- ഹൈക്കു (64)
- നിലയില്ലാക്കയം (ചിന്തകൾ ) (56)
- പലവക (50)
- നേരം പോക്കുകൾ (കഥകൾ) (19)
- പാടാൻ കൊതിച്ചവ (18)
- കടമെടുത്തവ (7)
2025 ഒക്‌ടോബർ 6, തിങ്കളാഴ്‌ച
2025 ഏപ്രിൽ 3, വ്യാഴാഴ്‌ച
മഴ ഇന്ന് നന്നായൊന്നു പെയ്തു ഓർമകളെ ഒഴുക്കി കളയുകയല്ല , പൊടി കഴുകി കൂടുതൽ വ്യക്തമാക്കുകയാണ് ഓരോ മഴയും.മനസ്സൊന്നു പിടഞ്ഞപ്പോൾ വീണ്ടും അക്ഷരങ്ങളെ തേടിപിടിക്കുകയാണ്
വിങ്ങൽ മാറ്റാൻ മറ്റൊരു വഴിയുമില്ലെന്നു പണ്ടേ മനസ്സിലായതാണ്.
ഓർമ്മകൾ ആർദ്രമാക്കിയ മനസ്സ് പിടയുമ്പോൾ
നിറഞ്ഞു കവിഞ്ഞ കണ്ണീരൊപ്പാൻ ഒരു മഴ പെയ്യണം
തണുത്ത മഴവെള്ളം ചുറ്റും നിറയുമ്പോൾ ,
ചൂടേറിയ വിങ്ങൽ താനേ അടങ്ങുമല്ലോ
2024 മേയ് 13, തിങ്കളാഴ്‌ച
നമ്മുടേത് മാത്രമായിരുന്ന ഓരോ ഇടങ്ങളും
മനസ്സിന്റെ ഉള്ളറകൾ പോലും
നമുക്കന്യമാകുന്നു.
ഉള്ളിന്റെയുള്ളിൽ ആശയങ്ങളും,
തൂലികകളിൽ മഷിയും
അവയിൽ വാക്കുകളും വറ്റി വരളുന്നു.
പ്രണയമില്ലാത്തവരായി പെയ്ത്തില്ലാത്തവരായി, നമ്മൾ നാം ചവിട്ടി നിന്നിടത്തു തന്നെ ഇല്ലാതാവുന്നു.
നിഴലില്ലാത്തവരാവുന്നു.
നാം നടന്ന കാൽപ്പാടുകളിലൂടെ നമ്മെ പിൻതുടർന്നവർ എവിടെയൊക്കെയോ വച്ചു വഴിമാറിപ്പോയിരിക്കുന്നു.
2023 നവംബർ 15, ബുധനാഴ്‌ച
യക്ഷി!
സകല സ്ത്രീ സൗന്ദര്യത്തെയും ആവാഹിച്ചെടുത്ത ഒരു പ്രേത സങ്കൽപം!
വശ്യതയാർന്ന മന്ദഹാസത്തിൽ, പേടിപ്പെടുത്തുന്ന മരണത്തെപ്പോലും പ്രണയിക്കാൻ തോന്നിപ്പിക്കുന്നവൾ. ഏതേതു കവികൾ ഏതേതു ഭാഷയിൽ സൃഷ്ടിച്ചതെങ്കിലും, അവൾ ഒരു അത്ഭുതം തന്നെയാണ്.
ചുറ്റും മൂളുന്ന, മടുപ്പുളവാക്കുന്ന നിശ്ശബ്ദതയിൽ, രാത്രിയുടെ വിരസതയിൽ, ഒറ്റയ്ക്ക്, ആത്മാവിനെ പോലും നഷ്ടപ്പെട്ടു കിടക്കുമ്പോഴാണ്, ആദ്യമായി ഞാൻ അവളെ കണ്ടത്.
ഇണയൊഴിഞ്ഞു പോയ എന്റെ കട്ടിലിന്റെ കാൽക്കൽ എന്നിലേക്ക് ഉറ്റുനോക്കി ഇരിക്കുകയായിരുന്നു. എത്ര നേരം അവൾ അവിടെ ഉണ്ടായിരുന്നു എന്നെനിക്കറിയില്ല. ഉറങ്ങിയുണർന്ന ഞാൻ എന്റെ ഉള്ളിൽ നിന്നും കണ്ണുകളെ പുറത്തേക്കു പറിച്ചു നട്ടപ്പോൾ ആദ്യം അവ ഉടക്കി നിന്നതു അവളിലായിരുന്നു.
സ്വപ്നമാണെന്നാണാദ്യം കരുതിയത്! ഞാൻ കാണാൻ കൊതിച്ച മുഖം തന്നെ ആയിരുന്നു അവൾക്ക്. പിന്നീടാണറിഞ്ഞത് യക്ഷികൾക്കു നമ്മുടെ മനസ്സ് കൊതിക്കുന്ന രൂപം ഗ്രഹിച്ചു ആ രൂപം സ്വീകരിക്കാൻ കഴിയുമെന്ന്.
മുഖവുരകൾ വേണ്ടിയിരുന്നില്ല. അവൾക്കെല്ലാം അറിയാമായിരുന്നു!
പ്രണയത്തിന്റെ കയത്തിലേക്ക് തള്ളിയിട്ട ശേഷം, ജീവനുള്ളവർ കടന്നു പോകുമ്പോൾ, അവിടെ കിടന്നു ശ്വാസം മുട്ടി, ലഹരിയുടെ ചുവന്ന കണ്ണുകൾക്ക് അലയാൻ മസ്തിഷ്‌കം സമർപ്പിച്ചു, അതിലും മടുപ്പുതോന്നി, അവിടെ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചപ്പോളാണ് അവൾ അരികിൽ വന്നത്. ഞാൻ ഭാവിയെങ്ങോട്ടെന്നറിയാത്ത തെരുവിലായിരുന്നു.
അവൾ നൂറ്റാണ്ടുകൾ പഴക്കമുള്ളവളാണ്. അവളുടെ പകലുകൾ എന്റെതിൽ നിന്ന് ഒരുപാട് ദൂരെ, ഭൂതകാലത്തിൽ ആയിരുന്നു.
ചതിക്കപെട്ടവർ എന്നും സ്ത്രീകളായിരുന്ന ഏതോ കാലം. അവളും ഒടുങ്ങിയതാണ്. ഒടുക്കിയതാണ്.
എന്തിനെയും സ്നേഹിക്കാൻ മാത്രം ശീലിച്ചതിന്റെ ശിക്ഷയെന്നോണം!
അവൾ ഉയിർത്തെഴുന്നേൽക്കുമെന്നു ഭയന്ന ആരൊക്കെയോ ഉണ്ടായിരുന്നു. അവരാണ് അവളുടെ ഒപ്പം കല്ലറയിൽ ചാക്ക് കണക്കിനു കടുകുമണികൾ കുടഞ്ഞിട്ടത്.
കല്ലറയിൽ കടുകുമണികൾ ഉണ്ടെങ്കിൽ, അവ എണ്ണിത്തീരും വരെ പുറത്തിറങ്ങാൻ അവകാശമുണ്ടായിരുന്നില്ല ഒരു യക്ഷിക്കും!. തിട്ടൂരം
അവൾക്കതും ഇഷ്ടമായിരുന്നു!
പകല്കിനാവിൽ കണ്ണും നട്ടങ്ങനെ കിടക്കാൻ !
കല്ലറയിൽ ഒപ്പമിട്ട കാക്കത്തൊള്ളായിരം കടുകുമണികൾ എണ്ണിത്തീരും വരെ!
എല്ലാം ആകസ്മികമായിരുന്നു.
ആത്മാവില്ലാത്ത ഞങ്ങളിരുപേരും പ്രണയത്തിലാണ്.
ആത്മാവിനെ തേടി പിടിക്കാൻ പ്രണയത്തിനു പറ്റായ്കയല്ലല്ലോ
മരണം പോലും തോറ്റു മാറിയിടത്തു, ഞങ്ങളെ വേർതിരിക്കാൻ ഇനി ആർക്കുമാവില്ലല്ലോ!
2023 സെപ്റ്റംബർ 26, ചൊവ്വാഴ്ച
2023 സെപ്റ്റംബർ 22, വെള്ളിയാഴ്‌ച
2023 മാർച്ച് 1, ബുധനാഴ്‌ച
പ്രണയം ...
ഒരു വിരഹമില്ലാതെ അതിന്റെ വില അറിയുമോ?
കണ്ണ് പോലെ തന്നെ അല്ലെ അതും, ഉള്ളപ്പോൾ വില അറിയാത്തതും കൈ വിട്ടു പോകുമ്പോൾ ഒരുപാട് മിസ് ചെയ്യുന്നതും.
വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ പ്രണയത്തിനു പൂത്തു നിൽക്കാൻ ഒരു കാടുണ്ടായല്ലോ, നിറയെ കിളിക്കൂടുകൾ ഉള്ള ഒരു കൊച്ചു തുരുത്ത്. അവിടെ ഒരു ചാര് ബെഞ്ചെങ്കിലും നമുക്ക് മാത്രമായി ഉണ്ടായിരുന്നില്ലേ.. പാതിരാത്രി കഴിഞ്ഞു അവിടെ പോയി ചേർന്നിരിക്കാൻ. തണുപ്പിനേക്കാൾ തണുത്ത നിന്റെ വിരലുകളിൽ വിരൽ ചേർക്കാൻ, ചുള്ളി കമ്പ് പോലുള്ള എന്റെ വിരലിലേക്കു നിന്റെ മോതിരം മാറ്റിയിടാൻ.. എന്റെ ചെറുവിരലിൽ അത് ഒട്ടും ചേരാതെ തിളങ്ങുമ്പോൾ, അതിൽ തടവിക്കൊണ്ട് അതുവരെ പറയാത്തതും പിന്നീട് ഓർത്തുവെക്കാനല്ലാത്തതുമായ ഒരുപാട് കാര്യങ്ങളെ പറ്റി വാ തോരാതെ പറഞ്ഞു തീർക്കാൻ. ഒടുവിൽ ഇത്തിരി നേരം നിന്റെ ഹൃദയമിടിപ്പിനെ കാതോർക്കാൻ. മറന്നുപോകുമെന്നു ഉറപ്പായിരുന്നിട്ടു കൂടി അതോർത്തുവെക്കാൻ ശ്രമിച്ചുകൊണ്ട് അതിലെ ഓരോ മിടിപ്പിലേക്കും ആഴ്ന്നിറങ്ങി.. അവക്ക് തന്റെ പേരിന്റെ ധ്വനിയുണ്ടെന്നു ആശ്വസിക്കാൻ..
ലോകത്തിൽ സകലരെക്കാൾ മുകളിൽ ഞാൻ എത്തിയെന്നു തെല്ലോന്നഭിമാനിക്കാൻ
--- tbc--
2023 ജനുവരി 14, ശനിയാഴ്‌ച
2022 ഓഗസ്റ്റ് 13, ശനിയാഴ്‌ച
ഗെറ്റ് റ്റുഗെതർ
മ്മടെ ജിത്തപ്പന്റെ വീടിന്റെ അടുത്ത്, ആളൊഴിഞ്ഞ വഴിവക്കിൽ, വേലി പത്തലിൽ ഒരു ഗ്ലാസ് കമിഴ്ത്തി വച്ചിട്ടുണ്ട്,
ആര് അവിടെ വന്നാലും എടുക്കാൻ പാകത്തിനു,
കുപ്പിയുമായി വരുന്ന ആർക്കും എടുക്കാം കുടിക്കാം തിരിച്ചു വയ്ക്കാം
ജവാൻ മുതൽ ജാക്ക് ഡാനിയേൽ വരെ ഒഴിച്ചാലും കൂടി നില്കുന്നവർക് വലിപ്പച്ചെറുപ്പം ഇല്ലാതെ മാറി മാറി ഓരോ നില്പൻ വലിക്കാൻ ഉള്ള ഗ്ലാസ്.
ലാലേട്ടൻ പറയും പോലെ `ഇതിൽ എന്തും പോവും`.
ആ ഗ്ലാസിന് ചുറ്റും കൂടാൻ വരുന്നവർ വലിയ പ്ലാനിങ് ഇല്ലാത്തവാരാണ്..
ഒരു ഒന്നാം തിയതിക്ക് പോലും തെറ്റിക്കാൻ പറ്റുന്ന പ്ലാനിങ് മാത്രം ഉള്ളവർ. ബീവറേജ് ഒഴിവാണെന്നു തിരിച്ചറിയുമ്പോൾ ഒരു ഫുള്ളിന് വേണ്ടി അവിടെ നിന്ന് പ്ലാൻ ഉണ്ടാക്കുന്നവർ. അങ്ങനെ ആ ഒന്നാം തിയതിയെ അവിടെ നിന്ന് തോല്പിക്കുന്നവർ.
അതും ഒരു ഗെറ്റ് ടുഗെതർ ആണ്
അവിടെ എല്ലാവരുടെയും കഥകൾക്കു വില ഉണ്ടാവും
പഴയ കഥകൾ.. തടസങ്ങളില്ലാതെ, ഊഴമിട്ടു കേഴ്‌വിക്കാരുമായി.
കേൾക്കാൻ ആളുണ്ടെങ്കിലും ഓർമ്മിക്കാൻ ആളുണ്ടാവില്ലെന്ന വിശ്വാസത്തോടെ, മനസ്സിന്റെ അടിവേരുകൾ ചികഞ്ഞെടുക്കുന്നവർ.
ജയിച്ചവരും തോറ്റവരും ഇല്ല
ഉള്ളവരും ഇല്ലാത്തവരും ഇല്ല
എന്തിനും ഏതിനും ധൈര്യവുമായി,
വലുപ്പ ചെറുപ്പമില്ലാതെ ഒരുപോലെ ഷെയർ ഇട്ടവർ മാത്രം
ഒരേ ഗ്ലാസിൽ നിന്നും ഒരേ ലഹരി നുകരുന്ന
സാധാരണ മനുഷ്യർ...
വിളിക്കാതെ തന്നെ ആർക്കും കേറിവരാൻ തോന്നുന്ന, എന്റേതാണെന്നു തോന്നുന്ന വലുതും ചെറുതും, ജീവിത വിജയങ്ങളുടെ മോട്ടിവേഷൻ ക്ലാസും ഒന്നും ഇല്ലാത്ത ഒരു നമ്മളിടം.. നമ്മളിടങ്ങളിലെ ഒരു ഗെറ്റ് ടുഗെതർ.
വേറെയും ഉണ്ടല്ലോ ഗെറ്റ്ടുഗെതർ അതിങ്ങനെ ആവാത്തതുകൊണ്ടാണ് ചിലപ്പോഴെങ്കിലും ഗെറ്റ് ടുഗെതർ എന്ന് കേൾക്കുമ്പോൾ വഴി മാറി പോകുന്നത്,
പഴയ ജോലിസ്ഥലത്തെ, കോളേജിലെ, സ്കൂളിലെ, അങ്കണവാടിയിലെ!
ജയിച്ചവരുടെ കഥകൾക്കു കാതാവാൻ ആർക്കാണിഷ്ടം,പ്രത്യേകിച്ച് അവ നമ്മുടെ കഥകളോടൊപ്പം തന്നെ സഞ്ചരിക്കുമ്പോൾ. ആരാണ് അത്രമേൽ അപഹർഷരല്ലാത്തവർ.
ഓരോരുത്തർക്കും ഇല്ലേ ഒരു കഥ, എന്തിനാണൊരോ ഗെറ്റ് റ്റുഗെതർ ഉം കഥകളുടെ റിലേറ്റിവിറ്റി തിയറി പയറ്റുന്നത്. കയ്യടികളിൽ വേദന കൂടി കലരുന്നുണ്ടല്ലോ, പുറത്തു കേൾക്കാത്ത, ഒതുക്കിയ ചിരികൾക്കു പിന്നിൽ നേർത്ത ഞരക്കങ്ങൾ ഹൃദയത്തിൽ ആരോ താഴേക്ക് പിടിച്ചു വലിക്കും പോലെ.
അവ മാത്രം മതിയോ.
ജീവിതത്തിനു രണ്ടറ്റം ഉണ്ടെന്നും അത് കൂട്ടിമുട്ടിക്കൽ ആണ് നമ്മുടെ ജീവിത വിജയം എന്നും, പലപ്പോഴും ആ അറ്റങ്ങൾ കയ്യെത്താത്ത വിധം ദൂരെ ആണെന്ന് പറയുന്നവരുടെ കഥ കേൾക്കണ്ടേ, മറ്റു കഥകളുടെ കുത്തൊഴുക്കിൽ പെട്ട് അത് ഒലിച്ചു പോവാതിരിക്കണ്ടേ! അവ നമ്മളും മനസ്സിലാക്കണ്ടേ, അവ കേൾക്കാനും ആളുണ്ടെന്ന് അവർക്കു കൂടി തോന്നണ്ടേ.
അങ്ങനെ ഏതൊരു ഗെറ്റ് ടുഗെതറും, മടിക്കാതെ ആർക്കും വരാവുന്ന ഇടം ആവണ്ടേ. അങ്ങനെ ആയാൽ പിന്നെ അതിനു എന്തിനാണ് പ്ലാനിങ്? ഏതു ആൽത്തറയിലും , കടൽത്തീരത്തും അത് നടത്താമല്ലോ. ബാക്കി അപ്പൊ കാണാം എന്ന് ഓരോരുത്തർക്കും പറയാമല്ലോ, വിശ്വസിക്കാമല്ലോ.
അങ്ങനെ ഓർത്തുവെക്കാൻ ഓരോ കഥകൾക്കായി അല്ല, ഗെറ്റ് ടുഗെതർ,
എല്ലാ കഥകളും മറന്നു പഴയ കാലത്തേക്ക് തിരിച്ചു പോവാൻ മാത്രമായി വേണം.
---
മദ്യം തെറ്റാണ്, മദ്യത്തിന് വേണ്ടി ആവരുത് ജീവിതം എന്ന മുന്നറിയിപ്പോടെ മാത്രം
......
2022 ജൂൺ 7, ചൊവ്വാഴ്ച
2022 ഫെബ്രുവരി 8, ചൊവ്വാഴ്ച
ബാംഗ്ലൂർ ഡയറി - ഡാർക്ക് പേജ് 1
ഏറ്റവും സുന്ദരമായ നഗരം ബാംഗ്ലൂർ..
പക്ഷെ എത്തിപ്പെട്ടിട്ടും ലൈഫ് പച്ച പിടിച്ചില്ല.
കച്ചറ ലൈഫ് .
റൂം മേറ്റ്‌ന്റെ ഒടുക്കത്തെ വലി കാരണം(അതും പല ഫ്ലേവർ ഉള്ള പുകകൾ .) എന്റെ ശ്വാസകോശം സ്പോന്ജ് പോൽ ആയപ്പോൾ,
വീട് മാറാൻ പ്ലാൻ ആക്കി
കോവിഡി നു മുന്നേ ബാംഗ്ലൂരിൽ ഒരു പെണ്ണിനെ തപ്പിയെടുക്കുന്നതിനേക്കാൾ പാടാരുന്നു ഒരു വീട് തപ്പാൻ.**
ഒരുപാട് അന്ന്വേഷിച്ചു അവസാനം ഒരു ഫ്ലാറ്റ് കണ്ടു പിടിച്ചു
നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി , പച്ചപ്പും ഹരിതാഭയും ഉള്ള ഒരു സ്ഥലം. ഒറ്റയ്ക്ക് ഒരു ലൈഫ്
അടുത്ത് ഒരു റെയിൽവേ ലൈൻ ഒഴിച്ചാൽ മനോഹരമായ വ്യൂ ഉള്ള ബാൽക്കണി.ഫ്ളാറ്റുകളോ വീടുകളും ഇല്ലത്ത കുറെയേറെ ഒഴിഞ്ഞ സ്ഥലം.. പുല്ല് പിടിച്ച പച്ച മൈതാനം.
അടുത്തുള്ള റെയിൽവേ ലൈൻ ഡീസൽ എൻജിൻ വച്ച തീവണ്ടി ഇടയ്ക്കു ഓരോന്ന് പുക തുപ്പി വരും.. ഊട്ടി പട്ടണം..പോട്ടി കട്ടണും സൊന്നാ വാടാ..
6 ആം നിലയിൽ നിന്ന് അടിപൊളി വ്യെൂ
ആഹാ വൈബ്,
അപോ തന്നെഅഡ്വാൻസ് കൊടുത്ത്.. കുറച്ചധികം.
ഇനി ഞാനും പ്രകൃതീം മാത്രം..
അങ്ങനെ നല്ല ദിവസം അങ്ങോട്ട് താമസം മാറ്റി.
വൈകിട്ട് ആണ് എത്തിയെ , എല്ലാം സെറ്റ് ചെയ്തു കിടന്നുറങ്ങി
നാളെ ഒരു പുതിയ ദിവസം, പുതിയ ഒരു ജീവിതം
പിറ്റേന്ന് അതി രാവിലെ 7 നു എണീറ്റ്. നേരെ അടുക്കളയിൽ പോയി ഒരു കാപ്പി ഒക്കെ ഇട്ടു...
ചാർളി ഫിലിം ലെ പാർവതി ഒറ്റക് ഒരു നഗരത്തിൽ എത്തുന്ന ആ ഒരു ഫീൽ ഇല്ലേ...
കോഫി മഗ് മായി നേരെ ബാൽക്കണി പോയി മുന്നിലേക്ക് ഉന്തി നിന്ന് പ്രകൃതി ഭംഗിയിലേക്കു നോക്കി..
ദൂരെ മരങ്ങളിൽ നിന്ന് കിളികൾ പറന്നു പോകുന്നു ഇളവെയിൽ ആകാശത്തു ചാല് കീറുന്നു.
കോട മഞ്ഞിന്റെ ശീലുകൾ, മരങ്ങൾക്കിടയിലൂടെ താഴേക്കു പറന്നിറങ്ങുന്നു..
താഴെ ആരോ ഒരാൾ അവിടെ ഇരിക്കുന്നു, ആരാണാവോ ഈ രാവിലെ ഇവിടെ.. വല്ല ആട്ടിടയനാണോ...
ഹേ.. അതാ തൊട്ടപ്പുറത്തെ വേറെ ആൾ,
നോക്കുമ്പോ റയിൽവെ പാളത്തിൽ കുറച്ചേറെ പേർ
ഓരോ ചെറിയ പത്രം വെള്ളവുമായി ..... പണി പാളി !!
കാര്യം മനസ്സിലായോ..
അവർ കോഫി കുറച്ചു നേരത്തെ കുടിച്ചാരുന്നു. the divine pressure.
അവരും പ്രകൃതീം മാത്രം..
ദാരുണം!!!എന്റെ കോഫി പോയി..
വാതിൽ അടച്ചു പൂട്ടി
പിന്നെ രാത്രി മാത്രം തുറക്കുന്ന വാതിൽ ആയി ആ ബാൽക്കണി മാറി.
ഒന്നും കാണണ്ടല്ലോ
ജീവിതം പതുകെ പച്ച പിടിച്ചു.
അധിക കാലം കഴിഞ്ഞില്ല..
അടുത്ത വില്ലൻ വന്നു
ആരായിരിക്കും
ഒട്ടും പ്രതീക്ഷിക്കാതെ ഒരാൾ
അംബാനിയും, കൂട്ടുകാരനും,
അയാളുടെ ഒടുക്കത്തെ ഡിജിറ്റൽ ഇന്ത്യ!
നേരത്തെ ചുമ്മാ വന്നിരുന്ന ടീം ഒക്കെ ഇപ്പൊ രാത്രിയും വന്നു മൊബൈലും നോക്കി ഇരിക്കാൻ തുടങ്ങി.
നമ്മളെ കാണില്ല ..നമ്മളെ കാണില്ല. അവർക്കു പ്രൈവസി ആളാണ്.. ചുറ്റും ഇരുട്ട്..
നമുക്ക് അങ്ങനെ അല്ലല്ലോ.. ഇരുളിൽ അങ്ങിങ്ങു 1൦൦ ന്റെ ബൾബ് പോലെ.. HD ദൃശ്യ മിഴിവോടെ ശ്ശെ..
പറ്റൂല്ല.. മതി ...
അങ്ങനെ ഒരിക്കലും തുറക്കാത്ത തെക്കിനി പോലെ ആ ബാൽക്കണി മാറി ..
പെട്രോൾ വില 150 ആയാലും ഞാൻ കുറ്റം പറയില്ല.
ഇവന്മാർക്കൊക്കെ ഓരോ കക്കൂസ് വച്ച് കൊടുക്ക്
2021 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച
ആൾദൈവം
ജനിച്ചുർവ്വിയിൽ മനുഷ്യനായ് നാം
ചെയ്തൂ സമാധിയുമതേ കണക്കെ.
പരമ പൊരുളിൻ വഴിക്കു ചൂണ്ടി
കാവ്യങ്ങളൊക്കെ ചമച്ചു വച്ചൂ,
വഴിക്കു ചൂണ്ടുന്ന കൈ വഴിയെന്നു വച്ചാ
കൈയ്യെ തൊഴുന്നൊരു കൂട്ടമിന്നെൻ
തലക്കു പിന്നിൽ ഒളിപാറുമാറെ
വിളക്കു നാട്ടി സ്തുതി ജപിച്ചിടുന്നൂ.
2021 മേയ് 6, വ്യാഴാഴ്‌ച
ടേസ്റ്റ് ട്രാവൽ ആൻഡ് ലോൻലിനെസ് ബൈ ശത്രുഘ്‌നൻ ഡി(പ്ലീസ് സബ്സ്ക്രൈബ്)
ഹായ് ഗുയ്സ്..
വെൽക്കം ടു മൈ യൂട്യൂബ് ചാനൽ. ടേസ്റ്റ് ട്രാവൽ ആൻഡ് ലോൻലിനെസ് ബൈ ശത്രുഘ്‌നൻ ഡി
ദിസ് ഈസ് യുവർ ശത്രു.
ശത്രു പവലിയൻ ഏൻഡ് ആൾവേയ്സ് സബ്സ്റ്റിറ്റ്യൂട്ട്.
ഘടാഘടിയൻമാരായ ഏട്ടന്മാരുടെ ഒരേയൊരു അനിയൻ. ഫേമസ് ആയ ഒരു ഫാമിലിയിലെ തികച്ചും ഇൻഫെയിംസ് ആയ ഒരു വാലറ്റം..
ഒരു ഫാമിലി പ്ലാനിങ് പരാജയമോ , നാട്ടിൽ ഫെർട്ടിലിറ്റി ക്ളീനിക് ഓണം മെഗാ ഓഫർ കൊടുത്തോ ആണ് എന്റെ ജനനം എന്ന് നാട്ടിലെ ചില തെണ്ടികൾ മയത്തിലും താളത്തിലും പറയുന്നുണ്ട് ..(അവർക്കു ബാബുരാജ് ജെപെഗ് )
ഫാമിലി ഫോട്ടോയോ, മറ്റോ കാണുമ്പോൾ ഇതാരാ എന്ന ചോദ്യം കേൾക്കുമ്പോൾ ചൊറിഞ്ഞു കേറും..
ഞങ്ങളുടെ ഫാമിലി സ്റ്റോറി സിനിമ ആയിരം കോടി ബഡ്ജറ്റിൽ ഉണ്ടാക്കിയാലും, സ്വന്തം റോൾ ഒരു ജൂനിയർ ആര്ടിസ്റ് ചെയ്യുമ്പോഴുള്ള അവഗണന.
ചുമ്മാ നിർത്തിയങ്ങു അപമാനിക്കുവാന്നെ !
ഇൻസൾട് ശെരിക്കും ഇൻവെസ്റ്റ്മെന്റ് ആയിരുന്നേൽ...
ഒരു പേരിലൊക്കെ എന്തോ ഉണ്ടെന്നു പറയുന്ന പ്രാഞ്ചിയേട്ടൻ എന്നെ ഒന്ന് വിളിക്കണം, ഞാൻ പറഞ്ഞു കൊടുക്കാം, ഒരു ഘടാഘടിയൻ പേരുണ്ടായിട്ടും, ആരുമറിയാതെ , ഒന്നും ആവാതെ പോയവരുടെ വേദന.
ബി ടെക് വാഷ് ഔട്ട് ആയവനെ പോലെ. . !
ഐ അഗ്രി എന്ന് പറഞ്ഞു വായിക്കാതെ തള്ളുന്ന യൂസർ എഗ്രിമെന്റ് പോലെ.. !
എന്തിനോ വേണ്ടി...
എന്തിനേറെ പാസ്പോര്ട്ട് എടുത്തു വച്ചിട്ട് അതിൽ ആകെ വീഴുന്നത് പുതുക്കുന്നതിന് തൊട്ടുമുന്നെ ഉള്ള ക്യാന്സല്ഡ് എന്ന സീൽ ആയിരുന്നു.
ഒരു യുദ്ധത്തിന് പോയിട്ട്, നാട്ടിലെ റേഷൻ കടയിൽ കിറ്റ് വാങ്ങാൻ ഞാൻ പോയ കാര്യം പോലും ഒരു പാണനും പാടി നടക്കുന്നില്ല.. പിന്നല്ലേ ദി ഗ്രേറ്റ് ആദി മഹാ കവി..
ഏതു പോലീസ്‌കാരനും ലൈം ലൈറ്റ് ഇൽ വരാൻ കിട്ടുന്ന അവസരം സ്വന്തം കല്യാണം ആണല്ലോ,.. പ്രീ-വെഡിംങ് ഷൂട്ട് നോക്കി ഇരുന്ന എന്നെ.. പെനാൽറ്റി ഷൂട്ട് ഔട്ട് പോലെ ആണ് കെട്ടിച്ചത് അതും ഒരു സോളോ ഫോട്ടോ പോലും എടുക്കാതെ. അമ്മായി അപ്പന്റെ ചെലവ് ചുരുക്കൽ സമൂഹ വിവാഹം.
രെജിസ്ട്രേഷനുള്ള കല്യാണ ഫോട്ടോ പോലും ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് വെട്ടി എടുത്താണ് ഞാൻ മുനിസിപ്പാലിറ്റിയിൽ കൊണ്ട് കൊടുത്തത്.
എങ്ങും എവിടെയും അവഗണന, ... മടുത്തു ഈ അപഹർഷജീവിതം
അവസാന അത്താണി ആയി ആണ് ഈ യുട്യൂബ് ചാനൽതുടങ്ങിയത്.. കുടുംബത്തിൽ ബാക്കി ഉള്ളവർക്കു, കോടാലി പോയ മരം വെട്ടുകാരനെ പോലെ, ഗോൾഡും സിൽവറും പ്ലേ ബട്ടൺ കിട്ടി.
എന്റെ ചാനലിപ്പോഴും മോണിറ്റൈസ്ഡ് ആയിട്ടില്ല.
ഗുയ്സ് ..
ലോക്ക്ഡൗണിൽ ബീഫ് ഇല്ലാത്ത ബീഫ് ഫ്രൈയും,, ചക്കക്കുരു ഷെയ്ക്കുമായി ഞാൻ വരും..
എല്ലാരും ഒന്നും ആഞ്ഞു പിടിച്ചു സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ പ്രസ് ചെയ്യണേ..
സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിക്കണം ഗുയ്സ്, അവഗണിക്കപ്പെടുന്ന ഓരോരുത്തർക്കും വേണ്ടി..
2021 ഏപ്രിൽ 18, ഞായറാഴ്‌ച
എന്നാശാ തീരം
എന്നാശാ തീരമേ..
ഓളങ്ങളെ വാരി നീ തട്ടമണിയിലും
നിൻ ചിരി ഞാനെത്ര കണ്ടൂ...
എന്നാശാ തീരമേ..
ഒറ്റക്കിരിക്കുമ്പോഴെന്നടുത്തേക്കൊരു
തെന്നലിൻ തോളേറിയെത്തും
കൂടെയുണ്ടെന്നെന്റെ കാതിലായോതിയെ-
ന്നെ പൊതിഞ്ഞു നില്കും..
എന്നാശാ തീരമേ...
നീയൊരു കാടിനെ പുൽകി നിന്നാ പഴം-
കാലമെന്നേ മാഞ്ഞുപോയീ
തെല്ലും പരിഭവമില്ലാതെ നീയിന്നും
പുഞ്ചിരി തൂകി നിൽപ്പൂ...
ഓളങ്ങൾ ഞൊറിയിട്ട തട്ടമിട്ടെൻ പുതു-
പെണ്ണിന്റെ ചേലോടെ...
എന്നാശാ തീരമേ...
നിൻ ചിരി പോലൊരായിരം പൂക്കൾ
എനിക്കായ് കൺവിടർത്തും
നറുമണം തൂകി നീയെന്നുമെന്നുമെൻ
ഓർമ്മകൾ ആഘോഷമാക്കും
എന്നാശാ തീരമേ ....
2021 ഏപ്രിൽ 13, ചൊവ്വാഴ്ച
കണിക്കൊന്ന
എൻറെ കാടിനെ എനിക്കു പുൽകണം !
വേരുകൾ നനുനനുത്ത മണ്ണിലേക്ക് ഇറക്കണം
സൂര്യനെ കാണുമാറു വളർന്നു ഒടുവിൽ,
ആ ചൂടനോട് പരിഭവിച്ച് ഇലകളെല്ലാം പൊഴിക്കണം
ഒടുവിൽ അവനാ പരിഭവം തീർക്കുമ്പോൾ,
ഉടലാകെ കോൾമയിർ പോലെ മഞ്ഞപ്പൂക്കൾ നിറയ്ക്കണം.
വെയിൽ നന്നായി പരന്നിട്ടുണ്ട്..
വസന്തം നാടെങ്ങും പൂക്കൾ വിരിച്ചിട്ടുണ്ട്.
പക്ഷേ ഒരു ചെടിച്ചട്ടിയിൽ വെള്ളമില്ലാതെ
പെട്ടുപോയ ഞാനെങ്ങനെ പൂവണിയും...