻ വീണ്ടും ഉള്ള  മാസ്സ് (പിണ്ഡം) ഉണ്ടാവണം.). ഈ അവസ്ഥയിൽ ഭൂമിയും ആ ഗുരുത്വ കേന്ദ്രത്തെ ചുറ്റേണ്ടതായി വരും.

ഇങ്ങനെ ഒരു സംഭവം സൗരയൂഥത്തിൽ തന്നെ  ശെരിക്കും സംഭവിക്കുന്നുണ്ട്. സൂര്യന്റെയും വ്യാഴത്തിന്റെയും കാര്യത്തിൽ,  വ്യാഴത്തിന്റെ അസാമാന്യ വലുപ്പം കാരണം സൂര്യന്റെയും വ്യാഴത്തിന്റെയും പൊതു ഗുരുത്വ കേന്ദ്രം സൗരോപരിതലത്തിനു വെളിയിൽ ആണ്.
ഇതു കാരണം  സൂര്യനും ആ ഗുരുത്വ കേന്ദ്രത്തെ ചുറ്റി കറങ്ങേണ്ടി  വരുന്നു.
സൂര്യനും, വ്യാഴവും ഈ ഒരു പൊതു ബിന്ദുവിനെ ആണ് ചുറ്റുന്നത്.

ടെക്‌നിക്കലി പറഞ്ഞാൽ വ്യാഴം സൂര്യനെ അല്ല ചുറ്റുന്നത് .. എന്താ മാസ്സ് അല്ലെ ?

ഫെബ്രുവരി 28 ശാസ്ത്ര ദിനം






 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

2019 ഫെബ്രുവരി 28, വ്യാഴാഴ്‌ച

പ്രണയത്തിൻറെ മറുകര

നിന്നിലൂടെ ഒഴുകുന്ന ഒരിക്കലും വറ്റാത്ത നദിയാണ് എന്റെ പ്രണയം. അതിൽ തുഴ നഷ്ടപ്പെട്ട തോണിയിൽ, ഒരു അന്തവും കുന്തവുമില്ലാതെ ഇരിക്കയാണ് ഞാൻ.
ചുറ്റും പ്രണയമുള്ളപ്പോൾ എന്തിനാണ് തുഴ.. പഞ്ചാരച്ചാക്കിൽ കയറിയ ഉറുമ്പിന്റെ അവസ്ഥ .
എല്ലാം നമ്മളാണ്.. വെറും നമ്മളല്ല.  ഒരൊന്നൊന്നര സംഭവം.

എന്നാലും നമുക്കൊന്നിച്ചു ഒരിക്കൽ മറുകര എത്തണം ,  ചുമ്മാ വീണ്ടും  തിരിച്ചു സഞ്ചരിക്കാൻ, വീണ്ടും അലയാൻ നമ്മളൊന്നായിടത്തേക്കെത്തി ഒരു പൂവർപ്പിച്ചു  തൊഴാൻ..






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2018 ഒക്‌ടോബർ 14, ഞായറാഴ്‌ച

പ്രതികാരം

പെയ്തുകൊണ്ടിരുന്ന മഴക്കിടയിലൂടെ ആണ് മിന്നൽചാടി വീണത്‌ .വെട്ടവും ഒച്ചയും ഒരുമിച്ചായിരുന്നു. കാറ്റൊരു നിമിഷം ഞെട്ടി  നിന്നു, ഒഴുകിപ്പോയ മഴത്തുള്ളികളും ആ വെളിച്ചം കണ്ടു തെല്ലൊന്നു തിരിഞ്ഞു നോക്കി.

ആ വെളിച്ചത്തിലാണ് നമ്മൾ ഒരു റെയിൽ പാളത്തിനു അരികിലൂടെ ആണ് കടന്നു പോകുന്നതെന്ന് അറിയാൻ കഴിഞ്ഞത്. മിന്നലിന്റെ വെളിച്ചത്തിൽ നീണ്ടു പോകുന്ന വെള്ളിവരകൾ പോലെ പാളങ്ങൾ,  അടുത്ത നിമിഷത്തിലെ അന്ധകാരത്തിലും കണ്ണിൽ നിന്ന് മായാതെ തിളങ്ങി നിന്നു.

ചില കാഴ്ചകൾ അങ്ങനാണ്,  കരന്റ്  പോയാലും തിളങ്ങി നിൽക്കുന്ന ടെലിവിഷൻ പോലെ.

അതിനിടയിൽ നമ്മൾ കാണാതിരുന്ന ഒരു കാര്യമുണ്ട്. നമുക്കു മുന്നിലൂടെ നടന്നു പോയിരുന്ന ആ ചെറുപ്പക്കാരൻ എങ്ങോട്ടു തിരിഞ്ഞു എന്ന്.  നമുക്ക് മുന്നോട്ടു പോകാം അയാളെ വിട്ടു പോകാൻ ആവില്ലല്ലോ.

വാർ ചെരുപ്പടിച്ചടിച്ചു അയാൾ നടക്കുന്ന ശബ്ദം തെല്ലടുത്തു നിന്ന് തന്നെ കേൾക്കാം. വലത്തോട്ട് തിരിഞ്ഞെന്നു തോന്നുന്നു. ഒരു കുട പോലും ചൂടാതെ, മഴയെ തെല്ലും വക വെക്കാതെ, ഉറച്ച കാലടികളുമായി.


ദൂരെ മങ്ങിയ വെളിച്ചത്തിൽ ഒരു വീട് കാണുന്നുണ്ട്,

അടുത്തേക്കു  ചെല്ലുന്തോറും, കൂടുതൽ വ്യക്തമായി വരുന്നു.  അതൊരു വീടായിരുന്നില്ല,  പാടവരമ്പത്തു നോട്ടത്തിനു കെട്ടും പോലുള്ള ചെറിയ ഒരു ഏറുമാടം. ഒറ്റ റാന്തൽ വെളിച്ചത്തിൽ അതിനകം പ്രകാശമാനമായിരുന്നു. അടുത്തെങ്ങും മറ്റു വെളിച്ചങ്ങൾ ഉണ്ടായിരുന്നില്ല,  ഇരുൾ കൊണ്ട് വേലി കെട്ടയ ഒരു വലിയ പുരയിടം പോലെ തോന്നിച്ചു അതിപ്പോൾ.

അയാൾ അതിലേക്കു വലിഞ്ഞു കയറി. കാൽ പുറത്തേക്കു നീട്ടി ഇരുന്നു. റാന്തൽ വിളക്കിന്റെ തിരി തിരിച്ചു കുറച്ചു കൂടി താഴ്ത്തി. ചുറ്റുമുള്ള ഇരുൾ വേലി അനുസരണയോടെ കുറേകൂടി അരികിലേക്ക് വന്നു നിന്നു. റാന്തലിൽ നിന്ന് കൈ എടുക്കുമ്ബോൾ അയാൾ കയ്യിലേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ രണ്ടു കയ്യും ചേർത്ത് വച്ച്  അതിൽ മുഖം  ചേർത്ത് ഇരുന്നു.

അരൂപികളായ നമുക്ക് അത് കണ്ടു നിൽക്കാനേ കഴിയുമായിരുന്നുള്ളൂ.
വരട്ടെ,
ഇനി നമുക്കൊന്നു തിരിച്ചു പോകാം വന്ന വഴിയേ അല്ല, പിന്നിട്ട സമയത്തിലേക്ക്.

(തുടരും)




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


ഒളിവിൽ

ഞാൻ ഒളിവിലാണ്, എല്ലാത്തിനേക്കാൾ എന്നെ ഒളിച്ചാണു താമസിക്കുന്നത്.  ഓരോ എഴുത്തും ഒരു ഒളിച്ചോട്ടമാണ്. അന്ത:സത്ത പുറത്തു കാണിക്കാതെ, അറിയാത്ത ഒരുപാട് സാഹിത്യങ്ങൾ കോണ്ടൊരു പുകമറ സൃഷ്ടിക്കലാണ്.





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2018 ജൂലൈ 5, വ്യാഴാഴ്‌ച

നാൻ പെറ്റ മകനെ..

കൂരിരുളുള്ളിൽ  കുമിഞ്ഞുകൂടുമ്പോൾ 
മാനുഷർക്കുണ്ടോ മതഭ്രാന്തു തിരിയുന്നു..
മുഴുവയർ കാണാത്ത പട്ടിണികോലത്തിൻ 
ഇടനെഞ്ചു ചോരും ചുടുചോര തിരിയുന്നു.

ഇന്നവർ കണ്ടിച്ചതിന്നിന്റെ മൊട്ടിനെ  
നാളേക്ക് വിരിയേണ്ട പുഷ്പത്തിനെ.
ആ ചാരത്തിലേക്കവർ നോക്കി നെടുവീർപ്പിടും 
തീർന്നെന്നു തെല്ലൊന്നാശ്വസിക്കും .

നാൻ പെറ്റ മകനെ, നീ മരിക്കുന്നില്ല,
ഇനിവരും വിപ്ലവത്തിന്നു തിരിയായി
അഗ്നിയായ് മേലോട്ടുയരും  
ആകാശമാകെ ചുവക്കും 
അതിൽ നീ  തീനാളമായി സ്ഫുരിക്കും 
ചോരചുവപ്പാർന്ന തീനാളം.
കൈവെട്ടുവോരും,
 ഇടനെഞ്ചു കുത്തി തുറക്കുവോരും 
അതിലേക്കൊരു നോക്കു നോക്കാൻ ഭയക്കും.

മതത്തിൽ നുരക്കുമീ-
പുഴുക്കൾ മരിക്കും 
കഴുകനും വേണ്ടാതഴുക്കും.

ആയിരം ചെങ്കൊടികൾക്കൊരു
രക്ത താരമായ്  നീ വഴി കാട്ടും.
ഇന്നിന്റെ തെറ്റിനെ വാക്കാലെതിർത്ത നീ 
നാളത്തെ നേരിൻ പ്രതീകമാകും.







 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


  
  





2018 മേയ് 31, വ്യാഴാഴ്‌ച


"ഞാനിത്തിരി ഒറ്റക്കിരിക്കട്ടെ.. എന്റെ തല ഇപ്പൊ പൊട്ടിത്തെറിക്കും"
രണ്ടു കൈകൾ  കൊണ്ടും മുഖം മറച്ചു കൊണ്ടാണ് അവളതു പറഞ്ഞത്, പോകാൻ ഞാൻ തയ്യാറല്ലായിരുന്നു.

ഞാൻ അവളുടെ കൈകൾ മുഖത്തു നിന്ന് അടർത്തി മാറ്റി, അവൾ ആവും വിധം എതിർത്തു. എന്റെ കൈകളിൽ ചൂടുള്ള കണ്ണ് നീർ പടർന്നു. അവൾ കരയുകയായിരുന്നു.

"നിമ്മി", ഞാൻ വിളിച്ചു .  ശബ്ദം പക്ഷെ പുറത്തു വന്നില്ല.. ഞാനും ഒരു ഷോക്ക്‌ ഏറ്റത് പോലെ ആയിരുന്നു. എന്റെ തൊണ്ട ആ ഒറ്റ നിമിഷം കൊണ്ടു വരണ്ടുണങ്ങി പോയിരുന്നു.

കുറച്ചു മിനിട്ടുകൾക്ക് മുന്പ്, എത്രയധികം സന്തോഷത്തോടെ ആണ് അവൾ ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേക്കു പോയത്, അതും എന്നെ കളിയാക്കി ചിരിച്ചും കൊണ്ട്.

കോളേജിലെ ഫൈനൽ ഇയർ,  ക്ലാസ്സിൽ ഹാജർ നിർബന്ധമില്ലാതിരുന്ന ഒരു സ്റ്റഡി ലീവ് നു, ഞങ്ങൾ കുറച്ചു പേർ മാത്രമേ അന്ന് ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ. അവൾ എന്റെ ഡിസ്കിൽ ആണ് ഇരുന്നെ.. ഞാൻ ബെഞ്ചിലും. പുസ്തകങ്ങളെ ഒക്കേം മറന്നു സംസാരിക്കുകയായിരുന്നു.. പുറത്തുകൂടി പോയ ഫസ്റ്റ് ഇയർ പെണ്കുട്ടിയെ വായ്‌ നോക്കിയതിനു എന്നെ കണക്കിന് കളിയാക്കികൊണ്ടിരുന്നപ്പോൾ ആണ് അവളുടെ ഫോൺ റിംഗ് ചെയ്തത്. ഞാൻ നോക്കും മുന്നേ ഫോണും എടുത്തു അവൾ പുറത്തേക്ക് പോയി..

കുറച്ചധികം നേരമെടുത്തു അവൾ തിരിച്ചെത്താൻ.

അവൾ തിരികെ വരുന്പോൾ തിരിച്ചെന്തെങ്കിലും പറയാൻ ഞാൻ ഒരുങ്ങി ഇരിക്കുകയായിരുന്നു. അവൾ മിണ്ടാതെ, എന്നെ നോക്കുക പോലും ചെയ്യാതെ സ്വന്തം സീറ്റിലെക്ക്  നടന്നു.
"ഡി പൂച്ചക്കണ്ണി, ഇങ്ങോട്ട് വായോ", ഞാൻ വിളിച്ചു.

"നിന്റെ മറ്റവൻ ആണോ വിളിച്ചേ?" ഞാൻ വിടാൻ ഭാവം ഇല്ലാ.
 അവൾ നോക്കിയില്ല.
"അവൻ പറഞ്ഞോ എന്നോട് മിണ്ടണ്ട എന്ന്?"

ഇത്തവണ അവൾ തിരിഞ്ഞു നോക്കി, വല്ലാത്ത ഒരു ഭാവം. അവളുടെ ഡിസ്കിൽ ഇരുന്ന പെൻസിൽ ബോക്സ്‌ എടുത്തു എന്റെ നേരെ എറിഞ്ഞു. അത് ഭിത്തിയിൽ അടിച്ചു നാല് പാടും ചിതറി.


അവ ഓരോന്നും വാരി എടുത്ത് ബോക്സിൽ ഇട്ടു, അതുമായി ഞാൻ അവളുടെ അടുത്തേക്ക് ചെന്നതാണ്.
എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറി മറഞ്ഞത്.

പൊരി വെയിലത്ത്‌ മാനം ഇരുണ്ടു കൂടി പെട്ടെന്ന് ഒരു മഴ വരും പോലെ.  ആ മഴക്കാറിനു താഴെ ഞങ്ങൾ ഒറ്റപ്പെട്ടു പോയത് പോലെ തോന്നി എനിക്കു.
അവൾ കരയുകയാണ്.  ഇതിപ്പോ എന്തിനാണാവോ, ആരാവും വിളിച്ചത്. അവളുടെ മൂഡ്‌ നോക്കാതെ  കളിയാക്കേം ചെയ്തു. മുഖം കണ്ടു മൂഡ്

"എന്താ? എന്ത് പറ്റി ? ",  ചോദിക്കണമെന്നുണ്ടായിരുന്നു.
പക്ഷെ അവളോട് ഒന്നും ചോദിക്കാറില്ലായിരുന്നു ഞാൻ ഒരിക്കലും.
പേർസണൽ ആയ ഒരു കാര്യവും ചോദിക്കരുത്.. അങ്ങനെ ഒരു നിർബന്ധം ഉണ്ടാരുന്നു അവൾക്ക്,  അവളുടെ ഫ്രണ്ട്ഷിപ് നിയമപുസ്തകത്തിലെ ഒന്നാമത്തെ പൊട്ട നിയമം.  ഞാൻ ഒരിക്കലും അത് തെറ്റിക്കാതിരുന്നതിനാലാവണം ഞങ്ങൾ തമ്മിൽ ഈപ്പോഴും ഒരു എടി പോടാ ബന്ധം നിലനിൽക്കുന്നത്.  മൂന്നു വർഷം ഫ്രെണ്ട്ഷിപ്പൊക്കെ അവളുടെ ലൈഫിൽ എവറെസ്റ് പോലെ ആണ്. രണ്ടാഴ്‌ചയിൽ കൂടുതൽ ആർക്കും അവളെ സഹിക്കാൻ പറ്റില്ല, അല്ലേൽ അവൾക്കു പറ്റില്ല.

ഞാൻ അവളുടെ അടുത്ത് തിക്കി തിരക്കി, ഇത്തിരി ഇടമുണ്ടാക്കി ബെഞ്ചിൽ ഇരുന്നു.


കനത്ത മൗനം കാർമേഘം പോലെ അപോഴും മൂടി നിൽക്കുകയായിരുന്നു.


tbc



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2018 ജനുവരി 9, ചൊവ്വാഴ്ച

അന്വേഷണം


എപ്പോഴും വലിയവർക്കുള്ള ക്ലാസ്സിൽ പറയുന്ന, നമ്മൾ ഫോൺ വീളിക്കുമ്പോൾ ഓർമ്മിക്കേണ്ട ഒരു കാര്യമാണ്.
നമ്മൾ പലപ്പോഴും മെസേജുകൾ അയച്ചു വിവരം കൈ മാറുന്നവരാണ്. രണ്ടുപേർ ചാറ്റ് ചെയ്യുമ്പോൾ, വിവരം കൈമാറ്റം നടക്കുന്നു എങ്കിലും, വീട്ടിൽ മറ്റുള്ളവരുമായി ആശയവിനിമയം വിനീമയം നടത്താനുള്ള ചാന്സ് കുറവാണ്. അതുകൊണ്ട് ഇടക്കെങ്കിലും ചാറ്റ് ചെയ്യാതെ, ഫോൺ വിളിക്കണം.

ഇനി ഫോൺ വിളിക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
 നമ്മൾ ഒരാളെ ഫോൺ വിളിക്കുമ്പോൾ, ആ ആളുടെ വീട്ടിൽ നമ്മെ അറിയുന്ന പ്രായമായ  ഒരാൾ ഉണ്ടെങ്കിൽ ഉറപ്പായും അദ്ദേഹത്തിന്റെ സുഖവിവരം അന്വേഷിക്കണം. പറ്റുമെങ്കിൽ പ്രായമായ ആ ആളോടു രണ്ടു വാക്ക് സംസാരിക്കണം.

നമ്മൾ എപ്പോഴും വിട്ടു പോകും. കാരണം നമ്മൾ നമ്മൾക്കു വിളിക്കാനുള്ളവരെ മാത്രം വിളിച്ചു ഉള്ള കാര്യം പറഞ്ഞു ഫോൺ വയ്ക്കും തിരക്കാണ് എല്ലാർക്കും.  നമ്മളൊക്കെ ജോലിസംബന്ധമായോ പഠിക്കാനോ ഒക്കെ പുറത്തു പോകുമ്പോൾ മിക്കവാറും വീട്ടിലേക്കുള്ള വിളി തന്നെ കുറയും. വിളിക്കുമ്പോൾ തന്നെ അമ്മയോടും അച്ഛനോടും സംസാരിച്ചു ഡിസ്കണെക്റ്റ് ചെയ്യുന്നതിനിടയിൽ അമ്മൂമ്മയെയും അപ്പൂപ്പനെ യുടെ വിട്ടു പോകും.

അമ്മയും അച്ഛനും വിവരങ്ങളൊക്കെ അവരോടു പറഞ്ഞുകൊള്ളും. അതു ശരിയാണ്.
പക്ഷേ വീട്ടിൽ ഒരു കാൾ വരുമ്പോൾ അതു തീരും വരെ നമ്മുടെ ശബ്ദം കേൾക്കാൻ അല്ലെങ്കിൽ നമ്മൾ അവരെപ്പറ്റി ചോദിക്കുന്നതു കേൾക്കാൻ കാതോർത്തു ഇരിക്കയാവും ആ അപ്പാപ്പനും അമ്മാമ്മയും. പ്രായമാകുമ്പോൾ അവരെ ആരും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നൊരു തോന്നലുണ്ടാകും. നമ്മൾ ഫോണിൽ രണ്ടു വാക്കു പറയുന്പോൾ, അല്ലെങ്കിൽ അവരെ തിരക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം അതിരില്ലാത്തതാണ്.

അതുകൊണ്ട് ഇനി മുതൽ നമ്മൾ ആരെ വിളിക്കുമ്പോഴും അങ്ങേ തലക്കൽ അടുത്തു പ്രായമായ ഒരാളുണ്ടെങ്കിൽ ഉറപ്പായും അയാളുടെ വിവരങ്ങൾ അന്വേഷിക്കണം, പറ്റിയാൽ രണ്ടു വാക്കു സംസാരിക്കണം.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2017 ജൂലൈ 8, ശനിയാഴ്‌ച

പെണ്ണ്

മഴ മാറി മാനം തെളിഞ്ഞിര്ന്ന്‌,
കാടെല്ലാം പൂക്കൾ നിറഞ്ഞിര്ന്ന്
പൂക്കൈത പൂത്ത മണം പരന്ന്,
പെണ്ണന്നാകെയും നാണത്തിലായിര്ന്ന്.

കവിൾത്തടം രണ്ടും ചുവന്നിര്ന്ന്‌,
നല്ല നീലക്കടക്കണ്ണ് കൂമ്പിനിന്ന്,
മാരൻ്റെ മാറിലായ്‌ ചേർന്ന്‌ നിന്ന്,
പെണ്ണു മെല്ലെ ചിണുങ്ങി ചിരിച്ചിര്ന്ന്.


മൈനകൾ രണ്ടെണ്ണം പാറി വന്ന്
പൂത്ത മരക്കൊമ്പിൽ ചേർന്നിരുന്ന്
ചുണ്ടുകൾ തമ്മിലുരുമ്മി നിന്ന്
പെണ്ണതു കണ്ടാകേ ചൂളി നിന്ന്.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.



2017 ജൂൺ 5, തിങ്കളാഴ്‌ച

പദം



ചന്ദ്രികാവരപ്രസാദമായ്
ചന്ദന ഗന്ധമോലും സഖീ..


മന്ദഹാസം ചൊരിഞ്ഞു നീ നിൽക്കെ
മന്ദമാരുതൻ ചാരത്തണഞ്ഞപോൽ
ഇന്ദ്രിയങ്ങളെല്ലാം നിന്റെ ഇന്ദീവരനയനങ്ങളിൽ
അഷ്ടപദീരസം തേടി

ചന്ദ്രികാവരപ്രസാദമായ്

ചന്ദന ഗന്ധമോലും സഖീ..
സഖീ.......





 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

2017 ഫെബ്രുവരി 4, ശനിയാഴ്‌ച

ഏകാന്തം

വിരഹ വേഗത്താൽ വിജനമാമീ കൊച്ചു,
 കുടിലിൽ ഞാനൊറ്റക്കിരുന്നു പാടുന്നു.

അകലെയാഴത്തിലാണ്ടുപോം സ്വപ്നങ്ങള-
 റിയുമെങ്കിലും കാണാതെ മായുന്നു.

ഉയിരിലെന്നോ തുരുമ്പിച്ച ജീവന്റെ-
 ചിറകുകളറ്റു മണ്ണിൽ കിടക്കുന്നു.

ഒരു തരി പൊൻ നിലാവെളിച്ചതിനെ
ഓർമയായി മാത്രം നെഞ്ചിലൂന്നിക്കൊണ്ടു

കനവു കാണുവാനാകാതെ കണ്ണിലെ
പ്രഭ മയങ്ങുവാൻ കാത്തിരിക്കുന്നു ഞാൻ..

ഓർമ്മയിലുണ്ട് നീയേകിയൊരായിരം
ചുംബനങ്ങൾ തൻ നിശ്വാസവീഥീകൾ..
ആർത്തിരമ്പും നിന്നിലേക്കന്നു ഞാൻ
ആഴ്ന്നിറങ്ങി അലിഞ്ഞു പോം ആർദ്രത..
(tbc )





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2017 ജനുവരി 30, തിങ്കളാഴ്‌ച

അപരാജിത

അപരാജിത, ആർക്കും തോല്പിക്കാനാകാത്തവൾ.
അവൾക്കു സ്വയം തോൽക്കാൻ ഇഷ്ടമായിരുന്നു,
സ്നേഹത്തിനു മുന്നിൽ.



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2016 ജൂൺ 6, തിങ്കളാഴ്‌ച

വിരഹം

നീലക്കടലിൽ നിന്നിത്തിരി പൊക്കത്തി -
ലൊത്തിരി പേർ ചേർന്നു വാഴുമീ ഭൂമിയിൽ,
ഒരു വേള നാം തമ്മിലറിയാതിരുന്നെങ്കിൽ..
ആയിരം വഴികളെ തേടി പറന്നെങ്കിൽ!

ആകാശ നീലിമയിലോരോ കിനാവിന്റെ
ചിറകേറി നീങ്ങുന്ന മുകിൽ പോലെ നമ്മളും
എവിടെയോ പെയ്തു തീർന്നുയിർ വെടിഞ്ഞെങ്കിൽ..
നിൻ കണ്ണിലെന്നെ ഞാൻ കാണാതിരുന്നെങ്കിൽ!

മേടക്കണിക്കൊന്ന പൂത്തു നിൽക്കേ പുലർ-
കാലത്തു കാവിലെക്കൽപ്പടവിങ്കൽ  നിൻ-
പാദങ്ങൾ പുൽകും പൊഴിഞ്ഞ സുമങ്ങളിൽ
എൻ ദേഹിയെന്നെ വിട്ടലിയാതിരുന്നെങ്കിൽ!

ഒരു വേള നാം തമ്മിലറിയാതിരുന്നെങ്കിൽ..
ആയിരം വഴികളെ തേടി പറന്നെങ്കിൽ!


ജീവന്റെയോളങ്ങളിൽ നീങ്ങുമൊരു പൊങ്ങു തടി -
പോലെയെവിടെയോ മരണ തീരത്തടിഞ്ഞിരിക്കാം..
ജീവിച്ചിരിക്കിലും മൃതിയടഞ്ഞുടലിന്റെ തടവറയി-
ലെന്തിനെന്നറിയാതെ സ്വപ്നങ്ങളില്ലാതെ പിടഞ്ഞിരിക്കാം..

അല്ലെങ്കിലോരുവേള യവനപുഷ്പത്തിലുന്മാദ-
മടരാതെ മധു നുകർന്നാമോദമുല്ലസിക്കും-
ഭ്രമരമായേതോ  മുളന്തണ്ടിലീണം പകർന്നൊടു -
വിലാ ശ്രുതിയിലെന്നെ   മറന്നലിഞ്ഞിരിക്കാം

അന്തമില്ലാതെ നീളുമീ സമയധാരയിൽ
തിരിഞ്ഞു നോക്കും നേരമിനിയും മരിക്കാതെ -
യോർമയായ്‌ നീയെന്നിലിന്നു നിറയവേ,  രണ്ടിറ്റു-
മിഴി നീരു കൊണ്ട് ഞാൻ നിന്നെ വരവേൽക്കവേ,
പ്രണയത്തിലും പിന്നെ വിരഹത്തിലും,
നീ മാത്രമാണെന്റെ സ്വർഗം.






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.