2019 ഫെബ്രുവരി 28, വ്യാഴാഴ്‌ച

പ്രണയത്തിൻറെ മറുകര

നിന്നിലൂടെ ഒഴുകുന്ന ഒരിക്കലും വറ്റാത്ത നദിയാണ് എന്റെ പ്രണയം. അതിൽ തുഴ നഷ്ടപ്പെട്ട തോണിയിൽ, ഒരു അന്തവും കുന്തവുമില്ലാതെ ഇരിക്കയാണ് ഞാൻ.
ചുറ്റും പ്രണയമുള്ളപ്പോൾ എന്തിനാണ് തുഴ.. പഞ്ചാരച്ചാക്കിൽ കയറിയ ഉറുമ്പിന്റെ അവസ്ഥ .
എല്ലാം നമ്മളാണ്.. വെറും നമ്മളല്ല.  ഒരൊന്നൊന്നര സംഭവം.

എന്നാലും നമുക്കൊന്നിച്ചു ഒരിക്കൽ മറുകര എത്തണം ,  ചുമ്മാ വീണ്ടും  തിരിച്ചു സഞ്ചരിക്കാൻ, വീണ്ടും അലയാൻ നമ്മളൊന്നായിടത്തേക്കെത്തി ഒരു പൂവർപ്പിച്ചു  തൊഴാൻ..






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2019 ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ദൈവം ഇല്ലാതാകുമ്പോൾ..

ഇല്ലാത്ത ദൈവത്തിനെ തള്ളിപ്പറയാൻ ഇപ്പോഴും പേടിയാണ്... കാരണം ആ ഒരു വിടവ് നികത്താൻ മറ്റെന്തിനെ കൊണ്ട് സാധിക്കും?
ദൈവം ഇല്ലെന്നു വിശ്വസിക്കുന്ന സമയം മുതൽ ഞാൻ ഒറ്റയ്ക്കാണ്.. ദുഃഖങ്ങൾ ചാരി വയ്ക്കാൻ ഒരു വിധിയും അതുപോലെ സന്തോഷങ്ങൾക്ക് കടപ്പാട് കാണിക്കാൻ ഒരു ഉടമസ്ഥനും നമുക്ക് നഷ്ടമാകും.

ആരോ പറഞ്ഞു തന്നിരുന്ന ജോലി മാത്രം ചെയ്യുന്ന ഒരു സാധാരണ ജോലിക്കാരൻ അല്ലെങ്കിൽ ഒരു സർക്കാർ ജോലിക്കാരൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നതു പോലെയാണ് ഇത്. കാരണം ആ നിമിഷത്തിൽ ഓരോ തീരുമാനവും താൻ ഒറ്റയ്ക്കാണ് എടുക്കുന്നതെന്ന സത്യം അയാൾ തിരിച്ചറിയുന്നു. ഓരോ തീരുമാനത്തിലും അതിൻറെതായ് വിധി അയാളെ കാത്തിരിക്കുന്നു. ആ വിധിക്ക് പഴിക്കാൻ ഒരു അദൃശ്യശക്തി ഇല്ലാതിരിക്കുന്ന അവസ്ഥയിൽ അയാൾ ശരിക്കും ഒറ്റയ്ക്കാണ്.
തനിക്കു സംഭവിക്കുന്ന ഒരു ദുരിതത്തിനും പഴിക്കാൻ അയാൾക്ക് വാസ്തുവും ഗ്രഹങ്ങളും സമയവും  പാപങ്ങളും, ദൈവകോപവും ഇല്ലാതാകുന്നു.

അതൊരു ശൂന്യതയാണ്. ഒരുപാടു ഉത്തരവാദിത്തങ്ങൾ സ്വന്തം ചുമലിലേക്ക് എത്തിക്കുന്ന ശൂന്യത. ഇതുതന്നെയാണ് ഒരുപാട് സത്യം മനസ്സിലാക്കിയാലും. കണ്ടുവളർന്ന ഓർമയില്ലാത്ത പ്രായത്തിൽ തന്നെ മനസ്സിൽ പടർന്നുകയറിയ ദൈവത്തെ പറിച്ചു കളയുമ്പോൾ ഉണ്ടാകുന്ന ശൂന്യത.
അതെല്ലാം അവിടെ തന്നെ ഇരുന്നോട്ടെ എന്നു സ്വയം ചിന്തിപ്പിക്കുന്ന നിസ്സഹായാവസ്ഥ.



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2019 ജനുവരി 23, ബുധനാഴ്‌ച

അത്രയും


നിന്നോളം നീറിയിട്ടില്ലൊരു വേദന
നിന്നിലും ഉന്മത്തമല്ലൊരാനന്ദവും
നിന്നോളമിത്രയ്ക്കനാഥമാക്കുന്നില്ല
മറ്റൊരസാന്നിധ്യമായുസ്ഥലികളെ...
നിന്നോളമെന്നാല്‍ നിറഞ്ഞിരിക്കുന്നില്ല
മറ്റൊരു ജീവദ്രവം കോശതന്തുവില്‍..
നിന്നോളമത്രയ്ക്കടുത്തല്ല നാഡികള്‍..
നിന്നിലും ദൂരെയല്ലൊറ്റ നക്ഷത്രവും..
നിന്നോളമത്ര പരിചിതമല്ലെനി
ക്കെന്നും കുടിക്കുന്ന തണ്ണീര് കൂടിയും.
നിന്നോളമുള്ളൊരു ദാഹമെരിഞ്ഞതി-
ല്ലന്നനാളത്തിന്റെ ആഗ്നേയ വീഥിയില്‍..
നിന്നിലും വേഗത്തില്‍ നീരാവിയാക്കുന്ന-
തില്ലൊരു സൂര്യനുമെന്റെ ശൃംഗങ്ങളെ
നിന്നിലും മീതെ ഉണര്‍ത്തുന്നതില്ലൊരു
പൗര്‍ണമി ചന്ദ്രനുമെന്‍ സമുദ്രങ്ങളെ..
നിന്നിലുമാഴത്തിലെത്തുന്നതില്ലെന്റെ
മണ്ണില്‍ മഴത്തുള്ളിയൊന്നുമെന്നാകിലും
നിന്നോളമുള്ളം കരിയിക്കുമാറെങ്ങു-
മിന്നോളമെത്തിയിട്ടില്ലൊരു വേനലും..

-റഫീക്ക് അഹമ്മദ്




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.